കേരളത്തിൽ നാഗാരാധനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിപ്പോന്നിരുന്ന ഒരു ജനവിഭാഗമാണ്‌ പുള്ളുവർ. ഇവർ ദ്രാവിഡന്മാരാണ്. നാഗമ്പാടികൾ, പ്രേതമ്പാടികൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഇവർക്കിടയിൽ ഉണ്ട്. പുള്ളുവൻ പാട്ട് പ്രസിദ്ധമാണ്‌.

പുള്ളുവൻ പാട്ട് അവതരണം
കൊല്ലം അഷ്ടമുടി ക്ഷേത്രത്തിലെ പുള്ളുവൻ പാട്ട് വായന
കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ അവതരിപ്പിക്കപ്പെട്ട പുള്ളുവൻപാട്ട്

കേരളത്തിലെ ഫ്യൂഡൽ ജീവിതരീതികളിലേക്ക് സാംസ്കാരികതലത്തിൽ വളരെയേറെ ഇഴുകിച്ചേർന്നു നിൽക്കുന്ന ഒരു പ്രാദേശികജനവിഭാഗമാണ്‌ ഇവർ‍. കേരളത്തിൽ നിലനിന്നുപോരുന്ന നാഗാരാധനയുടെ അവിഭാജ്യമായ ഒരു ഘടകമാണ്‌ ഇവർ. ധനികകുടുംബങ്ങളിലും മറ്റും നടത്തിപ്പോരുന്ന കളം പാട്ടുകളിൽ ഗായകരുടെ സ്ഥാനം ഇവർക്കാണ്‌. സർപ്പങ്ങളുടെ ഉത്പത്തിയേക്കുറിച്ച് ഹൈന്ദവപുരാണങ്ങളിൽ പറയുന്ന കദ്രുവിന്റേയും‍ വിനതയുടേയും കഥകളെ ഉപജീവിച്ചുള്ളതാണ്‌ ഇവരുടെ പാട്ടുകൾ. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പാടാനുണ്ടാകും. സ്ത്രീകൾ പുള്ളുവക്കുടവും പുരുഷന്മാർ വീണയും വാദ്യമായി ഉപയോഗിക്കുന്നു. സാധാരണദിവസങ്ങളിൽ വീടുകൾതോറും ചെന്ന് പാട്ടുകൾ പാടിയാണ്‌ ഇവർ നിത്യവൃത്തി നേടിയിരുന്നത്. ചെറിയ കുട്ടികൾക്ക് ദൃഷ്ടിദോഷം പറ്റാതിരിക്കാൻ ഇവരെക്കൊണ്ട് "നാവേർ" പാടിക്കുന്ന പതിവുമുണ്ട്.

സാമന്യേന വയലിൻ (violin) പോലെയുള്ള ഒരു തന്തിവാദ്യമാണ്‌ ഇവരുടെ വീണ. ഒരു വില്ല്(bow) ഉപയോഗിച്ചാണ്‌ ഇതും വായിക്കുന്നത്. വില്ലിന്റെ ഒരറ്റത്ത് കുറച്ച് ലോഹച്ചിറ്റുകൾ കോർത്തിടുന്നു. വീണ വായിക്കുമ്പോൾ കൂട്ടത്തിൽ വില്ലിന്റെ ചലനം ക്രമീകരിച്ച് താളമിടാൻ ഈ ചിറ്റുകൾ സഹായിക്കുന്നു. വലിയ മൺകുടം ഉപയോഗിച്ചാണ്‌ പുള്ളുവക്കുടം ഉണ്ടാക്കുന്നത്. ഇതും ഒരു തന്തിവാദ്യമാണ്‌. ഇത് പാട്ടിന്ന് താളമിടാനാണ്‌ ഉപയോഗിക്കുന്നത്.

അനുഷ്ഠാനപരമല്ലാത്ത സംഗീതവും ഇവർ കൈകാര്യം ചെയ്യാറുണ്ട്. ഇക്കൂട്ടത്തിൽ രസകരമായ ഒന്നാണ്‌ മഞ്ചലിന്റെ യാത്രകളെ അനുകരിക്കുന്ന ഒന്ന്. പുള്ളുവൻ വീണ ഉപയോഗിച്ച് മഞ്ചൽക്കാരുടെ മൂളലും അവർ തമ്മിലുള്ള സംഭാഷണങ്ങളും മറ്റും അനുകരിക്കുന്നു. വീണയുമായി അയാൾ ഒരു സംവാദത്തിലേർപ്പെടുന്ന മട്ടിലാണ്‌ ഇതു ചെയ്യുക. വീണയോടുള്ള അയാളടെ ഭാഷണങ്ങൾക്ക് വീണ അതിന്റെ പ്രതിഭാഷണങ്ങൾ സംഗീതാത്മകമായി നൽകുന്നു. വളരെ അടുപ്പവും അനുസരണയും വിധേയത്വവും കാണിക്കുന്ന ഒരു സുഹൃത്തിനേപ്പോലെ ഈ സമയത്ത് വീണ ഭാവം മാറ്റുന്നത് വളരെ ഹൃദ്യമായ അനുഭവമാക്കാൻ പുള്ളുവന്മാർക്ക് സാധിക്കാറുണ്ട്.

ഐതിഹ്യംതിരുത്തുക

 
പുള്ളുവൻ കുടം

ബ്രഹ്മകുടം, വിഷ്ണുകൈത്താളം, കൈലാസവീണ എന്നീ മൂന്ന് വാദ്യോപകരണങ്ങളുമായി ശിവകുലം നാഗഗോത്രത്തിലായി പരമശിവൻ മനുഷ്യരെ സൃഷ്ടിച്ചുവെന്നും ദർഭയിൽ നിന്നും ഉത്ഭവിച്ച ഇവരെ പുല്ലുവർ എന്ന് വിളിച്ചുപോരികയും ചെയ്തുവെന്നാണ് ഐതിഹ്യം. പുല്ലുവർ പിന്നീട് പുള്ളുവർ ആയി. ഭൂമിയിലെ സർപ്പദൈവങ്ങളെ പാടി പ്രീതിപ്പെടുത്താനായി നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു.

ഇതുംകാണുകതിരുത്തുക

പുള്ളുവൻപാട്ട്

അവലംബംതിരുത്തുക

കുറിപ്പുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പുള്ളുവർ&oldid=2616349" എന്ന താളിൽനിന്ന് ശേഖരിച്ചത്