ഗാന്ധിജിയുടെ ചെറുപ്പുള്ളശ്ശേരി സന്ദർശനം

മഹാത്മാ ഗാന്ധി തന്റെ ഭാരതപര്യടനത്തിനിടക്ക് 1925-ലും 1934-ലുമായി രണ്ടു തവണ വള്ളുവനാട്ടിലെ ചെറുപ്പുള്ളശ്ശേരി സന്ദർശിക്കുക ഉണ്ടായിട്ടുണ്ട്.[1] ഗാന്ധിജിയുടെ സന്ദർശനം വള്ളുവനാട്ടിൽ വലിയ സാമൂഹ്യമാറ്റങ്ങൾക്ക് ഇടവരുത്തുകയുണ്ടായി.


സന്ദർശനങ്ങൾ

തിരുത്തുക

ഗാന്ധിജി ചെറുപ്പുള്ളശ്ശേരിയിൽ രണ്ടുതവണ വരികയുണ്ടായി. 1925-ലും 1934-ലും. ആദ്യ തവണ തന്റെ മലബാർ സന്ദർശനത്തിന്റെ ഭാഗമായി ചെറുപ്പുള്ളശ്ശേരിയിലൂടെ നടന്നുപോയി (1925 മാർച്ച് 18 - ന് ?). അന്ന് യോഗങ്ങളൊന്നും നടത്തിയില്ല. 1934 ജനുവരി 10-ന് കരിമ്പുഴയിൽ മീറ്റിങ് നടത്തി. ഇതിൽ ഭാസ്കരഗുപ്തൻ മാസ്റ്റർ പങ്കെടുത്തിട്ടുണ്ട്. [2] കരിമ്പുഴയിൽനിന്നും നടന്ന് ചെറുപ്പുള്ളശ്ശേരിയിൽ വന്നു.

വരാനുണ്ടായ ഒരുപ്രധാനകാരണം അയിത്തം, ക്ഷേത്രപ്രവേശനം എന്നീ വിഷയങ്ങളിൽ അഭിപ്രായം ആരായാനാണ് എന്നാണ് കേട്ടിട്ടുള്ളത്. അക്കാലത്തു പാലക്കാടിന്നടുത്ത്ഒരു പരദേശ ബ്രാഹ്മണഗൃഹത്തിൽ (മഠത്തിന്റെ പടിപ്പുരയിലോ മറ്റൊ ആണ് എന്നാണ് കേട്ടിട്ടുള്ളത്) ശങ്കരാചാര്യർ എഴുന്നള്ളിയിരുന്നു എന്നും; കൂടെയുള്ളവരെ പുറത്തുനിർത്തി രഹസ്യമായി അഭിപ്രായം ചോദിച്ചുവെന്നും അദ്ദേഹം "വിരോധമില്ല" എന്നു സമ്മതിച്ചുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. [3]

ചെറുപ്പുള്ളശ്ശേരി ഹൈസ്‌കൂൾ മൈതാനിയിലാണ് യോഗം സംഘടിപ്പിച്ചിരുന്നത്. യോഗത്തിൽ സമരപ്രവർത്തകാരായ എം.എസ്. നാരായണൻ, എം. പ്രഭാകരൻ, മുതിയിൽ സുകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. [4] ചെറുപ്പുള്ളശ്ശേരിയിൽ യോഗത്തിലെ ആദ്യ കാര്യപരിപാടി ഗാന്ധിജിയെ മാലയിട്ടു സ്വീകരിക്കുകയായിരുന്നു. അതിനായി ഒരു ഹരിജൻ ബാലികയെ ആണ് നിശ്ചയിച്ചിരുന്നത്.ഏതാണ്ട് ഏഴെട്ടു വയസ്സായ ഹരിജന ബാലികയായിരുന്നു ഗാന്ധിജിക്ക് മാലയിട്ടത്. മാല അവിടെവെച്ച് ലേലംചെയ്കയുമുണ്ടായി. ലേലം ചെയ്യുമ്പോൾ ഒരു വട്ടം എന്ന് പറയുന്നതു കേട്ട് ആ പ്രവൃത്തി ഗാന്ധിജി ഏറ്റെടുക്കുകയുണ്ടായി. 'ഒരു വത്തം' എന്നായിരുന്നു അദ്ദേഹം ഉച്ചരിച്ചത് എന്ന് മുതിയൽ സുകുമാരൻ നായർ ഓർക്കുന്നു. അതിൽനിന്നും കിട്ടിയ പണം കോൺഗ്രസ്സ് പ്രവർത്തനഫണ്ടിലേക്ക് മുതൽക്കൂട്ടുകയും ചെയ്‌തു.ഗാന്ധിജി കേരളത്തിൽ നടത്തിയ പ്രസംഗങ്ങളെ ക്രോഡീകരിച്ച് തെയ്യാറാക്കിയ പുസ്തകത്തിൽ ചെറുപ്പുള്ളശ്ശേരിയിലെ പ്രസംഗം ചേർത്തിട്ടില്ല. [5]പിന്നീട് ആ സന്ദർശനത്തിന്റെ ഓർമ്മക്ക് ചെറുപ്പുള്ളശ്ശേരി ഹൈസ്‌കൂളിൽ ഒരു പ്രതിമ സ്ഥാപിക്കപ്പെട്ടു.

