അനാവൃതബീജി സസ്യവിഭാഗത്തിലെ പൈനേസീ (Pinaceae) കുടുംബത്തിൽപ്പെടുന്ന ഔഷധ വൃക്ഷമാണ്‌ ദേവദാരു(ഇംഗ്ലീഷ്:Cedrus deodara).ഉർദു: ديودار deodār; ഹിന്ദി, സംസ്കൃതം: देवदार devadāru. ശാസ്ത്രനാമം: സിഡ്രസ് ഡിയോഡര (Cedrus deodara). സംസ്കൃതത്തിൽ ദേവദാരു, സുരദാരു, ഭദ്രദാരു, ദേവകാഷ്ഠം, അരമദാസ, പാരിഭദ്ര, സ്നേഹവൃക്ഷാ, മസ്തദാരു, മഹാച്ഛദഃ എന്നീ പേരുകളിൽ അറിയപ്പെടുന്നു. 1,050 മുതൽ 3,600 വരെ മീറ്റർ ഉയരമുള്ള ഹിമാലയ പ്രദേശങ്ങളിൽ വന്യമായി വളരുന്ന ഈ വൃക്ഷം ഹിമാചൽ പ്രദേശ്, കാശ്മീർ‍, ഉത്തർപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾ, പഞ്ചാബ് എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു.

ദേവദാരു
ഹിമാചൽ പ്രദേശിലെ കാട്ടിലുള്ള ദേവദാരു.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. deodara
Binomial name
Cedrus deodara
Synonyms
  • Abies deodara (Roxb. ex Lamb.) Lindl.
  • Cedrus deodara var. argentea Carrière
  • Cedrus deodara f. aurea Rehder
  • Cedrus deodara var. compacta Carrière
  • Cedrus deodara var. fastigiata Carrière
  • Cedrus deodara var. flava Carrière
  • Cedrus deodara var. tristis Carrière
  • Cedrus deodara var. variegata Carrière
  • Cedrus indica Chambray
  • Cedrus libani var. deodara (Roxb. ex Lamb.) Hook.f.
  • Cedrus libani subsp. deodora (Roxb. ex Lamb.) P.D.Sell
  • Larix deodara (Roxb. ex Lamb.) K.Koch
  • Pinus deodara Roxb. ex Lamb.
  • Pinus deodara Roxb.

വൃക്ഷത്തിന്റെ ഘടന

തിരുത്തുക
 
ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്ന 704 വർഷം പ്രായം ചെന്ന ദേവദാരുവിന്റെ ഛേദം

85 മീറ്ററോളം ഉയരത്തിൽ വളരുന്ന നിത്യഹരിതവൃക്ഷമാണ് ദേവദാരു. 750-900 വർഷം പഴക്കമുള്ള ദേവദാരു വൃക്ഷങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മരപ്പട്ട പരുക്കനും കട്ടിയുള്ളതുമാണ്. ഇതിൽ ആഴത്തിൽ വിള്ളലുകളും കാണാം. ശാഖകൾ ക്രമരഹിതമാണ്. തൈച്ചെടികളിൽ കീഴോട്ടു തൂങ്ങിക്കിടക്കുന്ന ശാഖകളാണുള്ളത്. സൂച്യാകാരത്തിലുള്ള ഇലകൾ കട്ടിയേറിയതും 2-3 സെന്റി മീറ്റർ നീളമുള്ളതുമാണ്. ദീർഘകാണ്ഡത്തിൽ ഏകാന്തരന്യാസത്തിൽ വിന്യസിച്ചിരിക്കുന്ന പത്രങ്ങളുടെ കക്ഷ്യങ്ങളിൽനിന്ന് ഹ്രസ്വ കാണ്ഡങ്ങളുണ്ടാകുന്നു. ഹ്രസ്വ കാണ്ഡങ്ങളിൽ ദീർഘ കാണ്ഡങ്ങളിലേതിനെ അപേക്ഷിച്ച് പത്രങ്ങൾ ദീർഘകാലം നിലനില്ക്കുന്നു. പത്രങ്ങളുടെ കക്ഷ്യങ്ങളിൽനിന്നാണ് പ്രത്യുത്പാദനാവയവങ്ങളായ കോണുകൾ ഉണ്ടാകുന്നത്. ദേവദാരുവിന് ആൺകോണുകളും പെൺകോണുകളുമുണ്ട്. ശാഖാഗ്രങ്ങളിലെ പത്രകക്ഷ്യങ്ങളിലാണ് പെൺകോണുകളുണ്ടാകുന്നത്. കോണുകളിൽ ധാരാളം ശല്ക്കങ്ങൾ അമർന്നിരിക്കും. വിത്തുകളുണ്ടാകുന്ന കോണുകൾക്ക് അണ്ഡാകൃതിയാണുള്ളത്. വിത്തുകളിൽ ചിറകുപോലെയുള്ള അവയവങ്ങളും കാണാം.[1]

