1523-ൽ പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ടയാണ് കൊടുങ്ങല്ലൂർ കോട്ട.( പോർത്തുഗീസ്: Fortaleza da São Tomé ) തൃശൂർ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം എന്ന സ്ഥലത്താണിത്. കോട്ടപ്പുറം കോട്ട, ക്രാങ്കന്നൂർ കോട്ട, സെന്റ് തോമാസ് കോട്ട, ടിപ്പുവിന്റെ കോട്ട എന്നും അറിയപ്പെടുന്നു.[1] കൊച്ചിയിൽ പോർച്ചുഗീസ്‌ മേധാവിത്വത്തിന്റെ മൂന്നു നെടും തൂണുകളിലൊന്നാണിത്‌. മറ്റു രണ്ടെണ്ണം 1505-ൽ നിർമിച്ച ഇമ്മാനുവൽ കോട്ടയും, 1503-ലെ പള്ളിപ്പുറം കോട്ടയും (അയീകോട്ട) ആണ്‌.

കൊടുങ്ങല്ലൂർ കോട്ട
കോട്ടപ്പുറം, തൃശ്ശൂർ ജില്ല
കൊടുങ്ങല്ലൂർ കോട്ടയുടെ അവശിഷ്ടങ്ങൾ
കൊടുങ്ങല്ലൂർ കോട്ട is located in Kerala
കൊടുങ്ങല്ലൂർ കോട്ട
കൊടുങ്ങല്ലൂർ കോട്ട
Site information
Site history
Built 1523 (1523)
നിർമ്മിച്ചത് പോർച്ചുഗീസുകാർ

കര-കടൽ മൂലമുള്ള ആക്രമണങ്ങളെ സമർത്ഥമായി ചെറുക്കാൻ സാധ്യമായ സ്ഥലത്താണ്‌ ഇത്‌ നിർമ്മിച്ചത്‌.[2] നിർത്തലാക്കിയ കോട്ടപ്പുറം ജെട്ടിക്ക്‌ അൽപം കിഴക്കായി കൃഷ്ണൻ കോട്ടയുടെപടിഞ്ഞാറായി ഒരു കോണിലാണ്‌ ഇതിന്റെ സ്ഥാനം. ഒരു ചെറിയ കുന്നിൻ പുറം ഉൾപ്പെടുന്ന തരത്തിലാണ്‌ ഇതിന്റെ നിർമ്മാണം. അകത്ത്‌ കൊത്തളങ്ങളും വെടിക്കോപ്പുശാലയും ഉണ്ട്‌. 18 അടി വീതിയുള്ള കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൾ കൊണ്ടാണ്.[3]

ചരിത്രം

തിരുത്തുക

പോർച്ചുഗീസ്‌ കോട്ടകളിൽ വച്ച്‌ അതി ബലിഷ്ഠവും അജയ്യവുമായിരുന്നു ഈ കോട്ട. ഉർബാനോ ഫിയാൽഹൊ ഫെറീറ എന്ന ഉദ്യോഗസ്ഥന്റെ കീഴിലായിരുന്നു കൊടുങ്ങല്ലൂർ കോട്ട.

ബറ്റേവിയയിലെ ആസ്ഥാനത്തു നിന്നും കോട്ട പിടിക്കാനുള്ള കൽപ്പന ലഭിച്ച ഡച്ചുകാർ കൊല്ലത്തു നിന്ന് കൊടുങ്ങല്ലൂരിലേയ്ക്ക്‌ വന്നു. എന്നാൽ കൊച്ചീ രാജാവ്‌ പാലിയത്തച്ചന്റെ നേതൃത്വത്തിൽ 400 നായർ പടയാളികളോടൊപ്പം കോട്ടയിൽ തമ്പടിച്ചിരുന്നു. ഡച്ചുകാർക്ക്‌ സാമൂതിരി സഹായം ഉണ്ടായിരുന്നു.

