നെടുംകോട്ട

(നെടുങ്കൊട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെടുംകോട്ട, ആംഗലേയത്തിൽ Travancore Lines, ധർമ്മരാജ കാർത്തിക തിരുനാൾ രാമവർമ മഹാരാജാവിന്റെ ഭരണ കാലത്ത് മധ്യ കേരളത്തിന് കുറുകേ നിർമ്മിച്ച, ടിപ്പു ഹലാക്കിലെ കോട്ട എന്നും വിളിച്ചിരുന്ന മണ്ണും കല്ലും കൊണ്ടും നിർമ്മിച്ച 56 കി.മീ നീണ്ട വൻമതിൽ ആണ്. ഒരറ്റം കടലിനേയും മറ്റേ അറ്റം പശ്ചിമഘട്ടത്തിലെ ആനമലയേയും ബന്ധിപ്പിച്ചു കൊണ്ടാണ് സ്ഥിതി ചെയ്തിരുന്നത്. 40 മുതൽ 50 അടിവരെ ഉയരവും ഇതിനുണ്ടായിരുന്നു. 56 കി.മീ. ആണ് ഇതിന്റെ നീളം എന്ന് 1926-ല് തിട്ടപ്പെടുത്തുകയുണ്ടായി. [1] പുരാവസ്തു വകുപ്പിന്റെ കീഴിൽ ഇതിന്റെ അവശിഷ്ടങ്ങൾ ഇന്ന് ഒരു സ്മാരകമായി മാത്രം നിലനിൽക്കുന്നു.[2]കൊടുങ്ങല്ലൂർ കോട്ടയും അഴുമുഖത്തുള്ള കാവൽ കോട്ടയും സമുദ്രമാർഗ്ഗമുള്ള ആക്രമങ്ങൾക്ക് ശക്തമായ പ്രതിരോധം തീർക്കാൻ സാധിക്കുന്നതായിരുന്നു. എന്നാൽ കരമാർഗ്ഗമുള്ള വടക്കു നിന്നുളള ആക്രമണങ്ങൾക്ക് പറ്റിയ പ്രതിരോധം ഇല്ലായിരുന്നു. ഇതാണ് നെടുനോട്ട പണിയാനുള്ള പ്രചോദനം. പടിഞ്ഞാറ് കൃഷ്ണൻ കോട്ട മുതൽ കിഴക്ക് സഹ്യനിരകൾ വരെ തുടർച്ചയായുള്ള ഒരു വന്മതിലായിരുന്നു ഇത്.

നെടുംങ്കോട്ടയുടെ രൂപരേഖ. മേലൂർ കവാടം കാണാം. കമാൻഡർ ആംഗിൽബീക്ക് വർച്ചത്

ചരിത്രം

തിരുത്തുക
 
നെടുംങ്കോട്ടയുടെ കോട്ടവാതിൽ നിന്നിരുന്ന ചാലക്കുടിയിലെ പാലമുറി എന്ന സ്ഥലത്തെ സ്മാരകം, കോട്ടയുടെ അവശിഷ്ടങ്ങളും കാണാം

ഇപ്പോഴത്തെ കേരളത്തിന്റെ ഭൂരിഭാഗം വടക്കൻ പ്രദേശങ്ങളുടേയും അധിപനായിരുന്ന സാമൂതിരിക്ക് കൊച്ചി രാജാക്കൻ‌മാരുമായിട്ട് നീണ്ട നാളത്തെ ശത്രുത നിലനിന്നിരുന്നു. കൊച്ചിയിലെ രാജവംശത്തിന്റെ സ്വരൂപം ആയിരുന്ന പെരുമ്പടപ്പു പ്രദേശം സാമൂതിരി കീഴടക്കിയിരുന്നു. സാമൂതിരിയുടെ ശക്തിയും പ്രതാപവും വർദ്ധിച്ചപ്പോൾ, സാമൂതിരി കൊച്ചിക്കും തിരുവിതാംകൂറിനും ഭീഷണീയായിത്തീർന്നു കൂടാതെ കൊച്ചി രാജ്യത്തിനു നേരെ നിരന്തരമായ ആക്രമണങ്ങളും തുടങ്ങി. മൈസൂർ സുൽത്താനായിരുന്ന ഹൈദർ അലിയും തിരുവിതാംകൂർ ലക്ഷ്യമിട്ടുതുടങ്ങി. ഈ അവസരത്തിലാണ് തിരുവിതാംകൂർ മഹാരാജാവായിരുന്ന ധർമ്മരാജ കാർത്തിക തിരുന്നാളും കൊച്ചി മഹാരാജാവും കൂടി ആലോചിച്ച് ഒരു വൻ മതിൽ പണിയാൻ തിരുമാനിച്ചത്.

