പ്ശീത്ത

(പ്ശീത്താ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുറിയാനി പാരമ്പര്യത്തിൽ പെടുന്ന ക്രിസ്തീയസഭകളിലെ പ്രാമാണിക ബൈബിൾ ഭാഷ്യമാണ് പ്ശീത്ത (സുറിയാനി:ܦܫܝܛܬܐ‬). 'പ്ശീത്ത' എന്ന സുറിയാനി വാക്കിന് ലളിതം, സാധാരണം, ഋജുവായത് എന്നൊക്കെയാണർത്ഥം. ജെറോമിന്റെ ലത്തീനിലുള്ള 'വുൾഗാത്ത' എന്ന പ്രഖ്യാതപരിഭാഷയുമായി താരതമ്യപ്പെടുത്തി, "സുറിയാനി വുൾഗാത്ത" എന്നും പ്ശീത്ത വിശേഷിപ്പിക്കപ്പെടുന്നു.

പഴയനിയമം പുറപ്പാടുപുസ്തകത്തിലെ ഒരു ഖണ്ഡത്തിന്റെ പ്ശീത്ത ഭാഷ്യം - തെക്കുകിഴക്കൻ തുർക്കിയിലെ അമിദായിൽ അഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണിത്

പ്ശീത്തയുടെ പഴയനിയമഭാഗം, പൊതുവർഷം രണ്ടാം നൂറ്റാണ്ടിലോ മറ്റോ എബ്രായമൂലത്തിൽ നിന്ന് പരിഭാഷപ്പെടുത്തിയതാവാം. പുതിയനിയമഭാഗം അതിന്റെ ആദിരൂപത്തിൽ, പത്രോസിന്റെ രണ്ടാം ലേഖനം, യോഹന്നാന്റെ രണ്ടും മൂന്നും ലേഖനങ്ങൾ, യൂദായുടെ ലേഖനം, വെളിപാടു പുസ്തകം എന്നിവ ഒഴിവാക്കിയിരുന്നു. അഞ്ചാം നൂറ്റാണ്ടോടെയാണ് പ്ശീത്തയുടെ പുതിയനിയമഭാഗത്തിന് സ്വീകാര്യത കിട്ടിയത്.

ലാളിത്യത്തേയും പൊതുസ്വീകാര്യതയേയും സൂചിപ്പിക്കുന്ന 'പ്ശീത്ത' എന്ന പേര് ഈ പരിഭാഷക്ക് ആദ്യം നൽകിയത് ഒൻപതാം നൂറ്റാണ്ടി സുറിയാനി ഓർത്തഡോക്സ് സഭയുടെ മെത്രാനും എഴുത്തുകാരനുമായിരുന്ന മോശെ ബാർ കേപ്പാ ആയിരുന്നു.[1] ലളിതഭാഷ്യം എന്നർത്ഥമുള്ള "മപ്പാക്ടാ പ്ശീത്ത"(ܡܦܩܬܐ ܦܫܝܛܬܐ) എന്ന സുറിയാനി പേരിൽ നിന്നാണ് പ്ശീത്ത എന്ന പേരുണ്ടായത്. എന്നാൽ ഈ പേരിന് 'പൊതുവായുള്ളത്', 'ഋജുവായത്', 'ലളിതം' എന്നുമൊക്കെ അർത്ഥം പറയാം. ലത്തീനിൽ അത് അതിനെ Peshitta, Peshittâ, Pshitta, Pšittâ, Pshitto, Fshitto എന്നിങ്ങനെ പല വിധങ്ങളിൽ എഴുതാറുണ്ട്. എന്നാൽ ഇംഗ്ലീഷിൽ പതിവുള്ളത് Peshitta എന്ന അക്ഷരവിന്യാസമാണ്. ഈ പേരിന്റെ അറബി രൂപം 'ബസീത്താ' എന്നാണ്. സ്ത്രീലിംഗത്തിലുള്ള ആ പേരിനും 'ലളിതമായത്' എന്ന അർത്ഥം തന്നെയാണുള്ളത്.

