കൈത്

(പുതിയോടുക്കൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൈവീത് (കൈ വിഹിതം) എന്നതിന്റെ ചുരുങ്ങിയ രൂപമാണ് കൈത്. വടക്കേ മലബാറിലെ തീയസമുദായത്തിന്റെ കുലദേവതയായ വയനാട്ടു കുലവനേയും പരിവാര ദേവതകളേയും പ്രീതിപ്പെടുത്താനായി തെയ്യത്താനങ്ങൾ ഉള്ള തറവാടുകളിൽ നടക്കുന്ന പ്രത്യേക നേർച്ചകളാണ് പുത്തരിയും കൈതും. വർഷത്തിൽ ഒരിക്കൽ ഒരു പ്രത്യേക നാളിലാണ് ഇവ നടത്തുക. തൊട്ടടുത്ത തെയ്യക്കാവിലെ വെളിച്ചപ്പാടിനെ വരുത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പുത്തരി അടിയന്തരം (പുതിയോടുക്കൽ) കഴിക്കുക. ആ ദിവസം തെയ്യക്കോലങ്ങൾ ഇല്ലെങ്കിലും തോറ്റം പാട്ടും കളിയാമ്പള്ളിയിൽ കോഴിയറുക്കലും നടത്തും. താനത്തിനകത്ത് പുത്തരി കൊണ്ടുള്ള അപ്പവും (അട) അരിയും കരിക്കും മറ്റും നിവേദിക്കും. അർപ്പിതമായ കല്പനകൾ അകത്തും പുറത്തുമുണ്ടാവും. കാര്യകാരണങ്ങൾ അന്വേഷിച്ച് വെളിച്ചപ്പാടുകൾ വേണ്ടപ്പെട്ടവരോടൊക്കെയും സംസാരിക്കും. കൂട്ടായ്മയിലെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അവയെ പറ്റി പരസ്പരം സംസാരിച്ച് തീർപ്പ് കൽപ്പിക്കലും ഇവിടെ നടക്കുന്നു. തീയ തറവാടുകളിൽ ഇത് വർഷാവർഷം നടന്നു വരുന്നു.

പുത്തരിയടിയന്തിരം

തിരുത്തുക

വയനാട്ടുകുലവന്റെ പ്രധാന പ്രാർത്ഥന തെയ്യംകെട്ട് മഹോത്സവമാണ്. ആചാരാനുഷ്ഠാനങ്ങളിലെ പ്രാചീനത കൊണ്ടും കർമ്മങ്ങളിലെ കണിശതകൊണ്ടും കാര്യങ്കോടു പുഴയ്ക്ക് (തേജസ്വിനി പുഴ) വടക്കുഭാഗത്തുള്ള കാസർഗോഡൻ ഗ്രാമത്തറവാടുകൾ ഇന്നും വയനാട്ടുകുലവൻ ആരാധനയിൽ മുൻപന്തിയിലാണ്. തെയ്യംകെട്ടു മഹോത്സവം നടത്തുവാൻ വമ്പിച്ച തുക കണ്ടെത്തേണ്ടത് ആവശ്യമാണ്. മൂന്നുദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ്. തെയ്യംകെട്ട് മഹോത്സവത്തിൽ നായാട്ട്, ബപ്പിടൽ, ബോനംകൊടുക്കൽ, മറപിളർക്കൽ എന്നിങ്ങനെ തെയ്യംകളികൾക്ക് പുറമേയും ചടങ്ങുകൾ ഉണ്ട്. ഈ വമ്പിച്ച ചെലവ് ഒഴിവാക്കാനും തറവാട്ടുകാരുടെ കൂട്ടായ്മ ദൃഢപ്പെടുത്താനും ഉതകുന്ന ചടങ്ങാണ് പുത്തരിയും കൈതും. പുതിയോടുക്കൽ എന്നോ കൈത് കൊടുക്കൽ എന്നോ ഈ ചടങ്ങ് അറിയപ്പെടുന്നു. പുതിയ അരികൊണ്ടുണ്ടാക്കുന്ന നൈവേദ്യമാണ് പുത്തരിയെന്ന് പൊതുവേ പറയുന്നതെങ്കിലും വയനാട്ടുകുലവനും കോരച്ചൻ തെയ്യത്തിനും കണ്ടനാർകേളൻ തെയ്യത്തിനും അർപ്പിക്കുന്ന നൈവേദ്യാർപ്പണയും പ്രാർത്ഥനയുമാണ് കൈത്. തറവാട്ടംഗങ്ങൾ എല്ലാവരും ഒത്തുചേർന്നു നടത്തുന്നതിനാൽ തന്നെ ഒരു കുടുംബം ഇത്ര തുക കൊടുക്കണം എന്ന രീതിയിലോ അല്ലെങ്കിൽ കഴിയുന്ന തുക ആർക്കും കൊടുക്കാമെന്നോ ഉള്ള രീതിയിൽ പല തറവാടുകളും നിബന്ധനകൾ വെയ്ക്കാറുണ്ട്. അംഗങ്ങൾ സ്വന്തം കൈകൊണ്ട് തെയ്യത്തിനു മീത് (വീത്/വിഹിതം) വെയ്ക്കുന്ന ചടങ്ങാണ് പുത്തരിയടിയന്തിരത്തിൽ കൈത്.

