മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

(മലങ്കര ഓർത്തഡോക്സ് സഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളം ആസ്ഥാനമായുള്ള ഒരു സ്വയം ശീർഷക ഓറിയന്റൽ ഓർത്തഡോക്സ് സഭയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ"2017 Supreme Court Order on Malankara Church".</ref> അഥവാ ഇന്ത്യൻ ഓർത്തഡോക്സ് സഭ (Indian Orthodox Church). കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളിൽ ഒരു വിഭാഗമായ ഈ സഭ തോമാശ്ലീഹായുടെ സുവിശേഷ പ്രചരണകാലത്തോളം പാരമ്പര്യം അവകാശപ്പെടുന്നു. ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ ആണ് സഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷൻ. പൗരസ്ത്യ കാതോലിക്കോസ്, മലങ്കര മെത്രാപ്പോലീത്ത എന്നീ പദവികൾ ഇദ്ദേഹം വഹിക്കുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
(മലങ്കര സഭ)
Malankara Emblem.png
കാതോലിക്കേറ്റ് മുദ്ര
സ്ഥാപകൻ തോമാശ്ലീഹ, AD 52
സ്വതന്ത്രമായത്
അംഗീകാരം ഓറിയന്റൽ ഓർത്തഡോക്സ്
പരമാദ്ധ്യക്ഷൻ മലങ്കര മെത്രാപ്പോലീത്ത & പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് മാർത്തോമാ പൗലോസ് II
ആസ്ഥാനം ദേവലോകം അരമന, കോട്ടയം
ഭരണപ്രദേശം ആകമാനം
മേഖലകൾ United Arab Emirates, United States, Canada, Great Britain, Ireland, South Africa, Kuwait, Malaysia, New Zealand, Germany, Switzerland, Oman, Qatar, Bahrain, Singapore and Australia,
ഭാഷ മലയാളം, സുറിയാനി, ഇംഗ്ലീഷ്, ഹിന്ദി, കൊങ്കണി[അവലംബം ആവശ്യമാണ്], കന്നഡ
അനുയായികൾ 25 ലക്ഷം[അവലംബം ആവശ്യമാണ്]
വെബ്‌സൈറ്റ് malankarachurch.in

ചരിത്രംതിരുത്തുക

 
മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ
 
1932 ജനുവരിയിൽ കുന്നംകുളത്ത് ഇടയ സന്ദർശനം നടത്തിയ മലങ്കരമെത്രാപ്പോലീത്ത വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസിനും (വലതുവശത്തിരിയ്ക്കുന്നത്) പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്തയ്ക്കും കുന്നംകുളത്തെ നസ്രാണി യോദ്ധാക്കൾ നല്കിയ ഗാർഡ് ഓഫ് ഓണർ

കേരളത്തിലെ ക്രൈസ്തവ സഭ പേർഷ്യൻ സഭയുമായുള്ള ബന്ധത്തിൽ നിലനിന്നിരുന്നതായി കരുതപ്പെടുന്നു. ആറാം നൂറ്റാണ്ടു[1] മുതലെങ്കിലും പേർഷ്യൻ സഭയുടെ വൈദിക മേൽനോട്ടത്തിലായിരുന്നു കേരളത്തിലെ സഭയെന്ന് പറയാം. കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ പൗരസ്ത്യ സുറിയാനി ആരാധനാക്രമങ്ങളും പാരമ്പര്യങ്ങളും നിലവിൽ വരുവാൻ ഈ ബന്ധം കാരണമായി. ആത്മീയ മേൽനോട്ടം പേർഷ്യയിൽ നിന്നുള്ള മെത്രാന്മാർ നിർവ്വഹിച്ചിരുന്നപ്പോഴും സാമുദായിക നേതൃത്വം അർക്കദിയാക്കോൻ അഥവാ ജാതിക്കു കർത്തവ്യൻ എന്ന പദവിയിലുള്ള നാട്ടുക്രിസ്ത്യാനി തലവനായിരുന്നു. 16-ആം നൂറ്റാണ്ടിൽ ഉദയംപേരൂർ സുന്നഹദോസിലൂടെ കേരളത്തിലെ ക്രൈസ്തവ സഭ റോമാസഭയുടെ ഭാഗമായെങ്കിലും 1653-ൽ കൂനൻകുരിശ് സത്യത്തിലൂടെ മാർത്തോമാ ക്രിസ്ത്യാനികളിൽ ഒരു ഭാഗം ഈ ബന്ധം തള്ളിക്കളയുകയും അന്നത്തെ അർക്കദിയാക്കോനായിരുന്ന തോമസിനെ മെത്രാനാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 1653 മേയ് 22-ന് ആലങ്ങാട്ട് വെച്ച് 12 വൈദികർ ചേർന്ന് മാർത്തോമാ ഒന്നാമൻ എന്ന പേരിൽ ഇദ്ദേഹത്തെ മെത്രാനായി വാഴിച്ചു. മാർത്തോമാ ഒന്നാമനോടൊപ്പം നിന്ന വിഭാഗം മലങ്കര സഭ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു.

