പുറനാട്ടുകര മഹാവിഷ്ണുക്ഷേത്രം

മദ്ധ്യകേരളത്തിൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ അടാട്ട് ഗ്രാമപഞ്ചായത്തിൽ പുറനാട്ടുകര ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പുറനാട്ടുകര മഹാവിഷ്ണുക്ഷേത്രം. ചതുർബാഹുവായ മഹാവിഷ്ണു മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ, ഉപദേവതകളായി ശിവന്നും ഗണപതിയ്ക്കും മാത്രമേ പ്രതിഷ്ഠകളുള്ളൂ. അതിവിശാലമായ ഒരു കുളത്തോടുകൂടിയ ഈ ക്ഷേത്രത്തിൽ, അങ്ങോട്ട് ദൃഷ്ടി വരുന്ന വിധത്തിലാണ് പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. ധനുമാസത്തിൽ നടക്കുന്ന മണ്ഡലോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. മണ്ഡലകാലത്തിലെ അവസാനത്തെ എട്ടുദിവസങ്ങളിലാണ് ഈ ആഘോഷം നടത്തുന്നത്. കൂടാതെ, ചിങ്ങമാസത്തിൽ വരുന്ന അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു, വൈശാഖമാസം എന്നിവയും അതിവിശേഷദിവസങ്ങളാണ്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് ഈ ക്ഷേത്രം.