എൽ.വി. രാമസ്വാമി അയ്യർ

ഇന്ത്യൻ ഭാഷാ പണ്ഡിതൻ

ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ ജീവിച്ചിരുന്ന പ്രഗല്ഭ ഭാഷാശാസ്ത്രജ്ഞനും അദ്ധ്യാപകനുമായിരുന്നു ലക്ഷീനാരായണപുരം വിശ്വനാഥയ്യർ രാമസ്വാമി അയ്യർ (ജീവിതകാലം: 1895 ഒക്ടോബർ 25-1948 ജനുവരി 31[1]). ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം (morphology) തുടങ്ങിയ രംഗങ്ങളിൽ അസാമാന്യമായ നൈപുണ്യം പ്രദർശിപ്പിച്ച അദ്ദേഹം മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ പഠനങ്ങൾ എഴുതി. കേരളപാണിനീയത്തിന്റെ മേന്മകളും കുറവുകളും എടുത്തുകാണിച്ചുകൊണ്ടു് രാജരാജവർമ്മയുടെ മലയാളഭാഷാസിദ്ധാന്തങ്ങളേയും അനുമാനങ്ങളേയും ആഴത്തിൽ വിശകലനം ചെയ്തെഴുതിയ കേരളപാണിനീയക്കുറിപ്പുകൾ പിൽക്കാലത്ത് മലയാളഭാഷാശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മൂലകൃതിയോടൊപ്പം തന്നെ ചേർത്തുവെക്കേണ്ടത്ര പ്രാധാന്യം സമ്പാദിച്ചു.[1]

എൽ.വി. രാമസ്വാമി അയ്യർ
ജനനം(1895-10-25)ഒക്ടോബർ 25, 1895
മരണംജനുവരി 31, 1948(1948-01-31) (പ്രായം 52)
ദേശീയത ഭാരതീയൻ

ജീവചരിത്രം തിരുത്തുക

1895 ഒക്ടോബർ 25-ആം തീയതി ലക്ഷ്മീനാരായണപുരം വിശ്വനാഥയ്യരുടെ മകനായി പിറന്നു. 1925-ൽ എറണാകുളം മഹാരാജാസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേർന്നു. ആ ജോലിയിലിരിക്കേതന്നെ 52-ആം വയസ്സിൽ അസുഖം മൂലം അവധിയെടുത്ത് വിശ്രമിക്കുന്നതിനിടയിൽ 1948 ജനുവരി 31-ആം തീയതി മരണമടഞ്ഞു. (ഗാന്ധിജി മരിച്ചതിന്റെ പിറ്റേന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. റൊമെയ്ൻ റോളണ്ട് ഫ്രഞ്ചുഭാഷയിലെഴുതിയ ഗാന്ധിയുടെ ജീവചരിത്രം ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തതു് എൽ.വി.ആർ. ആയിരുന്നു.)

ജീവിച്ചിരുന്ന കാലത്തു് അദ്ദേഹം വേണ്ടത്ര ശ്രദ്ധേയനാവുകയോ ഭാഷാശാസ്ത്രരംഗത്തു് പ്രശസ്തനായി അംഗീകരിക്കപ്പെടുകയോ ചെയ്തിരുന്നില്ല. കൽക്കത്തയിലെ സുനീതികുമാർ ചതോപാദ്ധ്യായ, ഇംഗ്ലണ്ടിലെ സംസ്കൃത-ദ്രാവിഡ വിദഗ്ദ്ധനായിരുന്ന തോമസ് ബറോ, ദ്രാവിഡഭാഷാവ്യാകരണഘടനയെക്കുറിച്ചെഴുതിയ ഫ്രഞ്ചുപണ്ഡിതൻ ഷൂൾ ബ്ലോക്ക് തുടങ്ങിയവർ അദ്ദേഹത്തിനോടു വളരെ മതിപ്പുള്ളവരായിരുന്നു. എന്നാൽ കേരളത്തിനകത്തു് അദ്ദേഹത്തിനെ അറിഞ്ഞാദരിച്ചിരുന്ന വളരെക്കുറച്ചുപേരിൽ മുഖ്യൻ അദ്ദേഹത്തിന്റെ സ്വന്തം ശിഷ്യനായിരുന്ന സി.എൽ. ആന്റണിയാണു്. പിൽക്കാലത്തു് ആന്റണി എൽ.വി.ആറിന്റെ ഭൂരിഭാഗം പ്രസിദ്ധീകരണങ്ങളും കണ്ടെടുക്കുകയും ഒരുമിച്ചുകൂട്ടുകയും പ്രസിദ്ധീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. [1]

