അയ്യങ്കാളി

കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ്
(മഹാത്മാ അയ്യൻകാളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപരിഷ്കർത്താവും നിയമനിർമ്മാതാവും വിപ്ലവകാരിയുമായ മഹാത്മാ അയ്യൻകാളി (ജീവിതകാലം: 28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941) കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിച്ച് ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ്. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ച അദ്ദേഹത്തിന്റെ ഇടപെടൽ കേരള സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു.കേരള സ്പാർട്ടക്കസ് എന്ന് മഹാത്മാ അയ്യങ്കാളിയെ വിശേഷിപ്പിക്കാം. മഹാരാജാക്കന്മാരുടെ, ചോരപ്പുഴയൊ ഴുക്കിയ അശ്വമേധങ്ങളല്ല, മുമ്പ് ജാതിമേൽകോയ്മയുടെയും ഇപ്പോൾ നവ ഫാസിസ്റ്റുകളുടെയും നേതൃത്വത്തിൽ സംഘർഷം മാത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ജൈത്രയാത്രകളല്ല അലങ്കരിച്ചൊരുക്കിയ രണ്ട് കാളകൾ വലിച്ച കാളവണ്ടിയാണ് കേരളത്തിന്റെ കുതിപ്പിന് വഴിവെട്ടിയത്.

Mahatma Ayyankali
ജനനം28 August 1863
വെങ്ങനൂർ, തിരുവനന്തപുരം, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ
മരണം18 ജൂൺ 1941(1941-06-18) (പ്രായം 77)
മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ. 1980 നവംബറിൽ ഇന്ദിരാഗാന്ധി കവടിയാറിൽ മഹാത്മാ അയ്യൻകാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.

പ്രജാസഭാ മെമ്പർ

1911 ഡിസംബർ 5 ന് മഹാത്മാ അയ്യൻകാളിയെ തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ മെമ്പർ ആയി നോമിനേറ്റ് ചെയ്തു.

1912 ഫെബ്രുവരി 27 ന് കൂടിയ ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് യോഗത്തിൽ മഹാത്മാ അയ്യൻകാളി പങ്കെടുത്തു സംസാരിച്ചു.

ജനനം, ബാല്യം

തിരുത്തുക
 
അയ്യൻകാളി

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ കുടിയിൽ 1863 ഓഗസ്റ്റ് 28നാണ് (കൊല്ലവർഷം 1039, ചിങ്ങം 14) അയ്യൻകാളി ജനിച്ചത്. പിതാവ്: അയ്യൻ , മാതാവ്: മാല ,[1] ചിങ്ങമാസത്തിലെ അവിട്ടമാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രം. അച്ഛൻ പെരുങ്കാട്ടുവിള വീട്ടിൽ അയ്യൻ. അമ്മ മാല. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം പുലയ സമൂഹത്തെ മനുഷ്യർക്ക് അയ്യൻ കാളിയായി . അക്കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായങ്ങൾ പരിഗണിക്കപ്പെട്ടിരുന്നതു്. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്കു് അവകാശമുണ്ടായിരുന്നില്ല. പുലയ-പറയ അധഃകൃത ചുറ്റുപാടുകൾ മാറ്റുന്നതിനായി ആദ്യമായി മുന്നോട്ടുവന്നു് പ്രവർത്തനമാരംഭിച്ചതു് അയ്യൻകാളിയാണു്.

അധഃസ്ഥിതരുടെ കഷ്ടപ്പാടുകൾ

തിരുത്തുക

ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതർക്കു കല്പിച്ചു നൽകിയ ധർമ്മം. പാടത്തു പണിയെടുത്തു വരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതർ രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല; ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹുവിധ ബഹിഷ്കരണങ്ങളാൽ ദുരിതപൂർണ്ണമായിരുന്നു അയ്യൻകാളി ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീ‍വിതം. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. സവർണ്ണർ ഉപയോഗിക്കുന്ന പൊതുവഴികൾ പ്രയോഗിക്കുന്നതിനും അവർക്ക് വിലക്കുണ്ടായിരുന്നു. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല. മാത്രവുമല്ല പുതിയ വസ്ത്രങ്ങൾ വാങ്ങിയാൽ അതിൽ മണ്ണ് പുരട്ടി വൃത്തിഹീനമാക്കിയിട്ട് വേണമായിരുന്നു ധരിക്കാൻ. അടിമക്കച്ചവടത്തിനും ഇരയായിരുന്നു ഈ വിഭാഗത്തിൽ പെട്ടവർ.