എന്നാൽ ഈ രീതിയിലുള്ള മെത്രാൻ സ്ഥാനാരോഹണം അപ്പോസ്തോലിക പിന്തുടർച്ച പ്രകാരം അംഗീകൃതമല്ലെന്നുള്ള മറുവിഭാഗത്തിന്റെ ആക്ഷേപവും അധികാരപരമായും സാമുദായികവുമായുമുള്ള അസ്ഥിരതകളും അലക്സാന്ത്ര്യ, അന്ത്യോഖ്യ തുടങ്ങിയ സ്ഥലങ്ങളിലെ പൗരസ്ത്യ സഭാതലവന്മാരുമായി ബന്ധം സ്ഥാപിക്കുവാൻ മലങ്കര സഭയെ പേരിപ്പിച്ചു. അതിൻ പ്രകാരം 1655-ൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ യരുശലേമിലെ ബിഷപ്പായിരുന്ന ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ കേരളത്തിലെത്തുകയും മാർത്തോമാ ഒന്നാമന്റെ സ്ഥാനാരോഹണം ക്രമപ്പെടുത്തുകയും ചെയ്തു. സുറിയാനി ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തിലൂടെ മലങ്കര സഭയിൽ പാശ്ചാത്യ സുറിയാനിയിലുള്ള ആരാധനാക്രമവും ആചാരങ്ങളും പ്രചാരത്തിലെത്തി. പകലോമറ്റം തറവാട്ടിലെ അംഗമായിരുന്ന മാർത്തോമാ ഒന്നാമനെ തുടർന്നു മാർത്തോമാ ഒൻപതാമൻ വരെ അതേ കുടുംബത്തിൽ നിന്നു തന്നെയുള്ള എട്ടു പേർ കൂടി മാർത്തോമാ മെത്രാന്മാർ എന്ന സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1816-ൽ മാർത്തോമാ പത്താമനായി നേതൃസ്ഥാനത്തെത്തിയ പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസിന്റെ കാലം മുതൽ മാർത്തോമാ മെത്രാൻ എന്നതിനു പകരമായി മലങ്കര മെത്രാപ്പോലിത്ത എന്ന് ഈ സ്ഥാനം അറിയപ്പെടുവാൻ തുടങ്ങി.

