ഉപഭാഷാവാദം
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് ഉപഭാഷാവാദം. തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന് ഈ സിദ്ധാന്തം വിശദീകരിക്കുന്നു. എഫ്.ഡബ്ല്യൂ. എല്ലിസ്, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയവർ ഇക്കാര്യം ആനുഷംഗികമായി പരാമർശിക്കുന്നുണ്ടെങ്കിലും കാൾഡ്വൽ ആണ് ഗവേഷണരൂപത്തിൽ ആദ്യമായി ഈ വാദം ഉന്നയിച്ചത്.
എല്ലിസിന്റെ പരാമർശം
തിരുത്തുക‘കൊടുന്തമിഴെന്നപോലെ മലയാളവും ചെന്തമിഴിന്റെ ഉപഭാഷയാണെന്ന്’ മലയാളഭാഷയെക്കുറിച്ചുള്ള തന്റെ ലേഖനത്തിൽ [1] എല്ലിസ് പരാമർശിക്കുന്നു. “മലയാളത്തിന്റെ സവിശേഷസ്വഭാവം അതിനെ ഒരു വേറിട്ട ഭാഷയാക്കി മാറ്റുകയും തമിഴിൽനിന്ന് ഉദ്ഭവിച്ച മറ്റെല്ലാ ഉപഭാഷകളിൽനിന്നും സവിശേഷരീതിയിൽ വിവേചിപ്പിക്കുകയും ചെയ്യുന്നു.“ എന്നും.
ഗുണ്ടർട്ടിന്റെ നിലപാട്
തിരുത്തുകഭാഷോല്പത്തിയെക്കുറിച്ചുള്ള ഗുണ്ടർട്ടിന്റെ പരാമർശങ്ങളിലൊന്ന് മലയാളഭാഷാവ്യാകരണത്തിലേതാണ്. “മലയാളഭാഷ ദ്രമിളം എന്നുള്ള തമിഴിന്റെ ഒരു ശാഖയാകുന്നു. അത് തെലുങ്ക്, കർണ്ണാടകം, തുളു, കുടക് മുതലായ ശാഖകളെക്കാൾ അധികം തമിഴരുടെ സൂത്രങ്ങളോട് ഒത്തുവരുകയാൽ ഉപഭാഷയത്രേ; എങ്കിലും ബ്രാഹ്മണർ ഈ കേരളത്തെ അടക്കിവാണ് അനാചാരങ്ങളെ നടപ്പാക്കി നാട്ടിലെ ശൂദ്രന്മാരുമായി ചേർന്നുപോയതിനാൽ സംസ്കൃതശബ്ദങ്ങളും വാചകങ്ങളും വളരെ നുഴഞ്ഞുവന്നു ഭാഷയുടെ മൂലരൂപത്തെ പല വിധത്തിലും മാറ്റിയിരിക്കുന്നു.”[2], എന്നാണ് അദ്ദേഹം പറയുന്നത്. “വിഭിന്നഭാഷകളെന്നതിനെക്കാൾ ദ്രാവിഡഗോത്രത്തിലെ ഒരേ അംഗത്തിന്റെ ഉപഭാഷകളെന്നനിലയിലാണ് ഈ രണ്ടുഭാഷകൾ പഴയകാലത്ത് വേർതിരിയുന്നത്.” [3], എന്ന് അദ്ദേഹം തന്റെ നിഘണ്ടുവിൽ വിവരിക്കുന്നു.