സാമൂഹിക വിപ്ലവത്തിലേക്ക്

തിരുത്തുക

വിവേചനവിരുദ്ധസമരം

തിരുത്തുക

ചുറ്റുംനടമാടിയ ഉച്ചനീചത്വങ്ങൾക്കെതിരെ അധഃസ്ഥിതരുടെ ഇടയിൽ നിന്നും ആദ്യമുയർന്ന സ്വരമായിരുന്നു അയ്യൻ കാളിയുടേത്. സ്വസമുദായത്തിൽനിന്നുതന്നെ ഉയർന്ന എതിർപ്പുകൾ അവഗണിച്ച് മുപ്പതാം വയസിൽ കിരാത നിയമങ്ങൾക്കെതിരെ അദ്ദേഹം പോരിനിറങ്ങി. തുടക്കത്തിൽ അദ്ദേഹം ഏകനായിരുന്നു. പിന്നീട് ഏതാനും യുവാക്കളെ സംഘടിപ്പിച്ചു. ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാൻ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകൾ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരു ഏറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു അയ്യൻകാളി.

ഏറ്റുമുട്ടലുകൾ

തിരുത്തുക

അയ്യൻകാളിയുടെ നടപടികളെ സ്വഭാവികമായും ജന്മിമാർ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അദ്ദേഹത്തിന്റെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളിൽ അധഃസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിലും അയ്യൻകാളി ആരാധ്യ പുരുഷനായി.

കർഷകത്തൊഴിലാളി സമരം

തിരുത്തുക

തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻ കാളിയായിരുന്നു. അധ:സ്ഥിത വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സവർണ്ണ വിഭാഗങ്ങളുടെ നീതി നിഷേധത്തിനെതിരേ ആയിരുന്നു സമരം. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാൻ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങളിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല. തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവിൽ പ്രതികാരബുദ്ധിയോടെ അവർ പാടങ്ങൾ തരിശിട്ടു. തൊഴിലില്ലാതെ കർഷകത്തൊഴിലാളികൾ ദുരിതക്കയത്തിലായി. എന്നാൽ മാടമ്പിമാർക്കെതിരെയുള്ള സമരത്തിൽനിന്നും പിൻ‌വലിയാൻ അവർ കൂട്ടാക്കിയില്ല. നിലവറകളിലെ നെല്ല് തീരുകയും മറ്റാളുകളെ കൊണ്ട് കൃഷി നടത്താനാവുകയും ചെയ്തതോടെ പട്ടിണി മുൻപിൽ കണ്ട ജൻമിമാർ ഒടുവിൽ കീഴടങ്ങി. കുട്ടികൾക്ക് സ്കൂൾ പ്രവേശനം സാദ്ധ്യമായതോടെ 1905-ൽ സമരം ഒത്തുതീർപ്പായി. അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കർഷകത്തൊഴിലാളി മുന്നേറ്റത്തിനും ഊർജ്ജം പകർന്നതെന്നു സാമൂഹിക ഗവേഷകർ വിലയിരുത്തുന്നു.

