പതിനാറാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് മതനവീകരണത്തിന്റെ നായകന്മാരിൽ പ്രമുഖനും കാന്റർബറിയിലെ മെത്രാപ്പോലീത്തയും ആയിരുന്നു തോമസ് ക്രാന്മാർ. ഹെൻറി എട്ടാമൻ, എഡ്വേഡ് ആറാമൻ എന്നീ രാജാക്കന്മാരുടെ കാലത്തും ഒന്നാം മേരി രാജ്ഞിയുടെ ഭരണത്തിന്റെ തുടക്കത്തിലുമായിരുന്നു അദ്ദേഹം മെത്രാപ്പോലീത്താ സ്ഥാനം വഹിച്ചിരുന്നത്. അരഗണിലെ കാഥറീൻ രാജ്ഞിയിൽ നിന്നുള്ള ഹെൻറിയുടെ വിവാഹമോചനത്തെ പിന്തുണച്ച ക്രാന്മർ അതുവഴി റോമൻ കത്തോലിക്കാ വഴക്കത്തിൽ നിന്നുള്ള ഇംഗ്ലീഷ് ക്രിസ്തീയതയുടെ വേർപിരിയലിനു വഴിയൊരുക്കി. എസ്സക്സിലെ പ്രഭു തോമസ് ക്രോംവെല്ലിനൊപ്പം അദ്ദേഹവും, രാഷ്ട്രീയാധികാരസീമകൾക്കുള്ളിൽ മതത്തിന്റെ നേതൃത്വം രാജാക്കന്മാർക്കായിരിക്കണം എന്ന രാജമേധാവിത്വവാദത്തെ (Royal Supremacy) പിന്തുണച്ചു. ആംഗ്ലിക്കൻ ധാർമ്മികതയേയും ഇംഗ്ലീഷ് ഭാഷയെ തന്നെയും ആഴത്തിൽ സ്വാധീനിച്ച ബുക്ക് ഓഫ് കോമൺ പ്രെയർ എന്ന കൃതിയുടെ മുഖ്യശില്പിയാണ് ക്രാന്മർ.

തോമസ് ക്രാന്മർ
കാന്റർബറി മെത്രാപ്പോലീത്ത
ജെറാൾഡ് ഫ്ലിക്കെ 1545-ൽ വരച്ച ചിത്രം
സ്ഥാനാരോഹണം3 ഡിസംബർ 1533
ഭരണം അവസാനിച്ചത്4 ഡിസംബർ 1555
മുൻഗാമിവില്യം വാർഹാം
പിൻഗാമിറെജിനാൾഡ് പോൾ
മെത്രാഭിഷേകം30 മാർച്ച് 1533
വ്യക്തി വിവരങ്ങൾ
ജനനം2 ജൂലൈ 1489
അസ്ലോക്ക്ടൺ, നോട്ടിങ്ങാംഷർ, ഇംഗ്ലണ്ട്
മരണം21 മാർച്ച് 1556 (വയസ്സ് 66)
ഓക്സ്ഫോർഡ്ഷയർ, ഇംഗ്ലണ്ട്
കബറിടംവധശിക്ഷക്കു ശേഷം ചാരം തൂവിക്കളഞ്ഞു
ദേശീയതഇംഗ്ലീഷ്
വിഭാഗംആംഗ്ലിക്കൻ
ഉദ്യോഗംകാന്റർബറി മെത്രാപ്പോലീത്ത
വിദ്യാകേന്ദ്രംജീസസ് കോളജ്, കേംബ്രിഡ്ജ്

