മലയാളഭാഷാചരിത്രം

മലയാളത്തിൻ്റെ ചരിത്രം
(മലയാളഭാഷാ ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദ്രാവിഡഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ആധുനിക  ഭാഷയാണ് മലയാളം. എ. ഡി ഒൻപതാം നൂറ്റാണ്ടിലാണ്‌ [1] മലയാള ഭാഷ ദ്രാവിഡത്തിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ പ്രത്യേക ഭാഷയായി രൂപപ്പെട്ടത് എന്നാണ്‌ പൊതുവായ നിഗമനം. മലയാള ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ കണ്ടെടുക്കപ്പെട്ട രേഖ, ചേര ചക്രവർത്തിയായിരുന്ന രാജശേഖരന്റെ പേരിലുള്ള വാഴപ്പള്ളി ശാസനം ആണ്‌ . എ.ഡി. 829 ൽ ആണ്‌ ഈ ശാസനം എഴുതപ്പെട്ടത്.അതേ നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ട തരിസാപ്പള്ളി ശാസനം മലയാളത്തിൻറെ ആദ്യകാല സ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു രേഖയാണ്. 12ം ശതകത്തിൽ ചീരാമൻ എഴുതിയ  രാമചരിതം ആണ് മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്.കണ്ടെടുക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും പുരാതനമായ  കൃതി ഇതാണെങ്കിലും 11ം ശതകത്തിൽ തോലൻ രചിച്ചതായി വിശ്വസിക്കാവുന്ന മന്ത്രാങ്കംആട്ടപ്രകാരത്തിൽ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യങ്ങൾ കാണാവുന്നതാണ്. അതിനു മുൻപ് തന്നെ തമിഴ്-മലയാളങ്ങൾ ദ്രാവിഡത്തിൽ നിന്നും വ്യത്യസ്ത ഭാഷകളായി മാറിക്കഴിഞ്ഞിരുന്നു [2]എന്ന അഭിപ്രായം ഭാഷാപണ്ഡിതന്മാർക്കിടയിലുണ്ട്.

മലയാള ഭാഷയുടെ ഉത്പത്തി സിദ്ധാന്തങ്ങൾ

തിരുത്തുക

മലയാള ഭാഷയുടെ ഉല്പത്തിയെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും സിദ്ധാന്തങ്ങളും നിലവിലുണ്ട്. പ്രധാനപ്പെട്ട സിദ്ധാന്തങ്ങൾ ഇവയാണ്:

  • ഉപഭാഷാവാദം 
  • പൂർവ-തമിഴ് മലയാള വാദം
  • മിശ്രഭാഷാവാദം
  • സ്വതന്ത്രഭാഷാവാദം
  • സംസ്കൃതജന്യ വാദം

ഉപഭാഷാവാദം

തിരുത്തുക
പ്രധാന ലേഖനം: ഉപഭാഷാവാദം

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിലൊന്നാണ് 'ഉപഭാഷാവാദം'. തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന് ഈ സിദ്ധാന്തം വിശദീകരിക്കുന്നു. എഫ്.ഡബ്ല്യൂ. എല്ലിസ്, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയവർ ഇക്കാര്യം ആനുഷംഗികമായി പരാമർശിക്കുന്നുണ്ടെങ്കിലും കാൾഡ്വൽ ആണ് ഗവേഷണരൂപത്തിൽ ആദ്യമായി ഈ വാദം ഉന്നയിച്ചത്.

പൂർവ-തമിഴ് മലയാള വാദം

തിരുത്തുക

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ്‌ 'പൂർവ്വ തമിഴ്-മലയാള വാദം'. പൂർവ്വദ്രാവിഡഭാഷയിൽ നിന്ന് കന്നഡവും തെലുങ്കും വേർപിരിഞ്ഞതിനു ശേഷം പൂർവ തമിഴ്-മലയാളം എന്ന ഒരു പൊതു ഭാഷാ കാലഘട്ടം ഉണ്ടായിരുന്നുവെന്നാണ് ഈ സിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നത്. പൂർവ്വ തമിഴ്-മലയാളത്തെ ഇരുഭാഷകളുടെയും പൂർവ്വഘട്ടമായി വിശദീകരിക്കുന്നവരിൽ പ്രമുഖർ എൽ.വി. രാമസ്വാമി അയ്യർ, കാമിൽ സ്വലബിൽ, എസ്.വി. ഷണ്മുഖം മുതലായവരാണ്‌.(വിശദ പഠനത്തിന് പൂർവ-തമിഴ് മലയാള വാദംനോക്കുക.)

മിശ്രഭാഷാവാദം

തിരുത്തുക
പ്രധാന ലേഖനം: മിശ്രഭാഷാവാദം

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് 'മിശ്രഭാഷാവാദം'. ചെന്തമിഴിൽ സംസ്കൃതം കലർന്നാണ് മലയാളമുണ്ടായത് എന്ന വാദമാണിത്. പ്രൊഫ: ഇളംകുളം കുഞ്ഞൻപിള്ളയാണ്[3] ഈ ഭാഷോല്പത്തിവാദത്തിന്റെ സൈദ്ധാന്തികൻ.(വിശദ പഠനത്തിന് മിശ്രഭാഷാവാദംനോക്കുക.)