മോഴികുന്നം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഗാന്ധിജിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്ന് കാണാം: " ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി വന്നത് മറ്റനേകം ആളുകളെ എന്നപോലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനേയും ഉത്സാഹിയാക്കുകയും ഒരു ഗാന്ധിയൻ ആയി മാറുകയും ചെയ്തു. 1918ൽ അദ്ദേഹം സജീവരാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. തുടർന്ന് ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. 1920 കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനവും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. 1921ൽ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് വള്ളുവനാട്ടിലേക്ക് പടരാതിരിക്കാനായി അദ്ദേഹം പ്രവർത്തിച്ചു." [6] അദ്ദേഹത്തിന്റെ ഖിലാഫത്ത് സ്മരണകൾ ഈ പ്രദേശം എപ്രകാരമാണ് ഗാന്ധിജിയുടെ ആഹ്വാനമുൾക്കൊണ്ടത് എന്നു കാണിച്ചുതരുന്നു. [7]


അക്കാലത്ത് പ്രവർത്തിച്ചിരുന്നവരും പിന്നീട് ഗാന്ധിജിയെക്കുറിച്ചുള്ള ഓർമ്മയിൽ ജീവിച്ചിരുന്നവരുമായ വ്യക്തികളിൽ വെള്ളിനേഴി കല്യാണിക്കുട്ടി അമ്മ, നെല്ലായ കുഞ്ചുക്കർത്താവ്, കാട്ടുകുളത്തു വാരിയത്തു ഈശ്വരവാരിയർ, ഇ.പി. ഭാസ്കരഗുപ്തൻ മാസ്റ്റർ തുടങ്ങിയ ചിലർകൂടി സ്മരണീയരാണ്. അമയങ്ങോട്ടുകുറുശ്ശി കളത്തിൽ കേശവൻനായർ സേലം ജയിലിൽ കിടന്ന് പോലീസ് മർദ്ദനത്തിൽ ക്ഷയംപിടിപെട്ട് വിട്ടയക്കപ്പെടുകയും ചെറുപ്പുള്ളശ്ശേരിയിൽ വെച്ച് മരിക്കുകയും ചെയ്തു. മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിക്കൊപ്പം ചെറുപ്പുള്ളശ്ശേരിയുടെ സ്വാന്തന്ത്ര്യസമര ചരിത്രത്തിൽ രേഖപ്പെടുത്തിവെക്കേണ്ട പേരാകുന്നു കേശവൻ നായരുടേത്. അദ്ദേഹവും ചെറുപ്പുള്ളശ്ശേരിക്കാരൻ അപ്പുവും കൂടിയായിരുന്നു ചിലരുടെ സഹായത്താൽ രാത്രി കാക്കത്തോട്പാലം പൊളിക്കാൻ പോയത്. അതിനുശേഷം അവർ തൂതക്കടവത്തു ചെന്ന് കലാപകാരികളെ തടുത്തു നിർത്താൻ ശ്രമിക്കുകയുണ്ടായി. കളക്കുന്നത്ത് രാഘവനെഴുത്തച്ഛനുംകുഞ്ചുക്കർത്താവും ഗാന്ധിജിയെ കാണാനുള്ള മോഹംസഹിക്കാനാകാതെ നാലണ മാത്രം കൈമുതലായി വാർദ്ധക്ക് വണ്ടികയറിപ്പോവുകയും വിശന്നപ്പോൾ ഒരു മാവിന്തോട്ടത്തിൽ കയറി മാങ്ങപൊട്ടിച്ചുതിന്നതിനു പിടിക്കപ്പെടുകയും ചെയ്തു. അമ്പലപ്പാറ നാരായണൻ നായർ പാവപ്പെട്ടവർക്കായുള്ള പ്രവർത്തനങ്ങളിൽമുഴുകി. [8]