എന്നാൽ 1955-നു ശേഷം പൂന കേന്ദ്രീകരിച്ചുണ്ടായ ഭാഷാശാസ്ത്രരംഗത്തെ നൂതനവികാസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ പഠനങ്ങളും അഭിപ്രായങ്ങളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. മഹാരാജാസിൽ മലയാളം പ്രൊഫസ്സറായിരുന്ന സി.എൽ. ആന്റണിയും അണ്ണാമല സർവ്വകലാശാലയിലെ പ്രൊഫസർ എ. കാമാച്ചിനാതനും അദ്ദേഹത്തിന്റെ പല രൂപത്തിലുമുണ്ടായിരുന്ന കൃതികളിൽ നല്ലൊരു ഭാഗം അന്വേഷിച്ചുകണ്ടെത്തി. കേരള സാഹിത്യ അക്കാദമി ആന്റണിയുടെ ശേഖരം സംഭരിച്ചുസൂക്ഷിച്ചിട്ടുണ്ടു്.[1]

എൽ.വി.ആറിന്റെ കൃതികൾ തിരുത്തുക

എൽ.വി.ആറിന്റെ സംഭാവനകൾ വിലയിരുത്തിക്കൊണ്ട് മലയാളത്തിൽ ആദ്യമായി ഒരു ലേഖനം പ്രസിദ്ധീകരിച്ചതു് ആന്റണിയാണു്. 1965-ൽ എഴുതിയ ഈ ലേഖനം ഭാഷാപഠനങ്ങൾ എന്ന 1969-ലെ അദ്ദേഹത്തിന്റെ സമാഹാരത്തിൽ ലഭ്യമാണു്. International Journal of Dravidian Linguistics (IJDL) ലക്കം 7.1ൽ ആന്റണി തന്നെ ഇംഗ്ലീഷിലും എൽ.വി.ആറിനെക്കുറിച്ച് എഴുതിയിരുന്നു. വി.ഐ. സുബ്രഹ്മണ്യം, എ. ചന്ദ്രശേഖർ, എം. ഇസ്രായേൽ, കെ. എം. ജോർജ്ജ് എന്നിവരും അതേ ലക്കത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് എഴുതിയിട്ടുണ്ടു്. കൂടാതെ, എ. ആർ. ഗോപാലപിള്ള തയ്യാറാക്കിയ, രാമസ്വാമി അയ്യരുടേതായി അറിഞ്ഞിടത്തോളമുള്ള രചനകളുടെ ഒരു പട്ടികയുംആ ലക്കത്തിൽ കാണാം.[1][2]

താരതമ്യഭാഷാശാസ്ത്രശൈലിയിൽ ദ്രാവിഡഭാഷകളെ സമഗ്രമായിക്കണ്ടു് അവയ്ക്കുപൊതുവായി 'എ ദ്രവിഡിയൻ എറ്റിമോളജിക്കൽ ഡിക്ഷണറി' എന്ന ബൃഹത്തായ നിഘണ്ടു എഴുതിയ എമനോ, ബറോ എന്നിവർക്കു് രാമസ്വാമി അയ്യരുടെ അഭിപ്രായനിർദ്ദേശങ്ങൾ വളരെ സഹായകമായിരുന്നിട്ടുണ്ടു്. ഇത്ര നിരന്തരമായി ദ്രാവിഡഭാഷകളുടെ താരതമ്യപഠനത്തിൽ ഏർപ്പെട്ടിരുന്ന വ്യക്തി വേറെയില്ലെന്നാണു് അവർ ആ നിഘണ്ടുവിന്റെ ആമുഖത്തിൽ പ്രസ്താവിച്ചിരിക്കുന്നതു്.