19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലങ്കര സഭ ഇംഗ്ലണ്ടിൽ നിന്നുള്ള സി.എം.എസ്സ് മിഷണറിമാരുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ ആരംഭിച്ചു. 1815-ൽ ആരംഭിച്ച കോട്ടയം പഴയ സെമിനാരിയെ ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കുന്നതിനും മറ്റും ഇവർ യത്നിച്ചിരുന്നു. എന്നാൽ പ്രൊട്ടസ്റ്റന്റ് ചിന്താഗതികൾ നടപ്പിൽ വരുത്തുവാനുള്ള ഇവരുടെ ശ്രമങ്ങൾ മൂലം 1836-ൽ മാവേലിക്കരയിൽ വെച്ച് കൂടിയ മലങ്കര പള്ളി പ്രതിപുരുഷയോഗത്തിലെ തീരുമാനപ്രകാരം ഈ ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടർന്ന് മിഷണറിമാരുടെ ആശയങ്ങളുമായി അടുപ്പമുള്ള ഒരു ചെറിയ വിഭാഗം സഭാംഗങ്ങൾ ആംഗ്ലിക്കൻ സഭയിലേക്ക് മാറുകയും പിൽക്കാലത്ത് ഇവർ സി.എസ്.ഐ. സഭയുടെ ഭാഗമാവുകയും ചെയ്തു. ഈ വേർപിരിയലിനു പുറമേ മലങ്കര സഭയുടെ വിശ്വാസങ്ങളിലും ആരാധനാരീതികളിലും നവീകരണത്തിന്റെ ആവശ്യകതയുണ്ടെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കൂടി ഉടലെടുക്കുകയും അത് മാർത്തോമ്മാ സഭയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു.

1911-ൽ ഉണ്ടായ അധികാരതർക്കങ്ങൾ സഭയിൽ മലങ്കര മെത്രാപ്പോലീത്തയെയും സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായ പാത്രിയർക്കീസിനെയും അനുകൂലിക്കുന്നവരായ രണ്ടു വിഭാഗങ്ങളായി ഭിന്നിക്കുന്നതിന് കാരണമായി. 1958-ൽ ഇരുവിഭാഗങ്ങളും ഒന്നായെങ്കിലും 1975-ൽ വീണ്ടും രണ്ടു വിഭാഗങ്ങളായി. ഇവരിൽ ഔദോഗിക വിഭാഗം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നും രണ്ടാമത്തെ വിഭാഗം 2002ൽ പൂർണമായി വേർപെട്ടത് മുതൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്നും അറിയപ്പെടുന്നു. 1912-ൽ മുറിമറ്റത്തിൽ പൗലോസ് മാർ ഈവാനിയോസിനെ ബസേലിയോസ് പൗലോസ് പ്രഥമൻ എന്ന പേരിൽ കാതോലിക്കയായി വാഴിച്ചതോടെ മലങ്കര ഓർത്തഡോക്സ് സഭയിൽ കാതോലിക്കോസ് സ്ഥാനം നിലവിൽ വന്നു. ആദ്യകാലങ്ങളിൽ കാതോലിക്കോസ് സ്ഥാനവും മലങ്കര മെത്രപ്പോലീത്ത സ്ഥാനങ്ങളും രണ്ട് വ്യത്യസ്ത അധികാര സ്ഥാനങ്ങളായിരുന്നെങ്കിലും 1934 മുതൽ രണ്ടു സ്ഥാനങ്ങളും ഒരാൾ തന്നെ വഹിക്കുന്ന പതിവാണുള്ളത്.

വിശ്വാസസ്വഭാവംതിരുത്തുക

ഇതര ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ പോലെ മലങ്കര ഓർത്തഡോക്സ് സഭയും ആദ്യത്തെ മൂന്ന് പൊതു സുന്നഹദോസുകളെ മാത്രം അംഗീകരിക്കുന്നു.

ആരാധനാക്രമംതിരുത്തുക

ആരാധനാഭാഷ 17-ആം നൂറ്റാണ്ടുവരെ പൗരസ്ത്യ സുറിയാനി. പിന്നീട് പാശ്ചാത്യ സുറിയാനി. 20-ആം നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽ മലയാളം പ്രധാന ആരാധനാഭാഷയായി ഉപയോഗിച്ചു തുടങ്ങി. വട്ടശേരിൽ മാർ ‍‍ദിവന്നാസിയോസ്, കോനാട്ട് മാത്തൻ മല്പാൻ തുടങ്ങിയവർ ഇതിന് നേതൃത്വം നല്കി. കുർബാനയർപ്പണത്തിനുള്ള പ്രാർത്ഥനാക്രമം പ്രധാനമായും വി.യാക്കോബിന്റെ തക്സ എന്ന പ്രാർത്ഥനക്രമത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയിരിക്കുന്നു.[2]

