നോവെൽ നെറ്റ്വെയർ
നോവെൽ ഇൻകോർപ്പറേറ്റഡ് വികസിപ്പിച്ച ഒരു നെറ്റ്വർക്ക് ഓപ്പറേറ്റിങ് സിസ്റ്റമാണ് നെറ്റ്‌വെയർ. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക്, സുതാര്യമായി വിദൂരഫയലുകൾ പങ്കിടൽ, വിദൂരപ്രിന്ററിന്റെ പങ്കുവെച്ചുള്ള ഉപയോഗം, ഇ-മെയിൽ, ഡാറ്റാബേസ് തുടങ്ങി സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് നെറ്റ്വെയർ കൊണ്ടുള്ള ഉപയോഗങ്ങൾ. പലതരം നെറ്റ്വർക്കുകളിൽ (ഈതർനെറ്റ്, ടോക്കൺറിങ് മുതലായവ) പ്രവർത്തിക്കാമെന്നതിനു പുറമേ പേഴ്സണൽ കമ്പ്യൂട്ടറുകൾ മുതൽ മെയിൻഫ്രെയിം വരെയുള്ള വിവിധതരത്തിലുള്ളതും, വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്നതുമായ കമ്പ്യൂട്ടറുകളെ ശൃംഖലയിൽ ബന്ധിപ്പിക്കാമെന്നതും നെറ്റ്വെയറിന്റെ നേട്ടമായിരുന്നു.[1] 1990-കളുടെ പകുതിയിൽ വിൻഡോസ് നെറ്റ്‌വർക്കിങ്ങും ഇന്റർനെറ്റും ജനപ്രീതിയാർജ്ജിക്കുന്നതുവരെ ഈ മേഖലയിൽ മുൻനിരയിലായിരുന്നു നെറ്റ്വെയറിന്റെ സ്ഥാനം.
നിർമ്മാതാവ് | നോവെൽ ഇൻകോർപ്പറേറ്റഡ് |
---|---|
തൽസ്ഥിതി: | നിലവിലുണ്ട് |
സോഴ്സ് മാതൃക | ബന്ധിതം |
പ്രാരംഭ പൂർണ്ണരൂപം | 1983 |
നൂതന പൂർണ്ണരൂപം | 6.5 SP8 / 2009 മേയ് 6 |
ലഭ്യമായ ഭാഷ(കൾ) | ഇംഗ്ലീഷ് |
കേർണൽ തരം | ഹൈബ്രിഡ് |
യൂസർ ഇന്റർഫേസ്' | കമാൻഡ്ലൈൻ, ടെക്സ്റ്റ് സമ്പർക്കമുഖം |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | പ്രൊപ്രൈറ്ററി |
വെബ് സൈറ്റ് | നോവൽ.കോം |
ക്സെറോക്സ് നെറ്റ്വർക്ക് സിസ്റ്റംസിന്റെ പ്രോട്ടോക്കോൾ സ്റ്റാക്ക് അടിസ്ഥാനമാക്കിയുള്ള നെറ്റ്വർക്ക് നിയമാവലികളുപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ള പേഴ്സണൽ കമ്പ്യൂട്ടറുകളിൽ കോഓപ്പറേറ്റീവ് മൾട്ടിടാസ്കിങ് ഉപയോഗിച്ചായിരുന്നു നെറ്റ്വെയർ തുടക്കത്തിൽ വിവിധ സൗകര്യങ്ങൾ പ്രദാനം ചെയ്തിരുന്നത്.
ഡിസ്ക് പങ്കിടലിനു പകരം ഫയൽ പങ്കിടുക എന്ന ലളിതമായ ആശയമാണ് നെറ്റ്‌വെയറിന്റെ പിറവിക്കുപിന്നിലുള്ളത്. 1983-ൽ നെറ്റ്‌വെയറിന്റെ ആദ്യത്തെ പതിപ്പുകൾ പുറത്തിറങ്ങുന്ന സമയത്ത് മറ്റുള്ള നെറ്റ്വർക്കിങ് ഉൽപ്പന്നങ്ങളിൽ നേരിട്ടുള്ള ഹാർഡ് ഡിസ്ക് ഉപയോഗം പങ്കുവെക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. നോവെലിന്റെ ഈ പുതിയ രീതിയെ 1984-ൽ ഐ.ബി.എം. പിന്താങ്ങുകയും ഇത് നെറ്റ്‌വെയറിന്റെ വളർച്ചക്ക് ആവേശം പകരുകയും ചെയ്തു. 1983-ൽ പുറത്തിറങ്ങിയ ആദ്യത്തെ നെറ്റ്വെയർ പതിപ്പ്, സി.പി./എം., എം.എസ്. ഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്ലൈന്റ് കമ്പ്യൂട്ടറുകളെ പിന്തുണച്ചിരുന്നു. മോട്ടറോള 68000 പ്രോസസർ അടിസ്ഥാനമാക്കിയുള്ള നോവലിന്റെ തന്നെ ഫയൽ സെർവറും, നോവെൽ തന്നെ വികസിപ്പിച്ച സ്റ്റാർ നെറ്റ്വർക്ക് ടോപ്പോളജിയിൽ ഈ കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യണമായിരുന്നു. ഇതിനുശേഷം കമ്പനി ഹാർഡ്വെയർ നിർമ്മാണത്തിൽനിന്ന് പിന്തിരിയുകയും നെറ്റ്വെയർ, ഹാർഡ്‌വെയർ-നിബദ്ധമല്ലാതെ, ഐ.ബി.എം. പി.സി. അനുരൂപികളിൽ ഏതിലും പ്രവർത്തിക്കുന്നതും പലതരം നെറ്റ്‌വർക്ക് കാർഡുകളെ പിന്തുണക്കുന്നതുമായി മാറി. തുടക്കം മുതലേ, മെയിൻഫ്രെയിം, മിനി കമ്പ്യൂട്ടറുകളിൽ നിന്നും ഉൾക്കൊണ്ടിട്ടുള്ള സവിശേഷതകൾ വികസിപ്പിച്ച് നെറ്റ്വെയർ എതിരാളികളിൽനിന്ന് ബഹൂദൂരം മുന്നിലെത്തി.
1990-കളുടെ തുടക്കത്തിൽ നെറ്റ്വെയറുമായി ബന്ധമില്ലാത്ത ചെലവുകുറഞ്ഞ പിയർ-ടു-പിയർ നെറ്റ്വർക്കിങ് ഉൽപ്പന്നങ്ങൾ നോവൽ പുറത്തിറക്കിയിരുന്നു. നെറ്റ്വെയർ ലൈറ്റ് 1.0 (NWL), ഇതിനെത്തുടർന്ന് 1993-ൽ പുറത്തിറക്കിയ പേഴ്സണൽ നെറ്റ്വെയർ 1.0 (PNW) എന്നിവയായിരുന്നു ഇവ.
ഒട്ടേറെ പുതിയ പ്രത്യേകതകളോടെയായിരുന്നു 1993-ൽ നെറ്റ്വെയറിന്റെ പതിപ്പ് 4 പുറത്തിറങ്ങിയത്. നോവെൽ ഡയറക്റ്ററി സെർവീസ് എന്ന ആഗോള ഡയറക്റ്ററി ആയിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. മൈക്രോസോഫ്റ്റിന്റെ ആക്റ്റീവ് ഡയറക്റ്ററിക്കു തുല്യമായ ഇത് അതിനും ഏഴുവർഷം മുമ്പേയായിരുന്നു പുറത്തുവന്നത്. ഗ്രൂപ്പ്‌വൈസ് എന്ന പുതിയ ഇമെയിൽ സംവിധാനം, സെൻവർക്സ് എന്ന ആപ്ലിക്കേഷൻ കോൺഫിഗറേഷൻ സ്വീറ്റ്, ബോർഡർമാനേജർ എന്ന സൂരക്ഷാസംവിധാനം എന്നിങ്ങനെ വൻകിടസ്ഥാപനങ്ങളെ ലക്ഷ്യവച്ചുകൊണ്ടുള്ള നിരവധി സൗകര്യങ്ങളും ഈ പുതിയ പതിപ്പിലുണ്ടായിരുന്നു.
എങ്കിലും 2000-മാണ്ടോടെ നോവെലിന്റെ ഉപയോക്താക്കളിൽ ഭൂരിഭാഗവും മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങളിലേക്ക് കൂടുമാറി. ഇതിനെത്തുടർന്ന് ലിനക്സ് കെർണൽ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളിലേക്ക് നോവൽ ശ്രദ്ധതിരിച്ചു. 2005 മാർച്ചിൽ നെറ്റ്‌വെയറിന്റെ പിൻഗാമിയായി നോവെൽ അവതരിപ്പിച്ച ഓപ്പൺ എന്റർപ്രൈസ് സെർവറിൽ നെറ്റ്വെയറിന്റെ 6.5 പതിപ്പ് കെർണലോ, സ്യൂസെ ലിനക്സ് എന്റർപ്രൈസ് സെർവർ പതിപ്പ് 9 കെർണലോ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉപയോക്താവിനുണ്ട്.
ഉപയോഗം
തിരുത്തുകഐ.ബി.എം. പി.സി. അനുരൂപികളിൽ സചിത്രസമ്പർക്കമുഖം വ്യാപകമാകുന്നതിനു മുൻപുള്ള ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാലത്താണ് നെറ്റ്‌വെയർ ഉപയോഗം വ്യാപകമായിരുന്നത്. നെറ്റ്‌വെയർ സെർവറിലെ ഉപയോക്താക്കൾക്കായി പങ്കുവച്ചിരിക്കുന്ന ഡിസ്ക്-സ്പേസ്, ഡോസിലെന്നപോലെ, വോള്യം എന്നാണ് അറിയപ്പെട്ടിരുന്നത്. എം.എസ്. ഡോസിലും മറ്റും പ്രവർത്തിച്ചിരുന്ന ക്ലൈന്റ് കമ്പ്യൂട്ടറുകൾ, ഒരു പ്രത്യേക ടി.എസ്.ആർ. പ്രോഗ്രാമിന്റെ സഹായത്താൽ, ഈ നെറ്റ്‌വെയർ വോള്യത്തെ ഒരു തദ്ദേശ ഡ്രൈവായി (local drive) ഏറ്റെടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. നെറ്റ്‌വെയർ വോള്യത്തിന്റെ ഉള്ളടക്കവും ലഭ്യതയും, ഉപയോക്തൃനാമമനുസരിച്ച് നിയന്ത്രിക്കാമായിരുന്നു. ഇതുപോലെ ഡെഡിക്കേറ്റഡ് നെറ്റ്വെയർ സെർവറിൽ ഘടിപ്പിച്ചിട്ടുള്ള പ്രിന്ററുകളെ ക്ലൈന്റുകൾകൾക്ക് തദ്ദേശപ്രിന്റർ ആയി കണക്കാക്കി അച്ചടിക്കാനും സൗകര്യമുണ്ടായിരുന്നു.
നെറ്റ്വെയറിന്റെ നെറ്റ്വർക്ക് ബൂട്ടിങ് പിന്തുണ പ്രയോജനപ്പെടുത്തി ഹാർഡ്‌ഡിസ്ക് ഇല്ലാത്ത ചെലവുകുറഞ്ഞ കമ്പ്യൂട്ടറുകൾ ഉൾപ്പെടുത്തിയ കമ്പ്യൂട്ടർശൃംഖലകൾ മുൻകാലത്ത് വളരെ പ്രചാരത്തിലിരുന്നു.
ചരിത്രം
തിരുത്തുകആദ്യകാലം
തിരുത്തുകഡ്രൂ മേജർ, ഡേൽ നെയ്ബോർ, കൈൽ പവൽ, മാർക്ക് ഹഴ്സ്റ്റ് എന്നീ നാല് സുഹൃത്തുക്കൾ സ്ഥാപിച്ച സൂപ്പർസെറ്റ് സോഫ്റ്റ്‌വെയർ എന്ന കൂട്ടത്തിന്റെ ശ്രമഫലമായാണ് നെറ്റ്‌വെയർ പിറവിയെടുക്കുന്നത്. യുട്ടായിലെ പ്രോവോയിലുള്ള ബ്രൈഹാം യങ് സർവകലാശാലയിലെ അവരുടെ പഠനപരിശീലനത്തിന്റെ ഭാഗമായാണ് 1981 ഒക്ടോബറിൽ ഈ പദ്ധതി നാമ്പെടുത്തത്. 1983-ൽ നോവെലിന്റെ മേധാവിയായിരുന്ന റയ്മണ്ട് നൂർദ ഈ സംഘത്തിൽ ആകൃഷ്ടനാകുകയും നോവെൽ അന്ന് വിറ്റുകൊണ്ടിരുന്ന സി.പി./എം. അടിസ്ഥാനമായുള്ള കമ്പ്യൂട്ടറുകൾക്കുവേണ്ടി ഒരു ഹാർഡ് ഡിസ്ക് പങ്കുവെക്കാനുള്ള നെറ്റ്‌വർക്ക് സംവിധാനം വികസിപ്പിക്കാൻ ചുമതലപ്പെടുത്തി. സി.പി./എം. ഒരു ഭാവിയില്ലാത്ത തട്ടകമാണെന്ന് മനസ്സിലാക്കിയ സൂപ്പർസെറ്റ്, അതിനു പകരം പുതിയതായി പുറത്തിറങ്ങിയ ഐ.ബി.എം. പി.സികൾക്കായി ഒരു ഫയൽ പങ്കിടൽ സംവിധാനം വികസിപ്പിച്ചു. ഒപ്പം, പുതിയ ശൃഖലയുടെയും സോഫ്റ്റ്വെയറിന്റെയും ഗുണങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സ്നൈപ്സ് എന്ന ടെക്സ്റ്റ് മോഡ് കളിയും ഇവർ വികസിപ്പിച്ചു.[൧] ഈ സംവിധാനമാണ് നോവെൽ നെറ്റ്‌വെയർ. ഐ.പി.എക്സ്./എസ്.പി.എക്സ്. അടിസ്ഥാനത്തിലുള്ള നെറ്റ്വെയർ കോർ പ്രോട്ടോകോൾ അനുസരിച്ചായിരുന്നു നെറ്റ്വെയർ ക്ലൈന്റ് കമ്പ്യൂട്ടറുകൾ നെറ്റ്വെയർ സെർവറുമായി വിവരവിനിമയെ നടത്തിയിരുന്നത്. തുടക്കത്തിൽ നെറ്റ്വെയർ ഐ.പി.എക്സ്./എസ്.പി.എക്സ്. മാത്രമേ പിന്തുണച്ചിരുന്നുള്ളൂ.