രാമസ്വാമി അയ്യരുടെ കൃതികളിൽ ഏറ്റവും മുഖ്യമായതും അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തന്നെ പ്രസിദ്ധീകരിച്ചതും 1. A brief account of Malayalam Phonetics, 2. Evolution of Malayalam Morphology, 3. Grammar in Lilathilakam എന്നീ മൂന്നു ഗ്രന്ഥങ്ങളാണു്. A primer of Malayalam Phonology, Thirukkural in Malayalam എന്നിവ സമാഹരിച്ച് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ച് ഖണ്ഡശഃ എഴുതിപ്പുറത്തിറക്കിയതാണെങ്കിലും അവയുടെ സമാഹരണം നടന്നില്ല.

1960-ൽ അണ്ണാമല സർവ്വകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗം ഏതാനും ലേഖനങ്ങൾ മിമിയോഗ്രാഫ് ചെയ്തു സമാഹരിച്ചു. 1973-ലെ അവരുടെ ദ്രാവിഡഭാഷാശാസ്ത്രഗ്രന്ഥസൂചി അനുസരിച്ച് എൽ.വി.ആറിന്റേതായി നൂറോളം രചനകൽ ഉണ്ടു്. ഇതിൽ മുപ്പതിലധികം മലയാളഭാഷയെ സംബന്ധിച്ചുള്ളവയാണു്. [3] [4] എ. കാമാച്ചിനാതൻ PILC എന്ന പ്രസിദ്ധീകരണത്തിൽ ചേർത്തതനുസരിച്ച് 200 എണ്ണമെങ്കിലും രാമസ്വാമിയുടെ കൃതികളും ലേഖനങ്ങളുമുണ്ടു്.[1]

മലയാളം സ്വനവിജ്ഞാനം തിരുത്തുക

മലയാളം സ്വനവിജ്ഞാനത്തെക്കുറിച്ച് ഒരു സംക്ഷിപ്തവിവരണം എന്ന കൃതി മുപ്പത്തൊന്നുപുറം മാത്രമുള്ള ഒരു മോണോഗ്രാഫാണു്. 1925-ൽ കൽക്കത്ത സർവ്വകലാശാലയുടെ ഫോണറ്റിക്സ് മോണോഗ്രാഫ് പരമ്പരയിൽ ആദ്യത്തേതായി പ്രസിദ്ധീകരിച്ചു. മുമ്പേ ഈ വിഷയത്തിൽ തൽപ്പരനായിരുന്നുവെങ്കിലും വർണ്ണോച്ചാരണനിബദ്ധമായ ലേഖനങ്ങൾക്കനുസൃതമായ അച്ചുകളുടെ അഭാവം മൂലം ഇന്ത്യയിലെങ്ങും ഇതുവരെ അച്ചടിക്കാൻ കഴിഞ്ഞില്ലെന്നും എൽ.വി.ആർ. ആമുഖത്തിൽ പറയുന്നുണ്ടു്. അക്കാലത്ത് കൽക്കത്ത സർവ്വകലാശാലയുടെ ഉന്നതവിദ്യാഭ്യാസസമിതി അദ്ധ്യക്ഷനായിരുന്ന ആശുതോഷ് മുഖർജിയുടേയും അവിടത്തെ ഫോണറ്റിക്സ് വിദഗ്ദ്ധനായിരുന്ന സുനീതികുമാറിന്റേയും പ്രത്യേകതാല്പര്യവും സഹായവും കൊണ്ടാണു് ഈ കൃതി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതു്.