കാൾഡ്വലിന്റെ നിരീക്ഷണങ്ങൾ
തിരുത്തുകതാരതമ്യവ്യാകരണത്തിൽ കാൾഡ്വൽ പറയുന്നു: “എന്റെ അഭിപ്രായത്തിൽ, മലയാളം തമിഴിന്റെ അതിപ്രാചീനമായ ഒരു ശാഖ(a very ancient offshoot)യാണ് . പുരുഷഭേദനിരാസംകൊണ്ടും സംസ്കൃതപദബാഹുല്യംകൊണ്ടും ആണ് ഇപ്പോൾ അത് മുഖ്യമായും തമിഴിൽനിന്നും വേർതിരിഞ്ഞുനിൽക്കുന്നത്. അതുകൊണ്ട് മലയാളത്തെ ദ്രാവിഡഗോത്രത്തിൽപ്പെട്ട ഒരു സ്വതന്ത്രഭാഷയെന്നു കല്പിക്കുന്നതിനെക്കാൾ തമിഴിന്റെ ഒരുപഭാഷയെന്നു കരുതുകയാണ് ഭേദം. ..... ആദ്യം തമിഴ്-മലയാളങ്ങൾ തമ്മിലുള്ള അകൽച്ച വളരെ നിസ്സാരമായിരുന്നെങ്കിലും അത് പടിപടിയായി വർദ്ധിച്ച്, ഇപ്പോൾ മലയാളം തമിഴിന്റെ ഉപഭാഷ എന്ന നിലയിൽനിന്ന് വളർന്ന് സഹോദരീഭാഷയെന്നനിലയിലെത്തിക്കഴിഞ്ഞുവെന്ന വസ്തുത ഇന്ന് ആർക്കും ചോദ്യം ചെയ്യാവുന്നതല്ല. എന്നാൽ ആരംഭത്തിൽ ഒരു സഹോദരിയായിട്ടല്ല പുത്രിയായിത്തന്നെ അതിനെ ഗണിക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ഏറെ മാറ്റംവന്ന ശാഖ എന്ന് വിവരിക്കുകയായിരിക്കും ഉത്തമം.”[4] എ.ആറാണ് കേരളപാണിനീയം എന്ന വ്യാകരണഗ്രന്ഥത്തിന്റെ പീഠികയിലൂടെ കാൾഡ്വലിന്റെ ഈ ആശയം ആറു നയങ്ങൾ കൊണ്ട് സിദ്ധാന്തവത്കരിക്കുന്നത് .
പി.ഗോവിന്ദപ്പിള്ളയുടെ വാദം
തിരുത്തുകതമിഴ് ആദ്യം മലയാളത്തിന്റെ മാതാവും പിന്നീട് സഹോദരിയുമാകുന്നുവെന്ന കാൾഡ്വലിന്റെ കല്പനതന്നെ മലയാളഭാഷാചരിത്രകർത്താവായ സർവ്വാധികാര്യക്കാർ പി. ഗോവിന്ദപിള്ളയും ഏ.ആറും ഉപയോഗിക്കുന്നുണ്ട്. “മലയാളഭാഷയുടെ മാതൃസ്ഥാനം വഹിച്ചിരിക്കുന്നത് തമിഴുതന്നെ അത് നിസ്സംശയമാകുന്നു. എന്നാൽ മലയാളം അന്യസംസർഗ്ഗംകൊണ്ടും മറ്റും പ്രാപ്തിയായി യൌവനം വന്ന സമയം അതിനും തമിഴിനും തമ്മിലുള്ള ബന്ധം സഹോദരീത്വമായിത്തീർന്നിരിക്കുന്നു.”[5] എന്നത് മാത്രമാണ് മലയാളഭാഷോല്പത്തിയെക്കുറിച്ച് ഗോവിന്ദപ്പിള്ളയുടെ പ്രസക്തമായ വാദം. “കലിയുഗം ആരംഭിച്ചതിനു മുൻപുതന്നെ മലയാളഭാഷ തമിഴിൽനിന്ന് വേർപ്പെട്ടുപോയി.”, “മലയാളഭാഷയിൽ പദ്യങ്ങൾ പരശുരാമന്റെ കാലം മുതൽക്കേ നടപ്പുണ്ടായിരുന്നു” എന്നിങ്ങനെ അയുക്തികമാണ് അദ്ദേഹത്തിന്റെ മറ്റു നിരീക്ഷണങ്ങൾ.
