സ്ഥൈര്യലേപനം
കത്തോലിക്കാസഭയിലെ കൂദാശകളിലൊന്നാണ് സ്ഥൈര്യലേപനം. പൗരസ്ത്യസഭകൾ തൈലാഭിഷേകം എന്നാണ് ഈ കൂദാശയെ വിളിക്കുന്നത്. ഈ കൂദാശയിലൂടെ ഒരു വ്യക്തി തൻറെ ക്രൈസ്തവവിശ്വാസത്തിൽ സ്ഥിരപ്പെടുകയും സധൈര്യം അത് പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഈ വസ്തുതയെയാണ് സ്ഥൈര്യലേപനം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് അത് മാമ്മോദീസയുടെ സ്ഥിരീകരണമാണ്, മാമ്മോദീസയിലൂടെ ലഭിച്ച കൃപാവരത്തിൻറെ ശക്തപ്പെടുത്തലാണ് (മതബോധനഗ്രന്ഥം 1289). മൂറോൻ തൈലംകൊണ്ട് അഭിഷേകം ചെയ്താണ് ഈ കൂദാശ പരികർമ്മം ചെയ്യുന്നത്. ഈ വസ്തുതയ്ക്ക് ഊന്നൽ നല്കിക്കൊണ്ട് പൗരസ്ത്യസഭകൾ ഈ കൂദാശയെ തൈലാഭിഷേകമെന്നു വിളിക്കുന്നു. ഈ കൂദാശയിലൂടെ ജ്ഞാനവും ദൈവികശക്തിയും ഒരു വിശ്വാസിക്ക് നൽകി ദൈവരാജ്യ സാക്ഷിയാകുവാൻ ആ മനുഷ്യനെ ഒരുക്കുന്നു. ഈ കൂദാശവഴി പരിശുദ്ധാരൂപി ഒരു വ്യക്തിയിൽ പ്രവർത്തനനിരതനാകുന്നു. പരിശുദ്ധാരൂപിയുടെ വരങ്ങൾക്കും ദാനങ്ങൾക്കുംവേണ്ടി പ്രത്യേകം പ്രാർത്ഥനകൾ ഈ കൂദാശയുടെ പരികർമ്മത്തിനോട് അനുബന്ധിച്ച് എല്ലാ ആരാധനാക്രമപാരമ്പര്യങ്ങളിലുമുണ്ട്. ലത്തീൻ റീത്തിൽ മെത്രാനാണ് സ്ഥൈര്യലേപനത്തിൻറെ കാർമ്മികൻ. ഈ കൂദാശവഴിയായി ശ്ലീഹന്മാരുടെ പിൻഗാമിയായ മെത്രാനുമായി വിശ്വാസിക്ക് ഉണ്ടാകുന്ന സവിശേഷമായ ഐക്യത്തിന് ഊന്നൽ നല്കാൻ കൂടിയാണ് ഈ കൂദാശയുടെ കാർമ്മികർ മെത്രാൻമാരായി ലത്തീൻക്രമത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നത് (മതബോധനഗ്രന്ഥം 1292). ചില സാഹചര്യങ്ങൾ പ്രത്യേകം അനുവാദം ലഭിച്ച വൈദികരും ലത്തീൻക്രമത്തിൽ സ്ഥൈര്യലേപനം നല്കാറുണ്ട്. എന്നാൽ പൗരസ്ത്യസഭകളിൽ വൈദികരാണ് ഈ കൂദാശയുടെ കാർമ്മികർ. കൂടാതെ പൗരസ്ത്യസഭകൾ മാമ്മോദീസ, തൈലാഭിഷേകം (സ്ഥൈര്യലേപനം), പരിശുദ്ധകുർബാന എന്നീ മൂന്നു കൂദാശകൾ ശിശുവിന് ഒരുമിച്ച് പരികർമ്മം ചെയ്തുനല്കുന്നു. അതുകൊണ്ട് ഇവ മൂന്നിനെയും പ്രാരംഭകൂദാശ എന്നാണ് പൗരസ്ത്യസഭകൾ വിളിക്കുന്നത്. ക്രിസ്തീയജീവിതപൂർണതയിലേക്ക് ഒരു ശിശു പ്രവേശിക്കുന്നു എന്ന വസ്തുതയ്ക്കാണ് പ്രാരംഭകൂദാശയുടെ (മാമ്മോദീസ, തൈലാഭിഷേകം, പരിശുദ്ധകുർബാന എന്നീ മൂന്നു കൂദാശകൾ ഒരുമിച്ചു സ്വീകരിച്ചുകൊണ്ട്) പരികർമ്മംവഴി പൗരസ്ത്യസഭകൾ ഊന്നൽ കൊടുക്കുന്നത്. ഈ കൂദാശ സ്വീകരിക്കുന്ന വ്യക്തിയിൽ അക്ഷയവും ശാശ്വതവുമായ അഴിയാമുദ്ര പതിയുന്നതു മൂലം ഒരിക്കൽ മാത്രമേ ഈ കൂദാശ സ്വീകരിക്കുവാൻ പാടുള്ളു. കൂദാശ വീണ്ടും സ്വീകരിക്കുന്നത് വിശ്വാസപ്രകാരം, അറിഞ്ഞുകൊണ്ട് ദൈവത്തിനും കൂദാശക്കും ആക്ഷേപവും അപമാനവും വരുത്തുന്നതു മൂലം ഗൗരവമായ പാപത്തിൽ വീഴുന്നതിന് കാരണമായി ഭവിക്കുന്നു. ഇതിനു കാരണമെന്ന് വിശ്വസിക്കപ്പെടുന്നത് കൂദാശയുടെ സ്വീകരണത്തിലൂടെ ശാശ്വതമായ ഫലം പുറപ്പെടുവിക്കാൻ കഴിയില്ലെന്നൊ, പുറപ്പെടുവിച്ച ഫലം നശിക്കപ്പെട്ടെന്നോ കാണിക്കുന്നതിനാൽ ഇത് ഗൗരവകരമായ പാപമായി മാറുന്നു.
പരിശുദ്ധമായ ജീവിതം നയിക്കുന്നവർക്കും കൂദാശയെക്കുറിച്ചും ക്രിസ്തു രഹസ്യത്തെക്കുറിച്ചും സഭാരഹസ്യത്തെക്കുറിച്ചുമുള്ള ആഴമായ അറിവുള്ളവരുമാണ് ഈ കൂദാശ സ്വീകരിക്കുവാൻ യോഗ്യരായവർ. കൂദാശാസ്വീകരണം വഴി അനശ്വരമായ ജ്ഞാനമുദ്രയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ദൈവവരപ്രസാദവും ദൈവരാജ്യപ്രഘോഷണത്തിന് വേണ്ട ധൈര്യവും ലഭ്യമാകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
കൂടുതൽ വായനയ്ക്ക്
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Waking Up Catholic – RCIA and Adult Confirmation Archived 2017-09-15 at the Wayback Machine.
- Church Fathers on Confirmation Archived 2010-10-04 at the Wayback Machine.
- Catholic Sacrament of Confirmation – Initiation
- Information and Forum for Roman Catholics About to Receive Confirmation
- Catholic Encyclopedia – Catholic teaching on Confirmation
- Catechism of Filaret, 307–314 – Eastern Orthodox teaching on Confirmation/Unction with Chrism/Chrismation
- Anglican teaching on Confirmation Archived 2016-06-02 at the Wayback Machine.