മടവൂർ വാസുദേവൻ നായർ
കേരളത്തിലെ പ്രശസ്തനായ ഒരു കഥകളി നടനായിരുന്നു മടവൂർ വാസുദേവൻ നായർ (ഏപ്രിൽ 7, 1929 - ഫെബ്രുവരി 6, 2018). രൗദ്രവും ശംഗാരവും ഒരു പോലെ സമ്മേളിക്കുന്ന അഭിനയ പ്രധാനമായ തെക്കൻ കളരിസമ്പ്രദായ ചിട്ടകൾ പിൻതുടരുന്ന അദ്ദേഹം താടിവേഷങ്ങൾ ഒഴികെ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കൽപ്പനം എന്നിവ മടവൂരിന്റെ വേഷങ്ങളെ മികച്ചതാക്കുന്നു.[1][2]
മടവൂർ വാസുദേവൻനായർ | |
---|---|
ജനനം | ഏപ്രിൽ 7, 1929 |
മരണം | ഫെബ്രുവരി 6, 2018 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കഥകളി നടൻ |
അറിയപ്പെടുന്നത് | കഥകളി നടൻ |
ജീവിതപങ്കാളി(കൾ) | സാവിത്രിയമ്മ |
കുട്ടികൾ | മധു, മിനി ബാബു, ഗംഗാ തമ്പി |
തിരുവനന്തപുരം ജില്ലയിലെ മടവൂരിലാണ് ഇദ്ദേഹം ജനിച്ചത്. 1967 മുതൽ 1977 വരെ പത്തുവർഷക്കാലം കലാമണ്ഡലത്തിലെ തെക്കൻ കളരിയിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1978-ൽ തിരുവന്തപുരം ജില്ലയിലെ പകൽക്കുറിയിൽ തെക്കൻ കളരിയ്ക്കായി ഒരു കഥകളികേന്ദ്രം എം കെ കെ നായരുടെ പ്രത്യേക താല്പര്യത്തിൽ ആരംഭിച്ചു. 'കലാഭാരതി കഥകളി വിദ്യാലയം' എന്ന പ്രസ്തുത കഥകളികേന്ദ്രത്തിന്റെ പ്രഥമപ്രിൻസിപ്പാൾ മടവൂർ വാസുദേവൻ നായരായിരുന്നു. "ആവശ്യം വന്നാൽ ചേങ്ങിലയോ കൈമണിയോ എടുത്ത് അരങ്ങു നിയന്ത്രിക്കാൻ കഴിവുള്ള ആൾ" എന്ന് കെ പി എസ് മേനോൻ വിലയിരുത്തിയ മടവൂർ കർണ്ണാടകസംഗീതത്തിലും അവഗാഹമുള്ള പ്രതിഭയായിരുന്നു.[3] ഓൾ ഇന്ത്യാ റേഡിയോയിൽ കഥകളിപ്പദങ്ങൾ പാടിയിട്ടുണ്ട്. 2018 ഫെബ്രുവരി 6-ന് കൊല്ലം ജില്ലയിലെ അഞ്ചലിനടുത്ത് അഗസ്ത്യക്കോട് മഹാദേവക്ഷേത്രത്തിൽ കഥകളി അവതരിപ്പിച്ചുകൊണ്ടിരിക്കേ ഹൃദയാഘാതത്തെത്തുടർന്ന് വേദിയിൽ കുഴഞ്ഞുവീണ് അന്തരിച്ചു.രാവണവിജയം കഥകളിൽ രാവണവേഷം ആടിക്കൊണ്ടിരിക്കവെയാണ് കുഴഞ്ഞുവീണത്.
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം ജില്ലയിലെ മടവൂരിൽ കാരോട്ടു പുത്തൻവീട്ടിൽ രാമക്കുറുപ്പിന്റെയും കല്യാണി അമ്മയുടെയും മകനായി 1929 ഏപ്രിൽ ഏഴിനു ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ മടവൂർ പരമേശ്വരൻപിള്ളയുടെ ശിഷ്യനായി കഥകളി പഠനം ആരംഭിച്ച വാസുദേവൻ നായർ, കുറിച്ചി കുഞ്ഞൻ പണിക്കർ, ചെങ്ങന്നൂർ രാമൻപിള്ള എന്നിവരുടെ കീഴിൽ അഭ്യസനം തുടർന്നു. പതിനാറു വയസ്സുമുതൽ പന്ത്രണ്ടു വർഷം തുടർച്ചയായി ചെങ്ങന്നൂർ രാമൻ പിള്ളയുടെ കീഴിൽ ഗുരുകുല സമ്പ്രദായത്തിലാണ് പഠനം പൂർത്തിയാക്കിയതു്.[4] മുപ്പതു വയസ്സു വരെ മിനുക്കു വേഷങ്ങൾ അണിഞ്ഞിരുന്ന മടവൂർ പിന്നീട് ഗുരു രാമൻപിള്ളയുടെ പാത പിൻതുടർന്ന് കത്തി വേഷങ്ങൾ ചെയ്തു തുടങ്ങി. പച്ചയും കത്തിയും താടിയും മിനുക്കുവേഷങ്ങളുമെല്ലാം ഒരേ പ്രാഗൽഭ്യത്തോടെ അദ്ദേഹം അരങ്ങിൽ അവതരിപ്പിച്ചു. കലാമണ്ഡലത്തിലും പകൽക്കുറി കലാഭാരതിയിലും അധ്യാപകനായിരുന്ന മടവൂരിന് വലിയൊരു ശിഷ്യസമ്പത്തുമുണ്ട്. 2013 ഏപ്രിലിൽ ശതാഭിഷിക്തനായ മടവൂർ മരണം വരെയും അരങ്ങിൽ സജീവമായിരുന്നു.