അട ചുട്ടെടുക്കാനായി നല്ലൊരു തറ മിക്ക താനങ്ങളിലും ഉണ്ട്. തറവാട്ടംഗങ്ങളിൽ ചിലരൊക്കെ ചേർന്നാണ് അട ചുട്ടെടുക്കുന്നത്. വാഴയിലയിൽ അട പരത്തുന്നതും ചുട്ടെടുക്കുന്നതും ഒക്കെ നല്ലൊരു കൂട്ടായ്മയുടെ ഒത്തുചേരലിന്റെ ഉത്സവം കൂടിയാണ്. ഉണങ്ങിയ തെങ്ങോലകൾ പരത്തിവെച്ച് അതിനു മുകളിലായി അടകൾ നിരത്തുന്നു. തുടർന്ന് നിരത്തി വെച്ച അടകൾക്കു മുകളിലും ഉണങ്ങിയ തെങ്ങോലകൾ അരിഞ്ഞിടുന്നു. എല്ലാ ഭാഗത്തു നിന്നും തീ കൊടുത്ത് ആളുകൾ ചുറ്റുപാടും നിന്ന് വീശിവീശിയാണ് അടകളെ വേവിക്കുന്നത്. തി അണയും തോറും ഓലകൾ ഇട്ടുകൊടുക്കാനും ശ്രമിക്കാറുണ്ട്. കൈതിന്റെ ചടങ്ങുകളിൽ ഏറെ പ്രധാനപ്പെട്ട ചടങ്ങാണിത്.

അടയും കള്ളും നാക്കിലയിൽ അരിയും കരിക്കും നിവേദ്യമായി വെച്ച് ദീപം കാട്ടിയാണു പ്രാർത്ഥന നടത്താറുള്ളത്. ഈ സമയത്തൊക്കെയും തൊണ്ടച്ഛന്റെ (വയനാട്ടുകുലവൻ) വെളിച്ചപ്പാടുകൾ ചെറിയ രണ്ട് കത്തികളും പിണച്ചു വെച്ച് ഉരിയാടിക്കൊണ്ടിരിക്കും. തറവാടിന്റെ പ്രശ്നങ്ങളും പരിഹാരങ്ങളും ഈ സമയത്ത് പ്രധാനികൾ കൂടി നിന്ന് ചർച്ച ചെയ്യുന്നുണ്ടാവും. തീർപ്പ് കല്പിക്കാൻ വെളിച്ചപ്പാടിന്റെ സഹായവും നേടുന്നുണ്ട്. തുടർന്ന് വയനാട്ടുകുലവന്റെ മുള്ളമ്പു കൊണ്ട് അടമുറിച്ച് ഹോമത്തീയിൽ ഇടും. പ്രാർത്ഥനകൾക്കൊടുവിൽ നടയടച്ച് ഒരു നാഴിക കഴിഞ്ഞ് മുതൃച്ചമാടും. അതുകഴിഞ്ഞ് അവിടെ എത്തിച്ചേർന്നവർക്ക് അടയും മറ്റ് നിർമ്മാല്യവും കലർത്തി കൈതിന്റെ വിഹിതം നൽകുന്നു. വർഷത്തിൽ ഒരിക്കൽ കുടുംബക്കാർ ഒത്തുചേരുന്ന പരിപാടി എന്ന നിലയിൽ ഒരു കൂട്ടായ്മയുടെ ഗുണം കൂടി ഇതുമൂലം കിട്ടുന്നുണ്ട്.

  1. ഡോ. ആർ. സി. കരിപ്പത്തിന്റെ തെയ്യപ്രപഞ്ചം എന്ന പുസ്തകത്തിലെ 81 ആം പേജു മുതൽ കൈതിനെ പറ്റി വിവരിക്കുന്നു.
"https://ml.wikipedia.org/w/index.php?title=കൈത്&oldid=3085410" എന്ന താളിൽനിന്ന് ശേഖരിച്ചത്