പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇന്ത്യയിൽ ജോലിയെടുത്തിരുന്ന ബ്രിട്ടീഷ് ഭരണകർത്താവും ചരിത്രകാരനുമായിരുന്നു ഹെൻറി മയേഴ്സ് എലിയറ്റ് (ഇംഗ്ലീഷ്: Henry Miers Elliot, ജീവിതകാലം: 1808 - 1853 ഡിസംബർ 20[1]). ഹെൻറി ഹാർഡിഞ്ച്, ഡൽഹൗസി എന്നീ ഗവർണർ ജനറൽമാർക്കുകീഴിൽ വിദേശകാര്യസെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലെത്തിയതിനുശേഷം ബറേലി, മുറാദാബാദ്, ഡെൽഹി എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം, വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ റെവന്യൂ സദർ ബോർഡിന്റെ സെക്രട്ടറിയായി. 1847-ൽ ഗവർണർ ജനറലിന്റെ കൗൺസിലിൽ വിദേശകാര്യസെക്രട്ടറിയായി. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത് ഡൽഹൗസിയോടൊപ്പം പഞ്ചാബിലെത്തിയ എലിയറ്റ്, യുദ്ധാനന്തരം സിഖുകാരുമായുണ്ടാക്കിയ കരാർ ചർച്ചകളിൽ പ്രമുഖപങ്കുവഹിച്ചു.

തന്റെ ഔദ്യോഗികജീവിതകാലം മുഴുവൻ ഒഴിവുസമയങ്ങൾ അദ്ദേഹം പഠനത്തിനുവേമ്ടി വിനിയോഗിച്ചു. ഇന്ത്യക്കാരെക്കുറിച്ചുള്ള ലേഖനങ്ങളടങ്ങിയ ഒരു ആനുകാലികം അദ്ദേഹം മീറഠിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഗ്ലോസറി ഓഫ് ഇന്ത്യൻ ജ്യൂഡീഷ്യൽ ആൻഡ് റെവന്യൂ ടേംസ് എന്ന ഔദ്യോഗികരേഖക്ക് പൂരകമായി 1845-ൽ അദ്ദേഹം സപ്ലിമെന്റ് റ്റു ദ ഗ്ലോസറി എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ബ്രാഹ്മണ-രജപുത്രവിഭാഗങ്ങളെ സംബന്ധിച്ച വളരെ വിലപ്പെട്ടവിരവരങ്ങളടങ്ങിയ രേഖയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ രണ്ടാം പതിപ്പ് 1860-ൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രധാന കൃതി, ബിബ്ലിയോഗ്രഫിക്കൽ ഇൻഡെക്സ് റ്റു ദ ഹിസ്റ്റോറിയൻസ് ഓഫ് മൊഹമ്മദൻ ഇന്ത്യ ആണ്. അതിൽ ഇന്ത്യയിലെ 231 അറബി-പേർഷ്യൻ ചരിത്രകാരൻമാരുടെ സംഭാവനകൾ വിലയിരുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ 1849-ൽ ഇതിന്റെ ആദ്യത്തെ വാല്യം മാത്രമേ അദ്ദേഹത്തിന് പ്രസിദ്ധീകരിക്കാനായുള്ളൂ. ആരോഗ്യകാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങുന്നതിനിടയിൽ 1853 ഡിസംബർ 20-ന് കേപ്പ് ഓഫ് ഗുഡ് ഹോപ്പിലെ സൈമൺ ടൗണിൽവച്ച് അദ്ദേഹം മരണമടഞ്ഞു.

മരണശേഷം എലിയറ്റിന്റെ പഠനങ്ങൾ മറ്റുള്ളവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1866-77 ൽ ജോൺ ഡോസൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഹിസ്റ്ററി ഓഫ് ഇന്ത്യ ആസ് ടോൾഡ് ബൈ ഇറ്റ്സ് ഓൺ ഹിസ്റ്റോറിയൻസ് ഉദാഹരണമാണ്.

അവലംബം തിരുത്തുക

  1. ലാസ്റ്റ് മുഗൾ,[൧] താൾ: 513

ഗ്രന്ഥങ്ങൾ തിരുത്തുക

  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Elliot, Henry Miers (DNB00) എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഹെൻറി_എലിയറ്റ്&oldid=1855969" എന്ന താളിൽനിന്ന് ശേഖരിച്ചത്