രാജരാജവർമ്മയുടെ സിദ്ധാന്തം
തിരുത്തുക“പലവക കൊടുന്തമിഴുകൾ ഉണ്ടായിരുന്നതിൽ ഒന്നാണ് നമ്മുടെ മലയാളമായിത്തീർന്നത്.”[6] എന്നാണ് ഏ.ആർ. രാജരാജവർമ്മയുടെ സിദ്ധാന്തം. കാൾഡ്വലിന്റെ വാദത്തെ പിൻപറ്റുകയായിരുന്നെങ്കിലും സൂക്ഷ്മാംശത്തിൽ ഭാഷാപരിണാമത്തെക്കുറിച്ച് പഠിക്കുന്ന ഈ സിദ്ധാന്തം കൊടുന്തമിഴ് വാദം എന്ന പ്രത്യേകസംജ്ഞയിൽ അറിയപ്പെടുന്നു. പന്ത്രണ്ടു ദേശങ്ങളിൽ നടപ്പുണ്ടായിരുന്ന കൊടുന്തമിഴിൽനിന്ന് കേരളഖണ്ഡത്തിൽ ഉൾപ്പെട്ട കുട്ടം, കുടം, കർക്കാ, വേൺ, പൂഴി എന്നീ നാടുകളിലെ ഭാഷാഭേദം മലയാളമായി പരിണമിക്കാനുണ്ടായ കാരണങ്ങൾ മൂന്നാണ് -1.മലയാളദേശത്തിന്റെ കിടപ്പ് കിഴക്കേ അതിർത്തിമുഴുവൻ വ്യാപിക്കുന്ന പർവ്വതപംക്തികൊണ്ട് മറ്റു തമിഴുനാടുകളിൽനിന്ന് വേർപെട്ട് ഒറ്റതിരിഞ്ഞായിപ്പോയത്. 2.മറുനാട്ടുകാർക്കില്ലാത്ത പല വിശേഷവിധികളും (മരുമക്കത്തായം, മുൻകുടുമ, വലത്തോട്ടുള്ള മുണ്ടുടുപ്പ്) മലയാളത്തുകാർക്കുണ്ടായിരുന്നതിനാൽ അവർക്ക് ഒരു പ്രത്യേകസംഘമായിത്തിരിയാനുണ്ടായ സൌകര്യം. 3.നമ്പൂതിരിമാരുടെ പ്രാബല്യവും ആര്യദ്രാവിഡസംസ്കാരവും. മലയാളഭാഷ തമിഴിൽനിന്ന് വ്യത്യാസപ്പെടുന്ന ആറ് പ്രധാന വ്യത്യാസങ്ങളെ അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം, പുരുഷഭേദനിരാസം, ഖിലോപസംഗ്രഹം, അംഗഭംഗം എന്നിങ്ങനെ ആറു നയങ്ങളായി അദ്ദേഹം ആവിഷ്കരിച്ചു. ഈ ഭാഷാപരിണാമത്തെ അദ്ദേഹം മൂന്നു ഘട്ടങ്ങളായി തിരിക്കുകകൂടി ചെയ്യുന്നു:കരിന്തമിഴുകാലം(കൊല്ലം 1-500; ക്രിസ്തു 825-1325), മലയാണ്മക്കാലം(കൊല്ലം 500-800; ക്രിസ്തു 1325-1625), മലയാളക്കാലം(കൊല്ലം 800 മുതൽ; ക്രിസ്തു 1625 മുതൽ) എന്നിങ്ങനെ.
കേരളപാണിനിയുടെ സിദ്ധാന്തത്തെ പിൽക്കാലപണ്ഡിതർ മിക്കവാറും സമ്മതിച്ചതാണ്. ശൂരനാട്ട് കുഞ്ഞൻപിള്ള[7], എം. ലീലാവതി[8] എൻ.ആർ. ഗോപിനാഥപിള്ള[9] ടി.എം. ചുമ്മാർ[10] തുടങ്ങിയവർ ഉദാഹരണം. കൊടുന്തമിഴല്ല, ചെന്തമിഴു തന്നെയായിരുന്നു മലയാളമായി പരിണമിച്ചത് എന്നൊരഭിപ്രായഭേദം ഇളംകുളം കുഞ്ഞൻപിള്ള പ്രകടിപ്പിക്കുന്നു[11] . കൊടുന്തമിഴ് വാദത്തെ അംഗീകരിക്കുന്നുവെങ്കിലും പരിണാമകാലത്തെ സംബന്ധിച്ച അഭിപ്രായഭേദങ്ങൾ നിലനിൽക്കുന്നുണ്ട്.
