ദന്തവൈദ്യം

(ദന്തചികിത്സകൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യന്റെ പല്ലുകൾ, താടിയെല്ലുകൾ, വായ്, അനുബന്ധ അവയവങ്ങൾ എന്നിവയുടെ ഉദ്ഭവം, വളർച്ച, ഘടന, പ്രവർത്തനം, രോഗങ്ങൾ, ചികിത്സ, രോഗപ്രതിരോധം എന്നീ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വൈദ്യശാസ്ത്രശാഖയെ മൊത്തത്തിൽ ദന്തവിജ്ഞാനീയം എന്നു പറയുന്നു. ദന്തക്ഷയം, വേദന എന്നിവ അകറ്റുക, സാമാന്യമായ ആരോഗ്യത്തെ സഹായിക്കുന്ന വിധത്തിൽ പല്ലുകളെ സംരക്ഷിക്കുക, ആഹാരം ചവച്ച് കഴിക്കാനുള്ള ശേഷി വർധിപ്പിക്കുക, ഉച്ചാരണവും സംസാരശേഷിയും മെച്ചപ്പെടുത്തുക, ദന്തക്രമീകരണത്തിലൂടെ മുഖത്തിന്റെ ഭംഗി കൂട്ടുക എന്നീ ലക്ഷ്യങ്ങളാണ് ഈ വൈദ്യശാസ്ത്രശാഖയ്ക്കുള്ളത്. വൈദ്യ ശാസ്ത്രത്തിന്റെ ഒരു വിഭാഗമാണ്‌ ദന്തവൈദ്യശാസ്ത്രം. പല്ല്, അതുറപ്പിച്ചിരിക്കുന്ന എല്ലിന്റെയും അതിനു ചുറ്റുമുള്ള തൊലി, മോണ നാക്ക്‌ ചുണ്ട്‌ എന്നിവയാണ് ഈ വിജ്ഞാനശാഖയുടെ പഠനമേഖല. ശാസ്ത്രത്തേക്കാൾ ഇതൊരു കലകൂടിയാണ്‌ എന്നും പറയാം

ചരിത്രം

തിരുത്തുക
 
പല്ലിന്റെ ഘടന

ചരിത്രാതീത കാലത്തുതന്നെ മനുഷ്യർക്ക് ദന്തരോഗങ്ങൾ ബാധിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. നിയാൻഡർതാൽ മനുഷ്യന്റെ തലയോട് ദന്തരോഗങ്ങളുടെ തെളിവുകൾ അവശേഷിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആധുനിക മനുഷ്യരിൽ പൊതുവേ കണ്ടുവരുന്ന ദന്തരോഗങ്ങൾ പ്രാചീന മനുഷ്യരിൽ അത്ര വ്യാപകമായിരുന്നില്ല. വേവിക്കാത്തതും കട്ടി കൂടിയതുമായ ഭക്ഷ്യപദാർഥങ്ങൾ ആഹരിക്കുകമൂലം ഉണ്ടാകുന്ന ദന്തക്ഷയമായിരുന്നു കൂടുതലായി ഉണ്ടായിരുന്നത്. ദന്തശാസ്ത്രം എന്ന സംസ്കൃതം വാക്കിൽ നിന്നാണ്‌ ഡെന്റിസ്റ്റ്‌റി എന്ന വാക്കിന്റെ ഉത്ഭവം.