ചരിത്രം

തിരുത്തുക

ഗ്രീക്ക്, റോമൻ ആധിപത്യകാലങ്ങളിൽ മദ്ധ്യപൗരസ്ത്യദേശത്തെ യഹൂദരുടെ സംസാരഭാഷയായിരുന്ന അരമായയുടെ ഒരു ഉപഭാഷയോ, ഉപഭാഷകളുടെ കൂട്ടായ്മയോ ആയിരുന്നു സുറിയാനി. അരമായ ഭാഷ എഴുതാൻ പൊതുവേ ഉപയോഗിക്കുന്ന എബ്രായ ലിപിക്കു പകരം കൂടുതൽ ഒഴുക്കുള്ള ഒരു വ്യതിരിക്ത ലിപി ഉപയോഗിക്കുന്ന സുറിയാനി, പതിമൂന്നാം നൂറ്റാണ്ടിൽ അറബി ഭാഷ, സെമറ്റിക് ഭാഷാഗോത്രത്തിലെ ഏറ്റവും പ്രബലമായ മൊഴി എന്ന നില ഉറപ്പിക്കുന്നതിനു മുൻപ്, സിറിയയിലും മെസപ്പൊട്ടേമിയയിലും വ്യാപകമായി പ്രചാരത്തിലിരുന്നു.[2] ഈ ഭാഷയിലുള്ള വേദപുസ്തകപരിഭാഷയായ പ്ശീത്തയുടെ ആദ്യകാലചരിത്രം അവ്യക്തതയിൽ ആണ്ടു കിടക്കുന്നു. ഒരു വ്യക്തിയുടെ സംരംഭമോ, ഒരേ സ്ഥലകാലങ്ങളിൽ നിർവഹിക്കപ്പെട്ടതോ അല്ല ഈ പരിഭാഷ എന്നു വ്യക്തമാണ്.

എബ്രായബൈബിളിനു അരമായ ഭാഷയിലുള്ള വ്യാഖ്യാനഭാഷ്യങ്ങളായ താർഗുമുകളുടെ പാരമ്പര്യവുമായി പ്ശീത്തയുടെ ചില ഭാഗങ്ങൾക്കുള്ള സമാനതകൾ പരിഗണിക്കുമ്പോൾ, ഇതിലെ പഴയനിയമഗ്രന്ഥങ്ങളുടെ പരിഭാഷകർ യഹൂദരോ എബ്രായക്രിസ്ത്യാനികളോ ആണെന്നു കരുതാൻ ന്യായമുണ്ട്. മെസോപ്പൊട്ടേമിയയിലെ എഡേസായിൽ പൊർതുവർഷം ഒന്നും രണ്ടും നൂറ്റാണ്ടുകളിലെങ്ങോ അതു നിർവഹിക്കപ്പെട്ടിരിക്കാം. എബ്രായ ബൈബിളിലെ സുഭാഷിതങ്ങളുടെ പ്ശീത്ത ഭാഷ്യമാണ് ആ ഗ്രന്ഥത്തിന്റെ താർഗുമിന് അടിസ്ഥാനമായിരിക്കുന്നത് എന്നു പോലും കരുതപ്പെടുന്നു.[3]