പിന്നീട് സാമൂതിരിയുടെ രാജ്യം മൈസൂരിലെ സൈന്യാധിപനായിരുന്ന ഹൈദരാലി പിടിച്ചടക്കി. കൊച്ചിയും തിരുവിതാംകൂറിനേയും ഒറ്റയടിക്കു കൈയടക്കാൻ ശ്രമിച്ച ഹൈദരാലിയുടെ മകൻ ടിപ്പുസുൽത്താന് തടയായതു ഈ വൻ മതിലാണ്.[3] 1789-ൽ ടിപ്പു സുൽത്താൻ ‍കൊച്ചിയെ ആക്രമിക്കുന്നതിനായി പുറപ്പെട്ട വഴിയിൽ പ്രധാന തടസ്സമായിരുന്നത് ചാലക്കുടിക്കടുത്തുള്ള ഈ നെടുങ്കോട്ടയാണ്. ചാലക്കുടിയിലെ മുരിങ്ങൂരിലെ കോട്ടമുറി എന്ന സ്ഥലത്ത വച്ച് നെടുങ്കോട്ടയുടെ മേൽ 1790 മാർച്ച് 2 നു ആക്രമണം തുടങ്ങി ഏപ്രിൽ 21-നാണ് വിജയം കൈവരിച്ചത്.[4] ഈ സ്ഥലം പിന്നീട് കോട്ടമുറി എന്നറിയപ്പെട്ടു. എന്നാൽ ബ്രിട്ടീഷുകാർ മൈസൂർ ആക്രമിക്കാൻ പദ്ധതിയിടുന്നു എന്നറിഞ്ഞ ടിപ്പു സുൽത്താൻ പിന്മാറ്റുകയായിരുന്നു.

 
കോട്ടയുടെ പടിഞ്ഞാ റേ അറ്റത്തു സ്ഥിതി ചെയ്തിരുന്ന കൊടുങ്ങല്ലൂർ കോട്ട യുടെ അവശിഷ്ടങ്ങൾ

