ആദ്യ കാലങ്ങളിൽ ബോംബെ പ്രസിഡൻസിയുടെ അധികാര പരിധിക്കുള്ളിലായിരുന്നു മലബാർ പ്രദേശം.1800-ൽ മലബാർ പ്രദേശത്തെ മദ്രാസ് പ്രസിഡൻസിക്കു കീഴിലാക്കി മലബാറിനെ ഒരു ജില്ല ആക്കിത്തീർത്തു. ബ്രിട്ടീഷ് ബരണത്തിനു കീഴിൽ മലബാറിന് കേന്ദ്രീകൃത ഭരണരീതിയും പുരോഗതിയും കൈവന്നു. മലബാറിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നീതിനിർവഹണ പരിഷ്കാരങ്ങൾ ജനശ്രദ്ധയാകർഷിച്ചു. മലബാറിനെ രണ്ടു മേഖലയാക്കിത്തീർക്കുകയും ഓരോ സൂപ്രണ്ടിന്റെ കീഴിലാക്കുകയും ചെയ്തു. 1802-ൽ കോൺവാലീസ് നടപ്പാക്കിയ നിയമമനുസരിച്ച് ജുഡീഷ്യലും എക്സിക്ക്യൂട്ടീവുമായ അധികാരങ്ങൾ വേർതിരിക്കപ്പെട്ടു.കോടതികൾ ആരംഭിച്ചു.ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ജില്ലയിലെ ഗതാഗത സൗകര്യം വൻ പുരോഗതി നേടി.1861-നും 1907-നും ഇടയിൽ ജില്ലയിലെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ തീവണ്ടിപ്പാത നീണ്ടു.മലബാറിലെ വ്യാവസായിക രംഗം അഭിവൃതിപ്പെട്ടു.വൻകിട തോട്ടങ്ങൾ അവിടവിടെ സ്ഥാപിതമായി.1797-ൽ ഈസ്റ്റിന്ത്യാ കമ്പനി കണ്ണൂരിലെ അഞ്ചരക്കണ്ടിയിൽ സുഗന്ധസസ്യങ്ങളുടെ ഒരു തോട്ടമുണ്ടാക്കി.തോട്ടത്തിൽ പരീക്ഷണാർത്ഥം കാപ്പി,കറുവ,കുരുമുളക്,ജാതി തുടങ്ങിയവ കൃഷി ചെയ്തു.

വിദ്യാഭ്യാസംതിരുത്തുക

മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ചത് ബാസൽ മിഷനാണ്.അവർ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിച്ചു.ബാസൽ മിഷന്റെ ആഭിമുഖ്യത്തിൽ 1862-ൽ സ്ഥാപിതമായ ബ്രണ്ണൻ സ്കൂൾ പിന്നെ ബ്രണ്ണൻ കോളേജായി മാറി.മലബാർ ക്രിസ്റ്റൻ കോളേജ്,പാലക്കാട് വിക്ടോറിയ കോളേജ്,സാമൂതിരിയുടെ കോളജ്(ഇന്നത്തെ ഗുരുവായൂരപ്പൻ കോളേജ്) എന്നിവക്കെല്ലാം തുടക്കം കുറിച്ചത് ബ്രിട്ടീഷ് ഭരണകാലത്താണ്.1865-ലെ നഗര പരിഷ്കരണ നിയമമനുസരിച്ച് തലശ്ശേരി,കണ്ണൂർ,കോഴിക്കോട്,പാലക്കാട് പട്ടണങ്ങളെ മുനിസിപ്പാലിറ്റികളാക്കി.