ആദ്യകാലം തിരുത്തുക

ഇടത്തരം കുടുംബപശ്ചാത്തലമുള്ള തോമസ് ക്രാന്മറും ആഗ്നസ് ക്രാന്മറുമായിരുന്നു തോമസ് ക്രാന്മറുടെ മാതാപിതാക്കൾ. കുടുംബസ്വത്ത് അവരുടെ മൂത്തമകന്റെ അവകാശമായതിനാൽ, തോമസും രണ്ടാമത്തെ സഹോദരൻ എഡ്മണ്ടും വൈദികവൃത്തിയിലേക്കു തിരിഞ്ഞു. ക്രാന്മറുടെ ബാല്യകാലവിദ്യാഭ്യാസത്തിന്റെ ചിത്രം വ്യക്തമല്ല. ഗ്രാമത്തിലെ ഗ്രാമർ സ്കൂളിലാകാം അദ്ദേഹം പഠിച്ചത്. പതിനാലാമത്തെ വയസ്സിൽ ക്രാന്മർ കേംബ്രിഡ്ജിലെ ജീസസ് കോളജിൽ ചേർന്നു. ലോജിക്കും പൗരാണികസാഹിത്യവും തത്ത്വചിന്തയും എല്ലാം അടങ്ങിയ ഒരു പഠനപദ്ധതി പിന്തുടർന്ന അദ്ദേഹം ബാച്ചിലർ ബിരുദത്തിലെത്തിയത് നീണ്ട എട്ടുവർഷം കൊണ്ടാണ്. ഇക്കാലത്ത് ക്രാന്മർ മദ്ധ്യയുഗങ്ങളിലെ സ്കൊളാസ്റ്റിക് ചിന്താപാരമ്പര്യത്തിലെ ഗ്രന്ഥങ്ങൾ ശേഖരിക്കാൻ തുടങ്ങി. ഇവ അദ്ദേഹം ജീവിതകാലം മുഴുവൻ കാത്തുപോന്നു. മാസ്റ്റേഴ്സ് ബിരുദത്തിനു ശ്രമിച്ച ക്രാന്മർ, പഠനവിഷയത്തിൽ മാറ്റം വരുത്തി. അതിനാൽ ഇറാസ്മസ് ഉൾപ്പെടെയുള്ള ഹ്യൂമനിസ്റ്റ് ചിന്തകന്മാരെക്കുറിച്ചായി മാസ്റ്റേഴ്സ് പഠനം. മാസ്റ്റേഴ്സ് പെട്ടെന്ന് പൂർത്തിയാക്കിയ അദ്ദേഹം മൂന്നു വർഷം കൊണ്ട് 1515-ൽ ബിരുദം നേടി. തുടർന്ന് ക്രാന്മർ കേംബ്രിഡ്ജിലെ ജീസസ് കോളജിൽ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു.

വിവാഹം, പൗരോഹിത്യം തിരുത്തുക

മാസ്റ്റേഴ്സ് പഠനത്തിനിടയിൽ ക്രാന്മർ ജോവാൻ എന്നു പേരായ ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതു പരസ്യമായതോടെ അദ്ദേഹത്തിനു ജീസസ് കോളജിലെ ഫെലോഷിപ്പും താമസസൗകര്യവും നഷ്ടമായി. കുടുംബത്തെ പോറ്റാനായി ക്രാന്മർ മറ്റൊരു കോളജിലെ അദ്ധ്യാപകനായി. താമസിയാതെ ഭാര്യ ജൊവാൻ മരിച്ചതോടെ അദ്ദേഹത്തിനു ജീസസ് കോളജിലെ പദവികൾ തിരികെ കിട്ടി. താമസിയാതെ ദൈവശാസ്ത്രപഠനം തുടങ്ങിയ ക്രാന്മർ 1520-ൽ പുരോഹിതനായി. കേംബ്രിഡ്ജ് സർവകലാശാല അദ്ദേഹത്തെ അതിന്റെ പ്രഭാഷകന്മാരിൽ ഒരാളായി തെരഞ്ഞെടുത്തു. 1526-ൽ ക്രാന്മർക്ക് ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം ലഭിച്ചു. കേബ്രിഡ്ജിൽ ചെലവഴിച്ച മുപ്പതുവർഷക്കാലത്തെ ക്രാന്മറുടെ ചിന്തയുടെ സ്വഭാവം വ്യക്തമല്ല. ബൈബിൾ പഠനത്തിൽ അഗാധമായ താത്പര്യം പ്രകടിപ്പിച്ച മാനവീയതാവാദം ആയിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ നിലപാടെന്നും, ഇത് 1520-കളിൽ പ്രചരിച്ചുകൊണ്ടിരുന്ന ലൂഥറുടെ ആശയങ്ങളോടടുക്കാൻ ക്രാന്മറെ സഹായിച്ചെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ അക്കാലത്തെ ചില കുറിപ്പുകൾ സൂചിപ്പിക്കുന്നത് ആദ്യകാലത്ത് ലൂഥറുടെ ആശയങ്ങളോട് ക്രാന്മർക്കുണ്ടായിരുന്ന അകൽച്ചയും ഇറാസ്മസിനോടു കാട്ടിയ സഹമതിയും ആണ്.