പി. ശങ്കരൻ നമ്പ്യാരും മറ്റും
തിരുത്തുക"കേരളത്തിലെ ദേശ്യഭേദമായ കൊടുന്തമിഴിന്റെ പരിണതരൂപമാണ് ആധുനികമലയാളം" എന്ന് മലയാളസാഹിത്യചരിത്രസംഗ്രഹം എഴുതിയ പി. ശങ്കരൻ നമ്പ്യാരും ഏ.ആറിനോട് യോജിക്കുന്നുണ്ടെങ്കിലും തമിഴ്-മലയാളങ്ങൾ ഒരു പൊതുപൂർവദശയിൽനിന്ന് വെവ്വേറെ ഉരുത്തിരിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം[12]. അദ്ദേഹത്തിന്റെ വാദഗതി അതിനാൽ പൂർവ-തമിഴ് മലയാളവാദത്തോടാണ് അടുത്തുനിൽക്കുന്നത്; പൂർവ്വമദ്ധ്യകാലതമിഴിൽ നിന്നാണ് മലയാളം ഉണ്ടായതെന്ന് വാദിച്ച എൽ.വി. രാമസ്വാമി അയ്യരുടെ വാദവും[13].
ഉള്ളൂരിന്റെ കാഴ്ചപ്പാട്
തിരുത്തുകമലയാളഭാഷയുടെ ഉല്പത്തിയെസ്സംബന്ധിച്ചുള്ള ഉള്ളൂരിന്റെ വീക്ഷണങ്ങളിൽ വൈരുദ്ധ്യങ്ങൾ കാണാം. പഴന്തമിഴ് ആദ്യം ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി വളരെ മുൻപ് - ഒരുപക്ഷേ, ദ്രാവിഡന്മാരും ആര്യന്മാരുമായുള്ള സമ്പർക്കത്തിനു മുമ്പുതന്നെ - വേർപ്പിരിഞ്ഞുകഴിഞ്ഞിരുന്നുവെന്നും, ദക്ഷിണദ്രാവിഡശാഖ വ്യവഹാരഭാഷയായി ഏതാനും ചില പ്രത്യേകതകളോടുകൂടി ക്രമേണ വികസിച്ചു എന്നും ക്രി.മു. മൂന്നാം ശതകത്തോടടുപ്പിച്ച് ആ ശാഖയിൽ സാഹിത്യം ആവിർഭവിച്ചുവെന്നും അപ്പോൾ അതിനുവേണ്ടി വ്യാകരണശാസ്ത്രനിബദ്ധമായ ചെന്തമിഴ് എന്ന കൃത്രിമഗ്രന്ഥഭാഷ പണ്ഡിതന്മാർക്ക് വ്യവസ്ഥാപനംചെയ്യേണ്ടിവന്നു എന്നും അതിനുമുൻപ് പശ്ചിമപർവ്വതപങ്‌ക്തിക്കു കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളിൽ ഒരേ ഭാഷ -ദക്ഷിണദ്രാവിഡം തന്നെയായിരുന്നു സംഭാഷണത്തിനുപയോഗിച്ചുവന്നതെങ്കിലും അതിനു രണ്ടു സ്ഥലങ്ങളിലും സ്വല്പവ്യത്യാസങ്ങളുണ്ടായിരുന്നു എന്നും കേരളത്തിലെ കൊടുന്തമിഴ് ചോളാദിദേശങ്ങളിലെ കൊടുന്തമിഴിൽനിന്ന് ഭിന്നമായിരുന്നു എന്നും, ആ ദേശങ്ങളിലെ കൊടുന്തമിഴ് ക്രമേണ ചെന്തമിഴ്‌നാട്ടിൽ ചെന്തമിഴിന്റെ അതിപ്രസരം ബാധിച്ച വ്യവഹാരഭാഷയിൽ ലയിച്ചുപോയെന്നും, എന്നാൽ കേരളം വളരെക്കാലത്തേക്ക് പഴയ ദക്ഷിണദ്രാവിഡത്തെ ചില വ്യക്തിത്വങ്ങളോടുകൂടി പുലർത്തിക്കൊണ്ടുപോന്നു എന്നും, ആ ഭാഷ അനന്തരകാലങ്ങളിൽ ചെന്തമിഴ്‌നാട്ടിലെ വ്യവഹാരഭാഷയിൽനിന്ന് അധികമധികമകന്ന് ഒരു