ഇപ്പോഴുള്ള തൃശൂർ ജില്ലയിലെ ചാലക്കുടി താലുക്കിലാണ് ഈ കോട്ടയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യ്തിരുന്നത്. ഡിലനോയ് എന്ന ഡച്ച് നാവിക സൈന്യാധിപനാണിത് രൂപകല്പനചെയ്യ്‌ത്, തിരിവിതാംകൂറിലെ ദളവ അയ്യപ്പൻ മാർ‌ത്താണ്ഡൻ പിള്ളയുടേയും കൊച്ചിയിലെ മന്ത്രിയായ കോമി അച്ചന്റേയും നേതൃത്വത്തിൽ ആയിരുന്നു കോട്ട പണിതത്. ഡിലനോയ് വടക്കൻ പറവൂരിൽ താമസിച്ച് കോട്ട നിർമ്മാണത്തിന്റെ മേൽനോട്ടം വഹിച്ചു. കൊടുങ്ങല്ലൂർ കോട്ടപ്പുറത്തിനു കിഴക്കുള്ള അതിർത്തി മുതൽ കിഴക്കോട്ടാണ് കോട്ട പണിതിരുന്നത്. കൊടുങ്ങല്ലൂർ കോട്ടയും അഴിമുഖത്തുള്ള കാവൽ കോട്ടയും ( അയിക്കോട്ട )സമുദ്രമാർഗ്ഗമുള്ള ആക്രമങ്ങൾക്ക് ശക്തമായ പ്രതിരോധം തീർക്കാൻ സാധിക്കുന്നതായിരുന്നു. ആദ്യകാലങ്ങളിൽ പ്രധാനമായും ഗതാഗതം കടമാർഗ്ഗമായിരുന്നു എന്നതു കൊണ്ട് മറ്റു സ്ഥലങ്ങളിൽ കാണപ്പെടുന്ന തരം കല്ലു കൊണ്ടുള്ള കോട്ടകൾ കേരളത്തിൽ സാധരണയായിരുന്നില്ല. അതുകൊണ്ട് കരമാർഗ്ഗമുള്ള വടക്കു നിന്നുളള ആക്രമണങ്ങൾക്ക് പറ്റിയ പ്രതിരോധം നിലവിലില്ലായിരുന്നു. കേരളത്തിൽ കരസൈന്യം ഉപയോഗിച്ചുള്ള യുദ്ധങ്ങൾ തീരെയില്ലായിരുന്നു എന്നതാണിതിനു കാരണം. എന്നാൽ മൈസൂരിന്റെ പീരങ്കിപ്പട ഈ സാഹചര്യത്തിനു മാറ്റം വരുത്തി. അവർ സൈന്യത്തിന്റെ നീക്കത്തിനായി പാത നിർമ്മിച്ചുകൊണ്ടിരുന്നു. കേരളത്തിലെ ആദ്യത്തെ പാതകൾ നിർമ്മിച്ചത് മൈസൂരിന്റെ മരാമത്ത് വിഭാഗമാണ്. 1766 ൽ ഹൈദരലി കൊച്ചി ആക്രമിച്ചപ്പോഴേക്കും കൊട്ടപണിഞ്ഞു കഴിഞ്ഞിരുന്നു.[5]. ഇടയ്ക്കിടക്ക് കോട്ട വാതിലും അതിനു ചേർന്ന് ചുറ്റു മതിലും വെടിക്കോപ്പ് ശാലയും നിർമ്മിച്ചിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത്, അവിടവിടെ വരുന്ന പുഴകളും മലകളും ഉൾപ്പെടുത്തി പാഴ്ച്ചെലവുകൾ ഒഴിവാക്കിക്കൊണ്ടാണ് കോട്ട പണിതത്.

വിസ്തൃതി

തിരുത്തുക
 
മുരിങ്ങൂർ കോട്ടമുറി എന്ന സ്ഥലത്ത് കോട്ടനിന്നിരുന്ന ഭാഗത്തുകൂടെ ഇന്ന് ദേശീയ പാത 47 കടന്നു പോകുന്നു

ഈ വൻമതിൽ സമുദ്ര തീരത്തെ പള്ളിപ്പുറം കോട്ടയിൽ നിന്ന് ആരംഭിച്ച് ചേന്ദമംഗലം പുഴ വരെ എത്തുന്നു. തുടർന്ന് കൊടുങ്ങല്ലൂർ കോട്ടയുടെ കോട്ടുമുക്കിൽ നിന്നും പുനരാരംഭിച്ച് കൊടുങ്ങല്ലൂർ കായലിൽ എത്തിചേരുന്നു. കായലിന്റെ കിഴക്കേ തീരത്തേ കൃഷ്ണൻ കോട്ടയിൽ നിന്നാണ് വൻമതിൽ അക്ഷരാർഥത്തിൽ തുടങ്ങുന്നത്. അമ്പഴക്കാട് ഗ്രാമത്തിൽ കൂടി ഇത് പിന്നെ കിഴക്കോട്ട് ഏഴാറ്റുമുഖത്ത് ചാലക്കുടിപ്പുഴ യിൽ ചെന്ന് മുട്ടുന്നു.പിന്നെ പുഴക്കക്കരെനിന്നും ആനമലയുടെ താഴ്‌വാരം വരെ നീണ്ടുപോകുന്നു. പൊയ്യയിൽ നിന്നു കോട്ടനിര വടക്കോട്ട് നിങ്ങിക്കൊണ്ടിരുന്നു. പടിഞ്ഞാറു പുഴവഴിക്കുള്ള ശത്രുവിന്റെ മാർഗ്ഗം തടയുന്ന തരത്തിൽ കുരിയാപ്പിള്ളിയിലും പള്ളിപ്പുറം കോട്ടയുടെ കിഴക്കേക്കരയിലും പറവൂർ തെക്കേഅറ്റത്തു ചാത്തനാട്ടും നിർമ്മിച്ചിരുന്ന ംഅറ്റു കോട്ടകൾ ഈ കോട്ടയുടെ അനുബന്ധങ്ങളായി പ്രവർത്തിച്ചു.