മലയാളം സ്വനവിജ്ഞാനത്തിൽ എൽ.വി.ആറിന്റെ പ്രധാന നിഗമനങ്ങൾ തിരുത്തുക

മലയാളഭാഷയുടെ സ്വനവിജ്ഞാനപരമായ പല പ്രത്യേകതകളും ആദ്യമായി പരാമർശിക്കുന്നതു് രാമസ്വാമിയുടെ ഈ പുസ്തകത്തിലാണു്:

1. അകാരം കണ്ഠ്യമോ താലവ്യമോ എന്ന പ്രശ്നം: മുന്നോട്ടു തുറന്ന കേന്ദ്രസ്വരം (Central Vowel) ആണു് ഹ്രസ്വമായ അകാരം എന്നു് രാമസ്വാമി അഭിപ്രായപ്പെടുന്നു. ദീർഘമാവുമ്പോൾ സ്വല്പം പിന്നോട്ടുമാറുന്നു. എന്നാൽ യ, ര, ല, റ തുടങ്ങിയവയോടു ചേരുമ്പോൾ കൂടുതൽ അടഞ്ഞും പലപ്പോഴും എകാരത്തോടു ചേരുകയും പതിവുണ്ടു്. പദാന്ത്യവ്യഞ്ജനങ്ങൾക്കുമുമ്പു ചിലേടത്തും വികാരഭേദങ്ങൾ സംഭവിക്കാറുണ്ടെങ്കിലും അകാരത്തിന്റെ ഓഷ്ഠ്യമായ ഉച്ചാരണം ഓഷ്ഠ്യവ്യഞ്ജനങ്ങളുടെ സാമീപ്യത്തിൽ വരുന്ന പ്രാദേശികപ്രേരണ മാത്രമാണെന്നു് അദ്ദേഹം കാണിച്ചുതരുന്നു.
2. കേരളപാണിനി സംവൃത-ഉകാരം എന്നു വിളിക്കുന്ന സ്വരം ഉകാരത്തേക്കാൾ അടഞ്ഞതോ ചുണ്ടുരുട്ടി ഉച്ചരിക്കുന്നതോ അല്ല. അതിനാൽ സ്വന‌ദൃഷ്ട്യാ അതിനെ സംവൃതോകാരം എന്നു വിളിക്കാനാവില്ല. അതേ സമയം പ്രക്രിയാപരമായി ഉകാരവുമായി ഈ സ്വരത്തിനു് ബന്ധമുണ്ടുതാനും. (കാട് -> കാടുവെട്ടി, കാടുകൾ: ഇവിടെ ഉകാരമായിത്തീരുന്നു; കടുകു്, കൊതുകു്, വെരുകു് തുടങ്ങിയ വാക്കുകളിൽ രണ്ടാമത്തെ ഉകാരവും അലസമായ ഉച്ചാരണത്തിൽ ഇതേ സംവൃതരൂപം കൈക്കൊള്ളുന്നു; വന്നു -> വിനയെച്ചം -> വന്നു് കണ്ടു തുടങ്ങിയ പ്രക്രിയകളിൽ ഉകാരമോ സംവൃതമോ മാറിമാറി ഉപയോഗിക്കപ്പെടുന്നു; എന്നാൽ തൂകി, വീശി തുടങ്ങി ഭൂതപ്രത്യയം ഉകാരത്തിലല്ലാതെ അവസാനിക്കുന്നിടത്തു് മുറ്റുവിനയും വിനയെച്ചവും ഒരുപോലെ കാണുന്നു. ഇതാണു് പ്രക്രിയാപരമായ ബന്ധം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്.) എങ്ങനെയാണു് സംവൃതം ഉച്ചരിക്കപ്പെടുന്നതു് എന്നു് എൽ.വി.ആർ. കൃത്യമായി വിവരിക്കുന്നുണ്ടു്. നാവ് മുന്നോട്ടോ പിന്നോട്ടോ ചലിക്കാതെ നടുനിലയിൽ നിറുത്തി ചുണ്ടുരുട്ടാതെ (half open central (unrounded) vowel) എന്നാണു് അദ്ദേഹം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നതു്.
സംവൃതസ്വരത്തിന്റെ സ്ഥാനം എൽ.വി.ആറിന്റെ നിഗമനത്തിൽ
സംവൃതം