ഡച്ചുകാർ കര-കടൽ മാർഗ്ഗങ്ങൾ ഉപരോധിച്ചു, കോട്ടയ്ക്കടുത്തായി ഒരു തുരങ്കം നിർമ്മിക്കാനാരംഭിച്ചു. എന്നാൽ പോർച്ചുഗീസുകാരുടെ പീരങ്കിക്കു മുന്നിൽ അവർക്ക്‌ പിടിച്ചു നിൽക്കാനായില്ല. ഡച്ചുകാർ സന്ധിക്കപേക്ഷിച്ചെങ്കിലും ഫിയാൽഹോ ആക്രമണം കൂറ്റുതൽ ശക്തിപ്പെടുത്തുകയാണ്‌ ചെയ്തത്‌.

എന്നാൽ പാലിയത്തച്ചൻ പോർച്ചുഗീസുകാരെ ഒറ്റിക്കൊടുത്തു. കോട്ടയിൽ നിന്ന് തന്ത്ര പൂർവ്വം പുറത്തു കടന്ന പാലിയത്തച്ചൻ ഡച്ചുകാരെ സന്ധിച്ച്‌ കോട്ടയിൽ എളുപ്പം പ്രവേശിക്കാവുന്ന മാർഗ്ഗം പറഞ്ഞുകൊടുത്തു. 1662 ജനുവരി 15ന്‌ ഡച്ചുകാർ ആക്രമണം പുനരാരംഭിച്ചു. പീരങ്കി കൊണ്ട്‌ കോട്ടയിൽ വിള്ളലുണ്ടാക്കാനും അതു വഴി അകത്തേയ്ക്ക്‌ കയറാനും അവർക്ക്‌ കഴിഞ്ഞു. കോട്ടയുടെ പ്രധാന ഭാഗങ്ങൾ കൈക്കലാക്കിയതോടെ പോർച്ചുഗീസുകാർ തോണികളിൽ കയറി അമ്പഴക്കാട്ടെ സെമിനാരിയിലേക്ക്‌ രക്ഷപ്പെട്ടു. ഫിയാൽഹോ യും 200 പോർച്ചുഗീസ്‌ പട്ടാളക്കാരും നൂറോളം നായർ പടയാളികളും കൊല്ലപ്പെട്ടു.

 
കൊടുങ്ങല്ലൂർ കോട്ടയിലെ വെടിക്കോപ്പ് സംഭരണശാല

പടപ്പാട്ട്‌ എന്ന മലയാള കാവ്യത്തിൽ ഈ യുദ്ധത്തെക്കുറിച്ച്‌ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. എന്നാൽ ഇത്‌ എഴുതിയത്‌ ആരെന്ന് അറിയില്ല.[4]

ഭൂമര സന്ദേശം എന്ന സംസ്കൃത കാവ്യത്തിലും കോട്ടയെ പറ്റിയുള്ള പരാമർശം ഉണ്ട്‌.

1761-ൽ, ഹൈദർ അലി ഒരു മൈസൂരിലെ ശക്തനായ മന്ത്രിയെ അട്ടിമറിച്ച് മൈസൂരിലെ എല്ലാ അധികാരമേഖലകളുടെയും നിയന്ത്രണം പിടിച്ചെടുത്തു, മൈസൂർ രാജ്യത്തിന്റെ "യഥാർത്ഥ" തലവനായി. ബെഡ്നൂർ (ഇക്കേരി അല്ലെങ്കിൽ കെലാഡി, സുന്ദ, സെറ, കാനറ എന്നീ രാജ്യങ്ങൾ പിടിച്ചെടുക്കുന്നതും ഉൾപ്പെടുന്ന വിപുലീകരണത്തിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചു. 1766-ൽ അദ്ദേഹം മലബാറിലേക്ക് ഇറങ്ങി ചിറക്കൽ (മുൻ കോലത്തുനാട്), കോട്ടയം, കടത്തനാട്, കോഴിക്കോട്, വള്ളുവനാട്, പാലക്കാട് എന്നീ പ്രദേശങ്ങൾ കൈവശപ്പെടുത്തി. കൊച്ചിയിലെ രാജാവ് അദ്ദേഹത്തിന്റെ അധികാരം സ്വീകരിച്ച് 1766 മുതൽ അദ്ദേഹത്തിന് വർഷം തോറും കപ്പം കൊടുത്തു .

