കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് പഴയ ലിഖിതമാണ് [1] വാഴപ്പള്ളി ശാസനം. എ. ഡി 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു കണക്കാക്കിയിരിക്കുന്നു. [2] 'വാഴപ്പള്ളി ശാസനം' ആണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ [3] [4] [5] കേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നൽകിയ ലിഖിതമാണിത്. [6] [7]

വാഴപ്പള്ളി ലിഖിതം
വിവർത്തനം-ലിഖിതം

വിവർത്തനം തിരുത്തുക

ശാസനത്തിലെ ചിലവരികൾ [8] സാമാന്യവിവർത്തനം
നമശ്ശിവായ.

ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവർ ഭരണം ഏറ്റെടുത്തതിൻറെ പന്ത്രണ്ടാം വർഷമാണിത്. ഈ വർഷം തിരുവാറ്റുവായ് പതിനെട്ട് നാട്ടുപ്രമാണിമാരും വാഴപ്പള്ളി ക്ഷേത്രത്തിന്റെ ഊരാണ്മാ ഭരണാധികാരികളും കൂടി മഹോദയപുരം ചക്രവർത്തി ശ്രീ രാജശേഖര പെരുമാളിന്റെ മുൻപാകെ വച്ചുണ്ടാക്കിയ ഉടമ്പടിയാണിത്. തിരുവാറ്റുവായ് (വാഴപ്പള്ളി) ക്ഷേത്രത്തിലെ നിത്യപൂജ മുടക്കുന്നവർ ചേരമാൻ പെരുമാൾക്ക് നൂറ് ദീനാർ (പേർഷ്യൻ നാണയം) പിഴ ഒടുക്കണം. ദോഷപരിഹാരത്തിനായി ദാനവും ചെയ്യണം. പിഴ തൈപ്പൂയം നാളിൽ ഉച്ചപൂജയ്ക്കു മുൻപ് കൊടുക്കണം. കൊടുക്കാതിരുന്നാൽ ഇരട്ടി കൊടുക്കേണ്ടി വരും. ഇത് മാതൃപരിഗ്രഹണത്തിനു തുല്യം ആണന്നും പറയുന്നു. [9] [10] [11]

വാഴപ്പള്ളി ശാസനം കണ്ടെടുത്തത് വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തിൽ നിന്നുമാണ്. പല്ലവഗ്രന്ഥലിപിയിൽ എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തിൽ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും, നാമമാത്രമായിട്ടെങ്കിലും കാർഷികവിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. [12]