അധികാരത്തിലേയ്ക്ക് തിരുത്തുക

അക്കാലത്ത് ഹെൻട്രി എട്ടാമന്റെ മുഖ്യസചിവനായിരുന്ന കർദ്ദിനാൾ വുൾസി, പല കേംബ്രിഡ്ജ് പണ്ഡിതന്മാരേയും യൂറോപ്പിലെ നയതന്ത്രപദവികൾക്കായി തെരഞ്ഞെടുത്തപ്പോൾ, ക്രാന്മർക്കും ഇംഗ്ലണ്ടിന്റെ സ്പെയിനിലെ എംബസ്സിയിൽ ഒരു താഴ്ന്ന പദവി കിട്ടി. ഈയിലെ കണ്ടുകിട്ടിയ ക്രാന്മറുടെ രണ്ടു കത്തുകളിൽ, അദ്ദേഹവും ഹെൻറി എട്ടാമനുമൻ രാജാവുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയുടെ സൂചനയുണ്ട്. 1527-ൽ ജൂണിലെ നിന്നു മടങ്ങി വന്ന ക്രാന്മർ ചക്രവർത്തിയുമായി അരമണിക്കൂർ കൂടിക്കാഴ്ച നടത്തി. രാജാക്കന്മാരിൽ എറ്റവും ദയാലു എന്നാണ് ഹെൻറിയെ ക്രാന്മർ പുകഴ്ത്തുന്നത്.

1529-ൽ, അരഗണിലെ കാഥറീൻ രാജ്ഞിയിൽ നിന്നുള്ള ഹെൻറി എട്ടാമന്റെ വിവാഹമോചനശ്രമം വലിയ ചർച്ചാവിഷയമായിരുന്നു. ഹെൻറിയുടെ ആഗ്രഹം ബൈബിളിന്റെ പ്രബോധനങ്ങൾക്കിണങ്ങുന്നതാണോ എന്ന പ്രശ്നവും ഉന്നയിക്കപ്പെട്ടിരുന്നു. സുഹൃത്തുക്കളുമായുള്ള ഒരു ചർച്ചക്കിടെ, ഈ വിഷയം യൂറോപ്യൻ സർവകലാശാലകളിലെ പണ്ഡിതന്മാരുടെ പരിഗണനയ്ക്കു സമർപ്പിക്കണം എന്ന ആശയം ക്രാന്മർ മുന്നോട്ടുവച്ചു. ഈ നിർദ്ദേശം രാജാവിന് ആകർഷകരമായി തോന്നി. ക്രാന്മറെ രാജവിന്റെ സവിശേഷശ്രദ്ധയിൽ കൊണ്ടുവരാൻ ഇതു കാരണമായി.

1532 ഒക്ടോബർ 1-ന് ഇറ്റലിയിലായിരിക്കെ ക്രാന്മർക്ക് ഹെൻറി എട്ടാമന്റെ ഒരു കത്തു കിട്ടി. കാന്റർബറിയിലെ മെത്രാപ്പോലീത്ത വില്യം വാർഹാമിന്റെ മരണത്തെ തുടർന്ന് ആ പദവിയിൽ ക്രാന്മറുടെ നിയമനം അറിയിക്കുന്ന കത്തായിരുന്നു അത്. താമസിയാതെ ക്രാന്മർ ഇംഗ്ലണ്ടിൽ മടങ്ങിയെത്തി. കാഥറീനു പകരം ഹെൻറി വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ആനി ബോളിന്റെ കുടുംബത്തിന്റെ സ്വാധീനം മൂലമായിരുന്നു ഈ നിയമനം. താരതമ്യേന അപ്രധാനമായ പദവിയിലിരുന്ന ക്രാന്മറുടെ ഈ നിയമനം അപ്രതീക്ഷിതമായിരുന്നു.

നവീകർത്താവ് തിരുത്തുക

കാന്റർബറിയിലെ മെത്രാപ്പോലീത്താ ആയിരിക്കെ ക്രാന്മർ ഇംഗ്ലീഷ് നവീകൃതസഭയ്ക്ക് പ്രബോധനപരവും അനുഷ്ഠാനപരവുമായ ചട്ടക്കൂടുകൾ രൂപപ്പെടുത്തി. ഹെൻറി എട്ടാമന്റെ കാലത്ത് യാഥാസ്ഥിതികരും നവീകരണവാദികളും തമ്മിലുള്ള അധികാരമത്സരം നിലനിന്നിരുന്നതിനാൽ സഭയിൽ അദ്ദേഹം മൗലികമായ മാറ്റങ്ങൾക്കു തുനിഞ്ഞില്ല. എന്നാൽ ഹെൻറിയുടെ കാലത്തു തന്നെ പ്രബോധങ്ങളും ലുത്തിനിയയും എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ ഔദ്യോഗിക ആരാധനാഗ്രന്ഥം ക്രാന്മർ പ്രസിദ്ധീകരിച്ചു.