മറ്റു സവിശേഷതകൾ

തിരുത്തുക

കൊച്ചി സർക്കാറിന്റെ പുരാവസ്തുശാസ്ത്രജ്ഞനായിരുന്ന പി. അനുജനച്ചൻ 35 മൈൽ(56 കി.മീ) ദൈർഘ്യമുള്ള ഈ ചരിത്ര സ്മാരകം 1926-ല് 5 ദിവസം കൊണ്ട് നടന്നു കണ്ട് കുറിപ്പുകൾ രേഖപ്പെടുത്തുകയുണ്ടായി.[1] നിരവധി കൊത്തളങ്ങൾ, ഓരോ കി.മീറ്ററും ഇടവിട്ടുപട്ടാള സന്നാഹങ്ങൾ, തന്ത്ര പ്രധാനസ്ഥലങ്ങളിൽ മതിലിനോട് ചേർന്ന് വെടിമരുന്നു കലവറകളും കോട്ടനിരയുടെ ഭാഗമായിരുന്നു.[2] നിശ്ചിതദൂരത്തിൽ ഇടവിട്ടു വട്ടക്കോട്ടകളും കോട്ടയുടെ ഭാഗമായിരുന്നു. 56 കി.മീ. നീളവും, 40 മുതൽ 50 അടി വരെ ഉയരവും ഉണ്ടായിരുന്ന ഈ കോട്ടയുടെ വടക്കുഭാഗം ചേർന്ന് ഉടനീളം 16 അടി വീതിയും 20 അടിയോളം ആഴവും ഉള്ള കിടങ്ങും നിർമിച്ചിരുന്നു. കൂടാതെ നട്ടുപിടിപ്പിച്ച മുൾക്കാടുകളും മുളങ്കാടുകളും കൊണ്ടുള്ള മറ്റൊരു കോട്ടയും വടക്കുഭാഗത്തായി കിടങ്ങിനു കാവൽ ഉണ്ടായിരുന്നു. സൈന്യത്തിന് ശുദ്ധജലം ലഭിക്കനായി ഇടക്കിടക്ക് കിണറുകൾ കുഴിച്ചിരുന്നു. കോട്ടനിരയിൽ അവിടവിടായി കാണുന്ന കൊത്തളങ്ങൾ ഒരു പ്രത്യേകതയായിരുന്നു. ഈ കൊത്തളങ്ങൾ ഉയരം കൂടിയ ഭാഗങ്ങളിൽ പുറത്തേക്ക് തള്ളി നിൽകുമായിരുന്നു. മുമ്മൂന്നു ഫർലോങ്ങ് ദൂരത്തിൽ പട്ടാളക്കരുടീ വ്യൂഹങ്ങൾ നിന്നിരുന്നു. അവിടവിടെയായി വട്ടക്കോട്ടകളും പട്ടാളക്കാർക്ക് താമസിക്കാനുള്ള 60-ല് പരം താവളങ്ങളും ഉണ്ടായിരുന്നു. 100-ല് പരം പട്ടാളക്കാർക്ക് ഒരേ സമയം ഒളിച്ചിരിക്കാൻ പറ്റുന്ന ഗുഹ ഈ കോട്ടയുടെ ശില്പ തന്ത്രത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു[3]. യൂറോപ്യൻ മാതൃകയിൽ പണിത ഇത് രൂപകല്പന ചെയ്ത് നിർമ്മാണച്ചുമതല വഹിച്ചത് ഡച്ചുകാരനായിരുന്ന നിർമ്മാണ വിദഗ്ദ്ധൻ കാപറ്റൻ ഡിലനോയ് ആണ്.

