കാന്തലോട്ട് കുഞ്ഞമ്പു

വടക്കേ മലബാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകിയ ഒരു നേതാവ്

വടക്കേ മലബാറിൽ, പ്രത്യേകിച്ച്കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയ ഒരു നേതാവായിരുന്നു കാന്തലോട്ട് കുഞ്ഞമ്പു(ഡിസംബർ 18 1916 -ജനുവരി 16 2004).[1] ചെറു പ്രായത്തിൽ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങി. ആറോൺമിൽ തൊഴിലാളി സമരത്തിൽ പങ്കെടുത്തു. പിന്നീട് അതേ കമ്പനിയിൽ തന്നെ തൊഴിലാളിയായി ജോലിക്കു ചേർന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശം. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിച്ചേർന്നു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ ക്കൊപ്പം ഉറച്ചു നിന്നു.

കാന്തലോട്ട് കുഞ്ഞമ്പു
കാന്തലോട്ട് കുഞ്ഞമ്പു
വ്യക്തിഗത വിവരങ്ങൾ
ജനനം(1916-12-18)ഡിസംബർ 18, 1916
കണ്ണൂർ, കേരളം
മരണം2004 ജനുവരി 16
കണ്ണൂർ, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിയശോദര

വിവിധ കാലങ്ങളിൽ പാർട്ടിക്കു വേണ്ടി ഒളിവിൽ പോയി. ദീർഘകാലം പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. സി.പി.ഐ.യുടെ സംസ്ഥാന സെകട്ടറിയേറ്റ് അംഗമായിരുന്നു. 1977 ൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും അഞ്ചാം കേരള നിയമസഭയിൽ അംഗമായി. 19 മാസത്തോളം വനംമന്ത്രിയാരുന്നു. യശോദ ടീച്ചറായിരുന്നു ഭാര്യ. ഈ ദമ്പതികൾക്കു മക്കളില്ല. 2004 ജനുവരി 16 ന് അന്തരിച്ചു.

ആദ്യകാല ജീവിതം തിരുത്തുക

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ പൊക്കന്റെ മകനായാണ് കുഞ്ഞമ്പു ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വൈദ്യപഠനത്തിനായി ചേർന്നു. ഈ സമയത്താണ് വടക്കേ മലബാറിലുള്ള ആറോൺ മില്ലിൽ തൊഴിൽ സമരം പൊട്ടിപ്പുറപ്പെട്ടത്. തൊഴിലാളികളെ അങ്ങേയറ്റം ചൂഷണത്തിനു വിധേയമാക്കിയിരുന്ന ഒരു സ്ഥാപനമായിരുന്നു അത്. അവിടെ വെച്ച് കോരൻ എന്ന തൊഴിലാളിയെ സൂപ്പർവൈസർ തല്ലി, കോരൻ അയാളെ തിരിച്ചു തല്ലി. അതിന്റെ ശിക്ഷണ നടപടിയായി കോരനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. കോരനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ പണിമുടക്കുകയും, അവസാനം കോരനെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു. ഈ സമരം നടക്കുമ്പോൾ കുഞ്ഞമ്പു ആറോൺ മിൽ തൊഴിലാളിയായിരുന്നില്ല,എന്നാൽ സമരത്തിന് പുറത്തു നിന്നുള്ള എല്ലാ വിധ പിന്തുണയും നൽകിയത് കുഞ്ഞമ്പു ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു.[2]

