അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ സഫറിന്റെ പതിനാറുമക്കളിൽ പതിനഞ്ചാമനായിരുന്നു മിർസ ജവാൻ ബഖ്ത് (ജീവിതകാലം: 1841 - 1884). സഫറിന്റെ പ്രധാനഭാര്യയായിരുന്ന സീനത്ത് മഹലിൽ അദ്ദേഹത്തിന് ജനിച്ച പുത്രനായിരുന്നു ഇദ്ദേഹം. തന്റെ മൂത്ത മക്കളെയല്ലാം മറികടന്ന് പ്രിയപുത്രനായ മിർസ ജവാൻ ബഖ്തിനെ തന്റെ പിൻഗാമിയായി ചക്രവർത്തിയാക്കണം എന്നായിരുന്നു സഫർ നിശ്ചയിച്ചിരുന്നത്. സീനത്ത് മഹലിന്റെ പ്രേരണയും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. തന്റെ മാതാപിതാക്കളല്ലാതെ കാര്യമായ പിന്തുണക്കാരാരും മിർസ ജവാൻ ബഖ്തിന് കൊട്ടാരത്തിലുണ്ടായിരുന്നില്ല.[1]

മിർസ ജവാൻ ബഖ്ത് (ഇടത്), മിർസ ഷാ അബ്ബാസ് (വലത്) - ബഹാദൂർ ഷാ സഫറിന്റെ ഏറ്റവു ഇളയ മക്കളായിരുന്ന ഇരുവരേയും അദ്ദേഹത്തോടൊപ്പം റംഗൂണിലേക്ക് നാടുകടത്തിയിരുന്നു. റംഗൂണിൽ നിന്നുള്ള ചിത്രമാണിത്

പഠനത്തിൽ ഒരു താൽപര്യവും കാണിക്കാതിരുന്ന രാജകുമാരനായിരുന്നു മിർസ ജവാൻ ബഖ്ത്. പഠനസമയത്ത് അതുപേക്ഷിച്ച് നായാട്ടിനിറങ്ങുകയായിരുന്നു അയാളുടെ വിനോദം. എന്നാൽ നായാട്ടിലും അദ്ദേഹത്തിന് വിരുതുണ്ടായിരുന്നില്ല. ഒരിക്കൽ പ്രാവിനെ വച്ച വെടി, യമുനയിൽ കുളിച്ചുകൊണ്ടിരുന്ന ഒരാളുടെ കാലിൽക്കൊണ്ടു. ഇതിനെത്തുടർന്ന് സഫർ, ബഖ്തിന്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ പിടിച്ചെടുത്ത്, അയാളോട് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നിർദ്ദേശിച്ചു.[2]

1852 ഏപ്രിലിൽ നടന്ന ഇദ്ദേഹത്തിന്റെ വിവാഹം മുഗൾ രാജകുടുംബചരിത്രത്തിൽ ഏറ്റവും അവസാനമായി നടന്ന കെങ്കേമമായ ചടങ്ങായിരുന്നു. സഫറിന്റെ പിൻഗാമിയായി ബഖ്തിനെ ഉയർത്തിക്കാണിക്കുക എന്ന ഉദ്ദേശ്യത്തിൽ നടത്തിയ ഈ വൻചടങ്ങിന് ഏറെ രാഷ്ട്രീയപ്രാധാന്യവുമുണ്ടായിരുന്നു.[3] ജവാൻ ബഖ്തിന്റെ ജ്യേഷ്ഠന്മാരുടെ വിവാഹച്ചടങ്ങുകളെ നിഷ്പ്രഭമാക്കുംവിധം നടത്തിയ ഈ വിവാഹച്ചടങ്ങുകൾക്ക് സീനത്ത് മഹലായിരുന്നു ചുക്കാൻ പിടിച്ചിരുന്നത്. ബഖ്തിന്റെ വധുവായിരുന്ന നവാബ് ഷാ സമാനി ബീഗം, സീനത്ത് മഹലിന്റെ മരുമകളും മലാഗഢിലെ വാലിദാദ് ഖാന്റെ പുത്രിയുമായിരുന്നു. വിവാഹസമയത്ത് വധൂവരൻമാർക്ക് പത്തും പതിനൊന്നും വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അന്നത്തെ രാഷ്ട്രീയപരിതഃസ്ഥിതികൾ മൂലം, സീനത്ത് മഹൽ ഈ വിവാഹം തിടുക്കത്തിൽ നടത്തുകയായിരുന്നു.[4]

1857-ലെ ലഹളക്കാലത്ത് സീനത്ത് മഹൽ, മകനെ വിമതശിപായിമാരിൽനിന്ന് അകറ്റിനിർത്തി. ശിപായികൾ തോൽപ്പിക്കപ്പെട്ടുകഴിഞ്ഞാൽ തന്റെ മകനെ അധികാരത്തിലേറ്റാമെന്ന് അവർ കരുതിയിരുന്നു.[1] എന്നാൽ ലഹളക്കുശേഷം സഫറിനും സീനത്ത് മഹലിനുമൊപ്പം മിർസ ജവാൻ ബഖ്തിനെയും റംഗൂണിലേക്ക് ബ്രിട്ടീഷുകാർ നാടുകടത്തി.[5]

  1. 1.0 1.1 ലാസ്റ്റ് മുഗൾ[൧], താൾ: XVII
  2. ലാസ്റ്റ് മുഗൾ,[൧] താൾ: 100
  3. ലാസ്റ്റ് മുഗൾ[൧], താൾ: 27
  4. ലാസ്റ്റ് മുഗൾ[൧], താൾ: 29-30
  5. എസ്. മെഹ്ദി ഹുസൈൻ (2006). ബഹാദൂർ ഷാ സഫർ; ആൻഡ് ദ വാർ ഓഫ് 1857 ഇൻ ഡെൽഹി. Retrieved 2013 ജൂലൈ 5. {{cite book}}: Check date values in: |accessdate= (help)

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിർസ_ജവാൻ_ബഖ്ത്&oldid=2285111" എന്ന താളിൽനിന്ന് ശേഖരിച്ചത്