കേരളത്തിന്റെ ചരിത്രം
ഇന്ത്യയുടെ ചരിത്രം
. പ്രാചീന ശിലായുഗം 70,000–3300 BC
· മധ്യ ശിലായുഗം · 7000–3300 BC
. നവീന ശിലായുഗം 3300–1700 BC
. മഹാശില സംസ്കാരം 1700–300 BC
.ലോഹ യുഗം 300–ക്രി.വ.
· ഗോത്ര സംസ്കാരം
.സംഘകാലം
· രാജ വാഴ്ചക്കാലം · 321–184 BC
· ചേരസാമ്രാജ്യം · 230 –ക്രി.വ. 300
· ‍നാട്ടുരാജ്യങ്ങൾ · ക്രി.വ.300–1800
· പോർളാതിരി · 240–550
· നാട്ടുരാജ്യങ്ങൾ · 750–1174
· സാമൂതിരി · 848–1279
.ഹൈദരാലി 1700–1770
· വാസ്കോ ഡ ഗാമ · 1490–1596
. പോർട്ടുഗീസുകാർ 1498–1788
· മാർത്താണ്ഡവർമ്മ · 1729–1758
. ടിപ്പു സുൽത്താൻ 1788–1790
. ഡച്ചുകാർ 1787–1800
. ഈസ്റ്റ് ഇന്ത്യാ കമ്പനി 1790–1947
. സ്വാതന്ത്ര്യ സമരം 1800–1947
. മാപ്പിള ലഹള 1921
. ക്ഷേത്രപ്രവേശന വിളംബരം 1936
. കേരളപ്പിറവി 1956
നാട്ടുരാജ്യങ്ങളുടെ ചരിത്രം
കൊടുങ്ങല്ലൂർ · കോഴിക്കോട് · കൊച്ചി
വേണാട് · കൊല്ലം · മലബാർ · തിരുവിതാംകൂർ
മറ്റു ചരിത്രങ്ങൾ
സാംസ്കാരികം · നാവികം · ഗതാഗതം
മതങ്ങൾ . ആരോഗ്യം
രാഷ്ട്രീയം · തിരഞ്ഞെടുപ്പ് . ശാസ്ത്ര-സാങ്കേതികം ·
സാംസ്കാരിക ചരിത്രം
ഹിന്ദുമതം · ക്രിസ്തീയ മതം · ക്രൈസ്തവ ചരിത്രം
ഇസ്ലാം മതം . ജൈന മതം ബുദ്ധമതം
സിഖു മതം · നാഴികക്കല്ലുകൾ
തിരുത്തുക