 
കൊടുങ്ങല്ലൂർ കോട്ടയുടെ രൂപ കല്പന

എന്നാൽ 25 വർഷങ്ങൾക്ക്യ്ശേഷം ടിപ്പുസുൽത്താന്റെ കാലത്ത് അദ്ദേഹം മലബാർ കീഴടക്കുകയും തിരുവിതാം കൂർ ലക്ഷ്യമാക്കുകയും ചെയ്തപ്പോൾ തിരുവിതാംകൂർ നെടുങ്കോട്ട ശക്തിപ്പെടുത്താൻ ആരംഭിച്ചു. മൈസൂരിന്റെ സാമന്തപ്രഭുവായിരുന്നു കൊച്ചി രാജാവ്. അദ്ദേഹം തന്റെ വടക്കൻ പ്രദേശങ്ങളിൽ ഡച്ചുകാർ കൈവശപ്പെടുത്തിയിരുന്ന കൊടുങ്ങല്ലൂർ കോട്ടയും അയീക്കോട്ടയും 1789 ജൂലൈ 31 നു മൂന്നു ലക്ഷം ക നൽകി ഡച്ചുകാരിൽ നിന്നും വാങ്ങി. ഗത്യന്തരമില്ലാതെ ഡച്ചുകാർ വിറ്റു എന്നു പറയാം. അവരെ അത്രയ്ക്ക്‌ സമ്മർദ്ദത്തിലാക്കിയിരുന്നു ‌ മാർത്താണ്ഡ വർമ്മ . ദളവാ കേശവ പിള്ളയാണ്‌ ഇത്‌ സാധിച്ചെടുത്തത്‌.[5]

ടിപ്പു സുൽത്താൻ ഇതേ സമയത്ത് കോട്ടയുടെ അവകാശവാദം ഉന്നയിച്ച് കൊച്ചീ രാജാവിനോട് ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

964 മാണ്ട്‌ കർക്കിടകം 19-നു" വെകുമാനപ്പെട്ട കുമ്പഞ്ഞി (കമ്പനി)യുടെ പേർക്ക് കൊടുങ്ങല്ലൂർ കോട്ടയിലും മുനമ്പത്തും ആ തലങ്ങളിലുള്ള വലിയ തോക്കുകളും ചേഴം പടവെഞ്ഞനാദികളും വെടിമരുന്നും കൈത്തോക്കും വെടിത്തീയും ഏതാനും വസ്തുക്കളും കൂടാതെ ചേഴം (ശേഷം) അവിടെയുള്ള ഉൽപത്തികളും പറമ്പുകളും മൂന്നു നൂറായിരംചുറത്തി വെള്ളിരൂപായിക്ക അതിലേർ ആങ്കിൽ വെക്ക തിരുമനസ്സിലെ (ഗവർണർ ആംഗിൽബെക്ക്) പേർക്ക തളവാ കേചവപിള്ളക്കാ ഒഴിഞ്ഞു കൊടുക്കുകയും ചെയ്തു എന്നു രേഖപ്പെടുത്തിയിരിക്കുന്നു.[6]

 
1909-ല് തിരുവിതാംകൂർ സർക്കാർ സ്ഥാപിച്ച കോട്ട സം‌രക്ഷണ സ്ഥൂപം

ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നതിനു മുമ്പ് തിരുവിതാം കൂറിന്റെ സഖ്യകക്ഷിയായ മദ്രാസ് ഗവർണറോട് കോട്ടകളുടേ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ അദ്ദേഹം ഗവർണർ ഹോളണ്ടിന് കത്തയക്കുകയും ഗവർണർ പൗണിയെ രാജാവുമായി സംസാരിക്കാൻ നിയോഗിക്കുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയില്ലെന്ന് വന്നതോടെ മൈസൂർ സൈന്യം 1787 ഡിസംബറിൽ നെടുങ്കോട്ടയുടെ മേലൂരുള്ള ഭാഗം ആക്രമിക്കുകയും ഒരു ഭാഗം കീഴടക്കുകയും ചെയ്തു. തിരുവിതാംകൂർ സൈന്യം ആദ്യം ചിതറിയോടിയെങ്കിലും വർദ്ധിച്ച വീര്യത്തോടെ തിരിച്ചടിച്ചു. ഇതിൽ മൈസൂർ സൈന്യത്തിനു കനത്ത നാശ നഷ്ടങ്ങൾ ഉണ്ടാകുകയും അവർ പിൻവാങ്ങുകയും ചെയ്തു. മൈസൂർ പക്ഷത്ത് സെമാൾ ബേഗ് പോലുള്ള സൈന്യാധിപന്മാർ മരണമടഞ്ഞു.[7]