വില്ലുവണ്ടി സമരം 1893

തിരുത്തുക

ജാതിനിയമങ്ങൾ തങ്ങളുടെ സമൂഹത്തിൽ കർശനമായി പാലിക്കുന്നുണ്ടെന്ന് തിരുവിതാംകൂർ രാജാക്കൻമാർ ഉറപ്പുവരുത്തിയിരുന്നു. 1850 വരെ തിരുവിതാംകൂർ സമൂഹം ജാതി വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവിച്ചിരുന്നത്. ഒരു പ്രദേശത്ത് ജനിച്ച് അവിടെ തന്നെ ജീവിച്ച് പുറത്തേക്കൊന്നും സഞ്ചരിക്കാതെ അവിടെ തന്നെ മരിക്കുന്ന ഒരു നിശ്ചല സമൂഹമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ കേരളീയ സമൂഹം. ഇങ്ങനെയുള്ള ഒരു സമൂഹത്തിലേക്ക് കടന്നു വന്ന കോളോണിയൽ ശക്തികളാണ് പരമ്പരാഗത സാമൂഹ്യ ഘടനയെ അടിസ്ഥാനപരമായി പ്രകമ്പനം കൊള്ളിച്ചതു്. ആ പ്രകമ്പനമാണു് കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾ സമൂഹഘടനയിലെ ഏറ്റവും അടിത്തട്ടിൽ ദുരിതജീവിതം നയിച്ചിരുന്ന കീഴാളരിൽ നിന്നാരംഭിക്കാൻ കാരണമായതു്.

1860-ൽ കേരളത്തിലൊരു പൊതുമരാമത്ത് വകുപ്പ് തിരുവിതാംകൂറിൽ പ്രവർത്തനമാരംഭിച്ചു. തിരുവിതാംകൂറിൽ തെക്ക്-വടക്കൊരു പാത നിർമ്മിക്കാമെന്ന് വിദേശിയായ എഞ്ചിനീയർ ശ്രീമൂലം തിരുന്നാളിനോട് പറഞ്ഞപ്പോൾ മുറജപ മഹോൽസവം വരുകയാണ്, അതുകൊണ്ട് പണവും തൊഴിലാളികളെയും തരാൻ കഴിയില്ലായെന്നാണ് മറുപടി പറഞ്ഞത്. കാരണം രാജക്കൻമാർക്ക് റോഡ് ആവശ്യമില്ലായിരുന്നു. പല്ലക്ക് ചുമക്കുന്നവൻ ഏതുവഴി പോകുന്നുവെന്നതും അവർക്കൊരു പ്രശ്നമല്ലായിരുന്നു. നാട്ടുകാർക്കും റോഡുകളാവശ്യമാണെന്ന് തോന്നിയിരുന്നില്ല. കാരണം പഴയ ശീലങ്ങൾ മാറ്റാനിഷ്ടപ്പെടാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്. പിന്നീട് പതിയെ പതിയെ റോഡുകൾ നിർമ്മിക്കപ്പെട്ടു. രാജവീഥികളും ഗ്രാമവീഥികളെന്നുമുള്ള രണ്ട് തരം റോഡുകളാണു് നിർമ്മിക്കപ്പെട്ടതു്. രാജവീഥികൾ പൊതുവഴികളും ഗ്രാമവീഥികൾ സ്വകാര്യ വഴികളുമായിരുന്നു.

1886-ൽ എല്ലാ ജാതിമതസ്ഥർക്കും ഉപയോഗിക്കാനായി രാജവീഥി തുറന്നു കൊടുക്കപ്പെട്ടെങ്കിലും സമൂഹം അതു് അനുവദിച്ചില്ല. പുലയജാതിയിൽ ജനിച്ച അയ്യൻ കാളിക്കു് ചെറുപ്പംമുതൽ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്ര്യ നിഷേധം. വിശേഷ വസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ ഗർവിനെ അതേ നാണയത്തിൽ നേരിടാൻ അയ്യൻകാളി തീരുമാനിച്ചു. അദ്ദേഹം ഒരു കാളവണ്ടി വാങ്ങി, മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ചു്, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവർണ്ണരെ വെല്ലുവിളിച്ചു. അയ്യൻകാളിയെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. സ്വന്തം സമുദായത്തിലുള്ളവർ ആദരപൂർവം അദ്ദേഹത്തെ അയ്യങ്കാളി യജമാനൻ എന്നു വിളിക്കുവാൻ തുടങ്ങി. അയ്യൻകാളിയുടെ നടപടികളെ സ്വാഭാവികമായും ജന്മിമാർ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അയ്യൻകാളിയുടെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളിൽ അധഃസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിലും അയ്യൻകാളി ആരാധ്യ പുരുഷനായി. സഞ്ചാരസ്വാതന്ത്ര്യനിഷേധത്തിനെതിരെ അയ്യൻകാളി നടത്തിയ ആ ഒറ്റയാൾ പോരാട്ടം ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവെയ്പാണ്. ജനാധിപത്യ പ്രക്രിയയെ കീഴ്ത്തട്ടിലേക്ക് കൊണ്ട് വരുകയായിരുന്നു മഹാത്മ അയ്യൻകാളി.[2]

സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം

തിരുത്തുക

പുരുഷന്മാരുടേതുപോലെയായിരുന്നു മുൻപ് കേരളത്തിലെ സ്ത്രീകളുടെയും വസ്ത്രധാരണരീതി[3]. അരയ്ക്കുമുകളിൽ സ്ത്രീകൾ വസ്ത്രം ധരിക്കണമെന്നത് ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മാത്രം ആചാരമായിരുന്നു. പദവിയെ പ്രതിനിധീകരിക്കേണ്ടതായ സന്ദർഭങ്ങളിലും ആഡംബരം കാണിക്കുന്നതിനും വേണ്ടിയായിരുന്നു അക്കാലത്ത് മേൽമുണ്ടോ അരയ്ക്കുമുകളിൽ വസ്ത്രമോ ഉപയോഗിച്ചിരുന്നത്. വസ്ത്രധാരണസങ്കല്പങ്ങളിൽ സ്ത്രീപുരുഷഭേദമില്ലാതിരിക്കുകയും ജാതിപരമായ ഉച്ചനീചത്വം തലയുയർത്തി നിൽക്കുകയും ചെയ്തിരുന്ന അക്കാലത്ത് അധഃസ്ഥിതരെന്നു കരുതപ്പെട്ടിരുന്ന എല്ലാവരെയും മേൽവസ്ത്രം ഉപയോഗിക്കുന്നതിൽ നിന്നും കർശനമായി വിലക്കിയിരുന്നു. എന്നാൽ വൈദേശിക സംസ്കാരങ്ങളുടെ കാഴ്ചപ്പാടിൽ ഇത് സദാചാരലംഘനമായാണു് വീക്ഷിക്കപ്പെട്ടതു്.

കർഷകത്തൊഴിലാളി സമരത്തിൽ നിന്നും ലഭിച്ച ഊർജ്ജവുമായി അയ്യൻകാളി ഈ അനീതിക്കെതിരെ പോരാടാനുറച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലയും മാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള ജാതിശാസനകളെ ധിക്കരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കൾ ഇതു ധിക്കാരമായി കരുതി. അയ്യൻകാളിയെ അനുസരിച്ച സാധുജനങ്ങളെ അവർ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മർദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയതു്.

സവർണ്ണരുടെ കിരാതപ്രവർത്തനങ്ങൾ ഏറിയപ്പോൾ മർദ്ദിത ജനവിഭാഗങ്ങൾ ഉണർന്നു. അവർ പ്രത്യാക്രമണത്തിനു തയ്യാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി.

രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന് ജനവിഭാഗങ്ങൾ കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാൻ അയ്യൻകാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്ന് നാടും വീടും വിട്ടവർ ഈ സമ്മേളനവേദിയിലേക്കു് ഇരച്ചെത്തി. 1915-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഈ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യൻകാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലയും മാലയും വലിച്ചെറിഞ്ഞു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.

വിദ്യാഭ്യാസ അവകാശ സമരങ്ങൾ

അയ്യൻ കാളിയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ൽ വെങ്ങാനൂരിൽ തന്റെ കൂട്ടാളികളുമായി ചേർന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിർമ്മിച്ചു. പക്ഷെ സവർണർ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാൻ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പിൽക്കാലത്തു കാർഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടൽ സമരം.

