ബുക്ക് ഓഫ് കോമൺ പ്രെയർ
ആംഗ്ലിക്കൻ ക്രിസ്തീയതയിലെ പ്രാർത്ഥനാമഞ്ജരിയാണ് ദ ബുക്ക് ഓഫ് കോമൺ പ്രെയർ (The Book of Common Prayer). ആംഗ്ലിക്കൻ കൂട്ടായ്മയിലും (Anglican Communion) ആംഗ്ലിക്കൻ തുടർസഭകളിലും (Continuing Anglican) ആംഗ്ലിക്കൻ നവസഖ്യത്തിലും (Anglican realignment) പ്രചാരത്തിലിരിക്കുന്ന പരസ്പരബന്ധമുള്ള പ്രാർത്ഥനപ്പുസ്തകങ്ങളുടെ പൊതുനാമമാണത്. റോമൻ കത്തോലിക്കാസഭയിൽ നിന്നുള്ള വേർപിരിയലിനെ തുടർന്നു നടന്ന ഇംഗ്ലീഷ് മതനവീകരണത്തിന്റെ ഭാഗമായി രൂപപ്പെട്ട ഇതിന്റെ ആദിഗ്രന്ഥം എഡ്വേർഡ് ആറാമൻ രാജാവിന്റെ ഭരണകാലത്ത് 1549-ലാണ് വെളിച്ചം കണ്ടത്. കാന്റർബറിയിലെ മെത്രാപ്പോലീത്ത തോമസ് ക്രാന്മർ ആയിരുന്നു അതിന്റെ മുഖ്യരചയിതാവ്.[1][2]
'ആദിഗ്രന്ഥം'
തിരുത്തുകലത്തീനിലും ഇംഗ്ലീഷിലും ജർമ്മനിലുമുള്ള ഒട്ടേറെ സ്രോതസ്സുകളുടെ ആശ്രയത്തിൽ എഴുതപ്പെട്ട ആദ്യകൃതിയുടെ കർത്തൃത്വം അവ്യക്തമായിരിക്കുന്നു. എങ്കിലും അതിലെ ശൈലിയുടെ സമാനത ഒരു മുഖ്യരചയിതാവിനെ സൂചിപ്പിക്കുന്നു. കാന്റർബറിയിലെ മെത്രപ്പോലീത്തയും ഇംഗ്ലീഷ് മതനവീകരണത്തിന്റെ നായകന്മാരിൽ ഒരാളുമായിരുന്ന തോമസ് ക്രാന്മർ ആയിരുന്നു അതെന്നാണ് പൊതുവേ കരുതപ്പെടുന്നത്.[3][4][5]ഞായറാഴ്ചകളിലേയും മറ്റു ദിവസങ്ങളിലേയും ആരാധനയുടെ സമ്പൂർണ്ണമുറ ഉൾക്കൊണ്ട് ഇംഗ്ലീഷ് ഭാഷയിൽ ഇറങ്ങിയ ആദ്യഗ്രന്ഥമായ അതിൽ പ്രാഭാതപ്രാർത്ഥന, സായാഹ്നപ്രാർത്ഥന ലുത്തിനിയ, ദിവ്യകാരുണ്യം എന്നിവയുടേയും, ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, വിവാഹം, രോഗീലേപനം, ശവസംസ്കാരശുശ്രൂഷ തുടങ്ങിയ വിശേഷകർമ്മങ്ങളുടേയും മുറകൾ അടങ്ങിയിരുന്നു. ആരാധനാമുറവർഷത്തിൽ (Liturgical Year) കാലത്തിനനുസരിച്ച് മാറിവരുന്ന പ്രാർത്ഥനകളും അതിന്റെ ഭാഗമാണ്. ആണ്ടുവട്ടം മുഴുവനിലേയും ആരാധനയിലെ വായനക്കുള്ള ബൈബിൾ പാഠങ്ങളുടേയും ആലാപനത്തിനുള്ള ഗീതങ്ങളുടേയും പട്ടികയും അതിൽ ചേർത്തിരിക്കുന്നു.
