സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിയനും, എഴുത്തുകാരനും, പത്രാധിപരും, നിസ്വാർത്ഥനായ സാമൂഹ്യപ്രവർത്തകനും ആയിരുന്നു മുതിയൽ സുകുമാരൻ നായർ. [1] ചെറുപ്പുള്ളശ്ശേരി പ്രദേശത്ത് സ്വാതന്ത്ര്യ സമരത്തിന്റെ സന്ദേശം എത്തിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. [2]

മുതിയൽ സുകുമാരൻ നായർ
വ്യക്തിഗത വിവരങ്ങൾ
ജനനം1925 മെയ് 15
ചെറുപ്പുള്ളശ്ശേരി, പാലക്കാട് ജില്ല, കേരളം
മരണം2013 സെപ്റ്റംബർ 17 ശനിയാഴ്‌ച
ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം താലൂക്ക്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, സി.പി.ഐ.
വസതിമുതിയൽ തറവാട്
ജോലിപത്രാധിപർ, സാമൂഹ്യ പ്രവർത്തകൻ
അറിയപ്പെടുന്നത്ചെർപ്പുള്ളശ്ശേരിനിന്നും പ്രസിദ്ധീകരിച്ചിരുന്ന സത്യാന്വേഷി വാരിക

ജീവിതവും സംഭാവനകളും

തിരുത്തുക

ചെർപ്പുള്ളശ്ശേരിക്കടുത്ത് വീട്ടിക്കാട് ദേശത്ത് മുതിയൽ തറവാട്ടിൽ 1925 മെയ് 15 -ന് സുകുമാരൻ നായർ ജനിച്ചു. കോട്ടക്കലിനടുത്ത് ചേങ്ങോട്ടൂർ അധികാരിയായിരുന്ന പുല്ലാനിക്കാട്ട് ഇല്ലത്ത് അക്കിരാമൻ നമ്പൂതിരിയായിരുന്നു അച്ഛൻ. 'അമ്മ മുതിയൽ കാർത്യായനി 'അമ്മ.കാറൽമണ്ണ സ്‌കൂളിലും ചെർപ്പുള്ളശ്ശേരി ഹൈസ്‌കൂളിലും പഠിച്ചു. ജ്യേഷ്ഠന്മാർ എം.എസ്. നാരായണൻ, എം. പ്രഭാകരൻ എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നവരാണ്. [3] കോട്ടക്കലിൽ അച്ഛന്റെ ഇല്ലത്തായിരുന്നു കുട്ടിക്കാലം. തുടർന്ന് അച്ഛനും അമ്മയും അമ്മയുടെ തറവാടായ മുതിയൽ തറവാട്ടിലേക്ക് താമസം മാറ്റി. ഒരിക്കൽ ബ്രിട്ടീഷ് പട്ടാളം ജ്യേഷ്ഠൻ പ്രഭാകരന്റെ തല അടിച്ചുപൊട്ടിച്ച ചിത്രം മാതൃഭൂമിയിൽ വന്നു. അതുകണ്ട് കുട്ടിയായിരുന്ന സുകുമാരൻ തന്നാൽ ആവുംവിധം സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന് തീരുമാനിച്ചു.

1934 ജനുവരിയിൽ ഗാന്ധിജി ചെർപ്പുള്ളശ്ശേരിയിൽ വന്നു.[4] എട്ടു വയസ്സുണ്ടായിരുന്ന സുകുമാരനെ ജ്യേഷ്ഠൻ പ്രഭാകരൻ കൂടെ കൊണ്ടുപോയി. ചെർപ്പുള്ളശ്ശേരി ഹൈസ്‌കൂൾ മൈതാനിയിൽ ആയിരുന്നു മീറ്റിംഗ്. ഒരു ഹരിജൻ പെൺകുട്ടിയെ ഗാന്ധിജിക്കു മാല അണിയിക്കുന്നതിനു തെയ്യാറാക്കി നിർത്തിയിരുന്നു. പ്രഭാഷണശേഷം ഗാന്ധിജിക്ക് ലഭിച്ച മാലകൾ ലേലംചെയ്തു. ഗാന്ധിജിയുമായുള്ള സമാഗമം ബാലനായിരുന്ന സുകുമാരനിൽ വലിയ പരിവർത്തനം വരുത്തി.