ടിപ്പുസുൽത്താന്റെ അക്രമണം

തിരുത്തുക

ടിപ്പു സുൽത്താൻ 1789 -ൽ ആദ്യശ്രമത്തിൽ നെടുങ്കോട്ട പിടിച്ചെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുകയാണ് ഉണ്ടായത്. 1789 ഡിസംബറിൽ തൃശ്ശൂർ എത്തിയ അദ്ദേഹം 24 ന് താഴേക്കാട് എന്ന സ്ഥലത്ത് (ഇന്നത്തെ കല്ലേറ്റുംകരക്കടുത്ത്) തമ്പടിച്ചു. വലിയ പീരങ്കികളും മറ്റും ഉറപ്പിക്കാനുള്ള സന്നാഹങ്ങൾ ഒരുക്കി. 28 -ന്‌ രാത്രിയിൽ അദ്ദേഹം 14000 കാലാളോടും 500 വഴിപണിക്കാരോടും ചേർന്ന് ചുറ്റിത്തിരിഞ്ഞുള്ള വഴിക്ക് ചെറുപുത്തുമല എന്ന ഭാഗത്തെ കോട്ടയുടെ വലത്തുഭാഗത്തേയ്ക്ക് കടക്കാൻ ഒരുങ്ങി പുറപ്പെട്ടു. ഇത് കാണിച്ചു കൊടുത്തത് തദ്ദേശവാസിയായ ഒരാളാണ്. 29 -നു കാലത്ത് 9 മണിക്ക് കോട്ടയുടെ ഉള്ളിൽ കടന്നു, എന്നാൽ സൈന്യത്തിന് വഴിയൊരുക്കുന്ന മരാമത്ത് ജോലികൾ മന്ദഗതിയിലായതിനാൽ സുൽത്താൻ നടന്നാണ് പോയത്. സുൽത്താൻ വരുന്ന മാത്രയ്ക്ക് തിരുവിതാംകൂർ സൈന്യം ഒഴിഞ്ഞ് പോയിക്കൊണ്ടിരുന്നു. എന്നാൽ സൈന്യം അടുത്തെത്തിയപ്പോൾ തിരുവിതാംകൂർ സേന എതിർക്കാൻ തുടങ്ങി. എന്നാൽ കോട്ടയുടെ ഒരു ഭാഗത്ത് ഒളിച്ചിരുന്ന തിരുവിതാംകൂർ സേന മൈസൂർ തോക്കു പട്ടാളം ഉള്ളിലേക്ക് കയറിയശേഷം പിറകിൽ നിന്ന് അപ്രതീക്ഷിതമായി വെടിയുതിർക്കാൻ തുടങ്ങി. ഓർക്കാപ്പുറത്തുള്ള ഈ ഒളിപ്പോര് മൈസൂർപ്പടയെ ശിഥിലമാക്കി. (മുരിങ്ങൂർ ഗ്രാമത്തിലുള്ള ഈ സ്ഥലം ഇന്നും വെടിമറപ്പറമ്പ് എന്നാണ് അറിയപ്പെടുന്നത്) ടിപ്പുവിന്റെ സേനാനായകൻ കൊല്ലപ്പെട്ടു, സൈന്യം പരക്കം പായാൻ തുടങ്ങി. എന്നാൽ തിരിച്ചുപോവാനുള്ള വഴി വീതികുറവായതിനാൽ കശപിശയാകുകയും പലരും കിടങ്ങിലേക്ക് വീണു മരിക്കുകയും ചെയ്തു. പല്ലക്കുകാർ കിടങ്ങിലേക്ക് വീണതിനാൽ ടിപ്പുസുൽത്താനും കിടങ്ങിലേക്ക് വീണു എങ്കിലും എങ്ങനെയോ രക്ഷപ്പെട്ടു. ഈ സംഭവത്തിനു ശേഷമാണ് അദ്ദേഹത്തിന് മുടന്ത് വന്നതെന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു.

ഈ സംഭവത്തിനു ശേഷമാണ് “ഹലാക്കിന്റെ കോട്ട” എന്ന് നെടുങ്കൊട്ടക്ക് ടിപ്പു സുൽത്താൻ വിഖ്യാതമായ വിശേഷണം നൽകിയത്. 2000 ത്തോളം മൈസൂർ പട്ടാളക്കാർ മരിച്ചു. തിരുവിതാംകൂറിൽ 200ഓളം സൈനികരും മരിക്കാനിടയായി. ടിപ്പുവിന്റെ 5 വെള്ളക്കാരായ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏതാനും പേരെ തടവുകാരാക്കപ്പെട്ടു. അങ്ങനെ 1790 ജനുവരിയിൽ അദ്ദേഹം പൂർണ്ണമായും പിൻവാങ്ങി. എന്നാൽ കോട്ട തകർത്തേ മതിയാവൂ എന്ന അദ്ദേഹം ദൃഢ നിശ്ചയം ചെയ്തു. ശ്രീരംഗപട്ടണം, ബാംഗളൂർ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പോഷക സേന വരുന്നതു വരെ അദ്ദേഹം വിശ്രമിച്ചു.