പല്ലുവേദനയെക്കുറിച്ചുള്ള ഏറ്റവും പുരാതന ലിഖിതങ്ങൾ മെസപ്പൊട്ടേമിയയിൽനിന്നു ലഭിച്ച സുമേറിയൻ കളിമൺ ഫലകങ്ങളിലാണ് കണ്ടുകിട്ടിയത്. ബി.സി. 2500-ഓളം പഴക്കമുള്ള ഇവയിൽ മരുന്നുകളും യന്ത്രങ്ങളും മന്ത്രങ്ങളും ഉപയോഗിച്ച് പല്ലുവേദന ചികിത്സിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പുഴുക്കൾ ദന്തക്ഷയത്തിന് കാരണമാകുമെന്നും ഇതിൽ പ്രസ്താവിച്ചിരിക്കുന്നു. വായിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും ദന്തധാവനത്തിനുപയോഗിക്കുന്ന ഔഷധക്കമ്പുകളെക്കുറിച്ചും ഹൈന്ദവ വേദങ്ങളിൽ പരാമർശമുണ്ട്. പുരാതന ചൈനയിൽ ബി.സി. 2700-ൽത്തന്നെ പല്ലുവേദനയ്ക്ക് അക്യുപങ്ചർ ചികിത്സ നടത്തിയിരുന്നു. ബൈബിൾ പഴയനിയമത്തിലും ആരോഗ്യമുള്ള പല്ലുകളെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ഹീബ്രു വിഭാഗക്കാർ പല്ലുവേദനയ്ക്ക് വിനാഗിരി പുരട്ടിയിരുന്നതായും സ്വർണം, വെള്ളി, തടി എന്നിവകൊണ്ടുള്ള കൃത്രിമ ദന്തങ്ങൾ വച്ചുപിടിപ്പിച്ചിരുന്നതായും രേഖപ്പെടുത്തിക്കാണുന്നു. ഈജിപ്തിൽ ബി.സി. സുമാർ 3700-ൽത്തന്നെ ഒരു വൈദ്യശാസ്ത്രശാഖ എന്ന നിലയിൽ ദന്തചികിത്സ വികസിച്ചുതുടങ്ങിയിരുന്നു എന്ന് ബി.സി. 1500-ൽ എഴുതപ്പെട്ടതും 1875-ൽ ജോർജ് എമ്പർസ് കണ്ടെത്തിയതുമായ എമ്പർസ് പാപിറസ് എന്ന ഗ്രന്ഥത്തിൽ പറയുന്നു.[1] താടിയെല്ലുകൾക്കുണ്ടാകുന്ന ക്ഷതങ്ങളും വായിലുണ്ടാകുന്ന വ്രണങ്ങളും ഉൾപ്പെടെ എല്ലാ ദന്തരോഗങ്ങൾക്കുമുള്ള പ്രതിവിധികളും ഔഷധങ്ങളും ഈ ഗ്രന്ഥത്തിൽ വിശദമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

 
ഒരു പുരാതന ഡന്റൽ ചെയർ

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് പാശ്ചാത്യർ വിളിക്കുന്ന ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റസ് (ബി.സി. 5-4 ശതകം) ദന്തരോഗങ്ങളെയും ദന്തചികിത്സയെയും പറ്റിയുള്ള നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പല്ലെടുക്കുന്നതിനുള്ള ഉപകരണങ്ങൾ ഉണ്ടാക്കുന്നതിനു പുറമേ ഇദ്ദേഹം കേടുവന്ന പല്ലുകൾ നീക്കം ചെയ്യുകയും താടിയെല്ലുകളിലും വായിലും ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തിരുന്നു. ഗാലൻ തുടങ്ങിയ അനവധി ഗ്രീക്ക് ഭിഷഗ്വരന്മാർ ദന്തചികിത്സാ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നല്കിയിട്ടുണ്ട്. എങ്കിലും അക്കാലത്ത് പല്ലു പറിച്ചിരുന്നത് ബാർബർമാരും, ആനക്കൊമ്പും മറ്റും ഉപയോഗിച്ച് കൃത്രിമ ദന്തങ്ങൾ ഉണ്ടാക്കിയിരുന്നത് ശില്പികളും ആയിരുന്നു.

എ.ഡി. ഒന്നാം ശതകത്തിൽ റോമാക്കാരായ സെൽസസ്, പ്ളിനി എന്നിവർ വായിലെ രോഗങ്ങൾ, പല്ലെടുക്കുന്ന രീതികൾ, ഞെരുങ്ങിയ പല്ലുകൾ ക്രമമാക്കുന്ന വിധം, വായ്നാറ്റം, വായുടെ ശുചിത്വം എന്നീ കാര്യങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

ഭാരതീയ ആയുർവേദത്തിൽ വായുടെ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശുചിത്വം പരിപാലിക്കേണ്ട വിധങ്ങളെക്കുറിച്ചും ചരകസംഹിതയിൽ പറയുന്നു.[2] ദന്തരോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സാരീതികളെക്കുറിച്ചും സുശ്രുതസംഹിതയിലും വിവരിക്കുന്നുണ്ട്.[3] ദന്തധാവന ചൂർണങ്ങളും ദന്തധാവനത്തിനുള്ള പ്രകൃതിദത്ത ഉപകരണങ്ങളും പ്രാചീനകാലം മുതൽ ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. മേൽവായിലെ ദന്തമൂലാഗ്രത്തിൽ പഴുപ്പ് കെട്ടിയാൽ അത് മസ്തിഷ്കത്തെ ബാധിക്കാൻ ഇടയുണ്ടന്ന വസ്തുത ആയുർവേദാചാര്യന്മാർക്ക് അറിവുണ്ടായിരുന്നു.

