ബ്രിട്ടീഷ് ഭരണത്തിൻറെ ആദ്യകാലത്ത് മലബാറിലെ ഏറനാട്ടിൽ ബ്രിട്ടീഷ് പട്ടാളവും മാപ്പിളമാരും തമ്മിൽ നടന്ന സായുധ പോരാട്ടമാണ് മുട്ടിച്ചിറ ലഹള. ബ്രിട്ടീഷ് സാമ്രാജ്വത്വത്തിനും ജന്മി പ്രഭുക്കൾക്കുമെതിരെ ഒരു നൂറ്റാണ്ട് കാലത്തോളം മലബാറിൽ അരങ്ങേറിയ മാപ്പിള ലഹളകളിലെ ആദ്യ പോരാട്ടങ്ങളിൽ എണ്ണപ്പെടുന്നതാണ് മുട്ടിച്ചിറ പോരാട്ടം. മൂന്നിയൂർ യുദ്ധമെന്ന പേരിലും ഇത് വിശേഷിക്കപ്പെടുന്നു. ഈ കലാപത്തിൽ 11മാപ്പിളമാരും ഏതാനും ബ്രിട്ടീഷ് പട്ടാളക്കാരും ജന്മിയും സഹായിയും കൊല്ലപ്പെട്ടു.

മുട്ടിച്ചിറ വിപ്ലവം
മാപ്പിള ലഹളകൾ ഭാഗം
ബ്രിട്ടീഷ് ഇന്ത്യ മദ്രാസ് പ്രസിഡൻസിയിൽ പെട്ട മലബാർ ജില്ല

.
തിയതി1841 നവംബർ 13
സ്ഥലംമലബാർ ജില്ല ബ്രിട്ടീഷ് ഇന്ത്യ
ഫലംവിപ്ലവം അടിച്ചമർത്തി
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ബ്രിട്ടീഷ് രാജ്മാപ്പിള വിപ്ലവകാരികൾ
പടനായകരും മറ്റു നേതാക്കളും
ക്യാപ്റ്റൻ : ഷേക്സ്പിയർകൈതാരകത്ത് മുഹ്യുദ്ദീൻ കുട്ടി സാഹിബ്
നാശനഷ്ടങ്ങൾ
കൊല്ലപ്പെട്ടവർ ലഭ്യമല്ല പരിക്കേറ്റവർ 4കൊല്ലപ്പെട്ടവർ -11

പശ്ചാത്തലം

തിരുത്തുക

സാമൂതിരി നെടിയിരുപ്പ് രാജ്യ ഭാഗവും പിന്നീട് മൈസൂർ, ബ്രിട്ടീഷ് ഇന്ത്യ രാജ്യങ്ങളുടെ അധികാര പരിധിയിൽ വന്നതുമായ ഇന്നത്തെ മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മണ്ണൂർ, മൂന്നിയൂർ, മിട്ടിയറ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന മുട്ടിച്ചിറയിലാണ് ലഹളക്കാസ്പദമായ സംഭവ വികാസങ്ങൾ നടന്നത്. മലബാറിലെ പ്രശസ്ത ഇസ്‍ലാമിക ആത്മീയ നേതാവായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങൾ മുഖേന ഒട്ടേറെ അടിയാളമ്മാർ ഇസ്ലാമിലേക്ക് പരാവർത്തനം ചെയ്തു. ഇത്തരക്കാർക്കായി ഏറനാട്ടിലെ പലഭാഗങ്ങളിലും സൈതലവി പള്ളികൾ സ്ഥാപിച്ചു നൽകി. അത്തരത്തിൽ മാപ്പിളമാർക്ക് ആരാധന നടത്താനായി മുട്ടിച്ചിറയിൽ സൈതലവി നിർമ്മിച്ച പള്ളിയുമായാണ് മുട്ടുചിറ വിപ്ലവത്തിൻറെ നാരുകൾ ബന്ധപ്പെട്ടു കിടക്കുന്നത് [1]