ആദ്യകാല പതിപ്പുകൾ
തിരുത്തുകനെറ്റ്വെയർ എന്ന പേരിലുള്ള ആദ്യത്തെ ഉൽപ്പന്നം 1983-ൽ പുറത്തിറങ്ങി. ഇക്കാലത്ത് നെറ്റ്വെയറിന് രണ്ടു പതിപ്പുകളുണ്ടായിരുന്നു. ഇന്റൽ 8086 പ്രോസസറിൽ പ്രവർത്തിക്കുന്ന നെറ്റ്വെയർ 68 (നോവെൽ എസ്-നെറ്റ്) ആയിരുന്നു ഒന്ന്. മോട്ടറോള 68000 പ്രോസസറിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ പതിപ്പ് നോവെൽ തന്നെ നിർമ്മിച്ച ഫയൽസെർവറും സ്റ്റാർ ടോപ്പോളജി നെറ്റ്വർക്കിനോടൊപ്പവുമായിരുന്നു പുറത്തിറക്കിയത്. ഇതിനു പിന്നാലെ ഇന്റൽ 8086 നുവേണ്ടിയുള്ള നെറ്റ്വെയർ 86 V 4.x പതിപ്പും പുറത്തിറങ്ങി.
1985-ൽ ഇവക്കെല്ലാം പകരം അഡ്വാൻസ്ഡ് നെറ്റ്വെയർ 86 പതിപ്പ് 1.0a പുറത്തിറങ്ങി. ഇതിൽ ഒരു ശൃംഖലയിൽത്തന്നെ ഒന്നിലധികം നെറ്റ്വെയർ സെർവറുകൾ ബന്ധിപ്പിക്കാനുള്ള സൗകര്യം ലഭ്യമാക്കി. 1986-ൽ ഇന്റൽ 80286 പ്രോസസർ പുറത്തിറങ്ങിയതിനു ശേഷം അഡ്വാൻസ്ഡ് നെറ്റ്വെയർ 286 V 1.0a എന്ന ഒരു പതിപ്പും അതിനെത്തുടർന്ന് നെറ്റ്വെയർ V 2.0B എന്ന പതിപ്പും പുറത്തിറങ്ങി. ഒരു സെർവറിൽത്തന്നെ നാല് നെറ്റ്വർക്ക് കാർഡുകൾ ഉൾക്കൊള്ളിക്കാമെന്നുള്ള സവിശേഷത V 2.0Bയിലുണ്ടായിരുന്നു. 1989-ൽ ഇന്റൽ 80386-നായി നെറ്റ്വെയർ 386 പുറത്തിറക്കി. ഇതിനുശേഷം പതിപ്പുകളുടെ പേരിലും നോവെൽ മാറ്റംവരുത്തി. അങ്ങനെ നെറ്റ്വെയർ 386, നെറ്റ്വെയർ 3.x എന്ന പേരിലേക്കുമാറി.
നെറ്റ്‌വെയറിന്റെ ഉയർച്ച
തിരുത്തുകനെറ്റ്വെയറിന്റെ പ്രതാപകാലം ആരംഭിക്കുന്നത് 1985-ൽ നെറ്റ്വെയർ പതിപ്പ് 286 2.0a-യുടേയും ഇന്റൽ 80286, 16 ബിറ്റ് പ്രോസസറിന്റെയും ഒരുമിച്ചുള്ള രംഗപ്രവേശനത്തോടെയാണ്. അന്നുവരെ പി.സി. സെർവറുകളിൽ ഇന്റൽ 8086/8088 പ്രോസസറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇവയിൽ പ്രോസസറിന് പരമാവധി ലഭ്യമായ പ്രൈമറി മെമ്മറി 1 എം.ബിയും, നേരിട്ടുപയോഗിക്കാവുന്നത് 640 കെ.ബിയുമായിരുന്നു. 80286-ന്റെ 16 ബിറ്റ് പ്രൊട്ടക്റ്റഡ് മോഡിൽ ഈ പരിധി 16 എം.ബിയായി വർദ്ധിക്കുകയും മൾട്ടിടാസ്കിങ്ങിനുള്ള പുതിയ സങ്കേതങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
80286-ന്റെ ഉയർന്ന റാം പരിധിയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതും, 256 എം.ബി. എന്ന ഉയർന്ന ഡിസ്ക് വോള്യം പരിധി (അക്കാലത്ത് എം.എസ്. ഡോസിന്റെ ഡിസ്ക് വോള്യങ്ങൾക്ക് 32 എം.ബിയായിരുന്നു പരിധി) പ്രദാനം ചെയ്യുന്നതുമായ നെറ്റ്വെയർ സെർവർ അടിസ്ഥാനമാക്കി മൂല്യദായകവും വിശ്വസയോഗ്യവുമായ ഒരു ലോക്കൽ ഏരിയ നെറ്റ്വർക്ക് സജ്ജീകരിക്കാനുള്ള സാഹചര്യം ആദ്യമായി സംജാതമായി. 16 എം.ബി. റാം പരിധി എന്നത് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു; ഡിസ്കിലെ വിവരങ്ങളെ മെമ്മറിയിൽ താൽക്കാലികമായി ആവശ്യാനുസരണം ശേഖരിക്കാനും (disk caching) അത് ഉപയോക്താക്കൾക്ക് വേഗത്തിൽ വിതരണം ചെയ്യാനും, അങ്ങനെ സെർവറിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവക്കാനുമായി. നെറ്റ്വർക്കിന്റെ വലിപ്പം വികസിക്കുമ്പോഴും മികച്ച പ്രകടനം നിലനിർത്തുന്നതിന് ഈ ഡിസ്ക് കാഷിങ് നെറ്റ്വെയറിനെ സഹായിച്ചു.
സെർവർ രംഗത്തെ അന്നത്തെ എതിരാളിയാരുന്ന 3കോമിനെ അപേക്ഷിച്ച്, നെറ്റ്വെയർ 286 ഹാർഡ്വെയർനിബദ്ധമല്ലെന്നുള്ളതായിരുന്നു മറ്റൊരു പ്രത്യേകത. ഇന്റൽ 80286-ഓ ഉയർന്നതോ ആയ സി.പി.യു. അടിസ്ഥാനമാക്കിയുള്ള ഏതൊരു കമ്പ്യൂട്ടറിലും നെറ്റ്വെയർ സജ്ജീകരിക്കാമായിരുന്നു. ഏതെങ്കിലും എം.എഫ്.എം., ആർ.എൽ.എൽ., എസ്ഡി അല്ലെങ്കിൽ സ്കസി ഹാർഡ്‌ഡിസ്കും നെറ്റ്വെയറിനുള്ള ഡ്രൈവർ ലഭ്യമായ ഏതെങ്കിലും 8 അല്ലെങ്കിൽ 16 ബിറ്റ് നെറ്റ്വർക്ക് ഇന്റർഫേസ് കാർഡും ഉപയോഗിക്കാമായിരുന്നു.
ഡോസിൽ പ്രവർത്തിക്കുന്ന ക്ലൈന്റ് കമ്പ്യൂട്ടറുകൾക്ക് നെറ്റ്വെയർ സെർവറുമായി ബന്ധപ്പെടാനും അതിലെ സെർവറിലെ പങ്കിട്ട ഹാർഡ് ഡ്രൈവ് ഉപയോഗിക്കാനുമായുള്ള ഒരു ഒതുങ്ങിയ ക്ലൈന്റ് സോഫ്റ്റ്വെയറും നോവൽ വികസിപ്പിച്ചിരുന്നു. ഇതിലൂടെ നെറ്റ്വെയറിന്റെ സ്വന്തമായ പ്രത്യേകതരം ഫയൽ സിസ്റ്റം, ഒരു സാധാരണ ഡോസ് ഡ്രൈവ് എന്ന പോലെ ഉപയോക്താവിന് ലഭിച്ചു. നിലവിലുള്ള എല്ലാ ഡോസ് പ്രോഗ്രാമുകളും ഈ ഫയൽസിസ്റ്റത്തിൽനിന്ന് യാതൊരു മാറ്റവും കൂടാതെ പ്രവർത്തിക്കുകയും ചെയ്തു.
നെറ്റ്വെയർ 286 2.x
തിരുത്തുകസിസ്കോൺ (SYSCON) പോലെയുള്ള ടെക്സ്റ്റ്-അടിസ്ഥിത പ്രോഗ്രാമുകൾ ഉപയോഗിച്ചാണ് നെറ്റ്വെയറിൽ കാര്യനിർവഹണം നടത്തിയിരുന്നത്. നെറ്റ്വെയർ 2-ലെ ഫയൽ സിസ്റ്റം, നെറ്റ്വെയർ ഫയൽ സിസ്റ്റം 286 (എൻ.ഡബ്ല്യു.എഫ്.എസ്. 286) എന്നറിയപ്പെടുന്നു. ഒരു ഡിസ്ക് വോള്യത്തിൽ പരമാവധി 256 എം.ബി. ഇതിൽ പിന്തുണക്കുന്നു. 80286-ന്റെ പ്രോട്ടക്റ്റഡ് മോഡ് ഉപയോഗപ്പെടുത്തുന്നതിനാൽ 16 എം.ബി. പ്രൈമറി മെമ്മറി വരെ ഉപയോഗിക്കാമായിരുന്നു. ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തനമാരംഭിക്കുന്നതിന് കുറഞ്ഞത് 2 എം.ബി. ഈം ആവശ്യമായിരുന്നു. ഇതിലധികമുള്ള റാം, ഫാറ്റ് (FAT), ഡയറക്റ്ററി എൻട്രി ടേബിൾ (DET), ഫയലുകൾ തുടങ്ങിയവ താൽക്കാലികമായി ശേഖരിക്കുന്നതിന് (caching) ഉപയോഗിക്കുന്നു. 80286-ൽ ആരംഭിച്ച 16-ബിറ്റ് പ്രോട്ടക്റ്റഡ് മോഡ് ഇതിനെത്തുടറ്]ന്നുവന്ന എല്ലാ ഇന്റൽ x86 പ്രോസസറുകളിലും ഉണ്ടായിരുന്നതിനാൽ നെറ്റ്വെയർ 286 പതിപ്പ് 2.x പിൽക്കാലത്തുള്ള എല്ലാ 80286 അനുരൂപപ്രോസസറുകളിലും പ്രവർത്തിക്കുമായിരുന്നു.
മെയിൻഫ്രെയിം-മിനി കമ്പ്യൂട്ടറുകളിൽ നിന്ന് സ്വാംശീകരിച്ചതും അക്കാലത്തെ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ലഭ്യമല്ലാത്തതുമായ നിരവധി സവിശേഷതകൾ നെറ്റ്വെയർ 2-ൽ ഉൾക്കൊള്ളിച്ചിരുന്നു. സിസ്റ്റം ഫോൾട്ട് ടോളറൻസ് (എസ്.എഫ്.ടി.) എന്നറിയപ്പെടുന്ന കേടുപാട് പരിഹാരസംവിധാനങ്ങൾ ഇതിലൊന്നായിരുന്നു. ഡിസ്കിൽ നിന്ന് വായിക്കുന്നതിനു മുൻപായി അതിൽ എഴുതി പരീക്ഷിക്കുക (read-after-write verification) (എസ്.എഫ്.ടി. I) ഒപ്പം ഡിസ്കിലെ കേടായ ബ്ലോക്കുകളിലെ വിവരങ്ങൾ മാറ്റി സ്ഥാപിക്കുക (അക്കാലത്തെ ഹാർഡ്‌ഡിസ്കുകളിൽ ഈ സൗകര്യം സ്വതേ ലഭ്യമല്ലായിരുന്നു), സോഫ്റ്റ്‌വേർ അധിഷ്ഠിത റൈഡ് 1 (ഒരേ വിവരങ്ങൾ രണ്ടു ഡിസ്കുകളിൽ ശേഖരിക്കൽ) (എസ്.എഫ്.ടി. II) ഇവ എസ്.എഫ്.ടി. സംവിധാനങ്ങളിൽ ഉൾപ്പെടുന്നു. അപൂർണ്ണമായി എഴുതപ്പെടുന്ന ഫയലുകളെ മുൻപ്രാപനം ചെയ്യുന്നതിനായി ട്രാൻസാക്ഷൻ ട്രാക്കിങ് സംവിധാനവും (ടി.ടി.എസ്.) നെറ്റ്വെയറിലുണ്ടായിരുന്നു. ഫയലുകളുടെ T[2] എന്ന ആട്രിബ്യൂട്ട് ക്രമീകരിച്ച് ഓരോരോ ഫയലുകൾക്കായി ഈ സംവിധാനം സജ്ജീകരിക്കാം. ടി.ടി.എസ്. എ.പി.ഐ. ഉപയോഗപ്പെടുത്തുന്ന പ്രോഗ്രാം ഉപയോഗിച്ച് ഒന്നിലധികം ഫയലുകളുടെ മുൻപ്രാപനവും സജ്ജീകരിക്കാമായിരുന്നു.
നെറ്റ്വെയർ 286 2.x സെർവർ രണ്ടുതരത്തിൽ പ്രവർത്തിക്കുമായിരുന്നു.
- ഡെഡിക്കേറ്റെഡ് മോഡ് എന്നറിയപ്പെടുന്ന ആദ്യത്തെ രീതിയിൽ സെർവർ ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് ബൂട്ട് ചെയ്യുകയും, net$os.exe എന്ന നെറ്റ്വെയർ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിപ്പിക്കുകയും ചെയ്തതിനു ശേഷം മെമ്മറിയിൽ നിന്ന് ഡോസിനെ പൂർണ്ണമായും ഒഴിവാക്കുന്നു. ഇതോടെ മുഴുവൻ മെമ്മറിയും നെറ്റ്വെയർ സെർവറിനായി ലഭ്യമാകുന്നു. ക്ലൈന്റ് കമ്പ്യൂട്ടറുകളിലൂടെ സെർവറിന്റെ സേവനം നേടാമെന്നല്ലാതെ, മറ്റു കാര്യങ്ങൾക്കൊന്നും (നെറ്റ്വെയർ സെർവർ നിയന്ത്രിക്കുന്നതിനുള്ള കൺസോൾ നിർദ്ദേശങ്ങൾക്കല്ലാതെ) സെർവർ നേരിട്ട് ഉപയോഗപ്പെടുത്താനാവില്ല.