കെ.വി. ഈശ്വരവാരിയരുടെ ആത്മകഥയിൽ കൊടുത്തിട്ടുള്ളതും, 1949-ലെ "ജയകേരള"ത്തിൽവന്നതുമായ ഒരു ലേഖനഭാഗം ഗാന്ധിജിയുടെ കാഴ്ചപ്പാടുകളെ പശ്ചാത്തലമാക്കിയുള്ളതാണ്: "മഹാത്മാവിനെ നമുക്ക് ഒരിക്കൽകൂടി സ്മരിക്കുക. കല്ലും മുള്ളും നിറഞ്ഞ ജീവിതത്തിൻറെ വെട്ടുവഴിയിൽ സന്ധ്യയുടെ കരിനിഴലുകൾ നീണ്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ, നമുക്ക് ആ നേതാവിനെ ഒരിക്കൽകൂടി ഓർമ്മിക്കുക.” "സ്വാതന്ത്ര്യം പേരും പുറംപൂച്ചുമല്ല; ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളവും ഓരോ പ്രത്യേക പരിതസ്ഥിതിയാണ് എന്ന് നാം ഇന്നെങ്കിലും മനസ്സിലാക്കുക. സത്യവും സ്വാതന്ത്ര്യവും സാഹോദര്യവും ഗാന്ധിജിയുടെ പേരിൽ പുലർത്തണമെങ്കിൽ, സമത്വത്തെ ആരാധിക്കാൻ പഠിക്കുക. മനുഷ്യത്വത്തെ ആദരിക്കാൻ നമുക്കിന്നെങ്കിലും പഠിക്കുക.” കാട്ടുകുളത്ത്, ഒരു നെടുങ്ങനാടൻ ഗ്രാമത്തിൽ, നിത്യദാരിദ്രത്തോട് പടവെട്ടി, ചിന്തയും ലോകത്തോടുള്ള ഉയർന്ന കാഴ്‌ചപ്പാടും നേടിയ ഒരു മനുഷ്യൻ തുടർന്ന് പറയുന്നത് കാണുക: "നാം ഭാരതീയർ ഇന്നറിയേണ്ടത് ഇതാണ്. ഗാന്ധിജി ജീവിക്കണമെങ്കിൽ നാം മനുഷ്യത്വത്തെ സ്നേഹിക്കണമെന്ന്, ആദരിക്കണമെന്ന്. മനുഷ്യത്വം പ്രാഥമികമായിപ്പോലും ആദരിക്കപ്പെടാതെ പോകുന്നത് കാടത്തമാണ്, അടിമത്തമാണ് എന്ന്.” ഇനിയുള്ള തലമുറയെക്കുറിച്ചുള്ള ഒരു ആധിയിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞുനിർത്തുന്നു:"നമ്മുടെ തോട്ടത്തിൽ ഇന്നത്തെ സായംസന്ധ്യക്ക് പൊലിഞ്ഞുവീഴുന്ന പൂക്കൾക്ക് പ്രഭാതത്തിൽ അല്പനേരമെങ്കിലും വികസിച്ചു നിൽക്കാൻ സൗകര്യംകിട്ടിയെന്ന് നാം മനസ്സിലാക്കുക.” [9]

ഗാന്ധിജിയുടെ ചെറുപ്പുള്ളശ്ശേരി സന്ദർശനം വള്ളുവനാട്ടിലെ സ്വാതന്ത്ര്യ സമര പ്രവർത്തങ്ങൾക്ക് ഉണർവ്വേകിയതായി കാണാം.

  1. ജീവിതം എൻ്റെ ബോധിവൃക്ഷം, കെ.വി. ഈശ്വര വാര്യരുടെ ഓർമ്മക്കുറിപ്പുകളും വള്ളുവനാടൻ സ്വാതന്ത്ര്യസമര ചരിത്രവും, എസ്. രാജേന്ദു (എഡി.), ചെർപ്പുളശ്ശേരി, 2010. ISBN: 978-93-5254-285-7
  2. ദേശായനം, ഇ.പി. ഭാസ്കരഗുപ്തൻ, സമഭാവിനി ബുക്സ്, കടമ്പഴിപ്പുറം, 2003
  3. വള്ളുവനാട് ചരിത്രം, പ്രാചീനകാലം മുതൽ എ.ഡി.1792 വരെ, എസ്. രാജേന്ദു, പബ്ലി: കെ. ശങ്കരനാരായണൻ, മാധവം, പെരിന്തൽമണ്ണ, 2012
  4. എന്റെ കഥ, ചില സ്വാതന്ത്ര്യ സമര ചിന്തകളും പിൽക്കാല അനുഭവങ്ങളും, മാരായമംഗലം ദേശമാതൃക, എസ്. രാജേന്ദു (എഡി.), 2006, pp. 34 - 39
  5. Speeches and Writings of Mahatma Gandhi. 2013. http://www.southasiaarchive.com/content/sarf.143826/.
  6. https://www.goodreads.com/book/show/23681219-khiilafathu-smaranakal
  7. ഖിലാഫത് സ്മരണകൾ, മോഴികുന്നം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, മാതൃഭൂമി, 2015
  8. ജീവിതം എൻ്റെ ബോധിവൃക്ഷം, കെ.വി. ഈശ്വര വാര്യരുടെ ഓർമ്മക്കുറിപ്പുകളും വള്ളുവനാടൻ സ്വാതന്ത്ര്യസമര ചരിത്രവും, എസ്. രാജേന്ദു (എഡി.), ചെർപ്പുളശ്ശേരി, 2010. ISBN: 978-93-5254-285-7
  9. ജീവിതം എൻ്റെ ബോധിവൃക്ഷം, കെ.വി. ഈശ്വര വാര്യരുടെ ഓർമ്മക്കുറിപ്പുകളും വള്ളുവനാടൻ സ്വാതന്ത്ര്യസമര ചരിത്രവും, എസ്. രാജേന്ദു (എഡി.), ചെർപ്പുളശ്ശേരി, 2010. ISBN: 978-93-5254-285-7