1907 -ൽ പുലയക്കുട്ടികൾക്കു പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. ദീർഘനാളത്തെ ഭൂമി തരിശിടൽ സമരത്തിന്റെ ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്. ഉത്തരവുണ്ടായെങ്കിലും അയിത്തജാതിക്കുട്ടികൾക്ക് സ്വാഭാവികമായി വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാൻ കഴിയുമായിരുന്നില്ല. അനന്തര ഫലമായി അയിത്തജാതികളിൽപ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതർ കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ചു് 1914-ൽ വിദ്യഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിന്റെ പിൻബലത്തിൽ തെന്നൂർകോണത്ത് പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ പഞ്ചമിയെയും കൂട്ടി അയ്യൻകാളിയും സംഘവും നെയ്യാറ്റിൻകര താലൂക്കിലെ ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട് പ്രതികരിച്ചത്.

ഇത്തരമൊരുഘട്ടത്തിലാണ് അയിത്തജാതിക്കാർക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അയ്യൻകാളിക്ക് തോന്നിയത്. അദ്ദേഹം ഇക്കാര്യത്തിന് പ്രാമുഖ്യം നൽകികൊണ്ട് നിവേദനം തയ്യാറാക്കുകയും മിച്ചൽ സായിപ്പിനെ നേരിൽ കണ്ടു കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1914-ൽ വെങ്ങാനൂർ പുതുവൽവിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 1905-ൽ അയ്യൻകാളിയും കൂട്ടരും കെട്ടിയുയർത്തിയ കുടിപ്പള്ളിക്കൂടമാണ് ഇപ്രകാരം സർക്കാർ പള്ളിക്കൂടമായി മാറിയത്.

അവസാനകാലം

തിരുത്തുക

നാൽപതു വയസു മുതൽ അയ്യൻകാളി കാൻസർരോഗബാധിതൻ ആയിരുന്നു. രോഗബാധയെ തഴഞ്ഞു അദ്ദേഹം തന്റെ സമുദായത്തിനായി ഓടിനടന്നു. 1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. അതിസാരത്തിന്റെ അസ്ക്യത അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു.

1941 ജൂൺ 18-ാം തിയതി ബുധനാഴ്ച അദ്ദേഹം ചരമഗതി പ്രാപിച്ചു. കാലയവനികക്കുള്ളിൽ അദ്ദേഹം മറയുമ്പോൾ അധ:സ്ഥിതർക്കും കേരള സമൂഹത്തിനും വളരെ കാര്യങ്ങൾ അദ്ദേഹത്തിനു് ചെയ്യാൻ കഴിഞ്ഞിരുന്നു. കേരള നവോത്ഥാന നായകരുടെ മുൻഗാമിയാണ് അയ്യൻകാളി.

       ---------------

സ്മാരകങ്ങൾ

തിരുത്തുക

തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വെങ്ങാനൂരിൽ സ്മാരകവും സ്കൂളും നിലവിലുണ്ട് തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത് 2002 ആഗസ്റ്റ് 12 ലാണ്.തിരുവനന്തപുരത്തെ വി ജെ ടി (വിക്ടോറിയ ജൂബിലീ ടൌൺ ) ഹാൾ 2019 ആഗസ്റ്റ് 28 ന് അയ്യങ്കാളി ഹാൾ എന്ന് പേരു മാറ്റി.

  1. "അയ്യങ്കാളി അധസ്ഥിതരുടെ രാജാവ്". വൺഇന്ത്യ മലയാളം. 2003 സെപ്തംബർ 10. {{cite news}}: Check date values in: |date= (help)
  2. ഡോ.ആർ., രാധാകൃഷ്ണൻ (2010). കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 59-61. ISBN 978-81-87480-76-1.
  3. “സഞ്ചാരികൾ കണ്ട കേരളം” - വേലായുധൻ പണിക്കശ്ശേരി
  • KM Seethi,”Mahatma Ayyankali: Trailblazer of Dalit Emanicipation,”

EurasiaReview,https://www.eurasiareview.com/29112021-mahatma-ayyankali-trailblazer-of-dalit-emancipation/

"https://ml.wikipedia.org/w/index.php?title=അയ്യങ്കാളി&oldid=4091066" എന്ന താളിൽനിന്ന് ശേഖരിച്ചത്