- നോൺ-ഡെഡിക്കേറ്റെഡ് മോഡ് എന്ന രണ്ടാം രീതിയിൽ ഡോസ്, മെമ്മറിയിൽത്തന്നെ തുടരുകയും, നെറ്റ്വെയറും ഡോസും പ്രോസസർസമയം പങ്കിട്ട് ഉപയോഗിക്കുകയും ചെയ്യുന്നു. ഉപയോക്താവിന് നെറ്റ്വെയർ സെർവർ, ഒരു ഡോസ് വർക്ക്സ്റ്റേഷനായും ഉപയോഗിക്കാനാകും. എന്നിരുന്നാലും കമ്പ്യൂട്ടറിലെ മുഴുവൻ എക്സ്റ്റെൻഡഡ് മെമ്മറിയും (1 എം.ബിക്ക് മുകളിലുള്ള റാം) നെറ്റ്വെയർ ഉപയോഗിക്കുമെന്നതിനാൽ ഡോസിന് 640 കെ.ബി. മെമ്മറിയേ ലഭ്യമാകൂ. പ്രോസസറിന്റെ പ്രൊട്ടക്റ്റഡ് മോഡ് നെറ്റ്വെയറിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നതിനാൽ EMM386 പോലുള്ള എക്സ്പാൻഡെഡ് മെമ്മറി മാനേജർ പ്രോഗ്രാമുകളും അപ്പോൾ ഡോസിൽ പ്രവർത്തിക്കില്ല. ഡോസും നെറ്റ്വെയറും തമ്മിൽ സമയം പങ്കിട്ടിരുന്നത് കീബോഡ് ഇന്ററപ്റ്റ് അടിസ്ഥാനമാക്കിയായിരുന്നു. ഐ.ബി.എം. പി.സി. രൂപകൽപനയെ വളരെയേറെ ആശ്രയിച്ച് രൂപംനൽകിയ നോൺ-ഡെഡിക്കേറ്റെഡ് മോഡ്, രൂപകൽന കൃത്യമായി പിന്തുടരാത്ത ഹാർഡ്വെയറുകളിൽ മോശം പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരു വർക്ക്സ്റ്റേഷൻ (സെർവർ തന്നെ) അധികമായി ലഭിക്കുമെന്നതിനാൽ ചെറിയ നെറ്റ്വർക്കുകളിൽ നോൺ-ഡെഡിക്കേറ്റഡ് മോഡ് പ്രിയങ്കരമായിരുന്നു എങ്കിലും ഡോസിൽ ഓടുന്ന പ്രോഗ്രാമിന്റെ പ്രശ്നങ്ങൾ, നെറ്റ്വെയർ സെർവറിനെയും തകരാറിലാക്കുമായിരുന്നു. ചിലപ്പോഴൊക്കെ സെർവറിലെ വർക്ക്സ്റ്റേഷൻ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റുള്ള ക്ലൈന്റുകൾക്ക് സേവനലഭ്യതയും വേഗതയും കുറയുന്നതും പതിവായിരുന്നു. ഇതുകൊണ്ടായിരിക്കാം, നെറ്റ്വെയർ 386 3.x പതിപ്പുമുതൽ ഡെഡിക്കേറ്റഡ് മോഡ് മാത്രമേ അനുവദിച്ചിരുന്നുള്ളൂ.
നെറ്റ്വെയർ പതിപ്പ് 2-ന്, സജ്ജീകരണവും പരിപാലനവും വളരെ സങ്കീർണ്ണമാണെന്ന ചീത്തപ്പേരുണ്ട്. കംപൈൽ ചെയ്ത ഭാഗങ്ങളായാണ് (compiled object modules) ഓപ്പറേറ്റിങ് സിസ്റ്റം ലഭിക്കുന്നതെങ്കിലും ക്രമീകരണങ്ങളും ലിങ്കിങും ഉപയോക്താവ് നടത്തേണ്ടിയിരുന്നു. നിരവധി ഡിസ്കുകൾ മാറ്റിമാറ്റിയിട്ട് ചെയ്യേണ്ടിയിരുന്നത്, ഈ പ്രക്രിയയെ വീണ്ടും സാവധാനവും സങ്കീർണ്ണവുമാക്കി. ഓപ്പറേറ്റിങ് സിസ്റ്റത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ വീണ്ടും ഇരുപത് തവണയെങ്കിലും ഡിസ്കുകൾ മാറ്റിമാറ്റിയിട്ടുള്ള കേർണൽ റീലിങ്കിങ്ങും സെർവർ റീസ്റ്റാർട്ടിങ്ങും അനിവാര്യമായിരുന്നു. എം.എഫ്.എം. ഹാർഡ് ഡ്രൈവുകൾക്കുള്ള ലോ-ലെവൽ ഫർമാറ്റ് പ്രോഗ്രാം, ആദ്യകാല നെറ്റ്വെയർ പതിപ്പുകൾക്കുള്ള മറ്റൊരു സങ്കീർണ്ണതയായിരുന്നു. നെറ്റ്വെയർ സജ്ജീകരിക്കപ്പെടുന്നതിനു മുമ്പ് കോംപ്സർഫ് (COMPSURF) എന്ന ഈ പ്രോഗ്രാം തനിയേ പ്രവർത്തിക്കുമായിരുന്നു.
നെറ്റ്വെയർ 286-ന്റെ ആദ്യകാല പതിപ്പുകളിൽ സെർവറിന്റെ ലൈസൻസിങ് ഒരു താക്കോൽ കാർഡ് ഉപയോഗിച്ചായിരുന്നു. ഒരു 8-ബിറ്റ് ഐ.എസ്.എ. ബസിനു വേണ്ടി രൂപകൽപന ചെയ്തിരുന്ന ഈ കാർഡിലുൾക്കൊള്ളിച്ചിരുന്ന റോം ചിപ്പിൽ ഒരു സീരിയൽ നമ്പർ ഉണ്ടാകുമായിരുന്നു. കാർഡിലെ സീരിയൽ നമ്പറും സെർവറിൽ ഓടുന്ന നെറ്റ്വെയർ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സീരിയൽ നമ്പറും ഒന്നുതന്നെ ആകണമായിരുന്നു. കൂടുതൽ ഹാർഡ്വെയറുകളെ പിന്തുണക്കുന്നതിന്, പ്രത്യേകിച്ചും ഐ.ബി.എം. എം.സി.എ. ബസുകൾ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളെ പിന്തുണക്കുന്നതിനായി, നെറ്റ്വെയർ 2.x ന്റെ പിൽക്കാലപതിപ്പുകൾക്ക് ഈ താക്കോൽ കാർഡ് ഉണ്ടായിരുന്നില്ല. സീരിയൽ നമ്പറുള്ള ഫ്ലോപ്പി ഡിസ്കുകളാണ് പകരം ഉപയോഗിച്ചത്.
നെറ്റ്വെയർ 3.x
തിരുത്തുകനെറ്റ്വെയറിന്റെ ഏറ്റവും പ്രശസ്തമായ പതിപ്പായിരുന്നു 1989-ലിറിങ്ങിയ 3.x.[3] ഈ പതിപ്പിൽ 32 ബിറ്റ് പ്രോട്ടക്റ്റഡ് മോഡിന്റെ പിന്തുണയാരംഭിച്ചു. അങ്ങനെ 16 എം.ബി. എന്ന റാം പരിധിയും അവസാനിച്ചു. ഒപ്പം കൂടിയ ശേഷിയുള്ള ഹാർഡ് ഡിസ്കുകൾക്കും പിന്തുണയാരംഭിച്ചു. ഫയൽ അലോക്കേഷൻ ടേബിളും (ഫാറ്റ്), ഡയറക്റ്ററി എൻട്രി ടേബിളും എന്നിവ മൊത്തമായി നെറ്റ്വെയർ മെമ്മറിയിലേക്കെടുക്കുന്നതിനാൽ ഹാർഡ്‌ഡിസ്ക് ശേഷി കൂട്ടുന്നതിന് പ്രൈമറി മെമ്മറി പരിധി കൂടുന്നത് അനിവാര്യമായിരുന്നു.
സോഫ്റ്റ്വെയറിനെ ഘടകങ്ങളായി (modules) തിരിച്ചിരുന്നതിനാൽ നെറ്റ്വെയർ മൂന്നാം പതിപ്പിൽ കാര്യനിർവ്വഹണവും വിപുലീകരണവും എളുപ്പമായിരുന്നു. ഓരോ സെർവർ ധർമ്മങ്ങൾക്കും വേണ്ടുന്ന സോഫ്റ്റ്‌വേർ ഘടകങ്ങളെ തുടക്കത്തിലോ ആവശ്യമുള്ളപ്പോളോ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനുമുള്ള സൗകര്യം ഇതിലുണ്ടായിരുന്നു. നെറ്റ്വെയർ ലോഡബിൾ മൊഡ്യൂൾ (NLM) എന്നാണ് ഇത്തരം ഘടകങ്ങളെ പറയുന്നത്. നെറ്റ്വെയറിൽ ഉൾപ്പെടുത്താവുന്ന ആന്റി-വൈറസ്, ബാക്കപ്പ്, ഡാറ്റാബേസ്, വെബ് സെർവർ തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഇത്തരം എൻ.എൽ.എം. ഘടകങ്ങളായാണ് വന്നിരുന്നത്.
നെറ്റ്വെയർ 3.x ൽ ആരംഭിച്ച നെറ്റ്വെയർ ഫയൽസിസ്റ്റം 386 (NWFS 386) തന്നെയാണ് നെറ്റ്വെയർ 5.x പതിപ്പുവരെയും സ്വതേ ഉപയോഗിച്ചിരുന്നത്. ഇതിൽ ഫയലുകൾക്ക് 4 ജി.ബി. വരെ വലിപ്പം സാധ്യമായിരുന്നു. ഡിസ്ക് വോള്യത്തിന്റെ പരമാവധിശേഷി 1 ടി.ബി. ആയി ഉയർത്തുകയും ഇത്തരം വോള്യങ്ങളെ പരമാവധി 16 ഭാഗങ്ങളായി (സെഗ്മെന്റുകൾ) പല ഹാർഡ്‌ഡിസ്കുകളിൽ വ്യാപിപ്പിക്കുകയും ചെയ്യാമായിരുന്നു. സെർവർ പ്രവർത്തിച്ചുകൊണ്ടിരിക്കേതന്നെ ഉപയോക്താക്കൾക്ക് ഒരു തടസ്സവും നേരിടാതെ, ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ഡിസ്ക് വോള്യത്തിൽ സെഗ്മെന്റുകൾ കൂട്ടിച്ചേർത്ത് അതിന്റെ ശേഷി വർദ്ധിപ്പിക്കാനും പറ്റുമായിരുന്നു. നെറ്റ്വെയർ ഫയൽ സിസ്റ്റത്തിലെ ഫയലുകളുടെ പേരുകൾ ഡോസ് ശൈലിക്കിണങ്ങുംവിധമായിരുന്നു. സ്വതേ ഫയലിന്റെ പേരിന്റെ പരമാവധി നീളം 8 അക്ഷരങ്ങളും എക്സ്റ്റെൻഷൻ പരമാവധി 3 അക്ഷരങ്ങളുമായിരുന്നു. നീളം കൂടിയ ഫയൽ നാമങ്ങൾക്കുള്ള പിന്തുണയും ഒരു എൻ.എൽ.എം. മൊഡ്യൂൾ ചേർത്ത് ലഭ്യമാക്കാമായിരുന്നു.
ഉപയോക്താക്കളുടെ വിവരങ്ങളും അവർക്കുള്ള ആക്സസ് നിയന്ത്രണങ്ങളും ശേഖരിക്കുന്നതിന് മുമ്പ് ബൈൻഡറി സെർവീസസ് എന്നൊരു ഡാറ്റാബേസ് ആയിരുന്നു നെറ്റ്വെയർ ഉപയോഗിച്ചിരുന്നത്. ഒന്നിലധികം നെറ്റ്വെയർ സെർവറുകൾ ശൃംഖലയിലുള്ളപ്പോൾ ഉപയോക്താവ് ഓരോ സെർവറിലേക്കും പ്രത്യേകം പ്രത്യേകം ലോഗിൻ ചെയ്യേണ്ടതുണ്ടായിരുന്നു. മാത്രമല്ല ഓരോ സെർവറിനു വേണ്ടിയും പ്രത്യേകം പ്രത്യേകം ഉപയോക്താക്കളേയും അവരുടെ അവകാശങ്ങളും ക്രമീകരിക്കേണ്ടിയിരുന്നു. ഇതിനൊരു പരിഹാരമായി നെറ്റ്വെയർ 3.x-ൽ അവതരിപ്പിക്കപ്പെട്ട ഉൽപ്പന്നമാണ് നെറ്റ്വെയർ നെയിം സെർവീസെസ്. ഉപയോക്താവിന്റെ വിവരങ്ങളും വിവിധ സെർവറുകളിലുള്ള അവരുടെ അവകാശങ്ങളും ഒരുമിച്ച് ഈ സംവിധാനത്തിൽ ശേഖരിക്കപ്പെടുന്നു.[൩]
കുറച്ചുകാലം പോർട്ടബിൾ നെറ്റ്വെയർ എന്ന പേരിൽ നെറ്റ്വെയർ 3-ന്റെ ഒരു ഒ.ഇ.എം. പതിപ്പും നോവെൽ വിപണിയിലിറക്കിയിരുന്നു. ഹ്യൂലറ്റ്-പാക്കാഡ്, ഡി.ഇ.സി., ഡേറ്റ ജനറൽ എന്നീ നിർമ്മാതാക്കളുമായുള്ള പങ്കാളിത്തത്തിലിറക്കിയ ഈ പതിപ്പുകൾ, നെറ്റ്വെയറിന്റെ സോഴ്സ് കോഡ് അവരുടെ യുണിക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കായി മാറ്റിയെടുത്തതായിരുന്നു. എങ്കിലും പോർട്ടബിൾ നെറ്റ്വെയർ കാര്യമായി വിറ്റഴിഞ്ഞില്ല.
