കാതോലിക്കോസ്
ചില ക്രിസ്തീയ സഭകളിൽ, പ്രത്യേകിച്ചു റോമാ സാമ്രാജ്യത്തിനു പുറത്ത് വളർന്നു വന്ന ഓർത്തഡോക്സ് സഭകളുടെ തലവന്മാരുടെ സ്ഥാനനാമമാണു് കാതോലിക്കോസ് അഥവാ കാതോലിക്ക. ലോകത്തിൽ ഇന്ന് കിഴക്കിന്റെ അസ്സീറിയൻ സഭയുടെയും പുരാതന പൗരസ്ത്യ സഭയുടെയും അർമീനിയൻ അപ്പസ്തോലിക സഭയുടെയും ജോർജിയൻ ഓർത്തഡോക്സ് സഭയുടെയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും തലവന്മാരെ കാതോലിക്ക എന്ന് വിളിക്കുന്നു. ഇവർക്കു പുറമെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും പ്രാദേശിക അദ്ധ്യക്ഷന്മാരുടെ സ്ഥാനനാമവും കാതോലിക്ക എന്നാണ്.
വാക്കിന്റെ അർത്ഥം
തിരുത്തുകകാതോലിക്കോസ് എന്ന പദം ഉണ്ടായിട്ടുള്ളത് കാത്,ഹോലിക്കോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്. പൊതു മേലദ്ധ്യക്ഷൻ, പൊതുവായ ആൾ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം.
ചരിത്രം
തിരുത്തുകറോമാ സാമ്രാജ്യത്തിനുള്ളിൽ വിസ്തൃതമായ ഒരു ഭൂഭാഗത്തിന്റെ സ്വതന്ത്രമായ ഭരണം നിർവ്വഹിച്ചു പോന്ന സർക്കാർ ഉദ്യോഗസ്ഥനെയും സാമ്പത്തിക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെയും ഈ പേരിൽ അറിയപ്പെട്ടിരുന്നു. ഒരു പക്ഷേ സർക്കാർ തസ്തികയുടെ അതേ പേരിൽ അറിയപ്പെടാനുള്ള വിമുഖത കൊണ്ടാവാം സാമ്രാജ്യത്തിലെ സഭാ തലവന്മാർ പൊതുവെ പാത്രിയർക്കീസ് എന്ന സ്ഥാനനാമം സ്വീകരിച്ചത്. എന്നാൽ റോമാ സാമ്രാജ്യത്തിനു പുറത്തുള്ള സഭകൾ ഈ വിമുഖത കാട്ടിയില്ല. അതു കൊണ്ട് അർമ്മീനിയയിലെയും പേർഷ്യയിലെയും ജോർജ്ജിയയിലേയും സഭകളിലെ പൗരോഹിത്യ ശ്രേണിയുടെ തലപ്പത്തുള്ളവർ കാതോലിക്കോസ് എന്ന് അറിയപ്പെടാൻ തുടങ്ങി. പേർഷ്യൻ സഭയുടെ തലവൻ പാപ്പാ ബാർ ആഹായ് ക്രി വ 291-ൽ ഈ നാമം സ്വീകരിച്ചതായി കരുതപ്പെടുന്നു. പിന്നീട് നടന്ന നിഖ്യ സുന്നഹദോസ് ഈ സ്ഥാനത്തിന് സ്ഥിരത നൽകി. ആദ്യകാലത്ത് പേർഷ്യയിലെ പ്രാദേശിക സഭയുടെ അധ്യക്ഷന്മാർ മാത്രമാണ് ഈ സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നതെങ്കിലും ക്രമേണ പാത്രിയർക്കീസുമാരുമായി വിധേയപ്പെട്ട് നിൽക്കുന്ന പ്രാദേശിക സഭകളിലെ പ്രധാന മെത്രാപ്പോലീത്തമാർക്കും ഈ സ്ഥാനം നൽകപ്പെട്ടു തുടങ്ങി.[1] ഇപ്പോൾ ഓർത്തഡോക്സ് സഭകളുടെ തലവന്മാർക്ക് പുറമേ കത്തോലിക്കാസഭയിലെ സ്വയം ഭരണാധികാരമുള്ള ചില പൗരസ്ത്യ വ്യക്തിസഭകളുടെ തലവന്മാരും ഈ സ്ഥാനനാമത്തിൽ അറിയപ്പെടാറുണ്ട്.