സ്വതന്ത്രഭാഷാവാദം

തിരുത്തുക
പ്രധാന ലേഖനം: സ്വതന്ത്രഭാഷാവാദം

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് സ്വതന്ത്ര ഭാഷാവാദം . തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന വാദഗതിയെ ഈ സിദ്ധാന്തം നിരാകരിക്കുന്നു. അതി പ്രാചീനകാലം മുതലേ മലയാളം ഒരു സ്വതന്ത്ര ഭാഷയാണെന്ന നിഗമനമാണ് സ്വതന്ത്ര ഭാഷാവാദത്തിൻറെ വക്താക്കൾ മുന്നോട്ടു വെച്ചിട്ടുള്ളത്. പൂർവദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖയായിട്ടാണ് ആറ്റൂർ കൃഷ്ണപിഷാരടി ,കെ. ഗോദവർമ്മ, ഡോക്ടർ കെ.എം. ജോർജ്ജ്[4], ഉള്ളൂർ എസ്. പരമേശ്വരയ്യർ[5], സി.എൽ. ആൻറണി(ഭാഷാസംക്രമണ വാദം) മുതലായ ഭാഷാപണ്ഡിതൻമാർ കണക്കാക്കുന്നത്. എന്നാൽ ഈ ഭാഷാപണ്ഡിതൻമാർക്കിടയിൽ തന്നെ അവരുടേതായ ചെറിയചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഇക്കാര്യത്തിൽ നിലനിൽക്കുന്നുമുണ്ട്.(വിശദ പഠനത്തിന് സ്വതന്ത്രഭാഷാവാദംനോക്കുക.)

സംസ്കൃതജന്യവാദം

തിരുത്തുക
പ്രധാന ലേഖനം: സംസ്കൃതജന്യ വാദം

മലയാള ഭാഷയുടെ ഉല്പത്തിയെ സംബന്ധിച്ച ഒരു സിദ്ധാന്തം. സംസ്കൃതപ്രഭവവാദികളുടെ അഭിപ്രായത്തിൽ സംസ്കൃതമാണ്‌ മലയാളത്തിന്റെ മൂലഭാഷ. സംസ്കൃതം ദേവഭാഷയാകയാൽ മലയാളമടക്കമുള്ള ഭാഷകൾ സംസ്കൃതത്തിൽ നിന്നാണ്‌ ഉണ്ടായതെന്ന വിശ്വാസം ഒരു കാലത്തെ സംസ്കൃത പണ്ഡിതന്മാർക്കുണ്ടായിരുന്നു. മലയാളത്തിലുള്ള ഒട്ടധികം പദങ്ങൾ സംസ്കൃതപദങ്ങളോ സംസ്കൃതജന്യപദങ്ങളോ ആണ്‌ എന്നതാണ്‌ വാസ്തവം. ഈ സംസ്കൃതാതിപ്രസരമാണ്‌ പണ്ഡിതന്മാരേയും സാധാരണജനങ്ങളേയും ഒരുപോലെ ഈ വിശ്വാസത്തിലേക്ക് നയിച്ചത്.(വിശദ പഠനത്തിന് സംസ്കൃതജന്യവാദംനോക്കുക.)


ഭാഷോല്പത്തി-നിഗമനം

തിരുത്തുക

പൂർണ്ണമായി തീർച്ചയാക്കപ്പെട്ടിട്ടില്ലാത്ത ശരി തെറ്റുകൾ അന്വേഷിക്കുന്നതിനേക്കാൾ അവ കൈകാര്യം ചെയ്തിട്ടുള്ള വിവിധ തെളിവുകളുടെ അടിത്തറയിൽ ഊന്നി നിന്ന്, എ ഡി ഒൻപതാം നൂറ്റാണ്ടിൽ സ്വതന്ത്രവും വ്യതിരിക്തവുമായ ഒരു ഭാഷയായി മലയാളം രൂപപ്പെട്ടുതുടങ്ങി എന്ന നിഗമനത്തിൽ എത്തിച്ചേരാവുന്നതാണ്.