വ്യവഹാരഭാഷയായി പരിണമിച്ചു എന്നുമാണ് ഉള്ളൂരിന്റെ അഭിപ്രായം[14]. കൊടുന്തമിഴിൽനിന്നാണ് മലയാളം ഉണ്ടായതെന്നുതന്നെയാണ് ഉള്ളൂരിന്റെയും വാദമെങ്കിലും കേരളത്തിലെ കൊടുന്തമിഴ് പൂർവ്വദക്ഷിണദ്രാവിഡത്തിന്റെ ചില സവിശേഷതകളെ നിലനിർത്തിയിരിക്കുന്നതിനാൽ “മലയാളത്തെ തമിഴിന്റെ മാതാവെന്നോ ജ്യേഷ്ഠത്തിയെന്നോ ആണ് കാണേണ്ടതെന്നും“ മറ്റു ദേശങ്ങളിലെ കൊടുന്തമിഴ് കൃത്രിമസാഹിത്യഭാഷയായ ചെന്തമിഴിൽ ലയിച്ചാണ് ഇന്നത്തെ തമിഴ്‌ഭാഷയുണ്ടായതെന്നുമാണ് അദ്ദേഹം പറയുന്നത്. ഭാഷോല്പത്തിസിദ്ധാന്തങ്ങളിൽ മൗലികമാണ് ഉള്ളൂരിന്റെ വാദം. തമിഴിനോടുള്ള മലയാളത്തിന്റെ ആധമർണ്ണ്യം നിഷേധിക്കുന്നതിനാൽ ഉള്ളൂരിന്റെ വാദത്തെ സ്വതന്ത്രവാദമായി കണക്കാക്കാറുണ്ട്.
അവലംബം
തിരുത്തുക- ↑ Dissertation on the Malayalam language - Indian antiquery 7; 1878 P.274-287
- ↑ ഹെർമൻ ഗുണ്ടർട്ട്, മലയാളഭാഷാവ്യാകരണം(1851)
- ↑ ഹെർമൻ ഗുണ്ടർട്ട്, മലയാളം-ഇംഗ്ലീഷ് നിഘണ്ടു ഗൂഗിൾ ഗ്രന്ഥശേഖരത്തിൽ
- ↑ റോബർട്ട് കാൾഡ്വൽ, ദ്രാവിഡഭാഷാവ്യാകരണം(1856), വിവ: എസ്.കെ. നായർ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1973 പു.20-21 ഗൂഗിൾ ഗ്രന്ഥശേഖരത്തിൽ (ഇം.)
- ↑ പി. ഗോവിന്ദപ്പിള്ള, മലയാളഭാഷാചരിത്രം (1881),സാഹിത്യപ്രവർത്തകസഹകരണസംഘം,1960
- ↑ ഏ.ആർ. രാജരാജവർമ്മ, കേരളപാണിനീയം-പീഠിക
- ↑ ശൂരനാട്ട് കുഞ്ഞൻപിള്ള, കൈരളീസമക്ഷം
- ↑ എം. ലീലാവതി, മലയാളകവിതാസാഹിത്യചരിത്രം
- ↑ എൻ.ആർ. ഗോപിനാഥപിള്ള, അന്വേഷണം, സാ.പ്ര.സ.സം, കോട്ടയം, 1974, പു.199
- ↑ ടി.എം. ചുമ്മാർ, ഭാഷാഗദ്യസാഹിത്യചരിത്രം, സാ.പ്ര.സ.സം, കോട്ടയം, 1955, പു.142
- ↑ ഇളംകുളം കുഞ്ഞൻപിള്ള, മലയാള ഭാഷയുടെ വികാസപരിണാമങ്ങൾ, സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം
- ↑ പി. ശങ്കരൻ നമ്പ്യാർ, മലയാളസാഹിത്യചരിത്രസംഗ്രഹം(1922), ഡി.സി.ബുക്സ്, കോട്ടയം, 1997
- ↑ L.V. Ramaswami Ayyar, The Evolution of Malayalam Morphology(1936), Kerala Sahitya Akademi, Thrissur, 1993, P.168-178
- ↑ ഉള്ളൂർ, കേരളസാഹിത്യചരിത്രം, വാല്യം 1, അദ്ധ്യായം 3