പിന്നീട് ആറ്റൂർ കൃഷ്ണപ്പിഷാരടി ഭാഷാചരിത്രത്തിൽ ഈ സ്വരത്തെ സംവൃത-അകാരം എന്നാണു വിളിച്ചിട്ടുള്ളതെന്നും ജോർജ്ജ് മാത്തന്റെ മലയാഴ്മയുടെ വ്യാകരണം എന്ന കൃതിയിലെ ഖണ്ഡിക 19-ൽ പരാമർശിക്കുന്നതു് "എ,അ ഇവയ്ക്കു മധ്യേയാണു്" പ്രസ്തുതസ്വരം എന്നും ഇതിനോടൊപ്പം ഓർക്കേണ്ടതാണു്.
3. മലയാളത്തിലെ വകാരം അടിസ്ഥാനപരമായി കേരളപാണിനി അഭിപ്രായപ്പെടുന്നതുപോലെ ഓഷ്ഠ്യമല്ലെന്നും പകരം ദന്ത്യോഷ്ഠ്യമാണെന്നും സാഹചര്യാനുസൃതമായ ഒരു വ്യതിയാനം മാത്രമാണു് ശുദ്ധോഷ്ഠ്യത്വം മാത്രമുള്ള വകാരം എന്നും അദ്ദേഹം നിഗമനത്തിലെത്തുന്നു. (ഉദാ: വിശ്വം, വിദ്വാൻ തുടങ്ങിയവയിൽ ആദ്യത്തെ വ-കാരങ്ങൾ ദന്ത്യോഷ്ഠ്യങ്ങളും രണ്ടാമത്തേതുകൾ ഓഷ്ഠ്യങ്ങളുമാണു്.)
4. ഴകാരത്തെ ഘർഷിയായ(fricative) ഊഷ്മാവ് (സ്വനിമവിജ്ഞാനീയം) എന്ന സ്ഥാനത്തു് അടയാളപ്പെടുത്തുന്നുണ്ടെങ്കിലും ഒട്ടും ശീൽക്കാരമില്ലാത്തതും എന്നാൽ നാദം ഉള്ളതുമായ ശബ്ദമാണതെന്നു് അദ്ദേഹം ഗ്രഹിച്ചു. "...the air is allowed topass through without hissing sound...and the sound is a voiced one." - എന്നാണു് ഴകാരത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം.
5. മലയാളത്തിൽ ബലം (stress) സ്വനിമികവ്യാവർത്തനത്തിനു് ഉപയോഗിക്കുന്നില്ലെന്നു് അദ്ദേഹം തിരിച്ചറിഞ്ഞു. ഇംഗ്ലീഷിനെപ്പോലെ ശക്തമല്ല മലയാളത്തിൽ ഉച്ചാരണബലത്തിനുള്ള സ്വാധീനം എന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മലയാളത്തിലെ അക്ഷരകാലതാളത്തിന്റെ സ്വഭാവത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
6. ധാതുസ്വരത്തിലാണു് പൊതുവേ ബലം വീഴുന്നതു് എന്നതിനാൽ ആദ്യത്തെ ദീർഘാക്ഷരങ്ങളുടെ അത്ര തന്നെ ദീർഘമായിരിക്കില്ല തുടർന്നുവരുന്ന ദീർഘങ്ങൾ എന്നദ്ദേഹം പ്രസ്താവിച്ചു. എന്നാൽ ഇക്കാര്യം അദ്ദേഹം വേണ്ടത്ര വിശദീകരിച്ചിട്ടില്ല. എങ്കിലും "പാടാമോ" എന്ന പദത്തിലെ മൂന്നു ദീർഘങ്ങളിലും ക്രമാനുഗതമായി ദീർഘത്വം കുറഞ്ഞുവരുന്നുണ്ടെന്നു് നമുക്കു നിരീക്ഷിക്കാവുന്നതാണു്.
7. ഈണം (intonation) എന്ന സ്വനഘടകത്തെക്കുറിച്ച് അദ്ദേഹം അല്പമാത്രമായേ പരാമർശിച്ചിട്ടുള്ളൂ. "വന്നുവോ" എന്ന പദത്തിന്റെ ഉച്ചാരണത്തിൽ വ്യത്യസ്ത ഈണങ്ങൾ ചേർക്കുമ്പോൾ ചോദ്യം, അത്ഭുതം, തൃപ്തി എന്നിങ്ങനെ വിവിധ അർത്ഥച്ഛായകൾ ജനിക്കുന്നതിനെ അദ്ദേഹം ഉദാഹരിച്ചിട്ടുണ്ടു്.