നെറ്റ്വെയർ 3.x സജീവമായി നിൽക്കുന്ന കാലയളവിൽ, നെറ്റ്വെയർ എസ്.എഫ്.ടി.-III എന്ന പേരിൽ നോവെൽ അതിന്റെ ആദ്യത്തെ ഹൈ-അവൈലബിലിറ്റി ക്ലസ്റ്ററിങ് സംവിധാനം അവതരിപ്പിച്ചു. ഇതിൽ ഒരു നെറ്റ്വെയർ സെർവറിനെ എല്ലായ്പോഴും അതേപടി മറ്റൊരു കമ്പ്യൂട്ടറിലേക്ക് പകർത്തിക്കൊണ്ടിരിക്കും. ഈ രണ്ടു സെർവറുകളും തമ്മിൽ വേഗതയേറിയ (സാധാരണയായി 100 എം.ബി.പി.എസ്.) ഒരു നെറ്റ്വർക്ക് ലിങ്ക് മുഖേന ബന്ധിപ്പിച്ചിരിക്കും. ഈ രണ്ടു സെർവറുകളും, അവ തമ്മിലുള്ള ലിങ്കിന്റെ അനുവദനീയമായുള്ള ദൂരം വരെയുള്ള അകലത്തിൽ സ്ഥാപിക്കാമായിരുന്നു. ഏതെങ്കിലും കാരണവശാൽ ഇതിൽ ഒരു സെർവറോ ഡിസ്കോ തകരാറിലായാൽ ഉപയോക്താക്കൾക്ക് അസൗകര്യമില്ലാതെ ഒരു ചെറിയ ഇടവേളക്കു ശേഷം, ശേഷിക്കുന്ന സെർവർ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കുമായിരുന്നു.
നെറ്റ്വെയർ 3.x പതിപ്പിന്റെ ആദ്യമിറക്കിയ ക്ലൈന്റ് ടി.എസ്.ആർ. പ്രോഗ്രാമുകൾ 80386 പ്രോസസറുകളിലെ 32 ബിറ്റ് രെജിസ്റ്ററുകളിലെ 16 ഹൈ ബിറ്റുകൾക്ക് മാറ്റം വരുത്തുകയും ഇവ മറ്റൊരു പ്രോഗ്രാമിനും ഉപയോഗിക്കാൻ പറ്റാത്തതാക്കി മാറ്റുകയും ചെയ്തിരുന്നു. ഇത് അബദ്ധത്തിൽ സംഭവിച്ചതാണോ അതോ ഇങ്ങനെത്തന്നെ രൂപകൽപന ചെയ്തതാണൊഎന്നുറപ്പില്ല.[൨]
നെറ്റ്വെയർ 4.x
തിരുത്തുക1993-ൽ പുറത്തിറങ്ങിയ നെറ്റ്വയർ നാലാം പതിപ്പിൽ, X.500 അടിസ്ഥാനമായുള്ള നെറ്റ്വെയർ ഡയറക്റ്ററി സെർവീസും ഉൾപ്പെടുത്തിയിരുന്നു. പിന്നീട് നോവെൽ ഡയറക്റ്ററി സെർവീസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ ആഗോള ഡയറക്റ്ററി സെർവീസ്, നെറ്റ്വെയർ 3-ലെ ബൈൻഡറി സംവീധാനത്തെ മൊത്തം ആദേശം ചെയ്തു. നിരവധി സെർവറുകളുള്ള ശൃംഖലയിലെ എല്ലാ ഉപകരണങ്ങളും സൗകര്യങ്ങളും ഒരൊറ്റ ഉപയോക്തൃനാമമുപയോഗിച്ച് ഉപയോക്താക്കൾക്ക് ലഭ്യമായി. ഉപയോക്താക്കൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്നതിൽ കാർനിർവാഹകരുടെ ജോലിയും എളുപ്പമായി.
നാലാംപതിപ്പിൽ മറ്റുപല സവിശേഷതകളും ഉൾപ്പെടുത്തിയിരുന്നു. ഫയൽസിസ്റ്റം തലത്തിലുള്ള കംപ്രഷൻ, ആർ.എസ്.എ. എൻക്രിപ്ഷൻ തുടങ്ങിയവ അക്കൂട്ടത്തിൽപ്പെടുന്നു. മോഡം പോലുള്ള സീരിയൽ വിനിമയോപകരണങ്ങളെ ഉപയോക്താക്കൾക്കായി പങ്കുവെക്കുന്ന നെറ്റ്വർക്ക് അസിങ്ക്രണസ് സെർവീസ് ഇന്റർഫേസ് (NASI) മറ്റൊരു പുതിയ സൗകര്യമായിരുന്നു. ഡോസിനും വിൻഡോസിനും വേണ്ടിയുള്ള ഒരു ഡ്രൈവർ ഉപയോഗിച്ച് ക്ലൈന്റ് കമ്പ്യൂട്ടറുകളിലെ പോർട്ടുകൾ സെർവറിലേക്ക് തിരിച്ചുവിട്ടാണ് ഇത് സാധിച്ചിരുന്നത്. ഇതുവഴി കമ്പനികൾക്ക് തങ്ങളുടെ ടെലിഫോൺ ലൈനുകളും മോഡങ്ങളും ഒരിടത്ത് കേന്ദ്രീകരിക്കാനും പങ്കുവക്കാനും സാധിച്ചു.[4]
പുതിയ പതിപ്പിന് പരിമിതികളും ഉണ്ടായിരുന്നു. തുടക്കത്തിൽ നെറ്റ്വെയർ 4 അതിന്റെ പഴയ പതിപ്പുകളോപ്പം ഒരേ ശൃഖലയിൽ ഒന്നിച്ച് പ്രവർത്തിക്കുമായിരുന്നില്ല.[5]
ഓ.എസ്./2-നു വേണ്ടിയുള്ള നെറ്റ്വെയർ
തിരുത്തുക1993 ഓഗസ്റ്റിൽ[6] ഓ.എസ്./2-നു വേണ്ടിയുള്ള ആദ്യത്തെ നെറ്റ്വെയർ പതിപ്പ് പുറത്തിറങ്ങി. ഓ.എസ്./2-ന്റെ 2.1 (1993) പതിപ്പായിരുന്നു ഇതിന്റെ ഓ.എസ്. അടിത്തറ. ഉപയോക്താക്കൾ ആദ്യം ഓ.എസ്./2-വും അതിനു വേണ്ട നെറ്റ്വെയർ 4.01 പതിപ്പും പ്രത്യേകം പ്രത്യേകം വാങ്ങി ഇൻസ്റ്റോൾ ചെയ്യണമായിരുന്നു. ഈ നെറ്റ്വെയർ പതിപ്പിന് 200 ഡോളറാണ് വിലയീടാക്കിയിരുന്നത്. ഡോസ് അടിത്തറയിലോടുന്ന നെറ്റ്വെയർ ഡെഡിക്കേറ്റെഡ് മോഡിൽ പ്രവർത്തിക്കുമ്പോൾ ഓ.എസ്./2-നു വേണ്ടിയുള്ള നെറ്റ്വെയർ നോൺ-ഡെഡിക്കേറ്റെഡ് മോഡിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതായത് നെറ്റ്വെയർ സെർവറിനെ ഒരേസമയം ഓ.എസ്./2 ഡെസ്ക്ടോപ്പായും ഉപയോഗിക്കാൻ സാധിക്കുമായിരുന്നു.[7]
1995-ൽ ഓ.എസ്./2-വിന്റെ പുതിയ പതിപ്പായ ഓ.എസ്./2 വാർപ് സെർവറും ഡെസ്ക്ടോപ്പ് ക്ലൈന്റും രംഗത്തെത്തി. നെറ്റ്വെയർ 4.1 സെർവർ, ഓ.എസ്./2 സെർവറിലും ഒരു സെർവീസ് എന്ന രീതിയിൽ പ്രവർത്തിച്ചു. നെറ്റ്വെയറിനുവേണ്ടിയുള്ള മൂന്നാംകക്ഷി ക്ലൈന്റ്-സെർവർ പ്രോഗ്രാമുകളും നെറ്റ്വെയർ ലോഡബിൾ മൊഡ്യൂളുകളും ഇതിലും പ്രവർത്തിക്കുമായിരുന്നു.[8] 32 ബിറ്റിലോടുന്ന ഓ.എസ്./2-വിൽ നെറ്റ്ബയോസ്, ഐ.പി.എക്സ്./എസ്.പി.എക്സ്., ടി.സി.പി./ഐ.പി. എന്നീ ജനകീയമായ എല്ലാ പ്രോട്ടോക്കോളുകളുടേയും പിന്തുണയുണ്ടായിരുന്നതിനാൽ, നെറ്റ്വയർ കൂടി ഓടുന്ന ഓ.എസ്./2 ഏതൊരു ക്ലൈന്റിൽ നിന്നും ബന്ധം സ്ഥാപിക്കാവുന്ന ഒരു തികഞ്ഞ നെറ്റ്വർക്ക് സെർവറും ഒപ്പം ഒരു ഓ.എസ്./2 വർക്ക്സ്റ്റേഷനുമായിരുന്നു. നെറ്റ്വെയർ, ഓ.എസ്./2-വുമായി തടസ്സങ്ങളൊന്നുമില്ലാതെ മെമ്മറി പങ്കുവെച്ചുപയോഗിച്ചു. "നെറ്റ്വെയർ 4.x സെർവർ പ്രോഗ്രാമിന് ഓ.എസ്./2 സിസ്റ്റത്തിലെ എല്ലാ വിഭവങ്ങളും സ്വന്തമായി ഉപയോഗിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന രീതിയിലായിരുന്നു ഇവ തമ്മിലുള്ള പരസ്പരപ്രവർത്തനം" എന്ന് ക്ലൈന്റ് സെർവർ സർവൈവൽ ഗൈഡ് വിത്ത് ഓ.എസ്./2 എന്ന പുസ്തകത്തിൽ വിശേഷിപ്പിക്കുന്നു. പ്രവർത്തനമികവിൽ നെറ്റ്വെയർ മാത്രം പ്രവർത്തിക്കുന്ന സെർവറുകളെ അപേക്ഷിച്ച് 5 മുതൽ 10 ശതമാനം വരെ കുറവ് മാത്രമേ ഓ.എസ്./2-വിൽ ഓടുന്ന നെറ്റ്വെയറിന് ഉണ്ടായിരുന്നുള്ളൂ എന്നു പറയപ്പെടുന്നു. ഈ ചെറിയ നഷ്ടത്തിനു പകരമായി ഓ.എസ്./2-വിന്റെ പ്രീ-എംറ്റീവ് മൾട്ടിടാസ്കിങ്ങും ഒബ്ജക്റ്റ് ഓറിയെന്റഡ് സചിത്രസമ്പർക്കമുഖവും ഉപയോക്താവിന് അധികമായി ലഭിക്കുകയും ചെയ്യുന്നു.[9]
ഓ.എസ്./2-നുള്ള നെറ്റ്വെയറിനു വേണ്ടിയുള്ള അപ്ഡേറ്റുകളും ബഗ്ഫിക്സുകളും 1998 വരെയും നോവെൽ പുറത്തിറക്കിയിരുന്നു.[10]
പ്രതാപനഷ്ടം
തിരുത്തുകനെറ്റ്വെയർ 2.x, 3.x പതിപ്പുകളുടെ കാലത്ത് നോവലിന്റെ തന്ത്രപരിപാടികൾ വളെരെ വിജയകരമായിരുന്നു. വിൻഡോസ് എൻ.ടി. സെർവറിന്റെ വരവിനു മുൻപ് പി.സി. അടിസ്ഥാനമായുള്ള സെർവറുകളുടെ വിപണിയിൽ 90 ശതമാനവും നോവലിന്റെ കൈയിലായിരുന്നു.
1990-കളുടെ അവസാനമുണ്ടായ ഇന്റർനെറ്റ് തരംഗത്തിന്റെ കാലത്ത് ഇന്റർനെറ്റിന്റെ പ്രോട്ടോക്കോളായ ടി.സി.പി./ഐ.പി., ലോക്കൽ ഏരിയ നെറ്റ്വർക്കുകളിലും വ്യാപകമായി. ഇതോടെ നെറ്റ്വെയറിനും ഭാഗികമായ ടി.സി.പി./ഐ.പി. പിന്തുണ നൽകിത്തുടങ്ങി. 1992-ലിറക്കിയ നെറ്റ്വെയർ പതിപ്പ് 3.x, 1995-ലിറക്കിയ നെറ്റ്വെയർ 4.x പതിപ്പിലും എഫ്.ടി.പി., യുനിക്സ് രീതിയിലുള്ള എൽ.പി.ആർ./എൽ.പി.ഡി. പ്രിന്റിങ് തുടങ്ങിയ ടി.സി.പി./ഐ.പി. അധിഷ്ടിതസൗകര്യങ്ങളുണ്ടായിരുന്നു. നെറ്റ്വെയർ 4.x പതിപ്പിൽ ഒരു വെബ്സെർവറും വികസിപ്പിച്ചു. ഫയൽ-പ്രിന്റ് സേവനങ്ങൾക്ക് സഹജമായ ടി.സി.പി./ഐ.പി. പിന്തുണ 1998-ൽ പുറത്തിറങ്ങിയ നെറ്റ്വെയറിന്റെ അഞ്ചാം പതിപ്പോടെയാണ് ആരംഭിച്ചത്.
1980-കളുടെ തുടക്കം മുതലേതന്നെ മൈക്രോസോഫ്റ്റും നെറ്റ്ബയോസ് ഫ്രെയിംസ് പ്രോട്ടോകോൾ അടിസ്ഥാനമാക്കിയുള്ള ലാൻ മാനേജർ എന്ന ഓപ്പറേറ്റിങ് സിസ്റ്റവുമായി ലാൻ രംഗത്ത് പിടിമുറുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നെറ്റ്വെയറിനെതിരെ ഒരു വെല്ലുവിളിയുയർത്താൻ ഇതിനായില്ല. എന്നാൽ 90-കളിൽ പുറത്തിറങ്ങിയ വിൻഡോസ് ഫോർ വർക്ക്ഗ്രൂപ്പ്സ്, വൻവിജയമായ വിൻഡോസ് എൻ.ടി., വിൻഡോസ് 95 എന്നിവയിലൂടെ നെറ്റ്‌വെയറിനു സമാനമായ സേവനങ്ങൾ ഉപയോക്താവിന് വിൻഡോസിൽ ലഭ്യമായിത്തുടങ്ങി. നെറ്റ്വർക്ക് സേവനങ്ങൾക്ക് നെറ്റ്വെയറിൽ ഒരു സെർവറിനെ ആശ്രയിക്കണമെങ്കിൽ വിൻഡോസ് കമ്പ്യൂട്ടറുകൾ പരസ്ലരം നേരിട്ട് ബന്ധപ്പെടുകയും ഓരോ വിൻഡോസ് ടെർമിനലുകളും സെർവറിന്റെ സേവനങ്ങളോടൊപ്പം ഡെസ്ക്ടോപ്പ് സേവനങ്ങളും നൽകുകയും ചെയ്തു എന്നത് നെറ്റ്‌വെയറിന് വൻതിരിച്ചടിയായി. സജ്ജീകരണത്തിനും പരിപാലനത്തിനും വിദഗ്ദ്ധസേവനം ആവശ്യമായിരുന്ന നെറ്റ്വെയറിനെ അപേക്ഷിച്ച് തീരെ ലളിതമായിരുന്ന വിൻഡോസ് നെറ്റ്വർക്കുകളിലേക്ക് ഉപയോക്താക്കൾ സംക്രമിക്കുകയും നെറ്റ്വെയർ സെർവറുകളെ ശൃംഖലയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
മറ്റു ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ അപേക്ഷിച്ച് നെറ്റ്വെറിനു വേണ്ടി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിലുള്ള സങ്കീർണ്ണതയും നെറ്റ്വെയറിന്റെ പ്രചാരം കുറയുന്നതിന് കാരണമായി.