1942-ൽ ക്വിറ്റിന്ത്യാ സമരം വന്നപ്പോൾ അതിൽ പങ്കെടുത്തു. സ്‌കൂളിൽ പുസ്തകം വെച്ച് ക്ലാസ്സ് ബഹിഷ്കരിക്കും. അറസ്റ്റു ചെയ്യുമെങ്കിലും കുട്ടിയായിരുന്നതുകൊണ്ട് ലോക്കപ്പിൽ ഇടില്ല. പിന്നീട് സുകുമാരൻ നായർ മുഴുവൻ സമയ പ്രവർത്തകനായി. അക്കാലത്ത് ജ്യേഷ്ഠൻ മുതിയൽ പ്രഭാകരനും കൂട്ടുകാരൻ കളക്കുന്നത്ത് രാഘവനെഴുത്തച്ഛനും കൂടി നാലണ മാത്രം കയ്യിൽവെച്ചു ഗാന്ധിജിയെക്കാണാൻ സബർമതിയിലേക്ക് വണ്ടികയറി. [5] വഴിയിൽ പലയിടത്തും ടിക്കറ്റ് ഇല്ലാത്തതിനാൽ ഇറക്കിവിട്ടു. വിശന്നപ്പോൾ തോട്ടത്തിൽ കയറി മാങ്ങ പൊട്ടിച്ചുതിന്നു. ഗാന്ധിജിയെ കണ്ടിട്ടേ മടങ്ങിയുള്ളൂ.

ചെർപ്പുളശ്ശേരി, കാറൽമണ്ണ, തൂത പ്രദേശത്തെ അയിത്തോച്ചാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തൂതക്കാവിൽ മുതിയൽ തറവാട്ടിലേക്ക് പ്രത്യേകം സ്ഥാനമുണ്ട്. അവിടത്തെ കാളവേലക്ക് സുകുമാരൻ നായർ കാളപ്പുറത്തു കയറി അയിത്തോച്ചാടനത്തിന് ആഹ്വാനം ചെയ്തു. സ്വന്തം സഹോദരി മുതിയൽ ലീലാവതി അമ്മയെ [6] കൂട്ടിയായിരുന്നു വള്ളുവനാട്ടിലെ ഗ്രാമങ്ങൾതോറും അദ്ദേഹം ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശങ്ങൾ എത്തിച്ചിരുന്നത്. ലീലാവതിയമ്മ ദേശസ്നേഹപരമായ ഗീതങ്ങൾ ആലപിക്കും. സുകുമാരൻ നായർ പ്രസംഗിക്കും.


1946 -ൽ എ.കെ.ജി. ചെർപ്പുളശ്ശേരിയിൽ വന്നു. ചേർക്കിൽ വിക്രമൻ, മുതിയൽ പ്രഭാകരൻ, മുതിയൽ നാരായണൻ, കെ.കെ. എഴുത്തച്ഛൻ, വി.കെ. കോയക്കുട്ടി എന്നിവരെ കൂടാതെ മുതിയൽ സുകുമാരൻ നായരെയും ചേർത്ത് ചെർപ്പുളശ്ശേരിയിൽ പാർട്ടി ഘടകം രൂപീകരിച്ചു. പിന്നീട് കേരളത്തിലെ തലമുതിർന്ന നേതാക്കളെല്ലാം മുതിയൽ തറവാട്ടിൽ വന്നു ഒളിവിൽ താമസിച്ചിട്ടുണ്ട്. ഇ.എം.എസ്, പി. യശോദ, എ.കെ.ജി., പി. കൃഷ്ണപിള്ള, കാന്തലോട്ട് കുഞ്ഞമ്പു, പി.ടി. ഭാസ്കര പണിക്കർ തുടങ്ങിയവർ മുതിയൽ തറവാട്ടിലെത്തിയിട്ടുണ്ട്. 1946-ൽ പ്രവർത്തനത്തിന് ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട്ടും, പെരിന്തൽമണ്ണയിലും, ഒറ്റപ്പാലത്ത് ആറു തവണയും ജയിൽശിക്ഷ അനുഭവിച്ചു. പിൽക്കാലത്ത് വിനോബാ ഭാവെ ഭൂദാന പ്രസ്ഥാനവുമായി ചെർപ്പുളശ്ശേരിയിൽ വന്നു.