അവസാനകാലത്ത് കൊല്ലം കാവനാട് കേളീമന്ദിരത്തിലാണ് താമസിച്ചിരുന്നത്. കഥകളി നടൻ എന്നതിനൊപ്പം തന്നെ കഥകളി സംഗീതത്തിലും മടവൂർ തന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ടു്. കലാമണ്ഡലത്തിലെ കഥകളി അദ്ധ്യാപകനായിരുന്നു.
കുടുംബം
തിരുത്തുകസാവിത്രിയമ്മയാണ് മടവൂരിന്റെ ഭാര്യ. പ്രശസ്ത ഭരതനാട്യം കലാകാരി ഗംഗാ തമ്പി മടവൂർ വാസുദേവൻ നായരുടെ പുത്രിയാണു്. മധു, മിനി ബാബു എന്നിവരാണ് മറ്റ് മക്കൾ.
പ്രസിദ്ധ വേഷങ്ങൾ
തിരുത്തുകരംഭാപ്രവേശം, രാവണൻ, തോരണയുദ്ധം, കല്യാണസൗഗന്ധികം എന്നിവയിലെ ഹനുമാൻ, തെക്കൻ രാജസൂയത്തിലെ ജരാസന്ധൻ (കത്തി), ഉത്തരാസ്വയംവരത്തിലെ ദുര്യോധനൻ, ദുര്യോധനവധത്തിലെ ദുര്യോധനൻ, കുചേലവൃത്തത്തിലെ കുചേലൻ എന്നീ വേഷങ്ങൾ പ്രസിദ്ധങ്ങളാണ്. ആദ്യ കാലത്ത് സ്ത്രീവേഷങ്ങളിൽ പ്രസിദ്ധനായിരുന്നു. ബാണയുദ്ധത്തിലെ അനിരുദ്ധൻ, സന്താനഗോപാലത്തിലെ അർജ്ജുനൻ, പട്ടാഭിഷേകത്തിലെ ഭരതൻ, ശങ്കരവിജയത്തിലെ ബാലശങ്കരൻ എന്നിവ മികച്ച വേഷങ്ങളായി കെ പി എസ് മേനോൻ എടുത്തുപറയുന്നുണ്ട്.[3]
പുരസ്കാരങ്ങൾ
തിരുത്തുക- പദ്മഭൂഷൺ
- കേന്ദ്രസംഗീതനാടക അക്കാദമി അവാർഡ്
- കേരള സംസ്ഥാന കഥകളി പുരസ്കാരം
- തുളസീവനം പുരസ്കാരം
- കലാമണ്ഡലം ഫെലോഷിപ്പ്
- കേരളകലാമണ്ഡലം അവാർഡ്
- കേന്ദ്രഗവൺമെന്റ് ഫെലോഷിപ്പ്
- കോട്ടക്കൽ ആര്യവൈദ്യശാലയുടെ “രംഗകുലപതി” അവാർഡ്
- കലാദർപ്പണ അവാർഡ്
- ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ സാംസ്കാരിക സമിതി അവാർഡ്
- 1997ൽ കേരള ഗവർണർ സുഖ്‌ദേവ് സിംഗ് കാംങ്ങിൽ നിന്നും വീരശൃംഖല.
അവലംബം
തിരുത്തുക- ↑ http://www.kathakali.info/node/340[പ്രവർത്തിക്കാത്ത കണ്ണി]
- ↑ നിഴൽക്കുത്തിന്റെ മുദ്രകളിൽ മടവൂർ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 Kathakali Vijnanakosam (encyclopedia), page 419
- ↑ "കല ജീവിതമാക്കി മടവൂർ". Archived from the original on 2018-02-10. Retrieved 2013-05-23.