തന്ത്രപരമായ പാളിച്ചകൾ
തിരുത്തുകനെറ്റ്വെയർ 3.x-നും തുടർന്നുള്ള പതിപ്പുകൾക്കും നെറ്റ്വെയർ സെർവർ ഫയലുകൾ സൂക്ഷിക്കുന്നതിനും പ്രവർത്തനമാരംഭിക്കുന്നതിനും ഒരു ഡോസ് പാർട്ടീഷ്യനും, സെർവർ പ്രവർത്തിപ്പിക്കുന്നതിന് ഉപയോക്താവിന് ഡോസ് നിർദ്ദേശങ്ങളിൽ അൽപം പരിജ്ഞാനവും ആവശ്യമായിരുന്നു. വിൻഡോസ് സചിത്രസമ്പർക്കമുഖത്തിൽ പരിചയിച്ചെത്തുന്ന പുത്തൻതലമുറ ഉപയോക്താക്കൾക്ക് ഇതൊരു ബാദ്ധ്യതയായിരുന്നു. മുൻപ്, നെറ്റ്വെയർ 2.x പതിപ്പിലെന്നപോലെ നെറ്റ്വെയർ ഫയലുകൾ നോവെൽ പാർട്ടീഷ്യനിൽത്തന്നെ ഉൾക്കൊള്ളിക്കുകയും ബൂട്ട് ചെയ്യാൻ ഡോസ് പാർട്ടീഷ്യന്റെ സഹായം ഒഴിവാക്കുകയും ചെയ്തിരുന്നെങ്കിൽ ഈ സങ്കീർണ്ണത ഒഴിവാകുമായിരുന്നെന്ന് അഭിപ്രായമുണ്ട്. കുറേക്കാലത്തിനു ശേഷം, നെറ്റ്വെയറിന്റെ 6.5 പതിപ്പിൽ ഒരു സപ്പോർട്ട്പാക്കിലൂടെ ഈ സൗകര്യം നോവൽ അവതരിപ്പിക്കുകുയും ചെയ്തിരുന്നു.
സ്വതേ ഐ.പി.എക്സ്./എസ്.പി.എക്സ്. പ്രോട്ടോകോളിലോടുന്ന നെറ്റ്വെയർ, 1990-കളുടെ പകുതിയിൽ വ്യാപകമായ ടി.സി.പി./ഐ.പി. പ്രോട്ടോകോളിലോടുന്ന ഇന്റർനെറ്റുമായി ബന്ധപ്പെടുത്താനുള്ള സങ്കീർണ്ണതകളെത്തുടർന്ന് ആളുകൾ നെറ്റ്വെയർ സെർവറിനെ മറികടന്ന്, ഇന്റർനെറ്റ് ബന്ധത്തിന് ഹാർഡ്വെയർ റൗട്ടറുകളും ഫ്രീ ബി.എസ്.ഡി. പോലുള്ള യുണിക്സ്-അടിസ്ഥാനമായുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളും വിൻഡോസിലും മറ്റു ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലുമുള്ള പ്രോക്സി സെർവറുകളും ഉപയോഗിക്കാനാരംഭിച്ചു.
നെറ്റ്വെയർ 4.1x-ഉം നെറ്റ്വെയർ ഫോർ സ്മോൾ ബിസിനസും
തിരുത്തുക1996-ൽ നെറ്റ്വയർ 4.11 പതിപ്പ് പുറത്തിറങ്ങി. ഓപ്പറേറ്റിങ് സിസ്റ്റം ലളിതമായി സജ്ജീകരിക്കാനും, എളുപ്പത്തിൽ ഉപയോഗിക്കാനും, വേഗതവർദ്ധിപ്പിക്കാനൂം, കൂടുതൽ സ്ഥിരത കൈവരുത്താനുമുള്ള നിരവധി കാര്യങ്ങൾ ഈ പതിപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. വിൻഡോസ് വർക്ക്സ്റ്റേഷനുകൾക്കുള്ള സമ്പൂർണ്ണ 32 ബിറ്റ് ക്ലൈന്റ് സോഫ്റ്റ്‌വേർ, സിമ്മട്രിക് മൾട്ടിപ്രോസസിങ് പിന്തുണ, സചിത്രസമ്പർക്കമുഖത്തോടുകൂടിയ നെറ്റ്വെയർ അഡ്മിനിസ്ട്രേറ്റർ (NWADMIN/NWADMIN32) എന്ന കാര്യനിർവാഹക സോഫ്റ്റ്‌വേർ[൪] തുടങ്ങിയവയും ഇതിന്റെ മറ്റു പ്രത്യേകതകളായിരുന്നു.
നെറ്റ്വെയർ 4.11, അതിന്റെ വെബ് സെർവർ, ടി.സി.പി./ഐ.പി. പിന്തുണ, നെറ്റ്സ്കേപ്പ് ബ്രൗസർ ഇവയെല്ലാം ഒറ്റ് പാക്കേജായി ഇൻട്രാനെറ്റ്വെയർ എന്ന പേരിലാണ് ഇറക്കിയിരുന്നത്. ഉപയോക്താക്കളുടെയെണ്ണം 25-ൽ കവിയാത്ത ശൃംഖലകൾക്കായി പുറത്തിറക്കിയ പതിപ്പ്, ഇൻട്രാനെറ്റ്വെയർ ഫോർ സ്മോൾ ബിസിനസ് എന്നും അറിയപ്പെട്ടു. നോവെൽ ഡയറക്റ്ററി സെർവീസിന്റെ (എൻ.ഡി.എസ്.) പരിമിതമായ പതിപ്പും ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു. എൻ.ഡി.എസ്. കാര്യനിർവഹണം കൂടുതൽ ലളിതമാക്കാനും ഈ പതിപ്പിൽ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ഇൻട്രാനെറ്റ്വെയർ എന്ന പേര് നെറ്റ്വയറിന്റെ അഞ്ചാംപതിപ്പിൽ ഉപേക്ഷിച്ചു.
ഡയറക്റ്ററി സെർവീസിലേക്ക് മറ്റു ഉൽപ്പന്നങ്ങളെക്കൂടി കൂട്ടിക്കെട്ടി അതിന്റെ ഉപയോഗം വ്യാപകമാക്കാനും നോവെൽ ഇക്കാലത്ത് ശ്രമിച്ചു. ഗ്രൂപ്പ്‌വൈസ് എന്ന ഇമെയിൽ സംവിധാനം എൻ.ഡി.എസുമായി കൂട്ടിച്ചേർത്തു. ഡയറക്റ്ററി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സെൻവർക്സ്, ബോർഡർ മാനേജർ എന്നീ ഉൽപ്പന്നങ്ങളും പുറത്തിരക്കി.
ഇക്കാലത്തും നെറ്റ്വെയറിന്റെ അടിസ്ഥാന നെറ്റ്വർക്ക് പ്രോട്ടോക്കോളായി ഐ.പി.എക്സ്./എസ്.പി.എക്സ്. തന്നെ ആവശ്യമായിരുന്നെങ്കിലും, ടി.സി.പി./ഐ.പിയുടെ പ്രഭാവം തിരിച്ചറിഞ്ഞ നോവെൽ, 4.11 പതിപ്പിൽ എളുപ്പത്തിൽ ഇൻട്രാനെറ്റുകൾ സജ്ജീകരിക്കാനും ശൃ.ഖലകളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കാനുമുള്ള കരുക്കൾ ഉൾപ്പെടുത്തി. ഐ.പി.എക്സ് ശൃഖലയിലെ വർക്ക്സ്റ്റേഷനുകളെ ഐ.പി. ശൃംഖലകളുമായി എളുപ്പത്തിൽ ബന്ധപ്പെടുത്താനുള്ള ഐ.പി.എക്സ്./ഐ.പി. ഗേറ്റ്‌വേ ഇതിലൊന്നാണ്.
നെറ്റ്വെയർ 5.x
തിരുത്തുകനെറ്റ്വെയറിന്റെ വിപണിപങ്കാളിത്തം കുത്തനെ ഇടിയുന്ന സമയത്തായിരുന്നു 1998 ഒക്ടോബറിൽ നെറ്റ്വെയർ 5 വിപണിയിലെത്തിയത്: ഒട്ടേറെ സ്ഥാപനങ്ങൾ നെറ്റ്വെയർ സെർവറുകൾ മാറ്റി വിൻഡോസ് എൻ.ടി. സെർവറുകൾ പകരം സ്ഥാപിച്ചു. നെറ്റ്വെയർ 5 പുറിത്തിറങ്ങിയ സമയത്തുതന്നെ നെറ്റ്വയർ 4 ന്റെ അവസാനത്തെ അപ്ഗ്രേഡായ നെറ്റ്വെയർ 4.2-ഉം നോവെൽ പുറത്തിറക്കിയിരുന്നു.
ഉപയോക്തൃതാൽപര്യം പരിഗണിച്ച്, അഞ്ചാം പതിപ്പിൽ നെറ്റ്വെയറിന്റെ അടിസ്ഥാന നെറ്റ്വർക്ക് പ്രോട്ടോക്കോൾ ഐ.പി.എക്സ്./എസ്.പി.എക്സിൽ നിന്നും ടി.സി.പി./ഐ.പിയിലേക്ക് മാറ്റി.[11] ഐ.പി.എക്സ്./എസ്.പി.എക്സ്. തുടർന്നും പിന്തുണച്ചിരുന്നെങ്കിലും പ്രഥമപരിഗണന ടി.സി.പി./ഐ.പിക്കായിരുന്നു. നെറ്റ്വെയറിന് ഒരു സചിത്രസമ്പർക്കമുഖവും കൂട്ടിച്ചേർത്തു. മറ്റു പുതിയ സവിശേഷതകൾ താഴെപ്പറയുന്നു:
- നോവെൽ സ്റ്റോറേജ് സെർവീസെസ് (എൻ.എസ്.എസ്.) എന്ന പുതിയ ഫയൽ സിസ്റ്റം അവതരിപ്പിച്ചു. പരമ്പരാഗതമായ നെറ്റ്വെയർ ഫയൽ സിസ്റ്റത്തിനുള്ള (എൻ.എഫ്.എസ്.( പിന്തുണയും നിലനിർത്തിയിരുന്നു.
- നെറ്റ്വെയറിനുവേണ്ടിയുള്ള ജാവ വെർച്വൽ മെഷിൻ
- നോവെൽ ഡിസ്ട്രിബൂട്ടെഡ് പ്രിന്റ് സെർവീസ് (എൻ.ഡി.പി.എസ്.)
- കൺസോൾവൺ എന്ന പുതിയ ജാവ അടിസ്താനമായുള്ള കാര്യനിർവാഹകജാലകം
- ഡയറക്റ്ററി ബന്ധിതമായ പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ സെർവീസ് (പി.കെ.ഐ.എസ്.)
- ഡസറക്റ്റരി ബന്ധിതമായ ഡി.എൻ.എസ്.-ഡി.എച്ച്.സി.പി. സെർവറുകൾ
- സാൻ പിന്തുണ
- നോവെൽ ക്ലസ്റ്റർ സെർവീസ് (എൻ.സി.എസ്.)
- ഒറാക്കിൾ 8i - അഞ്ച് ഉപയോക്താക്കൾക്കുള്ള അനുമതിയും
നെറ്റ്വെയർ മൂന്നാം പതിപ്പുമുതൽ ലഭ്യമായിരുന്ന എസ്.എഫ്.ടി. III-നെ അപേക്ഷിച്ച് നെറ്റ്വെയർ ക്ലസ്റ്റർ സെർവീസ് (എൻ.സി.എസ്.) ഏറെ മെച്ചപ്പെട്ടിരുന്നു. ഇതിന് പ്രത്യേക ഹാർഡ്വെയറിന്റെയോ സെർവറുകൾ ഒരേപോലെയായിരിക്കണമെന്നോ നിബന്ധനയില്ലായിരുന്നു.
നെറ്റ്വെയർ സെർവറിൽ ശേഖരിച്ചിരിക്കുന്ന ഫയലുകളെ ഇന്റർനെറ്റിൽ ലഭ്യമാക്കുന്നതിനായുള്ള നോവെൽ നെറ്റ്സ്റ്റോറേജും നോവെൽ ഇതിനിടെ പുറത്തിറക്കി. ഇത് നെറ്റ്വെയർ 5-നു മുകളിലുള്ള പതിപ്പുകളെ പിന്തുണച്ചിരുന്നു.[12][13]
2000 ജനുവരിയിൽ നെറ്റ്വെയർ 5.1 പുറത്തിറങ്ങി. നിരവധി സവിശേഷതകൾ ഇതിലും പുതിയതായി അവതരിപ്പിക്കപ്പെട്ടിരുന്നു. അവയിൽ ചിലത് താഴെക്കൊടുക്കുന്നു:
- ഐ.ബി.എം. വെബ്സ്ഫിയർ ആപ്ലിക്കേഷൻ സെർവെർ
- നെറ്റ്വെയർ മാനേജ്മെന്റ് പോർട്ടൽ (പിൽക്കാലത്ത് നോവെൽ റിമോട്ട് മാനേജർ എന്ന പുനർനാമകരണം ചെയ്യപ്പെട്ടു) - ഓപ്പറേറ്റിങ് സിസ്റ്റത്തെ വെബ് ബ്രൗസറിലൂടെ നിയന്ത്രിക്കാൻ ഇതനുവദിച്ചു.