പുരാതന സംസ്കാരങ്ങളിലെ വൈദ്യഗ്രന്ഥങ്ങളിലെല്ലാം ദന്തശാസ്ത്രത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും,വിസ്തൃതമായി ദന്തശാസ്ത്രത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത്‌ ശല്യക്രീയയുടെ പിതാവായ ശുശ്രുതൻ എഴുതിയ ശുശ്രുതസംഹിത (ക്രി.മു. 6-ആം നൂറ്റാണ്ട്) എന്ന ഗ്രന്ഥത്തിലാണ്‌. ഈ കാലഘട്ടത്തെപ്പറ്റി പഠിക്കുന്ന പുരാവസ്തു ഗവേഷകർ സിന്ധൂ നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളെ അടിസ്ഥാനമാക്കി‍ ദന്തശാസ്ത്രം ഒരു വൈദ്യശാസ്ത്ര വിഷയമെന്ന നിലയിൽ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നു.

സുമേറിയൻ[4], ബാബിലോണിയൻ, അസ്സീറിയൻ (ക്രി. മു. 3000) സംസ്കാരങ്ങളുടെ അവശിഷ്ടങ്ങളിൽ മോണ രോഗങ്ങളെയും അവയുടെ ചികിത്സകളേയും വിവരിക്കുന്ന "ക്ലേ ടാബ്ലറ്റു"കൾ ഗവേഷകർക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഇജിപ്ഷ്യൻ സംസ്കാരത്തിൽ ദന്ത ശാസ്ത്രത്തെപ്പറ്റി ഏബെർസ്‌ പാപ്പിറസ്‌, എഡ്വിൻ സ്മിത്ത്‌ സർജിക്കൽ പാപ്പിറസ്‌എന്നീ വൈദ്യ-ശല്യശാസ്ത്ര ഗ്രന്ഥങ്ങളിൽ വിശദമായി പ്രദിപാദിച്ചിരിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്ക്രേറ്റ്‌സ്‌ (ക്രി മു 460-377), പ്രശസ്ത അറബി വൈദ്യന്മാരായിരുന്ന ബിൻ സീന (980-1037), അബുൾ കാസിം (936-1013) എന്നിവരുടെ സംഭാവനകളും ദന്ത ശാസ്ത്രത്തിനുണ്ടായി. നവോത്ഥാന കാലത്ത്‌ ബാർതോളൊമേയൗസ്‌ യൂസ്റ്റേഷ്യസ്‌[5] (1520-1574) എഴുതിയ ലിബെല്ലസ്‌ ഡി ഡെന്റിബസ്‌[6] എന്ന 30 അധ്യായങ്ങളുള്ള ഗ്രന്ഥമാണ്‌ ശുശ്രുതസംഹിതയ്ക്കു ശേഷം ഉണ്ടായ ആധികാരിക ഗ്രന്ഥം. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാണ്‌ ആധുനിക ദന്ത ശാസ്ത്രം രൂപം കൊണ്ടത്‌. പിയറീ ഫോഷാർഡ്‌[7] (1678-1761) എന്ന ഫ്രഞ്ച്‌ വൈദ്യനാണ്‌ ആധുനിക ദന്ത ശാസ്ത്രത്തിന്റെ പിതാവ്‌.

 
ആധുനിക ഡന്റൽ ചെയർ

മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ യൂറോപ്പിൽനിന്ന് ഈ രംഗത്ത് കാര്യമായ സംഭാവനകളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഈ കാലഘട്ടത്തിൽ അറബി ഭിഷഗ്വരന്മാർ (റേസസ്, അബുൽ കാസിസ്) പല്ല് തേക്കുന്നതിന് കുഴമ്പും സുഷിരങ്ങൾ നിറയ്ക്കുന്നതിന് ലോഹപദാർഥങ്ങളും ശുപാർശ ചെയ്തിരുന്നു. ദന്തമാലിന്യം പല്ലുകൾക്ക് ദോഷമുണ്ടാക്കുമെന്നും അവർ സമർഥിച്ചു. എ.ഡി. 1300-1700 വരെ ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ബാർബർമാരായിരുന്നു പല്ലുപറിച്ചിരുന്നത്. 1308-ൽ ഇവർ രൂപവത്കരിച്ച ഒരു സംഘടന 400 വർഷത്തോളം നിലനിന്നിരുന്നു. ദന്തചികിത്സക്കായി ഇവർ പല തരത്തിലുള്ള ഉപകരണങ്ങൾ നിർമിച്ച് ഉപയോഗിച്ചിരുന്നു. ദൃഢമായ വേരുകളുള്ള പല്ലുകൾ വലിച്ചെടുക്കുന്നതിനുള്ള ലീവറും പെലിക്കനും ഇതിനുദാഹരണങ്ങളാണ്. നവോത്ഥാന കാലഘട്ടം ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. സൂക്ഷ്മദർശിനിയുടെ ആവിർഭാവവും ജന്തുശാസ്ത്രം, രസതന്ത്രം, ഊർജതന്ത്രം, ശരീരശാസ്ത്രം, ശരീരക്രിയാശാസ്ത്രം തുടങ്ങിയ ശാസ്ത്രമേഖലകളിലുണ്ടായ കണ്ടുപിടിത്തങ്ങളും ദന്തചികിത്സയ്ക്ക് ശാസ്ത്രീയ അടിത്തറ പാകി.