മാറ്റങ്ങൾ
തിരുത്തുക1549-ലെ ആദ്യരചനയുടെ ഒരു നവീകൃതരൂപം ക്രാന്മറുടെ തന്നെ സംശോധനയിൽ 1552-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. എങ്കിലും എഡ്വേഡ് ആറാമന്റെ മരണത്തെ തുടർന്ന് 1953-ൽ അധികാരത്തിൽ വന്ന സഹോദരി മേരിരാജ്ഞി ഇംഗ്ലണ്ടിൽ റോമൻ കത്തോലിക്കാവിശ്വാസം പുനഃസ്ഥാപിച്ചതിനെ തുടർന്ന് ഈ പുതിയ പതിപ്പ് ഉപയോഗിക്കാതെയായി. 1558-ൽ മേരിയെ പിന്തുടന്ന് ഭരണമേറ്റ ഒന്നാം എലിസബത്തു രാജ്ഞിയുടെ കാലത്ത് കോമൺ പ്രെയറിന്റെ പരിഷ്കരിച്ച പതിപ്പ്, കൂടുതൽ യാഥാസ്ഥിതികരായ വിശ്വാസികളെ തൃപ്തിപ്പെടുത്താൽ പോന്ന മാറ്റങ്ങളോടെ പുനഃസ്ഥാപിക്കപ്പെട്ടു. 1604-ൽ ജെയിംസ് ഒന്നാമൻ രാജാവ് ഈ പ്രാർത്ഥനാസമാഹാരം വീണ്ടും പരിഷ്കരിച്ചു. പുസ്തകത്തിലെ വേദോപദേശഭാഗത്ത് ചേർത്ത കൂദാശകളെ സംബന്ധിച്ച ഭാഗമായിരുന്നു പ്രധാന മാറ്റം. ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് ഈ കൃതിയുടെ പരിഷ്കരിച്ച മറ്റൊരു പതിപ്പ് 1662-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ആ പതിപ്പ് ആംഗ്ലിക്കൻ ആരാധനാമുറയുടെ ഔദ്യോഗികപാഠമായി പ്രതിഷ്ഠനേടി.
കത്തോലിക്കാ ആരാധനയുടെ രൂപഭാവങ്ങളും ബൈബിളിനു പ്രാമുഖ്യം കൊടുത്ത പ്രൊട്ടസ്റ്റന്റു ക്രിസ്തീയതയും ബുക്ക് ഓഫ് കോമൺ പ്രെയറിൽ സംഗമിക്കുന്നു. വിശ്വസത്തിൽ അതു പിന്തുടരുന്നത് മദ്ധ്യമാർഗ്ഗമാണ്. വിശുദ്ധ കുർബാനയിലെ യേശുവിന്റെ സത്യസാന്നിദ്ധ്യത്തെ ഏറ്റുപറയുന്ന അത് അപ്പത്തിന്റേയും വീഞ്ഞിന്റേയും 'പദാർത്ഥാന്തരീകരണത്തെ' (Transubstantiation) സംബന്ധിച്ച കത്തോലിക്കാ സിദ്ധാന്തത്തെ തള്ളിപ്പറയുന്നു.[6]
പ്രാധാന്യം
തിരുത്തുകഈ കൃതിയിൽ ക്രാന്മർ ഉപയോഗിച്ച ലളിതസുന്ദരമായ ഭാഷ തലമുറകളുടെ ആവർത്തനത്തിനുശേഷവും പുതുമയോടെ നിലനിൽക്കുന്നു. ഇതിന്റെ സൃഷ്ടിയിൽ അദ്ദേഹത്തിന്റെ വിശ്വാസതീക്ഷ്ണതയും സൗന്ദര്യബോധവും സഹകരിച്ചു.