- എഫ്.ടി.പി., എൻ.എൻ.ടി.പി., മീഡിയ സ്ട്രീമിങ് സെർവീസുകൾ
- നെറ്റ്വെയർ വെബ് സെർച്ച് സെർവർ
- വെബ് ഡി.എ.വി. പിന്തുണ
നെറ്റ്വെയർ 6.0
തിരുത്തുക2001 ഒക്ടോബറിൽ നെറ്റ്വെയറിന്റെ ആറാം പതിപ്പ് രംഗത്തെത്തി. ഈ പതിപ്പിന്റെ ലൈസൻസിങ് വ്യവസ്ഥ കൂടുതൽ ഉദാരമാക്കിയിരുന്നു. മുൻപ്, സെർവറുമായുള്ള ബന്ധങ്ങളുടെ എണ്ണമനുസരിച്ചായിരുന്നു ലൈസൻസ് കണക്കാക്കിയിരുന്നത്, അത് ഉപയോക്താക്കളുടെ എണ്ണമനുസരിച്ചാക്കി മാറ്റി. മുൻപ് ഒരു ഉപയോക്താവ് ഒരേ സമയം ശൃംഖലയിലെ ഒന്നിലധികം നെറ്റ്വെയർ സെർവറുകളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഓരോ സെർവറിൽ നിന്നും ഓരോ ലൈസൻസ് ഉപയോഗിക്കുമായിരുന്നു. പുതിയ രീതിയിൽ ഒരു ഉപയോക്താവ് എത്ര നെറ്റ്വെയർ സെർവറുകളുടെ സേവനം നേടുന്നുവെങ്കിലും ഒരേയൊരു ലൈസൻസേ ഉപയോഗപ്പെടുത്തുകയുള്ളൂ.[14] നോവെൽ ക്ലസ്റ്റർ സെർവീസിലും പുരോഗതിയുണ്ടായി. 32 ആക്റ്റീവ് നോഡുകൾ വരെയുള്ള ക്ലസ്റ്ററുകൾ ആറാം പതിപ്പ് പിന്തുണച്ചിരുന്നു.[15] നെറ്റ്വെയർ 6.0-ത്തിന്റെ അടിസ്ഥാനപതിപ്പിലും 2 നോഡുകൾക്കുള്ള ക്ലസ്റ്ററിങ് ലൈസൻസ് ഉൾപ്പെടുത്തിയിരുന്നു.
നെറ്റ്വെയർ 6.5
തിരുത്തുകനെറ്റ്വെയർ 6.5, 2003 ഓഗസ്റ്റിൽ പുറത്തിറങ്ങി. നെറ്റ്വെയർ എന്ന പേരിലുള്ള ഏറ്റവും അവസാനത്തെ പതിപ്പായിരുന്നു ഇത്. ഈ പതിപ്പിൽ ഉൾക്കൊള്ളിച്ചിരുന്ന ചില പുതിയ സവിശേഷതകൾ താഴെപ്പറയുന്നു:
- പി.എച്ച്.പി., മൈ എസ്.ക്യു.എൽ., ഓപ്പൺ എസ്.എസ്.എച്ച്. എന്നിങ്ങനെയുള്ള കൂടുതൽ സ്വതന്ത്രസോഫ്റ്റ്വെയറുകൾ.
- ഒരു ബാഷ് ഷെൽ പോർട്ടും കൂടുതൽ സ്ക്രിപ്റ്റിങ് സൗകര്യത്തിനായി wget, grep, awk, sed എന്നിങ്ങനെയുള്ള നിരവധി പരമ്പരാഗത യുണിക്സ് യൂട്ടിലിറ്റികളും ഉൾപ്പെടുത്തി.
- ഐ സ്കസി പിന്തുണ.
- വെർച്വൽ ഓഫീസ് - ഉപയോക്താക്കൾക്ക് ഇമെയിൽ, ഫയൽ ശേഖരണം, അഡ്രസ് ബുക്ക് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഒരു വെബ് പോർട്ടൽ.
- ഡൊമൈൻ കണ്ട്രോളർ പ്രവർത്തനം
- ഏകീകൃത പാസ്|വേഡ്
- DirXML സ്റ്റാർട്ടെർ പാക്ക് – മറ്റൊരു ഡയറക്റ്ററി ട്രീയുമായി (നെറ്റ്വെയർ ഇ-ഡയറക്റ്ററിയോ, വിൻഡോസ് എൻ.ടി. ഡൊമൈനോ ആക്റ്റീവ് ഡയറക്റ്ററിയോ ആവാം) അംഗത്വങ്ങൾ ചേർച്ചയുള്ളതാക്കി നിർത്താനുള്ള സൗകര്യം.
- exteNd ആപ്ലിക്കേഷൻ സെർവർ – ജാവ എൻർപ്രൈസ് എഡിഷൻ 1.3-ന് അനുരൂപമായ ആപ്ലിക്കേഷൻ സെർവർ
- എൻ.എക്സ്. ബിറ്റ് പിന്തുണ
- യു.എസ്.ബി. ശേഖരണോപാധികൾക്കുള്ള പിന്തുണ
- എൻക്രിപ്റ്റ് ചെയ്ത വോള്യങ്ങൾക്കുള്ള പിന്തുണ
നെറ്റ്വെയർ 6.5 വേണ്ടിയുള്ള ഏറ്റവു പുതിയ - മിക്കവാറും ഇത് അവസാനത്തേതായിരിക്കാം - സെർവീസ് പാക്ക്, എസ്.പി.8 2008 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്.
ഓപ്പൺ എന്റർപ്രൈസ് സെർവർ
തിരുത്തുകനെറ്റ്വയറിന്റെ പിൻഗാമിയായി ഓപ്പൺ എന്റർപ്രൈസ് സെർവറിനെ (ഒ.ഇ.എസ്.) 2003-ൽത്തന്നെ നോവെൽ പ്രഖ്യാപിച്ചിരുന്നു. 2005 മാർച്ചിലാണ് ഒ.ഇ.എസ്. പുറത്തിറങ്ങിയത്. നെറ്റ്വെയർ പരമ്പരാഗതമായി നൽകിയിരുന്ന സെർവീസുകളെ (ഡയറക്റ്ററി സെർവീസുകൾ, ഫയൽ-പ്രിന്റർ പങ്കുവെക്കൽ തുടങ്ങിയവ) ഓപ്പറേറ്റിങ് സിസ്റ്റം അടിത്തറയിൽ നിന്നു വേർപെടുത്തുകയും ഇവയെ പലപല ആപ്ലിക്കേഷനുകളായി (ഇ-ഡയറക്റ്ററി, നെറ്റ്വെയർ കോർ പ്രോട്ടോക്കോൾ സെർവീസെസ്, ഐപ്രിന്റ് എന്നിങ്ങനെ) ഒരു ലിനക്സ് അല്ലെങ്കിൽ നെറ്റ്വെയർ കെർണലിനു മുകളിൽ പ്രവർത്തിക്കാൻ പാകത്തിനാക്കുകയും ചെയ്തു.
ഒ.ഇ.എസ്. ക്ലസ്റ്റർ ആയി സജ്ജികരിക്കുമ്പോൾ അതിൽ ലിനക്സ് കെർണലിലും നെറ്റ്വെയർ കെർണലിലും ഓടുന്ന നോഡുകളെ ഒരുമിച്ച് ഉപയോഗിക്കാം. ലിനക്സ് കെർണലിൽ ഓടുന്ന സെർവീസിന് തകരാറു സംഭവിച്ചാൽ നെറ്റ്വെയറിലോടുന്ന സെർവീസിന് അത് ഏറ്റെടുക്കാനും തിരിച്ചും സാധ്യമാണ്. ഇത്, ഒന്നിലധികം ഒ.എസ്. അടിത്തറയിൽ ക്ലസ്റ്ററിങ് ലഭ്യമാക്കുന്ന ചുരുക്കം ദാതാക്കളിലൊന്നായി നോവലിനെ മാറ്റുന്നു.
സിമിയൻ, ജെർമൻ ലിനക്സ് വിതരണക്കാരായ സൂസെ എന്നീ കമ്പനികളെ നോവൽ സ്വന്തമാക്കിയതിനെത്തുടർന്ന് നോവെൽ നെറ്റ്വെയറിൽ നിന്നും ശ്രദ്ധ ലിനക്സിലേക്ക് തിരിക്കുകയാണെന്നും നിലവിലുള്ള ഉപയോക്താക്കളെയും ലിനക്സ് അടിത്തറയിലേക്ക് നയിക്കാനുള്ള നയങ്ങളാണ് നോവെൽ സ്വീകരിക്കുന്നതെന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു.[16] ഇതിനു ബലം നൽകിക്കൊണ്ട്, ഓപ്പൺ എന്റർപ്രൈസ് സെർവർ ലിനക്സ് അടിത്തറയിലുള്ളതു മാത്രമേ പുറത്തിറക്കുയുള്ളൂ എന്നു നോവെൽ ഒരിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഈ തീരുമാനം പിൻവലിക്കുകയും 9 കോടിയോളമുള്ള ഉപയോക്താക്കൾക്ക് കുറഞ്ഞത് 2015 വരെയെങ്കിലും സാങ്കേതികപിന്തുണ തുടരുമെന്നും പ്രഖ്യാപിച്ചു.[17]
ഒ.ഇ.എസിന്റെ രണ്ടാം പതിപ്പ് 2007 ഒക്ടോബർ 8-ന് പുറത്തിറങ്ങി. നെറ്റ്വെയർ 6.5 SP7 പതിപ്സും സ്യുസെ ലിനക്സ് എന്റർപ്രൈസ് സെർവർ പതിപ്പ് 10-ഉം ആണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. 64 ബിറ്റ് പിന്തുണ, വെർച്വലൈസേഷൻ, ഷാഡോ വോള്യങ്ങൾ ലഭ്യമാക്കുന്ന ഡൈനാമിക് സ്റ്റോറേജ് സങ്കേതം, വിൻഡോസിനു വേണ്ടിയുള്ള ഡൊമൈൻ സേവനങ്ങൾ എന്നിവയും ഇതിൽ ഉൾക്കൊളള്ളിച്ചിരുന്നു.
നെറ്റ്വെയറിന്റെ നിലവിലെ സ്ഥിതി
തിരുത്തുക2010-ലെ കണക്കനുസരിച്ച് ഇപ്പോഴും ചില സ്ഥാപനങ്ങൾ നോവെൽ നെറ്റ്വെയർ ഉപയോഗിക്കുന്നുന്നുണ്ട്. എങ്കിലും 1990-കളുടെ പകുതിയിൽ ആരംഭിച്ച ശോഷണം ഇപ്പോഴും തുടരുകയാണ്. മുൻപ് ചെറിയ നെറ്റ്വർക്കുകളിൽ വ്യാപകമായിരുന്ന നെറ്റ്വെയ്ർ ആ മേഖലയിൽ നിന്ന് ഇപ്പോൾ അപ്രത്യക്ഷമായി. ആധുനിക നെറ്റ്വെയറും ഒ.ഇ.എസും. അവ നൽകുന്ന പ്രത്യേക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്, വൻകിടസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ചെറിയ നെറ്റ്വർക്കുകളിൽ നോവലിന് നഷ്ടപ്പെട്ട വിപണി 1990-കളുടെ അവസാനത്തോടെ മൈക്രോസോഫ്റ്റിനാണ് ലഭിച്ചത്.[18][19] ഇന്ന് നെറ്റ്വെയർ ഉപയോഗിക്കുന്നവർ നെറ്റ്വെയറിനൊപ്പംതന്നെ ലിനക്സ്, വിൻഡോസ് സെർവറുകളും അടങ്ങുന്ന സങ്കരശൃംഖലയാണ് ഉപയോഗിക്കുന്നത്.
നെറ്റ്വെയർ ഇ.എൽ.എസ്. / നെറ്റ്വെയർ ലൈറ്റ് / പെഴ്സണൽ നെറ്റ്വെയർ
തിരുത്തുക1987-ലാണ് നെറ്റ്വെയർ ഇ.എൽ.എസ്. (എൻട്രി ലെവൽ സിസ്റ്റം) എന്ന പതിപ്പ് നോവെൽ പുറത്തിറക്കിയത്. നെറ്റ്വെയറിന്റെ ഒരു വിലകുറഞ്ഞ ബദലായാണ് ഇത് പുറത്തിറക്കിയത്. സാധാരണ നെറ്റ്വെയറിലെ എസ്.എഫ്.ടി. പോലുള്ള ഉൽകൃഷ്ടസവിശേഷതകളും പല ഡിവൈസ് ഡ്രൈവറുകളും, പലതരം ശൃംഖലകൾക്കുള്ള പിന്തുണ തുടങ്ങിയവ ഇ.എൽ.എസിനുണ്ടായിരുന്നില്ല. തുടക്കത്തിൽ, അഞ്ച് ഉപയോക്താക്കളെ മാത്രമേ ഇ.എൽ.എസ്. സെർവർ പിന്തുണച്ചിരുന്നുള്ളൂ. പിന്നീട് 8 ഉപയോക്താക്കളെ പിന്തുണക്കുന്ന പതിപ്പ് പുറത്തിറക്കി. ഉദാത്ത നെറ്റ്വെയർ പോലെത്തന്നെ ഡോസ്, മാകിന്റോഷ്, ഓ.എസ്./2 എന്നിങ്ങനെ വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലോടുന്ന കമ്പ്യൂട്ടറുകളെ ഇ.എൽ.എസ്. ശൃംഖലയിൽ ബന്ധിപ്പിക്കാമായിരുന്നു.[20]
1991-ൽ തികച്ചും വ്യത്യസ്തവും വിലകുറഞ്ഞതുമായ നെറ്റ്വെയർ ലൈറ്റ് 1.0 (എൻ.ഡബ്ല്യു.എൽ.) എന്ന ഉൽപ്പന്നവും പുറത്തിറക്കി.[21][22] ആർട്ടിസോഫ്റ്റിന്റെ ലാൻടാസ്റ്റിക് എന്ന നെറ്റ്വർക്കിന് മറുപടിയായാണ് നോവെൽ ഈ ഉൽപ്പന്നം പുറത്തിറക്കിയത്. രണ്ടും പിയർ-ടു-പിയർ നെറ്റ്വർക്കുകളായിരുന്നു. അതായത് പ്രത്യേകം സെർവറിന്റെ സാന്നിദ്ധ്യമില്ലാതെതന്നെ ശൃംഖലയിലെ എല്ലാ കമ്പ്യൂട്ടറുകൾക്കും അവരവരുടെ വിഭവങ്ങൾ പങ്കുവെക്കാമായിരുന്നു.