ബാലപ്രായത്തിൽ അധികാരത്തിലെത്തിയ എഡ്വേർഡ് രാജാവിന്റെ കാലത്ത് ക്രാന്മർ സഭയിൽ വ്യാപകമായ മാറ്റങ്ങൾക്കു മുൻകൈയ്യെടുത്തു. ഇംഗ്ലീഷ് സഭയുടെ പ്രാർത്ഥനാമുറകളുടേയും വിശ്വാസങ്ങളുടേയും സഞ്ചയമായ ബുക്ക് ഓഫ് കോമൺ പ്രെയറിന്റെ ആദ്യത്തെ രണ്ടു പതിപ്പുകൾ ഇക്കാലത്ത് അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിൽ അഭയാർത്ഥികളായിരുന്ന യൂറോപ്യൻ നവീകർത്താക്കളുടെ സഹായത്തോടെ അദ്ദേഹം, വിശുദ്ധ കുർബാന, വൈദികബ്രഹ്മചര്യം, ദേവാലയങ്ങളിൽ പ്രതിമകളുടെ സ്ഥാനം, വിശുദ്ധന്മാരുടെ വണക്കം, എന്നീ വിഷയങ്ങളിൽ പുതിയ മാനകസിദ്ധാന്തങ്ങൾ രൂപപ്പെടുത്തി. ഈ സിദ്ധാന്തങ്ങളുടെ പ്രചാരണത്തിന് അദ്ദേഹം ബുക്ക് ഓഫ് കോമൺ പ്രെയർ, ബുക്ക് ഓഫ് ഹോമിലീസ് എന്നിവയുൾപ്പെടെയുള്ള രചനകൾ ഉപയോഗപ്പെടുത്തി.

പതനം തിരുത്തുക

ഏഡ്വേഡ് രാജാവിന്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന ഒന്നാം മേരി രാജ്ഞിയുടെ കാലത്ത് ക്രാന്മറെ രാജദ്രോഹത്തിനും വേദവ്യതിചലനത്തിനും വിചാരണ ചെയ്തു വധശിക്ഷയ്ക്കു വിധിച്ചു. രണ്ടു വർഷത്തിലേറെ തടവിൽ കഴിഞ്ഞ അദ്ദേഹം പുതിയസഭാനേതൃത്ത്വത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി തന്റെ നവീകൃതവിശ്വാസത്തെ പലവട്ടം തള്ളിപ്പറഞ്ഞതിനാൽ റോമൻ കത്തോലിക്കാവിശ്വാസവുമായി അനുരഞ്ജനപ്പെട്ടതായി കാണപ്പെട്ടു. ലൂഥറുടേയും സ്വിംഗ്ലിയുടേയും സിദ്ധാന്തങ്ങൾ തള്ളിപ്പറഞ്ഞ അദ്ദേഹം മാർപ്പാപ്പായുടെ പരമാധികാരം ഏറ്റുപറഞ്ഞ് കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള മടക്കത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. കൂദാശാപരമായ പാപപ്പൊറുതി ആവശ്യപ്പെട്ട ക്രാന്മർക്ക് അതും നൽകപ്പെട്ടു. പശ്ചാത്തപിക്കുന്ന വേദവിരോധികളുടെ വധശിക്ഷ ഇളവുചെയ്യുക പതിവായിരുന്നതിനാൽ അദ്ദേഹത്തിന്റെ ശിക്ഷ പലവട്ടം മാറ്റിവച്ചിരുന്നു. എന്നാൽ ക്രാന്മറുടെ അതിക്രമങ്ങൾ അതിരില്ലാത്തതാണെന്നും അദ്ദേഹത്തെ ശിക്ഷിച്ച് അത്തരം തെറ്റുകൾക്കെതിരെ മറ്റുള്ളവർക്ക് മുന്നറിയിപ്പു നൽകേണ്ടതാണെന്നുമായിരുന്നു മേരി രാജ്ഞിയുടെ നിലപാട്.