എബ്രായബൈബിൾ പരിഭാഷകളിൽ പൗരാണികതയുടെ കാര്യത്തിൽ പ്ശീത്തയെ അതിലംഘിക്കുന്നതായി പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റ് മാത്രമേയുള്ളൂ. പ്ശീത്തയുടെ പഴയനിയമഭാഗം മിക്കവാറും എബ്രായ മൂലത്തെ ആശ്രയിച്ചാണെങ്കിലും ആ എബ്രായമൂലത്തിന്റെ പാഠം, പിന്നീടു രൂപപ്പെട്ട മസോറട്ടിക് പാഠത്തിന്റെ സ്രഷ്ടാക്കൾ ഉപയോഗിച്ച പാഠത്തിൽ നിന്നു വ്യത്യസ്തമായിരുന്നിരിക്കാം. പഴയനിയമത്തിന്റെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റും ഈ പരിഭാഷയുടെ സൃഷ്ടിയിൽ പ്രയോജനപ്പെട്ടു എന്നതിനു സൂചനകളുണ്ട്. അപ്പോക്രിഫ ഗ്രന്ഥങ്ങളിൽ സിറാക്ക് ഒഴിച്ചുള്ളവയുടെ പരിഭാഷ സെപ്ത്വജിന്റിൽ നിന്നായിരുന്നു. സിറാക്കിന്റെ പരിഭാഷക്ക് ആശ്രയിച്ചത് എബ്രായമൂലത്തെ ആയിരുന്നു. കാലാകാലങ്ങളിൽ തിരുത്തി എഴുതപ്പെട്ട സെപ്ത്വജിന്റിൽ നിന്നു ഭിന്നമായി, പ്ശീത്തയുടെ പാഠം താരതമ്യേന സ്ഥിരമായിരുന്നു.[3]

പ്ശീത്തയുടെ പുതിയനിയമഭാഗം മൂന്നാം നൂറ്റാണ്ടിലോ അതിനു ശേഷമോ രൂപപ്പെട്ടതാണ്.[4] ഈ പരിഭാഷ ഗ്രീക്കു മൂലത്തിൽ നിന്നു നേരിട്ടായിരുന്നു എന്നു കരുതപ്പെടുന്നു. മൂലരൂപത്തിൽ, പിൽക്കാല കാനനിലെ ചില ഗ്രന്ഥങ്ങൾ ഒഴിവാക്കപ്പെട്ടിരുന്ന പ്ശീത്തയുടെ പുതിയനിയമഖണ്ഡം സാമാന്യവൽക്കപ്പെട്ടു പൊതുസ്വീകൃതിനേടിയത് അഞ്ചാം നൂറ്റാണ്ടിലാണ്. അതിനു മുൻപ് സുറിയാനിസഭകളുടെ പുതിയനിയമഭാഷ്യം, രണ്ടാം നൂറ്റാണ്ടിലെ ക്രിസ്തീയലേഖകൻ തേഷൻ രൂപപ്പെടുത്തിയ സുവിശേഷസമന്വയമായ ദയതെസെറൻ ആയിരുന്നു.

പുതിയനിയമത്തിന്റെ മൂലഭാഷതന്നെ സുറിയാനി ആയിരുന്നെന്നും സുറിയാനി പ്ശീത്തയിൽ നിന്നുള്ള പരിഭാഷയാണ് ഗ്രീക്കു മൂലമായി സങ്കല്പിക്കപ്പെടുന്നതെന്നുമുള്ള ഒരു ന്യൂനപക്ഷമതവും ജോർജ്ജ് ലംസയെപ്പോലുള്ളവർ അവതരിപ്പിച്ചിട്ടുണ്ട്.