നെറ്റ്വെയർ ലൈറ്റ് മെച്ചപ്പെടുത്തി 1.1 പതിപ്പ് പുറത്തിറക്കുകയും ഇത് ഡി.ആർ. ഡോസ് 6.0-ന്റെ ചില പതിപ്പുകൾക്കൊപ്പം ചേർത്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. നെറ്റ്വെയർ ലൈറ്റിന്റെ ചില ഭാഗങ്ങൾ 1992-ൽ നെറ്റ്വെയർ പാംഡോസ് 1-ലും ഉപയോഗിച്ചിരുന്നു. കാര്യമായ മാറ്റങ്ങൾ വരുത്തി ഈ ഉൽപ്പന്നം 1993-ൽ പെഴ്സണൽ നെറ്റ്വെയർ (പി.എൻ.ഡബ്ല്യു.) എന്ന പേരിൽ വിപണിയിലിറക്കി. നെറ്റ്വെയർ ലൈറ്റിലുണ്ടായിരുന്ന എൻ.എൽ. കാഷി എന്ന ഡിസ്ക് കാഷി സംവിധാനം മെച്ചപ്പെടുത്തി എൻ.ഡബ്യു. കാഷി എന്ന പേരിൽ പെഴ്സണൽ നെറ്റ്വെയറിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് ഡിസ്ക് ആക്സസ് വേഗത കാര്യമായി വർദ്ധിപ്പിച്ചു. ശൃഖലയിൽ കളിക്കാവുന്ന നെറ്റ്‌വാർസ് എന്ന കളിയും പെഴ്സണൽ നെറ്റ്വെയറിനൊപ്പം ഉൾപ്പെടുത്തിയിരുന്നു.
1993/94-ൽ നോവൽ ഡോസിനൊപ്പം പെഴ്സണൽ നെറ്റ്വയറിന്റെ സമ്പൂർണ്ണപതിപ്പും ഒരുമിച്ച് ചേർത്ത് വിറ്റിരുന്നു. ഇതിന്റെ വില പെഴ്സണൽ നെറ്റ്വെയറിന്റെ തനിച്ചുള്ള വിലക്ക് സമാനവുമായിരുന്നു. പെഴ്സണൽ നെറ്റ്വെയറിന്റെ ചില ഭാഗങ്ങൾ നെറ്റ്വെയർ മൊബൈൽ, ലാൻ വർക്ക്സ്പേസ് തുടങ്ങിയ ഡോസിനു വേണ്ടിയുള്ള ഉൽപ്പന്നങ്ങളിലുൾപ്പെടുത്തിയിരുന്നു. പിന്നീട്, 1997-99 കാലയളവിൽ കാൽഡെറ ഓപ്പൺ ഡോസ്, ഡി.ആർ. ഡോസ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്കൊപ്പം പെഴ്സണൽ നെറ്റ്വെയർ സമ്പൂർണ്ണപതിപ്പ് ഉൾപ്പെടുത്തിയിരുന്നു.
പ്രകടനം
തിരുത്തുകമറ്റ് നെറ്റ്വർക്ക് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ അപേക്ഷിച്ചുള്ള മികച്ച പ്രകടനം ഒന്നുകൊണ്ടുമാത്രമാണ് 1980-കളുടെ പകുതിമുതൽ 90-കളുടെ പകുതിവരെയുള്ള കാലയളവിൽ നെറ്റ്വെയർ നെറ്റ്വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം വിപണി അടക്കിഭരിച്ചിരുന്നത്. ഇക്കാലയളവിലെ മിക്ക താരതമ്യപഠനങ്ങളിലും മൈക്രോസോഫ്റ്റ്, ബന്യൻ തുടങ്ങിയ മറ്റു നെറ്റ്വർക്ക് ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് വൻമുൻതൂക്കം നെറ്റ്വെയറിന് നൽകിയിരുന്നു. ഒരേ ഹാർഡ്വെയറിൽ, നെറ്റ്വെയറിന്റെ സ്വതേയല്ലാത്ത ടി.സി.പി./ഐ.പി. പ്രോട്ടോക്കോളിൽ പ്രവർത്തിച്ച ഒരു നെറ്റ്വർക്ക് ഫയൽ സിസ്റ്റം, സ്വതേ ടി.സി.പി./ഐ.പി. പ്രോട്ടോകോളിൽ ഓടുന്ന സ്കോ യുണിക്സിലെ നെറ്റ്വർക്ക് ഫയൽ സിസ്റ്റത്തേക്കാൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി കണ്ടെത്തിയ ഒരു താരതമ്യപഠനവും പ്രശസ്തമാണ്.
നെറ്റ്വെയറിന്റെ മികച്ച പ്രകടനത്തിനുള്ള കാരണങ്ങൾ താഴെപ്പറയുന്നവയാണ്:
ഡിസ്കിനു പകരം ഫയൽ പങ്കിടുക
തിരുത്തുകആദ്യകാലത്ത് മിക്ക ലാൻ ശേഖരണോപാധികളും ഡിസ്ക് സെർവർ രീതിയായിരുന്നു പിന്തുടർന്നിരുന്നത്. ഈ രീതിയിൽ ഒരു ക്ലൈന്റ് കമ്പ്യൂട്ടറിന് ഒരു ഫയലിലെ നിർദ്ദിഷ്ട ബ്ലോക്ക് വായിക്കണമെങ്കിൽ താഴെപ്പറയുന്ന അഭ്യർത്ഥനകൾ ലാനിലൂടെ നൽകണമായിരുന്നു.
- ഡയറക്റ്ററിയിലെ ആദ്യത്തെ ബ്ലോക്ക് വായിക്കുക
- നിർദ്ദിഷ്ട ഫയലിന്റെ ബ്ലോക്കുകളുടെ വിവരങ്ങൾ ലഭിക്കുന്നിടം വരെ ഡയറക്റ്ററിയിലെ തുടർന്നുള്ള ബ്ലോക്കുകളോരോന്നും വായിക്കുക.
- ഫയലിലെ നിർദ്ദിഷ്ട ബ്ലോക്ക് എത്തുന്നിടംവരെ ഫയൽ എൻട്രി ബ്ലോക്കുകൾ വായിക്കുക.
- നിർദ്ദിഷ്ട ബ്ലോക്കിൽ നിന്നും വിവരം വായിച്ചെടുക്കുക.
നെറ്റ്വെയർ, ഫയൽ സെർവീസ് രീതിയാണ് പിന്തുടർന്നത് എന്നതിനാൽ, ക്ലൈന്റ് കമ്പ്യൂട്ടറിന് ഡിസ്കിൽ ഫയലുകൾ എവിടെ, എങ്ങനെ ശേഖരിച്ചിരിക്കുന്നു എന്നതിനെ കാര്യമാക്കേണ്ടതില്ലായിരുന്നു. മറിച്ച് ഫയൽ എ.പി.ഐ. തലത്തിലായിരുന്നു നെറ്റ്വെയർ സെർവറും ക്ലൈന്റും തമ്മിൽ വിനിമയം നടത്തിയിരുന്നത്:
- ഫയൽ തുറക്കാനുള്ള അഭ്യർത്ഥന നൽകുക (മുൻപ് അഭ്യർത്ഥിച്ചിട്ടില്ലെങ്കിൽ മാത്രം)
- തുറന്ന ഫയലിൽ നിന്ന് ആവശ്യമായ വിവരങ്ങൾക്കുവേണ്ടിയുള്ള അഭ്യർത്ഥന നൽകുക.
ഡയറക്റ്ററിയിൽ തിരയലും വിവരങ്ങൾ ഡിസ്കിൽ എവിടെ ഭൗതികമായി ശേഖരിച്ചിരിക്കുന്നുവെന്നകാര്യവുമെല്ലാം നെറ്റ്വെയർ സെർവർ കൈകാര്യം ചെയ്യുന്നു. ഡിസ്ക്, നെറ്റ്വെയർ സെർവറിലായതിനാൽ ഡിസ്ക് ആക്സസിന്റെ വേഗതയും കൂടുതലായിരിക്കും. അങ്ങനെ പ്രകടനം മൊത്തത്തിൽ മെച്ചപ്പെടുന്നു.
1980-കളുടെ പകുതിയോടെ മീക്കവാറും നെറ്റ്വർക്ക് ഓപ്പറേറ്റിങ് സിസ്റ്റങ്ങളും നോവെലിന്റെ പാത പിന്തുടർന്ന് ഡിസ്ക് പങ്കിടലിൽ നിന്ന് ഫയൽ പങ്കിടൽ രീതിയിലേക്ക് മാറി. ഇന്ന് സ്റ്റോറേജ് ഏരിയ നെറ്റ്വർക്കിലൂടെ ഡിസ്ക് പങ്കിടൽ രീതി വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്.
വൻതോതിലുള്ള ഡിസ്ക് കാഷിങ്
തിരുത്തുകതുടക്കം മുതലേ നെറ്റ്വയർ രൂപകൽപന, വളരെയേറെ റാം ലഭ്യമായ സെർവറുകളെ കേന്ദ്രീകരിച്ചായിരുന്നു. നെറ്റ്വെയറിൽ ഒരു വോള്യം മൗണ്ട് ചെയ്യുമ്പോൾ അതിന്റെ ഫയൽ അലോക്കേഷൻ ടേബിൾ (ഫാറ്റ്) മൊത്തമായി റാമിൽ സൂക്ഷിക്കുന്നതിനാൽ, സെർവറിലേക്ക് ഒരു ഹാർഡ്‌ഡിസ്ക് കൂട്ടിച്ചേർക്കുന്നതിനൊപ്പം പലപ്പോഴും റാം കൂടി ഉയർത്തേണ്ടതായി വരാറുണ്ട്. വിൻഡോസ് എൻ.ടിക്കു മുന്പുള്ള നെറ്റ്വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം പ്രതിയോഗികളിൽ നിന്നും വ്യത്യസ്തമായി, നെറ്റ്വെയർ സെർവറിലെ ഉപയോഗമില്ലാത്ത മുഴുവൻ റാമും ഫയലുകളുടെ താൽക്കാലികശേഖരണത്തിനുവേണ്ടി (കാഷിങ്) ഉപയോഗിച്ചിരുന്നു. വേഗത വർദ്ധിപ്പിക്കാനായി തൽസമയത്തെ ഫയൽ വായനയും എഴുത്തുമെല്ലാം റാമിൽത്തന്നെ നടത്തുകയും പിന്നീട് ഡിസ്കിലേക്ക് മാറ്റുകയുമാണ് (delayed write-back) ചെയ്തിരുന്നത്. ഇതുമൂലം അവിചാരിതമായി സെർവർ നിന്നുപോയാൽ ഫയലുകൾ കേടാവാനുള്ള സാധ്യത വളരെയധികമായിരുന്നു. ഇത് നെറ്റ്വെയർ സെർവറിനൊപ്പം ഒരു യു.പി.എസിനെ അത്യാവശ്യഘടകമാക്കി മാറ്റി.
റാമിലുള്ള താൽക്കാലിക ഫയലിന് മാറ്റം വന്നതിനുശേഷം എത്ര സമയത്തിനുള്ളിൽ ഡിസ്കിൽ എഴുതണം എന്ന ഇടവേളയാണ് ഡേർട്ടി കാഷി ഡിലേ സമയം (dirty cache delay time). നെറ്റ്വയർ 286 അഥവാ 2.x പതിപ്പിൽ ഡേർട്ടി കാഷി ഡിലേ സമയം 2.2 സെക്കന്റ് എന്ന സ്ഥായിയായ വിലയായിരുന്നു. നെറ്റ്വെയർ 386, 3.x പതിപ്പുമുതൽ ഈ സമയം സ്വതേ 3.3 സെക്കന്റും, 0.5 സെക്കന്റിനും 10 സെക്കന്റിടയിലുള്ള ഒരു വിലയിൽ ക്രമീകരിക്കാനും സാധിക്കുമായിരുന്നു. ഡേർട്ടി കാഷി ഡിലേ ഉയർത്തുന്നത്, പ്രകടനം വളരെയേറെ മെച്ചപ്പെടുത്തുന്ന ഒരു ഘടകമാണ്. ഇന്നത്തെ വിൻഡോസ് സെർവറുകൾ, കാഷി ഡിലേ പ്രത്യേക അൽഗരിതം ഉപയോഗിച്ച് സ്വയം ക്രമീകരിക്കുന്നുണ്ടെങ്കിലും മാനുഷികമായി ക്രമീകരിക്കാനുള്ള സൗകര്യം നൽകുന്നില്ല.
കാര്യക്ഷമമായ നെറ്റ്വെയർ കോർ പ്രോട്ടോകോൾ (എൻ.സി.പി.)
തിരുത്തുകനെറ്റ്വെയർ പുറത്തിറങ്ങുന്നകാലത്തെ മിക്ക നെറ്റ്വർക്ക് പ്രോട്ടോക്കോളുകളും, കൈമാറുന്ന വിവരങ്ങൾ, ശൃംഖലയിൽ നഷ്ടപ്പെടാനുള്ള സാധ്യതക്ക് ഏറെ പ്രാധാന്യം കൽപ്പിച്ചിരുന്നു. ഓരോ തവണ വിവരങ്ങൾ കൈമാറിയതിനു ശേഷവും അത് ലഭിച്ചു എന്നുറപ്പുവരുത്താൻ മറുപടിയും (acknowledgement) അയക്കുമായിരുന്നു. ഇവയിൽ, സെർവറിൽനിന്നും ഒരു ക്ലൈന്റ് വിവരങ്ങൾ ശേഖരിക്കുന്ന സാമാന്യരീതി താഴെപ്പറയുന്നു:
- ക്ലൈന്റ്, വിവരങ്ങൾക്കായുള്ള അഭ്യർത്ഥന (read request) സെർവറിന് നൽകുന്നു.
- അഭ്യർത്ഥന ലഭിച്ചു എന്ന മറുപടി (acknowledgement) സെർവർ നൽകുന്നു.
- മറുപടി കിട്ടി എന്ന വിവരം ക്ലൈന്റ് സെർവറിനെ അറിയിക്കുന്നു.
- ആവശ്യപ്പെട്ട വിവരങ്ങൾ സെർവർ, ക്ലൈന്റിന് കൈമാറുന്നു.
- ക്ലൈന്റ്, വിവരങ്ങൾ ലഭിച്ചതായി മറുപടി സെർവറിന് നൽകുന്നു.
- മറുപടി ലഭിച്ചതായി സെർവർ ക്ലൈന്റിനെ അറിയിക്കുന്നു.