പരാവർത്തനം ചെയ്ത പെട്ട അധഃസ്ഥിതി വിഭാഗങ്ങളിൽ പെട്ടവർ ഈ പള്ളിയിൽ ആരാധനയ്ക്കായി എത്താറുണ്ടായിരുന്നത് പൊതു വഴിയിലൂടെയായിരുന്നു. മത പരിവർത്തനപ്പെട്ടെങ്കിലും ഇത്തരക്കാർ അയിത്താചാരങ്ങൾ പാലിക്കാതെ പൊതുവഴി ഉപയോഗിക്കുന്നതും ബഹുമാനമില്ലാതെ പെരുമാറുന്നതും ഉയർന്ന ശ്രേണിയിൽ പെട്ടവർക്ക് രുചിച്ചില്ല. പള്ളിയിലേക്ക് പോകുന്ന ഇത്തരക്കാരെ ഉപദ്രവിക്കാനും അവരുടെ വസ്ത്രങ്ങളിൽ മുറുക്കി തുപ്പാനും ചിലർ തുനിയുകയും മാപ്പിളമാർ അത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് ലഹളയുടെ ആരംഭം കുറിക്കുന്നത്. വിവരങ്ങൾ അറിഞ്ഞ മമ്പുറം സൈതലവി പ്രശ്നത്തിൽ ഇടപെട്ട് മാപ്പിളമാരോട് ശാന്തത കൈവരിക്കാനാവിശ്യപ്പെട്ടു കുഴപ്പം ഇല്ലാതാക്കി തീർത്തു.[2] പ്രശ്നങ്ങൾ ഇല്ലാതായെങ്കിലും വൈരം ഇല്ലാതായിരുന്നില്ല. സ്ഥിതിഗതികൾ വിലയിരുത്താൻ ബ്രിട്ടീഷ് അധികാരികൾ നടത്തിയ കൂടിക്കാഴ്ചയിൽ സ്ഥലത്തെ പ്രമുഖ ജന്മി അച്യുതൻ പണിക്കർ പള്ളി തൻറെ ഭൂമിയിലാണെന്നും മുൻ അടിയാളന്മാരുടെ പൊതുവഴി യാത്ര ഉപേക്ഷിക്കണം എന്നൊക്കെയുള്ള വിചിത്ര വാദങ്ങൾ ഉയർത്തിയെന്നും അതിനോട് മമത കാട്ടി സർക്കാർ പള്ളി പൊളിക്കുവാനായി സൈന്യത്തെ അയക്കുന്നുണ്ടെന്നുമുള്ള അഭ്യൂഹം മാപ്പിളമാർക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു

ഇതോടെ മമ്പുറം സെയ്തലവിയെ പ്രദേശവാസികളായ മാപ്പിളമാർ സന്ദർശിച്ചു. ആക്രമണത്തിന് മുതിരാതെ സമാധാനം പാലിക്കണമെന്നും ഏതെങ്കിലും കാരണത്താൽ ബ്രിട്ടീഷ് സൈനികർ അക്രമത്തിനു മുതിർന്നാൽ അതേ നാണയത്തിൽ തിരിച്ചടിക്കാവുന്നതാണെന്നും മാപ്പിളമാർക്ക് നിർദ്ദേശം നൽകിയ സൈതലവി മന്ത്രിച്ച കടലാസ് ചുരുളുകൾ അടങ്ങിയ ഉറുക്കുകൾ നൽകി അവരെ രക്തസാക്ഷികളാകാൻ ആശീർവദിച്ചു. മാപ്പിളമാർ പള്ളിക്ക് ഭജനമിരുന്നു കാത്തിരുന്നെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും സൈന്യം വരാത്തതിനെ തുടർന്ന് പിരിഞ്ഞു പോയി.[3]