എൽ.വി.ആർ. മലയാളത്തിന്റെ രൂപവിജ്ഞാനീയത്തിൽ തിരുത്തുക

1936-ൽ രാമവർമ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം നമ്പർ പ്രസിദ്ധീകരണമായി പുറത്തിറങ്ങിയ Evolution of Malayalam Morphology (മലയാളത്തിന്റെ രൂപവിജ്ഞാനപരിണാമം) എന്ന കൃതിയാണു് രാമസ്വാമിയുടെ ഏറ്റവും പ്രധാനവും പ്രശസ്തവുമായ കൃതി.

മലയാളഭാഷയുടെ ഘട്ടവിഭജനം നടത്തുന്ന ആദ്യഭാഗത്തു് എഴുത്തച്ഛനോടുകൂടിയാണു് പഴയ മലയാളം പുതിയ മലയാളത്തിലേക്കു കടക്കുന്നതെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. ചെറുശ്ശേരിഭാഷയിൽ പല പഴമകളുടേയും ശേഷിപ്പുകൾ തുടരുന്നുവെന്നതുകൊണ്ടാണു് എഴുത്തച്ഛനെ ഈ ഘട്ടത്തിന്റെ അടയാളമാക്കുന്നത്. മലയാളം തമിഴിൽ നിന്നു് സാവധാനം എങ്ങനെ വ്യത്യാസപ്പെട്ടുവരുന്നുവെന്നു് വിശദീകരിക്കാൻ ശ്രമിക്കുകയാണു് അതിനുശേഷം. നാമപ്രകൃതികൾ, പ്രത്യയങ്ങൾ, ഗതികൾ ഇവയ്ക്കു തമിഴുമായുള്ള വ്യത്യാസങ്ങൾ ചർച്ച ചെയ്യുന്നതിനുപിന്നാലെ, ക്രിയാസ്വഭാവവ്യത്യാസങ്ങളിലേക്കു പ്രവേശിക്കുന്നു. ഈ ദിശയിൽ പൂർവ്വകാലങ്ങളിലേക്കു കടന്നുചെന്നു് മലയാളത്തിലെ തനതുമാറ്റങ്ങളും അവയിൽ രൂഢമൂലമായി അവശേഷിക്കുന്ന പഴമയുടെ അംശങ്ങളും കണ്ടെത്തി, മലയാളവും തമിഴും വേർതിരിയാനാരംഭിച്ചതു് ഇടത്തമിഴിന്റെ ആദ്യഘട്ടം മുതൽക്കാണെന്നു് അദ്ദേഹം സമർത്ഥിക്കുന്നു. പഴന്തമിഴ് കാവ്യങ്ങളുടെ കാലശേഷം, ഭക്തിസാഹിത്യം ആവിർഭവിക്കുന്ന കാലമാണു് ഇടത്തമിഴ് കാലഘട്ടമായി കണക്കാക്കുന്നതു്. ഇക്കാലത്താണു് വാമൊഴികൾ പഴന്തമിഴിൽനിന്നു് ഗണ്യമായി മാറ്റം കാണിക്കുന്നതു്. ഏകദേശം അഞ്ചാംനൂറ്റാണ്ടോടുകൂടി നടന്നിരിക്കാവുന്ന ഈ പരിണാമഘട്ടത്തിലായിരിക്കണം മലയാളം വഴിമാറി വളർന്നതെന്നു് അദ്ദേഹം അനുമാനിക്കുന്നു.

രാമസ്വാമിയ്ക്കുശേഷം ഭാഷയുടെ ചരിത്രപഠനത്തിൽ പല പുതുമകളും പുത്തനറിവുകളും ലഭിച്ചിട്ടുണ്ടു്. മലയാളഭാഷയുടെ ഉത്ഭവവും ചരിത്രവും സംബന്ധിച്ച് തികച്ചും വ്യത്യസ്തമായ വീക്ഷണങ്ങൾ ഇപ്പോൾ പ്രചാരത്തിലുണ്ടു്. എങ്കിലും മലയാളഭാഷയുടെ ചരിത്രത്തെക്കുറിച്ച് രൂപപരിണാമസങ്കേതങ്ങൾ ഉപയോഗിച്ച് വിശദമായി പഠിച്ച ആദ്യത്തെ ആധുനിക ഭാഷാപണ്ഡിതൻ എൽ.വി.ആർ. രാമസ്വാമി ആയിരിക്കണം.