ഈ രീതിയിൽ നിന്നും വ്യത്യസ്തമായി, ശൃംഖല കൂടുതൽ സമയവും നന്നായി പ്രവർത്തിക്കുമെന്നും വിവരനഷ്ടം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും കണക്കാക്കിക്കൊണ്ടാണ് നെറ്റ്വെയറിന്റെ നെറ്റ്വയർ കോർ പ്രോട്ടോക്കോൾ (എൻ.സി.പി.) രൂപകൽപന ചെയ്തത്. ഇതിൽ ക്ലൈന്റ് അഭ്യർത്ഥിക്കുന്ന വിവരങ്ങൾ അപ്പോൾത്തന്നെ നൽകി പ്രവൃത്തി പൂർത്തിയാക്കുന്നു:
- ക്ലൈന്റ്, വിവരങ്ങൾക്കായുള്ള അഭ്യർത്ഥന (read request) സെർവറിന് നൽകുന്നു.
- ആവശ്യപ്പെട്ട വിവരങ്ങൾ സെർവർ, ക്ലൈന്റിന് കൈമാറുന്നു.
ക്ലൈന്റിന്റെ എല്ലാ അഭ്യർത്ഥനകളിലും ഒരു ക്രമസംഖ്യ അടങ്ങിയിരിക്കും. ഒരു പ്രത്യേക സമയത്തിനകം അഭ്യർത്ഥിക്കപ്പെട്ട വിവരങ്ങൾ സെർവറിൽ നിന്ന് ലഭ്യമായില്ലെങ്കിൽ ക്ലൈന്റ് മുൻപത്തെ അതേ ക്രമസംഖ്യയിൽത്തന്നെയുള്ള അഭ്യർത്ഥന വീണ്ടും സെർവറിനയക്കും. സെർവർ ഇതിനകം ക്ലൈന്റ് അഭ്യർത്ഥിച്ച വിവരങ്ങൾ തയ്യാറാക്കിയിരുന്നെങ്കിൽ ശേഖരിച്ചുവച്ച വിവരങ്ങൾ അത് അയച്ചുകൊടുക്കും, തിരക്കുമൂലം വിവരങ്ങൾ അതുവരെ തയ്യാറായിട്ടില്ലെങ്കിൽ അതു സൂചിപ്പിക്കുവാൻ ഒരു പോസിറ്റീവ് മറുപടി (positive acknowledgement) നൽകുകയും ചെയ്യും. നെറ്റ്വർക്കിനെ വിശ്വസിച്ചൂള്ള ഈ രൂപകൽപ്പനമൂലം ശൃംഖലയിലൂടെയുള്ള വിവരവിനിമയം മൂന്നിലൊന്നായി കുറക്കാനും അങ്ങനെ വേഗത ഗണ്യമായി വർദ്ധിപ്പിക്കാനും സാധിച്ചു.
നെറ്റ്വർക്ക് സേവനങ്ങൾക്കായി രൂപകൽപ്പനചെയ്ത നോൺ-പ്രീഎംറ്റീവ് ഓപ്പറേറ്റിങ് സിസ്റ്റം
തിരുത്തുകനെറ്റ്വർക്ക് ഫയൽ സേവനം, ഒരു സാമാന്യ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഓടുന്ന ഒരു സെർവീസ് ആയി പ്രവർത്തിക്കുന്നതാണോ അതോ ഇതിനായി ഒരു വിശേഷോദ്ദേശ്യ ഓപ്പറേറ്റിങ് സിസ്റ്റമാണോ നല്ലത് എന്ന കാര്യം 90-കളിലെ ഒരു ചൂടേറിയ ചർച്ചാവിഷയമായിരുന്നു. എന്തായാലും നെറ്റ്വെയർ ഒരു വിശേഷോദ്ദേശ്യ ഓപ്പറേറ്റിങ് സിസ്റ്റമായിരുന്നു. അതൊരു ടൈംഷെയറിങ് ഓ.എസ്. അല്ലായിരുന്നു. ക്ലൈന്റ്-സെർവർ പ്രോസസിങ് സേവനങ്ങൾക്കുവേണ്ടിത്തന്നെയാണ് അടിമുടി ഇത് രൂപകൽപ്പനചെയ്തത്. തുടക്കത്തിൽ ഫയൽ പ്രിന്റ് സേവനങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചതെങ്കിലും പിൽക്കാലത്ത് ഡാറ്റാബേസ്, ഇ-മെയിൽ, വെബ് സെർവർ തുടങ്ങിയ സേവനങ്ങളും പിന്തുണച്ചു. ഒരു ഹാർഡ്വെയർ റൗട്ടറിന്റെ വഴക്കമുണ്ടായിരുന്നില്ലെങ്കിലും, ഐ.പി.എക്സ്., ടി.സി.പി./ഐ.പി., ആപ്പിൾടോക്ക് എന്നീ പ്രോട്ടോക്കോളുകളെ പിന്തുണക്കുന്ന റൗട്ടറായും നെറ്റ്വെയർ പ്രവർത്തിച്ചു.
നെറ്റ്വെയർ 4.x-ലും അതിനു മുമ്പുള്ള പതിപ്പുകളിലും പ്രീഎംഷൻ, വെർച്വൽ മെമ്മറി,[23] സചിത്രസമ്പർക്കമുഖം തുടങ്ങിയവ പിന്തുണച്ചിരുന്നില്ല. നെറ്റ്വെയറിൽ ഓടുന്ന പ്രോഗ്രാമുകൾ കോപ്പറേറ്റീവ് മൾട്ടിടാസ്കിങ് രീതിയാണ് പിന്തുടർന്നിരുന്നത്; അതായത് ഓരോ പ്രോഗ്രാമും ഒരു നിശ്ചിതസമയം പ്രോസസർ ഉപയോഗിച്ചതിനു ശേഷം നിയന്തണം ഓ.എസിനു വിട്ടുകൊടുക്കുന്ന രീതിയാണിത്. ആപ്ലിക്കേഷനുകളിലുണ്ടാകാവുന്ന തകരാറുമൂലം ഓ.എസിന് നിയന്ത്രണം ലഭിക്കാതെ വരുകയും സെർവർ മൊത്തത്തിൽ തകരാറിലാവുകയും ചെയ്യാനുള്ള സാദ്ധ്യത ഈ രീതിയുടെ പോരായ്മയാണ്.
പ്രീഎംഷൻ രീതി ഉപയോഗിക്കുന്ന മറ്റു സാമാന്യ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ യുണിക്സ്, വിൻഡോസ് തുടങ്ങിയവയെ അപേക്ഷിച്ച് നെറ്റ്വർക്ക് സെർവീസുകളിലെ പ്രകടനത്തിലുള്ള മേൻമയായിരിക്കാം, 1980-90 കാലയളവിൽ നെറ്റ്വെയറിനെ ഈ മേഖലയിൽ മുൻനിരയിലെത്താൻ സഹായിച്ച പ്രധാനഘടകം.
കുറിപ്പുകൾ
തിരുത്തുക- ൧ ^ സ്നൈപ്സ്, നെറ്റ്വർക്ക് സ്നൈപ്സ് എന്നിങ്ങനെ അറിയപ്പെടുന്ന ഈ സോഫ്റ്റ്വെയറാണ്. പെഴ്സണൽ കമ്പ്യൂട്ടറുകൾക്കുവേണ്ടിയുള്ള ആദ്യത്തെ നെറ്റ്വർക്ക് ആപ്ലിക്കേഷൻ. പിൽക്കാലത്ത് ജനപ്രീതിയാർജ്ജിച്ച മൾട്ടിപ്ലേയർ കളികളുടെ പൂർവ്വികനുമാണിത്.[24]
- ൨ ^ ഫിൽ കാറ്റ്സ് ഈ പ്രശ്നം കണ്ടെത്തുകയും നെറ്റ്വെയർ ടി.എസ്.ആർ. പ്രവർത്തിക്കുന്നില്ലെങ്കിൽ മാത്രം 32 ബിറ്റ് രെജിസ്റ്ററുകൾ മുഴുവനായി ഉപയോഗിക്കാവൂ എന്ന രീതിയിൽ അദ്ദേഹത്തിന്റെ പി.കെ. സിപ് പ്രോഗ്രാമിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു.
- ൩ ^ പിൽക്കാലത്ത് വിൻഡോസ് എൻ.ടിയിൽ അവതരിപ്പിക്കപ്പെട്ട ഡൊമൈൻ എന്ന ആശയം, നെറ്റ്വെയറിന്റെ ബൈൻഡറിയും നെയിം സെർവീസും ചേർന്ന രൂപമാണ്.
- ൪ ^ സിസ്കോൺ (SYSCON), പികൾസോൾ (PCONSOLE) തുടങ്ങിയ, നെറ്റ്വെയറിന്റെ മുൻ കാര്യനിർവാഹക സോഫ്റ്റ്വെയറുകൾ ടെക്സ്റ്റ് അടിസ്ഥാനത്തിലുള്ളവയായിരുന്നു. ഇവയിൽ ചിലവ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുമുണ്ട്. MONITOR.NLM ഇതിനൊരുദാഹരണമാണ്.
അവലംബം
തിരുത്തുക- ↑ "Internetworking Technology Overview, June 1999, Chapter 31, NetWare Protocols, Page 31-1, ശേഖരിച്ചത് 2012 ഓഗസ്റ്റ് 11" (PDF). Archived from the original (PDF) on മാർച്ച് 23, 2012. Retrieved ഓഗസ്റ്റ് 11, 2012.
- ↑ "NETWARE 3.12 Installation" (PDF). p. 15. Retrieved ഓഗസ്റ്റ് 16, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Doug Lowe. "Network Basics: Non-Windows Server Operating Systems" (html). Dummies.biz (in ഇംഗ്ലീഷ്). John Wiley & Sons, Inc. Retrieved ഓഗസ്റ്റ് 17, 2012.
NetWare version 3.x, the version that made NetWare famous.
- ↑ "Cisco IOS Release 12.0 Dial Solutions Configuration Guide – Configure Support for NASI Clients to Access Network Resources". Archived from the original on ഫെബ്രുവരി 7, 2014. Retrieved ഓഗസ്റ്റ് 18, 2012.
- ↑ "Internet-Ready NetWare 5 Ships Next Month | PCWorld". Archived from the original on ഒക്ടോബർ 18, 2012. Retrieved ഓഗസ്റ്റ് 18, 2012.
- ↑ Network World – Google Books
- ↑ Network World – Google Books
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on ഒക്ടോബർ 20, 2012. Retrieved ഓഗസ്റ്റ് 18, 2012.
- ↑ Client/server survival guide with 0S/2 – Google Books
- ↑ "NOVELL: Product Updates – NetWare for OS/2". Archived from the original on മാർച്ച് 26, 2012. Retrieved ഓഗസ്റ്റ് 18, 2012.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on ഡിസംബർ 5, 2000. Retrieved ഓഗസ്റ്റ് 20, 2012.
- ↑
Kennard, Linda (ഡിസംബർ 9, 2004). "More More More: Novell exteNd 5.2 and the Pursuit of SOA-Called Happiness". Novell Connection Magazine. Novell. Retrieved മേയ് 25, 2010.
NetStorage ships with NetWare 6.5 and enables Internet-based access to files stored in users' iFolders and on servers running NetWare 5 and above.
- ↑
Johnson, David; Gaskin, James E.; Cheung, Daniel; Tittel, Ed (2003). Novell NetWare 5.x to 6 upgrade. Exam cram 2. Que Publishing. p. 426. ISBN 978-0-7897-2788-6. Retrieved മേയ് 25, 2010.
NetStorage is a bridge between a company's private, internal Novell network and the public Internet. Users can use NetStorage to securely access files from any location that has Internet access, without having to download or install additional software on the workstation.
{{cite book}}
: CS1 maint: location missing publisher (link) - ↑ "How does User Access Licensing differ from earlier versions of NetWare?" (pdf). Novell Netware 6.0 - NETWARE LICENSING FREQUENTLY ASKED QUESTIONS (in ഇംഗ്ലീഷ്). Novell Inc. 2002. p. 7. Retrieved ഓഗസ്റ്റ് 20, 2012.
In previous versions of NetWare ® , a Server Connection License model is used, where users are granted access to network services on a per-server basis. This means each time a user accesses services on a different server, the user consumes a license unit on that server. Printer connections also consume a connection license. In the NetWare 6 User Access License model, users consume a single User license (per tree) regardless of the number of NetWare 6 servers they log on to. Printers that connect to a NetWare 6 server do not consume a User license. The same is true for all other non-User connections.
{{cite web}}
: Unknown parameter|month=
ignored (help) - ↑ "Overview-Product Features" (PDF). Novell Netware 6.0 - Novell Cluster Services Overview and Installation (in ഇംഗ്ലീഷ്). Provo, UT, USA: Novell Inc. 2002. p. 9. Archived from the original (pdf) on നവംബർ 25, 2006. Retrieved ഓഗസ്റ്റ് 20, 2012.
Multinode all-active cluster (up to 32 nodes). Any NetWare server in the cluster can restart resources (applications, services, IP addresses, and volumes) from a failed server in the cluster
{{cite web}}
: Unknown parameter|month=
ignored (help) - ↑ Vaughan-Nichols, Steven J. (നവംബർ 30, 2006). "Novell Announces Linux-Based Open Enterprise Server 2". eWeek. Retrieved മാർച്ച് 26, 2007.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Galli, Peter (മാർച്ച് 20, 2006). "Novell Pledges Support for NetWare 6.5 at BrainShare". eWeek. Retrieved മാർച്ച് 26, 2007.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ novell gaining 13.6% to NT's 27% in 98, etc.
- ↑ "Microsoft Tempts Novell NetWare Users". Archived from the original on മാർച്ച് 20, 2012. Retrieved ഓഗസ്റ്റ് 20, 2012.
- ↑ സൂസൻ ബ്രെയ്ഡൻബാക് (1989 ജൂൺ 5). "Netware starts shipping ELS Netware 2.15" (pdf). നെറ്റ്വർക്ക് വേൾഡ് (in ഇംഗ്ലീഷ്). യു.എസ്.എ. pp. 7, 59. Retrieved 21 ഓഗസ്റ്റ് 2012.
{{cite news}}
: Check date values in:|date=
(help) - ↑ For small businesses, a simpler approach to networking
- ↑ NetWare Lite, a peer-to-peer product introduced last year by Novell, has not made a significant impact on Artisoft, but analysts said that was because the product was weak
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on ഒക്ടോബർ 20, 2012. Retrieved ഓഗസ്റ്റ് 21, 2012.
- ↑ "Text Mode Games – Snipes". Archived from the original on ജൂലൈ 28, 2016. Retrieved ഓഗസ്റ്റ് 12, 2012.