ശാസനത്തെക്കുറിച്ച് തിരുത്തുക

 
വാഴപ്പള്ളി ക്ഷേത്രത്തിന്റെ ഒരു വിശാല ദൃശ്യം

കേരളത്തിന്റെ ചരിത്ര രചനാ പാരമ്പര്യത്തിന് നിർണായക സംഭാവന നല്കിയ വാഴപ്പള്ളി ശാസനം എഴുതപ്പെട്ടിട്ടുള്ളത് ക്രി.വ. 820 മുതൽ 844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്താണ് എന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു.[13] ക്രി.വ. 830-ൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിൽ ഒത്തുചേർന്ന നാട്ടുപ്രമാണിമാരും, പത്തില്ലത്തിൽ പോറ്റിമാരും, രാജാവുമായി നാട്ടുകൂട്ടം കുടി തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടാബലിയെകുറിച്ചു പ്രതിപാദിക്കുന്നതാണ് ഇതിന്റെ പ്രമേയം. മറ്റുള്ള ശാസനങ്ങളിൽ സ്വസ്തിശ്രീ എന്ന നാമപദത്താൽ തുടങ്ങുമ്പോൾ വാഴപ്പള്ളി ശാസനം തുടങ്ങുന്നത് നമഃശ്ശിവായ എന്ന് തിരുവാഴപ്പള്ളിലപ്പനെ വാഴ്ത്തി സ്തുതിച്ചാണ്. തിരുവാറ്റാക്ഷേത്രത്തിലെ മുട്ടാബലി മുടക്കുന്നവർക്ക് പിഴയായി 100 റോമൻ ദിനാർ കൊടുക്കേണ്ടിവരും എന്നും, ഇത് മാതൃപരിഗ്രഹണത്തിനു തുല്യമാണന്നും. പിഴയായി ഇതിൽ ഒന്നോ അല്ലെങ്കിൽ രണ്ടുമോ ആയിരിക്കും ശിക്ഷയെന്നു പറയുന്നു. ക്ഷേത്രജോലികൾക്കു മുടക്കം വരുത്തുന്നവർ നാലു നാഴി അരി പിഴയടക്കണമെന്നും പറയുന്നുണ്ട്. തിരുവിതാംകൂർ പുരാവസ്തു വകുപ്പിന്റെ തലവനായിരുന്ന ടി.എ. ഗോപിനാഥ റാവുവും (1902-1917) വി. ശ്രീനിവാസ ശാസ്ത്രികളും ചേർന്ന് വാഴപ്പള്ളി തലവന മഠത്തിൽ നിന്നുമാണ് ശാസനം കണ്ടെത്തിയത്. മധ്യകാല കേരളത്തിൽ നിലനിന്നിരുന്ന രണ്ടാം ചേര സാമ്രാജ്യത്തിനെ (എ ഡി 800-1122) പ്പറ്റിയുള്ള പഠനങ്ങൾക്കു തുടക്കം കുറിക്കാൻ ഈ ശാസനത്തിൽ നിന്ന് ലഭ്യമായ തെളിവുകൾ സഹായകമായിട്ടുണ്ട്. ചെമ്പുപാളിയിലുള്ള ഈ ശാസനം 1920-ൽ ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

ചരിത്രം തിരുത്തുക

ഭാഷയുടെ ചരിത്രം ദേശത്തിൻറെ ചരിത്രമാണ്. ഭാഷയുടെ സ്വഭാവം ജനതയുടെ സ്വഭാവവും. വാഴപ്പള്ളി ശാസനത്തിനും രണ്ടു നൂറ്റാണ്ടു മുൻപായിരിക്കണം കേരളത്തിൽ ബ്രാഹ്മണ അധിനിവേശമാരംഭിച്ചതെന്നാണ് എ. ശ്രീധരമേനോൻ അടക്കമുള്ള ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത്. [14]സംസ്കൃതം എന്ന 'ദേവഭാഷ' കേരളത്തിൽ ആദ്യമെത്തിച്ചത് ബ്രാഹ്മണരാണോ എന്നതു നിശ്ചയമില്ല. അതിനു മുൻപുള്ള ജൈന ബുദ്ധ കാലഘട്ടങ്ങളിലും സംസ്കൃതം നിലവിലുണ്ടായിരിക്കണം. അതുകൊണ്ടായിരിക്കണം മൂലദ്രാവിഡ ഭാഷയെന്ന പ്രാകൃതത്തിൽ സംസ്കൃത പദങ്ങൾ വരുന്നത്. ആധുനികരെന്നു സ്വയം നടിക്കുന്നവർ കാടരെന്നു വിശേഷിപ്പിക്കുന്ന നെഗ്രിറ്റ വംശജരുടെ ഊരുകളിലെ വായ്മൊഴിപ്പഴക്കത്തിനു ഇപ്പോഴും വാഴപ്പള്ളി ശാസനത്തിലെ ഭാഷയുമായി സാമ്യമുണ്ടോയെന്നത് ചിന്തനീയമാണ്. പഞ്ചാക്ഷരിയിലാരംഭിക്കുന്ന ശാസനം വ്യക്തമാക്കുന്ന ഒരു കാര്യം ഹിന്ദുമതത്തിൻറെയും സംസ്കൃതത്തിന്റെയും ഭരണസ്വാധീനമാണ്. പ്രജകളിൽ അല്ലെങ്കിൽ നാട്ടു വായ്മൊഴിയിൽ എന്തായിരിക്കുമെന്നത് ലിഖിതരൂപത്തിലുള്ള തെളിവുകളില്ലാത്തതു കൊണ്ട് അവ്യക്തം.