രാഷ്ട്രീയ ജീവിതം തിരുത്തുക

കോൺഗ്രസ്സിൽ അംഗമായി ചേർന്നു. ഈ സമയത്ത് ആറോൺ മില്ലിൽ തൊഴിലാളിയായി ജോലിക്കു പ്രവേശിച്ചിരുന്നു. കോൺഗ്രസ്സിലെ ഇടതുപക്ഷത്തോടായിരുന്നു ആഭിമുഖ്യം. കോൺഗ്രസ്സിലെ ഇടതുപക്ഷചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ കുഞ്ഞമ്പു അതിൽ അംഗമായി ചേർന്നു. സി.എസ്.പി യുടെ മുഖപത്രമായ പ്രഭാതത്തിന്റെ ഏജന്റായും ജോലി ചെയ്തിരുന്നു. കരിവെള്ളൂരിൽ നടന്ന ഒരു കർഷകജാഥയിൽ പങ്കെടുത്തതിന്റെ പേരിൽ ആറോൺ മില്ലിൽ നിന്നും പുറത്താക്കി. 1935 ൽ ആറോൺ മില്ലിലെ മാനേജ്മെന്റിന്റെ എതിർപ്പോടുകൂടിയാണെങ്കിലും അവിടെ ഒരു യൂണിയൻ നിലവിൽ വന്നു. സെക്രട്ടറി കുഞ്ഞമ്പു ആയിരുന്നു. യൂണിയൻ നിലവിൽ വന്ന് അധികം വൈകാതെ കേരളത്തിലെ സി.എസ്.പി ഘടകം കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ചു. കാന്തലോട്ട് അതിൽ അംഗമായി ചേർന്നു.[3] കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പ്രതിഷേധദിനത്തിൽ പങ്കെടുത്ത കാരണത്താൽ ആറോൺ മിൽ മാനേജ്മെന്റ് 400 ഓളം തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചുവിട്ടു. ഇതിനെതിരേ സമരം ചെയ്ത തൊഴിലാളികളെ സഹായിക്കാൻ കർഷകർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. മില്ലിൽ നടന്ന മറ്റൊരു പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളെ മാനേജ്മെന്റ് വീണ്ടും പിരിച്ചുവിട്ടു. ഇതിനെതിരേ നടന്ന സമരം 110 ദിവസത്തോളം നീണ്ടു നിന്നു. അവസാനം പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചു. പോലീസ് സമരനേതാവായിരുന്ന കുഞ്ഞമ്പുവിനെ കയർകൊണ്ട് വരിഞ്ഞുകെട്ടി. എന്നാൽ സമരം വിജയിക്കുകയായിരുന്നു. പോലീസ് ജനക്കൂട്ടത്തിന്റെ സമ്മർദ്ദത്താൽ കുഞ്ഞമ്പുവുൾപ്പടെയുള്ളവരെ മോചിപ്പിച്ചു.[4]

കമ്മ്യൂണിസ്റ്റ് പാർട്ടി തിരുത്തുക

1948 ൽ പാർട്ടിയുടെ രണ്ടാംകോൺഗ്രസ്സിനെതുടർന്ന് വീണ്ടും ഒളിവുവാസം. കെ.പി.ആർ.ഗോപാലനോടൊപ്പം പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. അവസാനം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജയിലിലായിരുന്നു തടവ്. അവിടെ നിന്നും സേലം ജയിലിലേക്കു മാറ്റി. 1950 ഫെബ്രുവരിയിൽ തടവുകാരുടെ പ്രശ്നങ്ങൾ ജയിലറോടു ബോധിപ്പിച്ചതിനു പകരമായി കിട്ടിയത് ലാത്തിച്ചാർജ്ജും വെടിവെപ്പും.[5] ജയിൽ മോചിതനായശേഷം മുഴുവൻ സമയവും പാർട്ടി പ്രവർത്തനമായിരുന്നു. പാർട്ടിയുടെ വിഭജനകാലത്ത് സി.പി.ഐ എന്ന മാതൃസംഘടനയിൽ തന്നെ തുടർന്നു. 1977 ൽ നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച് അഞ്ചാം കേരള നിയമസഭയിലെത്തി. 19 മാസം വനംവകുപ്പ് മന്ത്രിയായിരുന്നു. 2004 ജനുവരി 16 ന് അന്തരിച്ചു.[6]

അവലംബം തിരുത്തുക

  1. "അഞ്ചാം കേരള നിയമസഭാ സാമാജികർ". കേരള നിയമസഭ. Archived from the original on 2013-09-13. Retrieved 13-സെപ്തംബർ-2013. കുഞ്ഞമ്പു കാന്തലോട്ട് {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 89. ISBN 81-262-0482-6. കാന്തലോട്ട് കുഞ്ഞമ്പു - ആദ്യകാലജീവിതം
  3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 90. ISBN 81-262-0482-6. കാന്തലോട്ട് കുഞ്ഞമ്പു - കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്
  4. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 91. ISBN 81-262-0482-6. കാന്തലോട്ട് കുഞ്ഞമ്പു - ആറോൺ മിൽ സമരപരമ്പരകൾ
  5. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 93-94. ISBN 81-262-0482-6. കാന്തലോട്ട് കുഞ്ഞമ്പു - കമ്മ്യൂണിസ്റ്റ് പാർട്ടി
  6. "അഞ്ചാം കേരള നിയമസഭാ സാമാജികർ". കേരള നിയമസഭ. Archived from the original on 2013-09-13. Retrieved 13-സെപ്തംബർ-2013. കുഞ്ഞമ്പു കാന്തലോട്ട് {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കാന്തലോട്ട്_കുഞ്ഞമ്പു&oldid=3970226" എന്ന താളിൽനിന്ന് ശേഖരിച്ചത്