പത്തൊമ്പതാം നൂറ്റാണ്ടിൽ ഡെൽഹിയിൽ ജീവിച്ചിരുന്ന ഒരു മുഗൾ രാജകുടുംബാഗമായിരുന്നു മിർസ ഇലാഹി ബഖ്ഷ്. മുഗൾ ചക്രവർത്തി ബഹാദൂർ ഷാ സഫറിന്റെ പുത്രനായ മിർസ ഫഖ്രുവിന്റെ ഭാര്യാപിതാവായിരുന്നു ഇദ്ദേഹം. 1857-ലെ ലഹളക്കാലത്ത് വിമതപ്രവർത്തനം നടത്തിയ മുഗൾ കുടുംബാംഗങ്ങളെ ലഹളക്കുശേഷമുള്ള വിചാരണാവേളയിൽ ബ്രിട്ടീഷുകാർക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തതിന്റെ പേരിലാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധി.

ലഹളക്കാലത്ത് കൊട്ടാരത്തിലെ ബ്രിട്ടീഷ് അനുകൂല വിഭാഗത്തിന്റെ നേതാക്കളിലൊരാളായിരുന്നു ഇലാഹി ബഖ്ഷ്. ലഹളക്കാരും ബ്രിട്ടീഷ് സൈന്യവും തമ്മിൽ പോരാട്ടം നടക്കുന്ന കാലം മുഴുവൻ ഇദ്ദേഹം ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവനായ വില്ല്യം ഹോഡ്സണുമായി ബന്ധം പുലർത്തുകയും വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. നഗരം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായതിനുശേഷം മുഗൾ ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ സഫറിനെ കീഴടങ്ങാൻ പ്രേരിപ്പിച്ചതും ഇലാഹി ബഖ്ഷായിരുന്നു. സ്വജീവരക്ഷക്കായി തന്റെ കൊച്ചുമകനടക്കമുള്ള അടുത്ത കുടുംബാഗങ്ങളെപ്പോലും ഇദ്ദേഹം ചൂണ്ടിക്കാണിച്ചുകൊടുക്കുകയും വധശിക്ഷയിലേക്ക് നയിക്കുകയും ചെയ്തു. ഡെൽഹിയിലെ ഒറ്റുകാരൻ (Traitor of Delhi) എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.[1]

  1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XVII. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=മിർസ_ഇലാഹി_ബഖ്ഷ്&oldid=1795108" എന്ന താളിൽനിന്ന് ശേഖരിച്ചത്