സംഘർഷ സാധ്യതയ്ക്ക് അറുതി വന്നതോടെ മൊയ്തു എന്ന കുടിയാൻ തൻറെ ഭൂമി അതിക്രമിച്ചു കൈവശപ്പെടുത്തിയെന്ന അധികാരി തോട്ടശ്ശേരി തച്ചു പണിക്കരുടെ വ്യാജപരാതിയിൻ മേൽ തഹസിൽദാർ നടപടിയെടുത്തു [4] യഥാർത്ഥത്തിൽ ഈ ഭൂമി ജന്മമായി തച്ചു പണിക്കരിൽ മൊയ്തു വാങ്ങിയതായിരുന്നു.[5] എന്നാൽ തോട്ടശേരി പണിക്കർക്ക് അനുകൂലമായായിരുന്നു സർക്കാരിൻറെ നിലപാട്. തഹസിൽദാരുടെ അനുമതിയോടെ അഞ്ചോളം വില്ലേജ് അധികാരികളും തച്ചു പണിക്കരും കാര്യസ്ഥൻ നായരും മറ്റ് സഹായികളും മുട്ടുച്ചിറ പള്ളി ലക്ഷ്യമാക്കി കടന്നു ചെന്ന് അസഭ്യം പറയുകയും പള്ളി തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണിക്കരുടെ സഹായി കാര്യസ്ഥനും കൂട്ടാളികളും അവിടെ ആരാധന നടത്തുകയായിരുന്ന മൊയ്തുവിനെ മർദ്ദിക്കുകയും വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ടു തള്ളി. റംസാൻ മാസത്തിൽ നടത്തിയ ഈ ആക്രമണം മാപ്പിളമാരെ പ്രകോപിപ്പിച്ചു. മൊയ്തു ഇക്കയെ മർദിച്ചതിന് പ്രതികാരമായി ആറംഗ മാപ്പിള സംഘം മൊയ്തു ഇക്കയെയും കൂട്ടി തച്ചു പണിക്കാരുടെയും കൂട്ടാളികളുടെയും അരികിലേക്ക് പോവുകയും സഹായികളെ ഓടിച്ചു വിട്ട് തച്ചു പണിക്കരെയും കാര്യസ്ഥൻ നായരെയും വെട്ടി കൊല്ലുകയും പണിക്കരുടെ തല അറുത്ത് കമ്പിൻ മേൽ നാട്ടിവെക്കുകയുമുണ്ടായി.[6]തുടർന്ന് പെരുന്നാൾ കഴിഞ്ഞു ആറാം നാൾ കേണൽ ഷേക്സ്പിയറുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം വൻ ആയുധസന്നാഹങ്ങളോടെ മുട്ടുചിറ പള്ളി വളഞ്ഞു അകത്തുള്ളവരെ ലക്ഷ്യമാക്കി വെടിവെപ്പ് ആരംഭിച്ചു. കൈതാരകൻ കുട്ടി മുഹ്യുദ്ദീൻ അടക്കം പള്ളിയിലുണ്ടായിരുന്ന പതിനൊന്ന് പേർ കത്തികളുമായി സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു. സൈനിക നടപടിക്കിടെ ചില സൈനികർക്ക് ജീവഹാനി സംഭവിക്കുകയും നാലോളം പേർക്ക് പരിക്കേൽക്കുകയുമുണ്ടായി

മുട്ടിച്ചിറ മഖാം

തിരുത്തുക

പുണ്യപുരുഷന്മാരാക്കി ഉയർത്തി നേർച്ച പോലുള്ള ഓർമ്മനാളുകൾ കൊണ്ടാടാൻ സാധ്യതയുണ്ടെന്ന നിഗമനങ്ങളെ തുടർന്ന് കൊല്ലപ്പെട്ട പതിനൊന്ന് മാപ്പിളമാരെയും സർക്കാർ വക ഭൂമിയിൽ അടക്കം ചെയ്തു കാവലേർപ്പെടുത്തി. കൊല്ലപ്പെട്ടവരെ വിശുദ്ധ പോരാളികളായി മമ്പുറം സൈതലവി വാഴ്ത്തി തുടർന്ന് സെയ്തലവിയുടെ ആശീർവാദത്തോടെ രണ്ടായിരത്തോളം ആയുധധാരികളായ മാപ്പിളമാർ സൈന്യത്തെ തുരത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് മുട്ടിച്ചിറ പള്ളിയുടെ പടിഞ്ഞാറേ അതിരിൽ ഖബറടക്കം ചെയ്ത് സ്മൃതിയിടം പണിതു . ഇതാണ് മുട്ടിച്ചിറ മഖാം എന്നറിയപ്പെടുന്നത്.[7][8][9] മാപ്പിളമാർക്ക് പുറമേ അടിയാള വിഭാഗങ്ങളും വീര പുരുഷന്മാരായാണ് ഇവരെ ദർശിച്ചിരുന്നത് മുന്നിയൂർ കളിയാട്ട മഹോത്സവം അരങ്ങേറുമ്പോൾ മുട്ടിച്ചിറ മഖാം സന്ദർശനം നടത്തി കാണിക്ക സമർപ്പിക്കുന്നത് ഇവിടുത്തെ രക്ത സാക്ഷികൾ നേടിയ സ്വീകാര്യത വരച്ചു കാട്ടുന്നു [10]