മൈസൂർ സുൽത്താന്മാരുടെ കീഴിൽതിരുത്തുക

ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഹൈദരലിയുടേയും ടിപ്പുസുൽത്താന്റെയും നേതൃത്വത്തിലാണ് മൈസൂർ ആക്രമണങ്ങൾ നടന്നത്.1757-ൽ പാലക്കാട് രാജാവിന്റെ വകയായിരുന്ന നടുവട്ടം സാമൂതിരി പിടിച്ചെടുത്തപ്പോൾ പാലക്കാട് രാജാവായിരുന്ന കോമു അച്ഛന്റെ അഭ്യർത്ഥന മാനിച്ച് കേരളത്തിലെത്തി സാമൂതിരിയുടെ സൈന്യത്തെ തുരത്തിയതോടെയാണ് മൈസൂർ ആക്രമണകാരികളുടെ ജൈത്രയാത്ര ആരംഭിക്കുന്നത്.തുടർന്ന് അവർ കോലത്തു നാടും ചിറക്കലും കോട്ടയവും കീഴടക്കി.അധികം താമസിയാതെ സാമൂതിരിക്കും അടിയറവു പറയേണ്ടി വന്നു.പിടിച്ചെടുത്ത പ്രദേശങ്ങളിൽ മലയാളക്കരക്കു പരിചയമില്ലാത്ത വിധം നീതിയുടെയും സമാധാനത്തിന്റെയും പുതിയൊരു അന്തരീക്ഷം സൃഷ്ടിച്ചെടുത്തു. അക്കാലത്ത് മൈസൂർ സൈന്യം കൊച്ചിയെ ലക്ഷ്യം വച്ച് നീങ്ങുകയും കൊച്ചി രാജാവ് ഹൈദരലിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.എന്നാൽ അധിക നാാൾ കഴിയുന്നതിനു മുമ്പ് ഇംഗ്ലീഷ് സൈന്യം ഉത്തര മലബാർ മുഴുവൻ മൈസൂർ ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമാക്കുകയും അവിടത്തെ പഴയ ഭരണാധികാരികൾക്ക് അധികാരം തിരിച്ചു കൊടുക്കുകയും ചെയ്തു.മലബാറിൽ വീണ്ടും ആധിപത്യം സ്ഥാപിക്കാൻ ഹൈദരലി തന്റെ മകനായ ടിപ്പു സുൽത്താനെ നിയോഗിച്ചു.1782-ൽ ഹൈദരലി അന്തരിച്ചു.

ടിപ്പുവിന്റെ വരവ്തിരുത്തുക

രണ്ടാം-ആംഗ്ലോ മൈസൂർ യുദ്ധത്തിനു ശേഷം മലബാർ വീണ്ടും മൈസൂരിന്റെ കൈകളിലായി.എന്നാൽ മലബാറിലെ മൈസൂർ വിരുദ്ധ കലാപങ്ങളുടെ ഫലമായി ടിപ്പു മലബാറിന്റെ ഭരണം നേരിട്ടേറ്റെടുത്തു.നാനാജാതി മത വിഭാഗങ്ങൾക്കിടയിൽ ഐക്യവും സമാധാനവും കെട്ടിപ്പടുക്കാൻ ടിപ്പു ആവതു ശ്രമിച്ചു.1789-ൽ ടിപ്പു സൈന്യം തിരുവിതാംകൂർ ആക്രമിച്ചെങ്കിലും ആ രാജ്യത്തെ തോൽപ്പിക്കാൻ കഴിഞ്ഞില്ല.എന്നാൽ 1790-ൽ മൈസൂർ സൈന്യം ചില മുന്നേറ്റങ്ങൾ നടത്തി.ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം അറിഞ്ഞ ബ്രിട്ടീഷികാർ തിരുവിതാംകൂറിലേക്ക് ബ്രിട്ടീഷ് പട്ടാളത്തെ അയക്കുകയും മൈസൂർ ആക്രമിക്കുകയും ചെയ്തു.അതിനാൽ സ്വന്തം രാജ്യത്തെ രക്ഷിക്കാൻ ടിപ്പു അങ്ങോട്ടു പോയി.ശ്രീരംഗ പട്ടണം യുദ്ധത്തിൽ ടിപ്പു ബ്രിട്ടീഷുകാരോട് തോൽക്കുകയും ഉടമ്പടിയനുസരിച്ച് മലബാർ ഔപചാരികമായി ബ്രിട്ടീഷുകാർക്ക് ലഭിക്കുകയും ചെയ്തു.1799-ൽ ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റ് ടിപ്പു സുൽത്താൻ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചു.

അവലംബംതിരുത്തുക

മാതൃഭൂമി ഇയർബുക്ക് 2013

"https://ml.wikipedia.org/w/index.php?title=ബ്രിട്ടീഷ്_മലബാർ&oldid=3515687" എന്ന താളിൽനിന്ന് ശേഖരിച്ചത്