പ്രാഥമികതാവാദം

തിരുത്തുക

പുതിയനിയമത്തിന്റെ ഗ്രീക്കു ഭാഷ്യത്തിൽ സുവിശേഷങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി, ആദിമക്രിസ്തീയലിഖിതങ്ങളുടെ മൂലഭാഷ ഗ്രീക്ക് ആണെന്ന പൊതുധാരണ തെറ്റാണെന്നും അവ എഴുതപ്പെട്ടത് യേശുവിന്റേയും ശിഷ്യന്മാരുടേയും സംസാരഭാഷയായ അരമായയുടെ നാട്ടുരൂപങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആയിരിക്കാമെന്നും വാദിക്കപ്പെട്ടിട്ടുണ്ട്. ഈ വാദം പിന്തുടർന്ന്, പുതിയനിയമത്തിന്റെ അരമായഭാഷാമൂലം പ്ശീത്ത ആയിരുന്നെന്നും, ഗ്രീക്കു ഭാഷ്യം പ്ശീത്തയിൽ നിന്നുള്ള പരിഭാഷ ആണെന്നും ഇരുപതാം നൂറ്റാണ്ടിലെ അസീറിയൻ എഴുത്തുകാരനായ ജോർജ്ജ് ലംസ വാദിച്ചിട്ടുണ്ട്.[5] എങ്കിലും ഈ വാദത്തിനു കാര്യമായ സ്വീകൃതി ലഭിച്ചിട്ടില്ല.

പ്ശീത്തയും മലയാളികളും

തിരുത്തുക
 
ക.നി.മൂ.സ. മാണിക്കത്തനാർ നിർവഹിച്ച പ്ശീത്ത പുതിയനിയമം മലയാളം പരിഭാഷയുടെ ശീർഷകത്താൾ

കേരളത്തിലെ സുറിയാനി ക്രിസ്തീയസമൂഹം പ്ശീത്തയെ എന്നും ആശ്രയിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. 1938-ൽ ക.നി.മൂ.സ. മാണിക്കത്തനാരുടെ പ്ശീത്താ പുതിയനിയമ പരിഭാഷക്ക് ചങ്ങനാശേരി മെത്രാൻ ജെയിംസ് കാളാശേരി എഴുതിയ അവതാരികയിലെ ഈ നിരീക്ഷണങ്ങൾ,[6] കേരളനസ്രാണികൾക്ക് പ്ശീത്തയോടുള്ള ആത്മബന്ധം പ്രതിഫലിപ്പിക്കുന്നു:-

പരിഭാഷകൾ

തിരുത്തുക

മലയാളത്തിൽ

തിരുത്തുക

സുറിയാനി ബൈബിളിന്റെ ഏതെങ്കിലുമൊരു ഖണ്ഡത്തിനു മലയാളത്തിലുണ്ടായ ആദ്യപരിഭാഷ തമ്പി പിള്ളയുടെ സഹായത്തോടെ പീലിപ്പോസ് റമ്പാൻ പരിഭാഷപ്പെടുത്തി 1811-ൽ ബോംബെ കുറിയർ പ്രസ്സിൽ പ്രസിദ്ധീകരിച്ച നാല് സുവിശേഷങ്ങളാണ്. തുടർന്ന് പ്ശീത്ത ഖണ്ഡങ്ങളുടെ, പ്രത്യേകിച്ച് പുതിയനിയമത്തിന്റെ, ഒട്ടേറെ പരിഭാഷകൾ പല കാലങ്ങളിലായി മലയാളത്തിൽ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക.നി.മൂ.സ. മാണിക്കത്തനാർ പഴയനിയമത്തിലെ പഞ്ചഗ്രന്ഥിയും പുതിയനിയമം മുഴുവനും പ്ശീത്തായിൽ നിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. യാക്കോബായ സഭക്ക് വേണ്ടി പാശ്ചാത്യ സുറിയാനി പ്ശീത്ത ബൈബിളിന്റെ ഒരു സമ്പൂർണ്ണ പരിഭാഷ കണിയാമ്പറമ്പിൽ കുര്യൻ കോർഎപ്പിസ്കോപ്പ തയ്യാറാക്കുകയും 'വിശുദ്ധ ഗ്രന്ഥം' എന്ന പേരിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. പാശ്ചാത്യ സുറിയാനി പ്ശീത്തായുടെ ഏക മലയാള പരിഭാഷ ഇതാണ്. ഏറ്റവും ഒടുവിലുണ്ടായ പ്ശീത്ത മൊഴിമാറ്റം, 1997-ൽ കർമ്മലീത്താ വൈദികനായ മാത്യൂ ഉപ്പാണിയുടെ സമ്പൂർണ്ണ പരിഭാഷയാണ്. ഈ പരിഭാഷ, പ്ശീത്തയുടെ പാഠം പിന്തുടരുന്നുവെങ്കിലും, പുതിയനിയമഗ്രന്ഥങ്ങളുടെ ക്രമീകരണത്തിൽ പ്ശീത്തയിലെ ക്രമത്തിനു പകരം, കത്തോലിക്കാ വേദപുസ്തകസംഹിതകളിലെ സാമാന്യക്രമമാണ് സ്വീകരിച്ചിരിക്കുന്നത്.[7]