1790 ഏപ്രിൽ 15ന് കൂടുതൽ സേനാബലത്തോടു കൂടി പീരങ്കികളും മറ്റും ഉപയോഗിച്ച് ഉഗ്രമായ ആക്രമണം അദ്ദേഹം അഴിച്ചു വിട്ടു. താമസിയാതെ തിരുവിതാംകൂർ സൈന്യം തകർന്നു .മൈസൂർ സൈന്യം കിടങ്ങു നികത്തി കോട്ടക്കകത്തേയ്ക്ക് പ്രവേശിച്ചു. ആറു ദിവസം കോണ്ട് ഒരു കിലോമീറ്ററോളം ദൂരത്തിൽ നെടുങ്കോട്ടയുടെ ഭാഗം ഇടിച്ചു നിരത്തി. കൊടുങ്ങല്ലൂർക്ക് പിന്തിരിഞ്ഞോടിയ തിരുവിതാംകൂർ സൈന്യത്തെ പിന്തുടർന്ന് മേയ് 7 നു ടിപ്പുവിന്റെ സൈന്യം കൊടുങ്ങല്ലൂർ കോട്ടയിലും എത്തി. മൈസൂർ പട ഒന്നിനു പിറകേ ഒന്നായി മറ്റു അനുബന്ധ കോട്ടകളും പിടിച്ചടക്കി. തുടർന്ന് തിരുവിതാംകൂർ ആക്രമിക്കാൻ പദ്ധതിയിട്ട് ടിപ്പുവും സൈന്യവും ആലുവാ തീരത്ത് തമ്പടിച്ചു. ഈ സമയത്ത് ഒളിപ്പോരു നടത്താൻ തിരുവിതാംകൂർ സൈന്യം ശ്രമിച്ചു എങ്കിലും വിജയം കണ്ടില്ല. ജൂൺ മാസത്തോടെ കാലവർഷം ആരംഭിക്കുകയും പെരിയാർ നദി വെള്ളപ്പൊക്കം മൂലം നിറഞ്ഞ് കവിഞ്ഞ് ഒഴുകാൻ തുടങ്ങി. കരമാർഗ്ഗമല്ലാതെ ഗതാഗതം നടത്താനറിയാത്ത മൈസൂർ സൈന്യത്തിനു മുന്നിൽ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പെരിയാർ നദി ഒരു പ്രഹേളികയായി തീർന്നു. കാലവർഷത്തോടൊപ്പം മറ്റു പകർച്ചവ്യാധികളും കൂടെ മൈസൂർ സൈന്യത്തെ വലച്ചു. ഏതാണ്ട് ഇതേ സമയത്ത് തിരുവിതാംകൂർ രാജാവിന്റെ അഭ്യർത്ഥന മാനിച്ച് ഇംഗ്ലീഷു പട്ടാളം ശ്രീരംഗ പട്ടണം ആക്രമിക്കാനൊരുങ്ങി. ഈ വാർത്തയറിഞ്ഞ് ടിപ്പു ആക്രമണം ഉപേക്ഷിച്ച് മൈസൂർക്ക് മടങ്ങി.

നെടുങ്കോട്ട ഇന്ന്

തിരുത്തുക

നെടുങ്കോട്ടയുടെ അവശിഷ്ടങ്ങൾ അടുത്ത കാലം വരെ മുകുന്ദപുരം താലൂക്കിൽ അവിടവിടെയായി കാണാമായിരുന്നു. വട്ടക്കോട്ടയുടെ നാമത്തിൽ മുകുന്ദപുരം താലൂക്കിലെ കിഴക്കൻ മലകളിൽ നെടുങ്കോട്ടയുടെ ഭാഗങ്ങൾ നിലനിന്നിരുന്നു. കല്ലൂർ ഗ്രാമത്തിൽ പെട്ട പ്രസ്തുത സ്ഥലങ്ങൾ1908-ല് സർവ്വേ നടക്കുമ്പോൾ സം‍രക്ഷിത വനങ്ങൾ ആയിരുന്നു. എന്നാൽ പിന്നീടുണ്ടായ പുറമ്പോക്ക് കയ്യേറ്റങ്ങളുടെ ഫലമായി മിക്ക സ്ഥലങ്ങളും മാഞ്ഞു പോകാനിടയായി. എങ്കിലും ചാലക്കുടി-അഞ്ചൽ റൊഡിലുള്ള ചില ഭാഗങ്ങളിൽ കോട്ടയുടെ അവശിഷ്ടങ്ങൾ പുരാവസ്തു വകുപ്പ് സം‍രക്ഷിത പ്രദേശമായി നിലനിർത്തിയിരിക്കുന്നു.

