മിർസ ഫഖ്രു
അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ സഫറിന്റെ രണ്ടാമത്തെ പുത്രനായിരുന്നു മിർസ ഫഖ്രു എന്ന മിർസ ഗുലാം ഫഖ്രുദ്ദീൻ (ജീവിതകാലം: 1818 - 1856). പ്രശസ്തനായ ഒരു കവിയും ചരിത്രകാരനുമായിരുന്നു ഇദ്ദേഹം.[1] ബഹദൂർഷാ സഫറിനുശേഷം മുഗൾ ചക്രവർത്തിസ്ഥാനത്തേക്ക് ഏറ്റവും സാദ്ധ്യത കൽപ്പിക്കപ്പെട്ടിരുന്ന രാജകുമാരനായിരുന്നു ഇദ്ദേഹം. ചക്രവർത്തിസ്ഥാനത്തേക്ക് ബ്രിട്ടീഷുകാരുടെ പിന്തുണ ഫഖ്രുവിനുണ്ടായിരുന്നെങ്കിലും പിതാവിന് അതിനോട് താൽപര്യമുണ്ടായിരുന്നില്ല.
മിർസ ഫഖ്രു | |
---|---|
മുഗൾ സാമ്രാജ്യത്തിലെ യുവരാജാവ് | |
പൂർണ്ണനാമം | ഫത്തുൽമുൽക്, ഷാസാദാ മിർസ മുഹമ്മദ് സുൽത്താൻ ഷാ, ഫിറോസ് ജംഗ്, വാലി ആദ് ബഹാദൂർ |
ജനനം | 1816/1818 |
ജന്മസ്ഥലം | ചെങ്കോട്ട, ഡെൽഹി |
മരണം | 1856 ജൂലൈ 10 |
മരണസ്ഥലം | ചെങ്കോട്ട, ഡെൽഹി |
മുൻഗാമി | മിർസ ദാര ബഖ്ത് |
രാജവംശം | തിമൂറി |
പിതാവ് | ചക്രവർത്തി ബഹാദൂർ ഷാ സഫർ |
ചക്രവർത്തിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ
തിരുത്തുകസഫറിന്റെ മൂത്ത പുത്രനായിരുന്ന മിർസ ദാര ബഖ്ത് 1849-ൽ പനിമൂലം മരിച്ചപ്പോൾ മിർസ ഫഖ്രു, സഫറിന്റെ അനന്തരാവകാശിയാകുമെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. ഡെൽഹിയിൽ അന്ന് മേൽക്കോയ്മയുണ്ടായിരുന്ന ബ്രിട്ടീഷുകാരും മിർസ ഫഖ്രുവിനെ പിൻഗാമിയാക്കുന്നതിനാണ് താൽപര്യപ്പെട്ടിരുന്നത്. സഫറിന്റെ ഏറ്റവും പ്രിയപ്പെട്ട ഭാര്യയായിരുന്ന സീനത്ത് മഹലിന്റെ സ്വാധീനം മൂലം കിരീടാവകാശം മിർസ ഫഖ്രുവിന് നൽകാതിരിക്കാനും പകരം സീനത്തിന്റെ പുത്രനും സഫറിന്റെ ആണ്മക്കളിൽ പതിനഞ്ചാമനും ചെറുപ്രായക്കാരനുമായിരുന്ന മിർസ ജവാൻ ബഖ്തിനെ അവകാശിയാക്കാനുമാണ് അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നത്.[1]
സഫറിന്റെ അവഗണന മനസ്സിലാക്കിയ മിർസ ഫഖ്രു ഇംഗ്ലീഷ് പഠനമാരംഭിക്കുകയും, തന്റെ ബ്രിട്ടീഷ് അനുകൂലിയായ ഭാര്യാപിതാവ് മിർസ ഇലാഹി ബഖ്ഷുമൊത്ത് ബ്രിട്ടീഷ് റെസിഡന്റ് തോമസ് മെറ്റ്കാഫുമായും ഡെൽഹിയിലെ മറ്റു മുതിർന്ന ബ്രിട്ടീഷ് സൈനികരുമായും ബന്ധം സ്ഥാപിക്കാനാരംഭിച്ചിരുന്നു.[4] 1852 ജനുവരിയിൽ മെറ്റ്കാഫ്, വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന ജെയിംസ് തോമാസൺ, ഗവർണർ ജനറലിന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹെൻറി എലിയറ്റ് എന്നിവരുമായി ചർച്ചകൾ നടത്തി[5] ഒരു രഹസ്യധാരണയുണ്ടാക്കി. ഈ ധാരണയിലൂടെ, സഫറിന്റെ ഇഷ്ടത്തിനെതിരായി, ഫഖ്രുവിനെ പിൻഗാമിയായി ബ്രിട്ടീഷുകാർ അംഗീകരിച്ചു. ഇതിനുപകരമായി ചെങ്കോട്ട ബ്രിട്ടീഷുകാർക്ക് കൈമാറി മിർസ ഫഖ്രു മെഹ്രോളിയിലേക്ക് മാറണമെന്നും, മുഗൾ ചക്രവർത്തിക്ക് ബ്രിട്ടീഷ് ഗവർണർ ജനറലിനു മുകളിലുള്ള ഔപചാരികനില വെടിഞ്ഞ് തുല്യസ്ഥാനം അംഗീകരിക്കണമെന്നും വ്യവസ്ഥകളുണ്ടായിരുന്നു.[4] ഒന്നരവർഷത്തോളം ചർച്ച ചെയ്താണ് ഈ ധാരണകൾ അംഗീകരിക്കപ്പെട്ടത്.[5]