മലയാള സർവകലാശാലയുടെ പുനഃ പ്രസിദ്ധീകരണ ശ്രമങ്ങൾ തിരുത്തുക

എൽ.വി രാമസ്വാമി അയ്യരുടെ വ്യാകരണ ശാസ്ത്ര സാഹിത്യ ഭാഷാ ലേഖനങ്ങൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല മൂന്ന് വാള്യങ്ങളായി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നു. ഒന്നാം വാള്യത്തിൽ ലീലാതിലക ലേഖനങ്ങളും രണ്ടാം വാള്യത്തിൽ മലയാളഭാഷയും കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളും മൂന്നാം വോള്യത്തിൽ ദ്രാവിഡ ഭാഷാ പഠനസംബന്ധിയായ ലേഖനങ്ങളുമാണ് പ്രസിദ്ധീകരിക്കുക. ടി.ബി. വേണുഗോപാലപ്പണിക്കരും ഡോ. സൗമ്യ ബേബിയുമാണ് പരമ്പരയുടെ എഡിറ്റർമാർ.[5]

കൂടുതൽ വായനയ്ക്കു് തിരുത്തുക

 1. A Many branched tree: perspectives of Indian literary tradition 1991 [6]
 2. L. V. Ramaswamy Iyer and Seshagiri Prabhu 1978[7]
 3. "Proceedings - 1972"[8]

പുറം കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

 1. 1.0 1.1 1.2 1.3 1.4 1.5 ഭാഷാലോകം (ടി.ബി. വേണുഗോപാലപ്പണിക്കർ ഡി.സി. ബുക്ക്സ് 2006 ISBN 81-264-1198-8
 2. University of Kerala. Dept. of Linguistics (1978). International Journal of Dravidian Linguistics: IJDL. Department of Linguistics, University of Kerala. ISSN 0378-2484. ശേഖരിച്ചത് 10 ജൂൺ 2013.
 3. A bibliography of Malayalam Language and Linguistics- N. Rajasekharan Nair, Annamalai University
 4. എൽ. എസ്. രാമയ്യ; എൻ. രാജശേഖരൻ നായർ (2001). Malayalam language and linguistics. An International Bibliography of Dravidian Languages and Linguistics. T.R. Publications. ISBN 9788185427294. ശേഖരിച്ചത് 10 ജൂൺ 2013.
 5. "രാമസ്വാമി അയ്യരുടെ പുസ്തകപരമ്പര പ്രസിദ്ധീകരിക്കുന്നു". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-11-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 നവംബർ 2014.
 6. കെ.എം. ജോർജ്ജ് (1991). A Many branched tree: perspectives of Indian literary tradition. Ajanta Publications. ശേഖരിച്ചത് 10 ജൂൺ 2013.
 7. വി. ഐ. സുബ്രഹ്മണ്യം; ബി. ഗോപിനാഥൻ നായർ, സംശോധകർ. (1978). L. V. Ramaswamy Iyer and Seshagiri Prabhu. Pioneers in linguistics. Dravidian Linguistics Association. ശേഖരിച്ചത് 10 ജൂൺ 2013.
 8. വി. ഐ. സുബ്രഹ്മണ്യം; ഏലിയാസ് വാലെന്റൈൻ, സംശോധകർ. (1972). Proceedings of the first All India Conference of Dravidian Linguists. ശേഖരിച്ചത് 10 ജൂൺ 2013.
"https://ml.wikipedia.org/w/index.php?title=എൽ.വി._രാമസ്വാമി_അയ്യർ&oldid=3626652" എന്ന താളിൽനിന്ന് ശേഖരിച്ചത്