ഇതരഭാഷകളിൽ

തിരുത്തുക

പത്തൊൻപതാം നൂറ്റാണ്ടിൽ ജോൺ വെസ്ലി എതറിഡ്ജും ജെയിംസ് മുർദോക്കും പ്ശീത്തയുടെ പുതിയനിയമഖണ്ഡം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. [8] പ്ശീത്ത പ്രാഥമികതാ-വാദിയായ ജോർജ്ജ് ലംസ 1933-ൽ ഇംഗ്ലീഷിലേക്കു നടത്തിയ സമ്പൂർണ്ണപരിഭാഷക്ക് ഏറെ സ്വീകാര്യത കിട്ടിയിട്ടുണ്ട്. ലംസയെപ്പോലെ, പുതിയനിയമത്തിന്റെ മൂലഭാഷ അറമായ ആണെന്ന നെസ്തോറിയൻ സഭാപാരമ്പര്യം പിന്തുടരുന്ന മറ്റുള്ളവരും, ആ വാദം സ്ഥാപിക്കാനായി പ്ശീത്തയുടെ പുതിയനിയമഖണ്ഡം കുറിപ്പുകളോടെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. യേശുവിന്റേയും ശിഷ്യന്മാരുടേയും സന്ദേശത്തിന്റെ ശൈലിയും, കാവ്യഭംഗിയും മനസ്സിലാക്കാൻ പുതിയനിയമത്തിന്റെ ഈ അരമായഭാഷ്യം സഹായിക്കുമെന്ന് ഇവർ വാദിക്കുന്നു.

  1. ബ്രിട്ടാണിക്ക വിജ്ഞാനകോശത്തിൽ പ്ശീത്തയെക്കുറിച്ചുള്ള ലേഖനം
  2. സുറിയാനി, കേംബ്രിഡ്ജ് ബൈബിൾ സഹകാരി, പുറം 574
  3. 3.0 3.1 ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 752-56)
  4. Versions of the Bible, Syriac Versions, കത്തോലിക്കാവിജ്ഞാനകോശത്തിലെ ലേഖനം
  5. Religious Organizations Network, Aramaic Peshitta Primacy
  6. വിശുദ്ധഗ്രന്ഥം, പുതിയനിയമം, സുറിയാനി പ്ശീത്തയിൽ നിന്നുള്ള ക.നി.മൂ.സ. മാണിക്കത്തനാരുടെ തർജ്ജമ, 1966-ലെ 16-ആം പതിപ്പ്, അച്ചടി സെന്റ് ജോസഫ്സ് പ്രസ്സ്, മാന്നാനം
  7. സെബാസ്റ്റ്യൻ പി. ബ്രോക്ക്, ബൈബിൾ സുറിയാനി പാരമ്പര്യത്തിൽ[പ്രവർത്തിക്കാത്ത കണ്ണി] (പുറങ്ങൾ 152-53)
  8. The New Testament of the Book of the Holy Gospel of our Lord and our God Jesus the Messiah a Literal Translation from the Syriac Peshito Version.
"https://ml.wikipedia.org/w/index.php?title=പ്ശീത്ത&oldid=3661406" എന്ന താളിൽനിന്ന് ശേഖരിച്ചത്