ഇതിനെത്തുടർന്ന്, മുഗളരുടെ അഭിമാനസ്തംഭങ്ങളാണ് ഫഖ്രു പണയംവച്ചതെന്ന് അഭിപ്രായപ്പെട്ട ബഹദൂർഷാ സഫർ അയാളെ പ്രഖ്യാപിതശത്രുവാക്കി. ഫഖ്രുവിന് മുഗൾ സഭയിലുണ്ടായിരുന്ന സ്ഥാനമാനങ്ങളും അയാളുടെ ശമ്പളവും അയാൾക്ക് നൽകിയിരുന്ന വീടുകളും സ്ഥലങ്ങളും മറ്റും റദ്ദാക്കുകയും അതെല്ലാം അയാളുടെ ഇളയ സഹോദരൻമാർക്ക് - പ്രധാനമായും രാജകുമാരൻമാരിലെ പ്രധാനപ്പെട്ട ഇംഗ്ലീഷ് വിരോധിയും ആയിരുന്ന മിർസ മുഗളിന് - നൽകുകയും ചെയ്തു.[4]
മരണം
തിരുത്തുക1856-ൽ മിർസ ഫഖ്രു മരിച്ചു. കോളറയായിരുന്നു മരണകാരണം എന്ന് പറയുന്നുണ്ടെങ്കിലും ഇദ്ദേഹത്തെ വിഷം കൊടുത്ത് കൊന്നതാണെന്ന കിംവദന്തികളും കൊട്ടാരത്തിലുണ്ടായിരുന്നു.[1] മിർസ ഫഖ്രുവുമായി ധാരണയുണ്ടാക്കിയ മൂന്നു ബ്രിട്ടീഷുകാരുടെ ദുരൂഹമരണങ്ങൾ ഈ വാദത്തിന് ബലം പകരുകയും ചെയ്യുന്നു.[6]
മിർസ ഫഖ്രുവിന്റെ പുത്രനായ മിർസ അബൂബക്കർ, 1857-ലെ ലഹളക്കാലത്ത് വിമതശിപായിമാരോടൊപ്പം ചേർന്ന് ബ്രിട്ടീഷുകാർക്കെതിര യുദ്ധം ചെയ്തിരുന്നു.[1] ചെങ്കോട്ടയിലെ ഷാ ബുർജ് ആയിരുന്നു മിർസ ഫഖ്രുവിന്റെ താമസസ്ഥലം.[7]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 ലാസ്റ്റ് മുഗൾ[൧], താൾ: XVI
- ↑ "ബഹാദൂർഷാ സഫർ ആൻഡ് ഹിസ് സൺസ് (1838)". കൊളംബിയ യൂനിവേഴ്സിറ്റി ഇൻ സിറ്റി ഓഫ് ന്യൂയോർക്ക്. Retrieved 2013 നവംബർ 8.
{{cite web}}
: Check date values in:|accessdate=
(help) ഈ അവലംബത്തിൽ വലതുവശത്തുനിൽക്കുന്നയാളാണ് മിർസ ഫഖ്രു എന്നു പറയുന്നുണ്ടെങ്കിലും മിർസ ഫഖ്രുവിന്റെ പ്രായം ഈ സമയത്ത് ഇടതുവശത്തുനിൽക്കുന്നയാളുടേതുമായാണ് ശരിയായി യോജിക്കുക. കൂടാതെ വലതുവശത്തുനിൽക്കുന്ന കുട്ടി മിർസ മുഗളാണെന്ന് മറ്റ് ഉറവിടങ്ങളിൽ നിന്ന് മനസ്സിലാക്കുകയും ചെയ്യാം. - ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 217
- ↑ 4.0 4.1 4.2 ലാസ്റ്റ് മുഗൾ[൧], താൾ: 47-48
- ↑ 5.0 5.1 ലാസ്റ്റ് മുഗൾ,[൧] താൾ: 115
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 118
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 99
കുറിപ്പുകൾ
തിരുത്തുക- ൧ ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help)