ഭാഷാപുരോഗതി പന്ത്രണ്ടാം നൂറ്റാണ്ട് വരെ

തിരുത്തുക

ദക്ഷിണഭാരതത്തിന്റെ തെക്കേഭാഗം  ആദികാലം മുതൽക്കേ  ചേരം, ചോളം, പാണ്ഡ്യം എന്നീ പ്രധാന മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഈ രാജവംശങ്ങൾ മൂവേന്തന്മാർ എന്നാണ് സംഘ സാഹിത്യത്തിൽ അറിയപ്പെടുന്നത്.   രാജവംശങ്ങളാകട്ടെ പരസ്പരം കലഹിച്ചും അന്യോനം മേൽക്കോയ്മ നേടിയെടുക്കാനുമുള്ള നിരന്തരശ്രമത്തിലുമായിരുന്നു. ഈ ഒരു കാലയളവിൽ അധികാരകൈമാറ്റങ്ങളും യുദ്ധങ്ങളും സാധാരണയുമായിരുന്നു. ഈ ഒരു കാരണത്താൽ തന്നെ എല്ലാ തമിഴ്‌നാട്ടുകാർക്കും പരസ്പരസംസർഗ്ഗം ആവശ്യമായും വന്നിരുന്നു. ഐങ്കുറുനൂറു, ചിലപ്പതികാരം എന്നിങ്ങനെയുള്ള പ്രധാന തമിഴ് കൃതികൾ കേരളദേശത്തിൽ സൃഷ്ടിക്കപ്പെട്ടവയും ആയിരുന്നു. പാണ്ഡ്യചോളചേരന്മാരുടെ പ്രതിനിധിയായി മലയാളദേശത്ത് പെരുമാക്കന്മാർ ഭരിച്ചിരുന്നതും ഈ കാലത്തു തന്നെയായിരുന്നു. രാഷ്ട്രകൂടർ, ചാലൂക്യർ എന്നീ ബാഹ്യശക്തികളുടെ ആക്രമണത്താലും ചില വംശങ്ങൾ ക്ഷയിക്കുകയും ചെയ്തതിനാലും പതിനൊന്നാം നൂറ്റാണ്ടിൻറെ അവസാനത്തോടെ പാണ്ഡ്യചോളചേരരുടെ പ്രതാപം അസ്തമിക്കുകയുമായിരുന്നു. ഏതാണ്ട് ഇതേ കാലയളവിലാണ്  അവസാനത്തെ പെരുമാളായ ഭാസ്കരരവിവർമ്മ ചേരമാൻ പെരുമാൾ സ്വരാജ്യം മുഴുവൻ മക്കൾക്കും മരുമക്കൾക്കും പകുത്തുകൊടുത്തതോടെ രാജ്യകാര്യങ്ങൾക്കായെങ്കിലും തമിഴ്‌നാടുകളുമായി ബന്ധപ്പെടേണ്ട ആവശ്യം ഇല്ലാതാകുകയായിരുന്നു. ദുർഘടമായ കിഴക്കൻ മലകൾ താണ്ടി അന്യദേശങ്ങളിലേക്ക് യാത്ര ചെയ്യുകയെന്നത് അപൂർവ്വവുമായി. ഭാഷാ‍പരമായി ദേശ്യഭേദങ്ങൾ വർദ്ധിച്ചുവരുന്നതിനു ഈ അകൽച്ച ഒരു കാരണമായി എന്നു വേണം കരുതുവാൻ.

പദ്യഭാഷയും ഗദ്യഭാഷയും

തിരുത്തുക

മലയാളഭാഷയുടെ വളർച്ചയെ സാഹിത്യ ചരിത്രകാരൻമാർ പ്രധാനമായി മൂന്ന്‌ ശാഖകളായാണ്‌ തിരിച്ചിട്ടുള്ളത്‌. 1) പദ്യ ഭാഷ 2) മണിപ്രവാള ഭാഷ 3) ഗദ്യഭാഷ. ഗദ്യഭാഷക്കു തന്നെ ശാസനഗദ്യം എന്നും പല തരംതിരിവുകളുണ്ട്‌.

  1. പി. വി വേലായുധൻപിള്ള. മലയാളസാഹിത്യചരിത്രം കൃഷ്ണഗാഥ വരെ. പേജ് 27, 1981 പ്രസാധകൻ:പി. വി വേലായുധൻപിള്ള, സൂര്യകാന്തി,സ്റ്റാച്യു, തിരുവനന്തപുരം
  2. ഉള്ളൂർ എസ് പരമേശ്വരയ്യർ. കേരള സാഹിത്യ ചരിത്രം. 1990 പുറം: 38 . കേരളാ യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ വിഭാഗം തിരുവനന്തപുരം. ആദ്യപതിപ്പ് 1953ൽ
  3. ഇളംകുളം കുഞ്ഞൻപിള്ള, മലയാള ഭാഷയുടെ വികാസപരിണാമങ്ങൾ, സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം
  4. കെ.എം. ജോർജ്ജ്. സാഹിത്യ ചരിത്രം പ്രസ്താനങ്ങളിലൂടെ. (1989) പ്രസാധകൻ: സാഹിത്യ പ്രവർത്തക സഹകരണ സംഘം. കോട്ടയം . ആദ്യപതിപ്പ് 1958
  5. ഉള്ളൂർ എസ് പരമേശ്വരയ്യർ. കേരള സാഹിത്യ ചരിത്രം. 1990. കേരളാ യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ വിഭാഗം തിരുവനന്തപുരം. ആദ്യപതിപ്പ് 1953ൽ

ഇവയും കാണുക

തിരുത്തുക

"https://ml.wikipedia.org/w/index.php?title=മലയാളഭാഷാചരിത്രം&oldid=4116406" എന്ന താളിൽനിന്ന് ശേഖരിച്ചത്