കാതോലിക്ക സ്ഥാനം മലങ്കര സഭയിൽ
തിരുത്തുക1912-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പൗരസ്ത്യ കാതോലിക്കോസ് എന്ന സ്ഥാനനാമം സ്വീകരിച്ചതോടെ ആദ്യമായി കാതോലിക്കോസ് പദവി മലങ്കര സഭ സമൂഹത്തിൽ നിലവിൽ വന്നു. മലങ്കര സഭ മുഴുവനായും ഇത് അംഗീകരിക്കാതിരുന്നതിനെ തുടർന്ന് സഭ രണ്ടായി പിളരുകയും പിന്നീട് 1958-വരെ ഈ പിളർപ്പ് നിലനിൽക്കുകയും ചെയ്തു. 1964-ൽ ഇരു വിഭാഗങ്ങളും ചേർന്ന് ഒരു കാതോലിക്കയെ വാഴിച്ചിരുന്നു. എന്നാൽ 1975-ൽ വീണ്ടും സഭ പിളർന്നപ്പോൾ ഇരുവിഭാഗങ്ങളും ഈ സ്ഥാനത്തേക്ക് രണ്ട് വ്യക്തികളെ ആക്കുകയും ചെയ്തു. ആ പിളർപ്പിനെത്തുടർന്ന് കേരളത്തിൽ സമാന്തരമായി രണ്ട് കാതോലിക്കമാരുടെ നിരകൾ ഉണ്ടായി.
മലങ്കര ഓർത്തഡോക്സ് സഭ
തിരുത്തുക1912-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ മഫ്രിയാനേറ്റ് എന്ന സ്ഥാനം അന്ത്യോഖ്യയുടെപാത്രിയർക്കീസ് ആയിരുന്ന ഇഗ്നാത്തിയോസ് അബ്ദുൾമിശിഹ സ്ഥാപിച്ചതോടു കൂടി ഈ സ്ഥാനം സഭയിൽ നിലവിൽ വന്നു. ഇന്ന് മോറാൻ മോർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ഈ സ്ഥാനം വഹിക്കുന്നു.
യാക്കോബായ സുറിയാനി സഭ
തിരുത്തുക1964-ൽ മലങ്കര സഭയിലെ സമാധാന കാലയളവിൽ ഇഗ്നാത്തിയോസ് യാക്കൂബ് തൃതിയൻ പാത്രിയർക്കീസ് യോജിച്ച സഭയ്ക്കായി ഒരു കാതോലിക്കയെ വാഴിക്കുകയും പിന്നീട് സഭ വീണ്ടും പിളർന്നപ്പോൾ യാക്കോബായ സഭ ഈ സ്ഥാനം നിലനിർത്തി മറ്റൊരു കാതോലിക്കയെ വാഴിക്കുകയും ചെയ്തു. 2002-ലെ പുതുക്കിയ ഭരണക്രമമനുസരിച്ച് യാക്കോബായ സഭയിലെ കാതോലിക്കാമാരുടെ ഔദ്യോഗികമായ സ്ഥാനപ്പേര് ‘ഇന്ത്യയുടെ കാതോലിക്കയും മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും‘ എന്നതാണ്. ഇന്ത്യയിലെ സഭയുടെ തലവൻ എന്നതിനു പുറമെ അന്ത്യോഖ്യാ പാത്രിയർക്കീസിനെ തെരഞ്ഞെടുക്കുന്ന സുന്നഹദോസിന്റെ അധ്യക്ഷസ്ഥാനവും വാഴിക്കുവാനുള്ള അവകാശവും കാതോലിക്കയുടേതാണ്. ആഗോള സുറിയാനി സഭയിൽ രണ്ടാമൻ എന്ന ബഹുമാനസ്ഥാനം കൂടി കാതോലിക്കാ വഹിക്കുന്നു. ഇന്ന് ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ഈ സ്ഥാനം വഹിക്കുന്നു
സിറോ മലങ്കര സഭ
തിരുത്തുകമുകളിൽ പറഞ്ഞ സഭാവിഭാഗങ്ങളിലെ ഒരു സംഘം വിശ്വാസികൾ കത്തോലിക്ക സഭയുടെ ഭാഗമായപ്പോൾ നിലവിൽ വന്ന മലങ്കര സുറിയാനി കത്തോലിക്ക സഭ, 1995-ൽ സ്വയം ഭരണാവകാശം സിദ്ധിച്ചത് മുതൽ സഭയുടെ മേജർ ആർച്ച്ബിഷപ്പിനെ കാതോലിക്ക എന്ന് കൂടി വിളിച്ചു വരുന്നു. ഇന്ന് മോറാൻ മോർ ബസേലിയോസ് ക്ലീമിസ് ഈ സ്ഥാനം വഹിക്കുന്നു
അവലംബം
തിരുത്തുക- ↑ "കാതോലിക്കോസ്" (in ഇംഗ്ലീഷ്). എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക ഓൺലൈൻ പതിപ്പ്. Retrieved നവംബർ 1, 2012.