അക്കാദമികമായി ഒരു ഭാഷയുടെ ഉൽപ്പത്തികാലമായി കണക്കാക്കുന്നത്‌ ആ ഭാഷ ആദ്യമായി എഴുതപ്പെട്ട കാലമാണ്‌. വാമൊഴിയുടെ ചരിത്രത്തിനു തെളിവുകളില്ല എന്നതിനാലാവുമത്‌. ആ നിലയ്ക്ക്‌ മലയാളഭാഷയുടെ പ്രഭവം വാഴപ്പള്ളി ശാസനത്തിന്റെ കാലമായ എ. ഡി. 832-ആണ്‌ എന്നു നിജപ്പെടുത്തേണ്ടിയിരിക്കുന്നു. വാഴപ്പള്ളിശാസനത്തിൽ മലയാളം ഒരു സ്വതന്ത്രഭാഷയായി സഞ്ചാരം ആരംഭിക്കുന്നതിനു മുൻപ്‌ മൂന്നോ നാലോ ശതകത്തിൽ ശിഥിലമായ ഒന്നാം ചേരസാമ്രാജ്യത്തിനു ശേഷം, ഒൻപതാം നൂറ്റാണ്ടുവരെ കേരളത്തിന്റെ ചരിത്രത്തെ പ്രകാശിപ്പിക്കാൻ പര്യാപ്തമായ തെളിവുകളൊന്നും ലഭ്യമല്ല. ഒന്നാം ചേരസാമ്രാജ്യം ശിഥിലമായി പോയതിനാൽ കേരളചരിത്രം ഇരുണ്ടുപോയി എന്നതിനെക്കാൾ, ചരിത്രത്തിലേക്കുള്ള വഴികൾ അടഞ്ഞുപോയതിനാൽ ആ സാമ്രാജ്യത്തിന്റെ നൈരന്തര്യം കോർത്തെടുക്കാൻ പിൽക്കാല ചരിത്രകാരന്മാർക്ക്‌ സാധിക്കാതെവന്നു എന്നതാവും കൂടുതൽ സത്യോന്മുഖം.

അവലംബങ്ങൾ തിരുത്തുക

  1. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ - പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം
  2. TRAVANCORE ARCHAEOLOGICAL SERIES VOL PART I by A.S. RAMANATHA AYYAR; Published 1924; Publisher GOVERNMENT PRESS, TRIVANDRUM
  3. മലയാളം: കെ.എൻ. ഗോപാലപിള്ളയുടെ കേരള മഹാചരിത്രം
  4. കേരള സംസ്കാരം - ഭാരതീയ പശ്ചാത്തലത്തിൽ; എ. ശ്രീധര മേനോൻ
  5. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ - പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം
  6. EARLY TAMIL EPIGRAPHY Title EARLY TAMIL EPIGRAPHY, Volume 62 Early Tamil Epigraphy Volume 62 of Harvard oriental series Editor Iravatham Mahadevan Edition illustrated Publisher Cre-A, 2003 Original from the University of Michigan Digitized 17 May 2008 ISBN 0674012275, 9780674012271 Length 719 pages
  7. Title Journal of the Epigraphical Society of India, Volume 24 Contributor Epigraphical Society of India Publisher The Society, 1998 Original from the University of Michigan Digitized 8 May 2008
  8. കേരള ചരിത്രാധാരങ്ങൾ -- നടുവട്ടം ഗോപാലകൃഷ്ണൻ
  9. കേരള ഭാഷാചരിത്രം -- ഡോ.ഇ.വി.എൻ. നമ്പൂതിരി
  10. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ - പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം
  11. ഡോ. കെ.കെ. പിള്ള: കേരള ചരിത്രം, കേരള ഹിസ്റ്ററി അസോസിയേഷൻ
  12. കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് - കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ; പുതുശ്ശേരി രാമചന്ദ്രൻ
  13. കേരളചരിത്രം, എ.ശ്രീധരമേനോൻ, ഡി.സി ബുക്സ് 2008
  14. ചങ്ങനാശ്ശേരി (കഴിഞ്ഞ നൂറ്റാണ്ടിൽ; 1999) - പ്രൊഫ. രാമചന്ദ്രൻ നായർ
"https://ml.wikipedia.org/w/index.php?title=വാഴപ്പള്ളി_ശാസനം&oldid=3366966" എന്ന താളിൽനിന്ന് ശേഖരിച്ചത്