ഉപയോഗങ്ങൾ

തിരുത്തുക

ദേവദാരുവിന്റെ തടി ഈടും ഉറപ്പും ഉള്ളതാണ്.[2][3] കടുപ്പവും സുഗന്ധവുമുള്ള കാതലിന് മഞ്ഞ കലർന്ന ഇളം തവിട്ടുനിറമായിരിക്കും. കാതലിൽനിന്ന് സെഡാർ തൈലം ലഭിക്കുന്നു. തടിയിലെ കറയോടുകൂടിയ ഈ തൈലത്തിലുള്ള ഒലിയോറെസിൻ (Oleoresin) 'കലങ്കതേൻ' എന്നറിയപ്പെടുന്നു. ടർപന്റയിൻ, കൊളെസ്റ്റെറിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഡിയോഡോറോൺ, സെൻഡാറോൾ, ഐസോ സെൻഡാറോൾ, ഓക്സിഡോണിമക്കാലിൻ തുടങ്ങിയ പദാർഥങ്ങളും ഈ തൈലത്തിൽനിന്നു വേർതിരിച്ചെടുത്തിട്ടുണ്ട്.

രസാദി ഗുണങ്ങൾ

തിരുത്തുക
 
ദേവതാരു വൃക്ഷത്തിന്റെ ഇലകൾ

രസം :തികതം, കടു

ഗുണം :ലഘു, സ്നിഗ്ദ്ധം

വീര്യം :ഉഷ്ണം

വിപാകം :കടു [4]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

കാതൽ, തൈലം [4]

ഔഷധ ഗുണങ്ങൾ

തിരുത്തുക

ദേവദാരുവിന്റെ ഇലയും കാതലും തൈലവും ഔഷധയോഗ്യമാണ്. ഇതിന്റെ തൈലം ലേപനംചെയ്യുന്നത് വേദനയ്ക്കും വാതരോഗങ്ങൾക്കും ആശ്വാസമുണ്ടാക്കും.[3][5] വൃക്കകളിലെയും മൂത്രാശയത്തിലെയും കല്ലുകളെ ഉന്മൂലനം ചെയ്യാൻ സഹായകമായ ഇതിന്റെ തൈലം രക്തദൂഷ്യം, കുഷ്ഠം, പ്രമേഹം, ജ്വരം, പീനസം, കാസം, ചൊറിച്ചില്‍, മലബന്ധം എന്നിവയെയും ശമിപ്പിക്കും. എപ്പിലെപ്സി, മൂലക്കുരു, ഹൃദ്രോഗങ്ങൾ‍, ത്വഗ്രോഗങ്ങൾ, പനി മുതലായ രോഗങ്ങൾക്കുള്ള ഔഷധനിർമ്മാണത്തിനും ഇത് ഉപയോഗിക്കുന്നു.

സഹചരാദി കഷായം, ദേവദ്രുമാദി ചൂർണം, ദേവദാര്വ്യാരിഷ്ടം എന്നിവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. [6]

ചിത്രങ്ങൾ

തിരുത്തുക
  1. Farjon, A. (1990). Pinaceae. Drawings and Descriptions of the Genera. Koeltz Scientific Books ISBN 3-87429-298-3.
  2. http://plainfieldtrees.blogspot.com/2007/06/cedars-gods-and-gilgamesh.html Plainfield trees.
  3. 3.0 3.1 <http://jcmcgowan.blogspot.com/2008/03/blog-post.html Edmund Hillary Foundation, World Wildlife Fund-The Deodar Tree: the Himalayan "Tree of God"
  4. 4.0 4.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  5. http://www.herbalayurveda.com/herbdetail.asp?id=24, Herbal Ayurveda
  6. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേവദാരു (ദേവതാരം) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദേവദാരു&oldid=3073864" എന്ന താളിൽനിന്ന് ശേഖരിച്ചത്