ആരാധനാവർഷംതിരുത്തുക

ആരാധനാവർഷത്തെ ആറ് കാലങ്ങളായി തിരിച്ചിരിക്കുന്നു. 'സഭയുടെ ശുദ്ധീകരണം' എന്നർത്ഥമുള്ള കൂദൊശ് ഈത്തോ ഞായർ മുതലാണ് സഭയുടെ ആരാധന വർഷം ആരംഭിക്കുന്നത്. ഒക്ടോബർ 30 മുതൽ നവംബർ 5 വരെയുള്ള ദിനങ്ങളിൽ ആദ്യം വരുന്ന ഞായറാഴ്ച കൂദൊശ് ഈത്തോ ഞായർ ആയി ക്രമീകരിച്ചിരിക്കുന്നു.[3]

പ്രഖ്യാപിത വിശുദ്ധർതിരുത്തുക

 
വട്ടശേരിൽ മാർ ദീവന്നാസ്യോസ്
 • ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് (പരുമല തിരുമേനി) (1947-ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു)
 • യെൽദോ മോർ ബസേലിയോസ്(യെൽദോ ബാവ)(1947-ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു)
 • വട്ടശേരിൽ ഗീവർഗ്ഗീസ് മാർ ദീവന്നാസ്യോസ് (2003-ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു)

സെമിനാരികൾതിരുത്തുക

 • ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, കോട്ടയം (പഴയ സെമിനാരി)
 • സെന്റ്.തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, നാഗ്‌പൂർ

ഭദ്രാസനങ്ങൾതിരുത്തുക

 1. തിരുവനന്തപുരം
 2. കൊല്ലം
 3. തുമ്പമൺ
 4. ചെങ്ങന്നൂർ
 5. നിരണം
 6. മാവേലിക്കര
 7. കോട്ടയം
 8. കോട്ടയം-സെൻട്രൽ
 9. ഇടുക്കി
 10. കണ്ടനാട്-ഈസ്റ്റ്
 11. കണ്ടനാട്-വെസ്റ്റ്
 12. കൊച്ചി
 13. അങ്കമാലി-ഈസ്റ്റ്
 14. അങ്കമാലി-വെസ്റ്റ്
 15. തൃശ്ശൂർ
 16. കുന്നംകുളം
 17. സുൽത്താൻ ബത്തേരി
 18. മലബാർ
 19. ബാംഗ്ലൂർ
 20. ചെന്നൈ
 21. മുംബൈ
 22. ഡൽഹി
 23. ബ്രഹ്മവാർ
 24. കൽക്കട്ട
 25. യു.കെ-യൂറോപ്പ്
 26. നോർത്ത്-ഈസ്റ്റ് അമേരിക്ക
 27. സൗത്ത്-വെസ്റ്റ്അമേരിക്ക
 28. അടൂർ - കടമ്പനാട്
 29. പുനലൂർ - കൊട്ടാരക്കര
 30. നിലയ്ക്കൽ

ഇപ്പോഴത്തെ മെത്രാപ്പോലീത്തമാർതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 1. ഔദ്യോഗിക വെബ്സൈറ്റ്
 2. കാതോലിക്കേറ്റ് ന്യൂസ് - ഔദ്യോഗിക വാർത്താ വെബ്സൈറ്റ്
 3. ഇന്ത്യൻ ഓർത്തഡോക്സ് ഹെറാൾഡ് - സഭയുടെ വിശ്വാസാചാരങ്ങളും വാർത്തകളും അടങ്ങിയ ഓൺലൈൻ പ്രസിദ്ധീകരണം

അവലംബംതിരുത്തുക

 1. എ. ശ്രീധരമേനോൻ, കേരളചരിത്രം, പേജ് 109, മൂന്നാം പതിപ്പ്, ഡി.സി. ബുക്സ്, 2009 ജൂൺ
 2. വിശുദ്ധ കുർബാന, മലങ്കര ഓർത്തഡോക്സ് സഭയുടെ വെബ്‌സൈറ്റ്
 3. അരാധനാവർഷം, മലങ്കര ഓർത്തഡോക്സ് സഭയുടെ വെബ്‌സൈറ്റ്