വധം തിരുത്തുക

 
ക്രാന്മറുടെ മരണം, ഫോക്സിന്റെ രക്തസാക്ഷിചരിതത്തിലെ ചിത്രം

മരണത്തിനു മുൻപ് ഓക്സ്ഫോർഡ് സർവകലാശാലയിലെ വിശുദ്ധമാതാവിന്റെ പള്ളിയിൽ പരസ്യമായ വിശ്വാസപ്രഖ്യാപനത്തിന് അവസരമുണ്ടാകുമെന്ന് അറിയിപ്പുകിട്ടിയ ക്രാന്മർ അതിന്റെ പാഠം മുന്നേ എഴുതിക്കൊടുത്തു. മരണദിവസം, ദേവാലയത്തിലെ പ്രസംഗപീഠത്തിൽ നടത്തിയ പ്രഖ്യാപനത്തിന്റെ തുടക്കത്തിൽ ക്രാന്മർ, രാജാവിനോടും രാജ്ഞിയോടും വിധേയത്വം പ്രഖ്യാപിച്ചു. എന്നാൽ ഒടുവിൽ, പ്രഖ്യാപനത്തിന്റെ ലിഖിതപാഠം ഉപേക്ഷിച്ച അദ്ദേഹം, സമ്മർദ്ദത്തിനു വഴങ്ങി നേരത്തേ നടത്തിയിരുന്ന വിശ്വാസഖണ്ഡനങ്ങളെ നാടകീയമായി തള്ളിപ്പറഞ്ഞ് നവീകൃതവിശ്വാസത്തിന്റെ ഈവിധമുള്ള[1] പരസ്യപ്രഖ്യാപനം നടത്തി.

തുടർന്ന് പ്രസംഗവേദിയിൽ നിന്നു വലിച്ചിറക്കപ്പെട്ട ക്രാന്മറെ തന്റെ സഹപ്രവർത്തകരായിരുന്ന ലാറ്റിമറും റിഡ്ലിയും ആറുമാസം മുൻപു മരിച്ച വേദിയിൽ എരിച്ചുകൊന്നു. തീ ശരീരത്തിനടുത്തെത്തിയപ്പോൾ അദ്ദേഹം തന്റെ കൈ നീട്ടി അതിനു മുകളിൽ പിടിച്ച് എരിച്ചതായി ഫോക്സിന്റെ രക്തസാക്ഷിപ്പുസ്തകത്തിൽ പറയുന്നു. പുതിയനിയമത്തിലെ പ്രഥമരക്തസാക്ഷി എസ്തപ്പാനോസിനെപ്പോലെ, "കർത്താവേ, എന്റെ ആത്മാവിനെ കൈക്കൊണ്ടാലും" എന്ന അന്ത്യവചനത്തിലാണ് അദ്ദേഹം ജീവൻ വെടിഞ്ഞതെന്നും ഫോക്സ് പറയുന്നുണ്ട്.[2]

യശസ്സ് തിരുത്തുക

റോമൻ കത്തോലിക്കരുടെ ദൃഷ്ടിയിൽ തോമസ് ക്രാന്മറുടെ അന്ത്യം വേദവിരോധിയുടെ മരണമായിരുന്നെങ്കിൽ നവീകരണവാദികൾക്ക് അതു രക്തസാക്ഷിത്വമായിരുന്നു. ജോൺ ഫോക്സിന്റെ രക്തസാക്ഷികളുടെ പുസ്തകത്തിലെ (Fox's Book of Martyrs) ഉദാത്തമായ ചിത്രീകരണം ക്രാന്മറുടെ മരണകഥയെ അനശ്വരമാക്കി.[2]ബുക്ക് ഓഫ് കോമൺ പ്രെയർ, ആംഗ്ലിക്കൻ വിശ്വാസത്തിന്റെ 39 വകുപ്പുകൾ (39 Articles) എന്നിവയിലൂടെ ക്രാന്മറുടെ പൈതൃകം നിലനിൽക്കുന്നു.

കുറിപ്പുകൾ തിരുത്തുക

^ "And as for the Pope, I refuse him, as Christ's enemy, and Antichrist with all his false doctrine."[2]

അവലംബം തിരുത്തുക

  1. വിൽ ഡുറാന്റ്, "ദ റിഫർമേഷൻ", സംസ്കാരത്തിന്റെ കഥ (ആറാം വാല്യം - പുറം 598)
  2. 2.0 2.1 2.2 "മേരി രാജ്ഞിയുടെ കീഴിൽ ഇംഗ്ലണ്ടിലെ മതപീഡനം", ഫോക്സിന്റെ രക്തസാക്ഷിചരിതം, അദ്ധ്യായം 16
"https://ml.wikipedia.org/w/index.php?title=തോമസ്_ക്രാന്മർ&oldid=3065183" എന്ന താളിൽനിന്ന് ശേഖരിച്ചത്