കൂടുതൽ പോഷക സേനകളുമായി അതേ വർഷം ഏപ്രിൽ 15 നു നെടുങ്കോട്ട ആക്രമിച്ച്‌ ആറ്‌ ദിവസം കൊണ്ട്‌ ഒരു കിലോ മീറ്ററോളം നീളത്തിൽ കോട്ട നശിപ്പിക്കുകയും തുടർന്ന് മേയ്‌ 7 ന്‌ കൊടുങ്ങല്ലൂർ കോട്ട പിടിക്കുകയും ചെയ്തു. പിന്നീട്‌ ഒന്നൊന്നായി പള്ളിപ്പുറം, പറവൂര്, കുര്യാപ്പിള്ളി എന്നീ കോട്ടകളും‍ പിടിച്ചു. എന്നാൽ ഇംഗ്ലീഷുകാർ ശ്രീരംഗപട്ടണം ആക്രമിക്കാൻ തയ്യാറെടുക്കുന്നു എന്നറിഞ്ഞ ടിപ്പു സുൽത്താൻ തിരുവിതാംകൂർ ആക്രമണം മതിയാക്കി തിരിച്ചു പോയി. കോട്ടയ്ക്കകത്തുണ്ടായിരുന്ന ജാതിക്കായകൾ പറിപ്പിച്ചു  ടിപ്പു സുൽത്താൻ മൈസൂർക്ക്‌കൊടുത്തയച്ചിരുന്നു എന്നു രേഖകൾ പറയുന്നു.[8]

 
കോട്ടപ്പുറം കോട്ടയുടെ അവശിഷ്ടങ്ങൾ - മുസിരിസ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഖനനത്തിനിടെ
 
കോട്ടപ്പുറം -മുസിരിസ് പദ്ധതി ഉദ്ഖനനത്തിനിടെ കണ്ട കോട്ടയുടെ അവശിഷ്ടങ്ങൾ
 
കോട്ടപ്പുറം കോട്ടയുടെ അവശിഷ്ടങ്ങൾ - ഉത്ഖനനം ചെയ്യുന്നതിനിടെ കണ്ടെത്തിയത്
  1. "Muziris boat ride: A trip back to Kerala's glorious past". Retrieved 2021-07-15.
  2. "Kottappuram Fort | Forts protected by Department of Archaeology | Protected Monuments". Retrieved 2021-07-15.
  3. "Kottappuram Fort - the ancient Cranganore fort built by Portuguese | Historic sites at Muziris Heritage Area, Ernakulam". Retrieved 2021-07-15.
  4. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂർ ‍ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.
  5. https://shodhganga.inflibnet.ac.in/bitstream/10603/70621/11/11_chapter%204.pdf
  6. C.V.R. Doc, CLXXV- Show Room No:27 പ്രതിപാദിച്ചിരിക്കുന്നത്‌ വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992.
  7. ഡോ: കെ.കെ.എൻ., കുറുപ്പ്= (2007). നവാബ് ടിപ്പു സുൽത്താൻ - ഒരു പഠനം. കോഴിക്കോട്: മാതൃഭൂമി പബ്ലീഷേസ്. ISBN 81-8264-546-8. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. ഏ., ശ്രീധരമേനോൻ (1997). കേരളചരിത്രം. ചെട്പേട്ട് ചെന്നൈ: എസ്.വിശ്വനാഥൻ പ്രിന്റേഴ്സ് ആൻഡ് പബ്ലീഷേർസ്. പ്രൈവറ്റ് ലിമിറ്റഡ്. {{cite book}}: Cite has empty unknown parameter: |coauthors= (help)"https://ml.wikipedia.org/w/index.php?title=കൊടുങ്ങല്ലൂർ_കോട്ട&oldid=4095537" എന്ന താളിൽനിന്ന് ശേഖരിച്ചത്