ചെർപ്പുള്ളശ്ശേരിയിൽനിന്നും സത്യാന്വേഷി എന്നൊരു വാരിക സുകുമാരൻ നായരുടെ പത്രാധിപത്യത്തിൽ 1968 -ൽ പ്രസിദ്ധീകരണമാരംഭിച്ചു. ചെർപ്പുളശ്ശേരി പഴയ ബസ്റ്റാന്റിലായിരുന്നു ഓഫീസ്.ഏജന്റും, പത്രാധിപരും, മാനേജരും, വിതരണക്കാരനും എല്ലാം അദ്ദേഹംതന്നെയായിരുന്നു. 16 പേജുള്ള വാരിക 25 പൈസക്കു വിൽക്കും. വലിയ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടു. ചില റിപ്പോർട്ടുകളുടെ പേരിൽ സി. അച്യുതമേനോൻ വിളിച്ചുപറഞ്ഞ് വാരിക നിർത്തിവെക്കേണ്ടിവന്നു.

1961 സെപ്റ്റംബറിൽ സോവിയറ്റ് യൂണിയൻ സന്ദർശിച്ചു. മോസ്കൊ, ലെനിൻഗ്രാഡ് എന്നിവിടങ്ങളിലും ലെനിൻ ജനിച്ച ഗ്രാമത്തിലും പോയി. 32 പേരുള്ള സംഘം ആറര മാസം സോവിയറ്റ് യൂണിയനിൽ താമസിച്ചു. ചെർപ്പുളശ്ശേരി പഞ്ചായത്ത് അംഗമായിരുന്നപ്പോൾ പന്നിയംകുറുശ്ശിനിന്നും വീട്ടിക്കാട് വരെയുള്ള നിരത്ത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പണിതതാണ്. ചെർപ്പുളശ്ശേരി മുതൽ പന്നിയംകുറുശ്ശി വരെയുള്ള റോഡ് പണികഴിപ്പിച്ചത് വല്ലില്ലത്ത് മഠത്തിൽ ഗംഗാധരൻ നായർ ആണ്. നിസ്വാർത്ഥമായ പ്രവർത്തനം നടത്തിയ സുകുമാരൻ നായർ തൻ്റെ സമ്പത്തെല്ലാം രാഷ്ട്രീയ പ്രവർത്തനത്തിനായി നീക്കിവെച്ചു. അതിനാൽ അവസാനം സൽക്കീർത്തിയല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു സമ്പാദ്യമുണ്ടായിരുന്നില്ല. ജീവിതാന്ത്യംവരെ തനിക്കു ലഭിച്ച 'അവശ പത്രപ്രവർത്തകൻ' പെൻഷൻ ഉപയോഗിച്ചായിരുന്നു അദ്ദേഹം കഴിഞ്ഞുപോന്നത്.

ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്ന മുതിയൽ സുകുമാരൻ നായർ 2013 സെപ്റ്റംബർ 17 ശനിയാഴ്‌ച പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തുവെച്ചു അന്തരിച്ചു.

  1. എന്റെ കഥ, ചില സ്വാതന്ത്ര്യ സമര ചിന്തകളും പിൽക്കാല അനുഭവങ്ങളും, മാരായമംഗലം ദേശമാതൃക, എസ്. രാജേന്ദു (എഡി.), 2006, pp. 34 - 39
  2. https://www.sathyamonline.com/column-cultural-rachana-sreekrishnapuram/
  3. എന്റെ കഥ, ചില സ്വാതന്ത്ര്യ സമര ചിന്തകളും പില്ക്കാല അനുഭവങ്ങളും, എസ്. രാജേന്ദു, വള്ളുവനാട് ധ്വനി, Vol I, ലക്കം 37, 2013 സെപ്തംബർ 7, pp. 4,5,13
  4. ഗാന്ധിജിയുടെ ചെറുപ്പുള്ളശ്ശേരി സന്ദർശനം
  5. ജീവിതം എൻ്റെ ബോധിവൃക്ഷം, കെ.വി. ഈശ്വര വാര്യരുടെ ഓർമ്മക്കുറിപ്പുകളും വള്ളുവനാടൻ സ്വാതന്ത്ര്യസമര ചരിത്രവും, എസ്. രാജേന്ദു (എഡി.), ചെർപ്പുളശ്ശേരി, 2010. ISBN: 978-93-5254-285-7
  6. മുതിയൽ ലീലാവതി അമ്മയുടെ ജീവിതം, എസ്. രാജേന്ദു, വള്ളുവനാട് ധ്വനി, 2017, p. 6
"https://ml.wikipedia.org/w/index.php?title=മുതിയൽ_സുകുമാരൻ_നായർ&oldid=4114680" എന്ന താളിൽനിന്ന് ശേഖരിച്ചത്