[4] വിശ്വാസിസമൂഹം ഒത്തുചേർന്നവതരിപ്പിക്കുന്ന അനുഷ്ഠാനനാടകമാണ് (Liturgical Drama) ഈ പ്രാർത്ഥനാമഞ്ജരി വഴി ക്രാന്മർ പിൻതലമുറകൾക്കും ഇംഗ്ലീഷ് ഭാഷക്കും സമ്മാനിച്ചത്. ബൈബിളിന്റെ കിങ് ജെയിംസ് പരിഭാഷയേയും ഷെയ്ക്സ്പിയറുടെ രചനകളേയും പോലെ ഇംഗ്ലീഷ് ഭാഷയുടേയും സംസ്കാരത്തിന്റേയും വികാസത്തേയും സ്വഭാവത്തേയും ആഴത്തിൽ സ്വാധീനിച്ച കൃതിയാണ് ബുക്ക് ഓഫ് കോമൺ പ്രെയർ. അതിലെ പ്രാർത്ഥനകൾ ഷെയ്ക്സ്പിയർ നാടകങ്ങളിലെ പ്രഭാഷണങ്ങളേയും, നാടകീയസ്വഗതങ്ങളേയുംകാൾ (soliloquy) ലോകമെമ്പാടും ആവർത്തിക്കപ്പെടുന്നു. ക്രാന്മറുടെ കാലത്ത് യൂറോപ്യൻ ഭാഷകളിൽ താരതമ്യേന അപ്രധാനമായിരുന്ന ഇംഗ്ലീഷിനു പിൽക്കാലത്ത് ആഗോളതലത്തിൽ നേടാനായ പ്രചാരത്തിനൊപ്പം അദ്ദേഹത്തിന്റെ രചനയുടെ പ്രാധാന്യവും വളർന്നു.[3]
ഈ പ്രാർത്ഥനാഗ്രന്ഥം ആംഗ്ലിക്കൻ ക്രിസ്തീയതയ്ക്ക് ഐക്യവും ദിശാബോധവും നൽകുന്നു.[6] പല നാടുകളിലും ആഗ്ലിക്കൻ പശ്ചാത്തലമുള്ള സഭകളിലെ ഞായറാഴ്ച ആരാധന മറ്റു പ്രാർത്ഥനാഗ്രന്ഥങ്ങളെ ആശ്രയിച്ചാണെങ്കിലും പൊതുപ്രാർത്ഥനാഗ്രന്ഥം വിവിധതരമായ മാറ്റങ്ങളോടെ ആംഗ്ലിക്കൻ കൂട്ടായ്മക്കുള്ളിലും പുറത്തുമായി 50-ഓളം രാജ്യങ്ങളിൽ 150-ഓളം ഭാഷകളിലും പ്രചാരത്തിലിരിക്കുന്നു. ആംഗ്ലിക്കൻ ക്രിസ്തീയതക്കു പുറമേയുള്ള ലൂഥറൻ, മെഥഡിസ്റ്റ്, പ്രിസ്ബിറ്റേറിയൻ സഭകളിലെ പ്രാർത്ഥനാമഞ്ജരികളും ബുക്ക് ഓഫ് കോമൺ പ്രെയറിയിൽ നിന്നു കടമെടുത്തിട്ടുണ്ട്. ആംഗ്ലിക്കൻ സമാഹാരത്തിലെ വിവാഹ, ശവസംസ്കാരശുശ്രൂഷാമുറകൾ ഇതരക്രിസ്തീയതകളേയും സ്വാധീനിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, "എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി" (പുറങ്ങൾ 806-807)
- ↑ God Talk, 2912 ഒക്ടോബർ 220ലെ ദ ന്യൂ യോർക്കർ വാരികയിൽ ജെയിംസ് വുഡ് എഴുതിയ ലേഖനം
- ↑ 3.0 3.1 "ക്രിസ്റ്റ്യാനിറ്റി: ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ്" - ഡയർമെയ്ഡ് മക്കല്ലക്ക് (പുറങ്ങൾ 630-32)
- ↑ 4.0 4.1 വിൽ ഡുറാന്റ് "ദ റിഫർമേഷൻ", സംസ്കാരത്തിന്റെ കഥ(നാലാം ഭാഗം - പുറം 580)
- ↑ വിവിയൻ ഗ്രീൻ, "എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി" (പുറം 147) "...much of it compiled personally by Cranmer..."
- ↑ 6.0 6.1 ജോൺ എ ഹച്ചിസ്സൺ, "Paths of Faith" (പുറം 544)
അധികവായനയ്ക്ക്
തിരുത്തുക- ബുക്ക് ഓഫ് കോമൺ പ്രെയർ, 1662-ലെ പതിപ്പ്
- Everyman's History of the Prayerbook പെഴ്സി ഡിയർമർ