റഫറൻസുകൾ

തിരുത്തുക
  1. http://www.voiceofdharma.com/books/tipu/appe02.htm
  2. "കേരള സർക്കാരിന്റെ നരവംശശാസ്ത്ര വിഭാഗത്തിന്റെ വെബ്സൈറ്റ്, ശേഖരിച്ചത് 2007 ഏപ്രിൽ 23". Archived from the original on 2004-12-22. Retrieved 2007-04-23.
  3. ഹലാക്കിന്റെ കോട്ട (പിശാചിന്റെ കോട്ട) എന്നു ടിപ്പു വിശേഷിപ്പിച്ചതായി ഗ്രന്ഥകാരൻ ശ്രീ വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.
  4. എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 154; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988
  5. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥലചരിത്രങ്ങൾ - തൃശൂർ ജില്ല, പേജ് 74,കേരള സാഹിത്യ അക്കാദമി, 2003

കുറിപ്പുകൾ

തിരുത്തുക
  • ^ The Rampart and the ditch are still visible." Report of the Adminsitration of the public works department in the cochin state 1091 M.E. Govt. Press, Ernakulam. 1917
  • ^ ഏ.ഡി 1761 നോടടുപ്പിച്ച് മൈസൂർ ആക്രമണത്തെ തടുക്കാൻ മുകുന്ദപുരം താലൂക്കിൽ കൃഷ്ണങ്കോട്ട മുതൽ ആനമല വരെ 35 മൈൽ നീളത്തിൽ കെട്ടിയിരുന്ന ചരിത്രപ്രസിദ്ധമായ നെടുങ്കോട്ടയുടെ ഭാഗമാണ് പ്രസ്തുത ഗുഹ. . കൊച്ചിയിലെ പുരാവസ്തു ഗവേഷകനായിരുന്ന പിപ്. അനുജൻ ഈ കോട്ടയിലൂടെ അഞ്ചു ദിവസം കോണ്ട് യാത്ര നടത്തി. 100-ല് പരം പട്ടാളക്കാർക്ക് ഒരേ സമയം ഒളിച്ചിരിക്കാൻ പറ്റുന്ന ഗുഹ ഈ കോട്ടയുടെ ശില്പ തന്ത്രത്തിന്റെ പ്രത്യേകതയായിരുന്നു..... നിർമ്മാണച്ചെലവിന്റെ ഒരംശം കൊച്ചിയും മറ്റേത് തിരുവിതാംകൂറും വഹിച്ചു. 1789- ല് ടിപ്പു 700 ലധികം പട്ടാളക്കാരുമായി വന്ന് താഴേക്കാട് എന്ന സ്ഥലത്ത് തമ്പടിച്ചു. ഡിസംബർ 19 നു കോട്ടയുടെ മർമ്മപ്രധാനമായ ഭാഗം ഭേദിച്ചു ഇതാണ് കോട്ടമുറി... ഗുഹാമുഖം പിന്നീട് കാലക്രമത്തിൽ നികന്നു പോയതാണ്... വിവികെ വാലത്ത് റിസർച്ച് സ്കോളർ കേരള സാഹിത്യ അക്കാഡമി. തൃശ്ശൂർ -1 മാതൃഭൂമി 1978 ജൂലൈ 6. വ്യാഴാഴ്ച
  • ^ കോട്ട കണ്ടെത്തി.. മാള ജൂൺ 19- കൃഷ്ണൻ കോട്ട എന്ന സ്ഥലത്ത് ചേർമാൻ തുരുത്തി ഔസോ എന്നയാളുടെ പുരയീടത്തിന്റെ അടിയിൽ ഒരു വലിയ ഗുഹ കണ്ടെത്തി... അനവധിയാളുകൾ സ്ഥലം സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്.. സ്വ. ലേ. മാതൃഭൂമി 1978 ജൂൺ 20
"https://ml.wikipedia.org/w/index.php?title=നെടുംകോട്ട&oldid=3825188" എന്ന താളിൽനിന്ന് ശേഖരിച്ചത്