ആണ്ട് നേർച്ച

തിരുത്തുക

കൊല്ലപ്പെട്ട ശുഹദാക്കളുടെ ഓർമ്മനാളായി കൊണ്ടാടുന്ന ഉറൂസാണ് മുട്ടിച്ചിറ നേർച്ച. ഖുറാൻ, മോലിദ് പാരായണങ്ങൾ, രക്തസാക്ഷി പ്രകീർത്തനങ്ങൾ, സിക്റുകൾ, മത,ചരിത്ര പ്രഭാഷണം അന്നദാനം എന്നിവയാണ് നേർച്ചയിലെ അനുഷ്ടാനങ്ങൾ എല്ലാ അറബ് മാസവും ശവ്വാൽ ആറിനാണ് നേർച്ചക്ക് തുടക്കം കുറിക്കുക. . ശുഹദാക്കളുടെ നേർച്ച എന്ന പേരിലാണ് മുൻകാലങ്ങളിൽ ഇത് അറിയപ്പെട്ടിരുന്നത്. മമ്പുറം തങ്ങളുടെ ആശീർവാദം നേടി മുട്ടിച്ചിറ നേർച്ചയും മോലിദ്ദും കൊണ്ടാടിയായിരുന്നു പിന്നീടുള്ള ലഹളകൾ പലതും അരങ്ങേറിയിരുന്നത്.[11]തുടർന്ന് ബ്രിട്ടീഷ് സർക്കാർ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതോടെ ആദ്യകാലങ്ങളിൽ വലിയ രീതിയിൽ നടന്നിരുന്ന നേർച്ചയ്ക്ക് മലബാർ കലാപാനന്തരം പൊലിമ കുറഞ്ഞു.

ഇവ കാണുക

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • മാപ്പിള മുസ്ലിംസ് ഓഫ് കേരള, റോളണ്ട് ഇ മില്ലൻ
  • മലബാർ മാന്വൽ, വില്യം ലോഗൻ
  • മലബാർ കലാപം: അടിവേരുകൾ, കോൺ റാഡ് വുഡ്
  • മലബാറിലെ കാർഷികബന്ധങ്ങൾ: ഒരു പഠനം, ഡോ.കെ.കെ.എൻ.കുറുപ്പ്

അവലംബങ്ങൾ

തിരുത്തുക
  1. K.N. Panikkar, , Aqainst Lord and State Reliqion and Peasant Uprisinqs in Malabar, 1836–1921, New Delhi, 1932,op.cit., p.62.
  2. K.K. Muhamed Abdul Kareem, mahatthaaya maappila paarambaryam opt cit., p.49
  3. Strange Report, p. 411 -14
  4. T.L. Strange Commission Report, dated 25 Sept.,1852, p.411.
  5. ibid
  6. Extract from the Minutes of Consultation under date8th Feb. 1842, Jucicial Department, No:90.November 13, 1841
  7. W.Logan, Malabar Manual Vol.1, Reprint, Trivandrum,1987, p.625.
  8. C.K. Kareem, op.cit., p.545.
  9. C.N. Ahmed Moulavi and K.K Muhamed Abdul Kareem,op.cit., p.178
  10. മലപ്പുറം ടൂറിസം/ മുന്നിയൂർ കോഴികളിയാട്ടം [1] Archived 2020-09-22 at the Wayback Machine.
  11. Conrad Wood, Conrad Wood, The Moplah Rebellion and its Genesis,New Delhi, 1987, op.cit., p. 45

11°04′16″N 75°59′11″E / 11.071247°N 75.986497°E / 11.071247; 75.986497

"https://ml.wikipedia.org/w/index.php?title=മുട്ടിച്ചിറ_ലഹള&oldid=4115913" എന്ന താളിൽനിന്ന് ശേഖരിച്ചത്