വൈദ്യശാസ്ത്രത്തിന്റെ ഒരു വിഭാഗമായി ദന്തവിജ്ഞാനീയ പഠനം ആരംഭിച്ചത് ഫ്രാൻസിലാണ്. 1700-ൽ സർജൻമാരുടെ കോളജിൽ രണ്ടുവർഷത്തെ പാഠ്യപദ്ധതിയും തുടർന്നുള്ള പരീക്ഷയും പ്രവൃത്തിപരിചയവും ദന്തചികിത്സകർക്ക് നിർബന്ധിതമാക്കി. 1728-ൽ പിയർ ഫോഷാർഡ് എന്ന ദന്തഡോക്ടർ ദ് സർജൻ ദന്തിസ്റ്റ് എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തിയത് ആധുനിക ഡെന്റിസ്ട്രിയുടെ തുടക്കം കുറിച്ചു.[8] ഇദ്ദേഹത്തെ ആധുനിക ഡെന്റിസ്ട്രിയുടെ പിതാവായി കരുതിവരുന്നു. 1789-ൽ ഡ്യൂബോ ഡി ഷിമാൻഡ് പോഴ്സലേൻകൊണ്ട് കൃത്രിമ ദന്തങ്ങൾ ഉണ്ടാക്കി. കൂടാതെ ഞെരുങ്ങിനില്ക്കുന്ന പല്ലുകൾ അകറ്റുന്നതിന് ബാൻഡ്ലെറ്റ് (bandelette) എന്ന ഉപകരണം നിർമ്മിക്കുകയും ചെയ്തു.

 
ഒരു കൃഷീവലൻ പല്ലു പരിശോധിപ്പിക്കുന്നു

ഫ്രാൻസിന്റെ ചുവടുപിടിച്ച് യൂറോപ്പിന്റെ ഇതരഭാഗങ്ങളിലും ദന്തസംരക്ഷണ-ദന്തചികിത്സാ രംഗങ്ങളിൽ പുതിയ കണ്ടെത്തലുകൾ ഉണ്ടാവുകയും അനവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമാവുകയും ചെയ്തു. പല്ല് പറിക്കുവാൻ ഇംഗ്ളിഷ് കീ അഥവാ ടേൺകീ (Turnkey) എന്ന പുതിയ ഉപകരണം വികസിപ്പിച്ചെടുത്തതാണ് 18-ം ശതകത്തിൽ യൂറോപ്പിൽ ഈ രംഗത്തുണ്ടായ പ്രധാന നേട്ടം. പെലിക്കനെയും ലീവറിനെയും വളരെവേഗം പ്രതിസ്ഥാപിക്കുന്നതിന് ഈ ഉപകരണത്തിനു സാധിച്ചു.

19-ം ശതകത്തിൽ നൂതന ചികിത്സാരീതികളും ഉപകരണങ്ങളും പദാർഥങ്ങളും കണ്ടുപിടിക്കപ്പെട്ടു. വേദന കൂടാതെ ശസ്ത്രക്രിയ ചെയ്യുവാനുള്ള ബോധഹരണൌഷധങ്ങളുടെ കണ്ടുപിടിത്തം ഈ രംഗത്തെ ഒരു നാഴികക്കല്ലാണ്. ഹോറേസ് വെൽസ്, വില്യം മോർട്ടൻ എന്നീ ദന്തഡോക്ടർമാരാണ് നൈട്രസ് ഓക്സൈഡും ഈഥറും ഉപയോഗിച്ച് വേദന കൂടാതെ ശസ്ത്രക്രിയ ചെയ്യാമെന്ന് ആദ്യം തെളിയിച്ചത്. പൊതുജനമധ്യത്തിൽവച്ച് പല്ലെടുത്താണ് ഈ രാസപദാർഥങ്ങളുടെ ബോധഹരണസ്വഭാവം ഇവർ വ്യക്തമാക്കിയത്. മോണയിൽ കുത്തിവച്ച് മരവിപ്പിക്കുന്ന മരുന്നുകൾ (നോവാകെയ് ൻ, ലിഗ്നോകെയ് ൻ) കണ്ടുപിടിച്ചത് 19-ം ശതകത്തിന്റെ അവസാനമാണ്. ഇക്കാലത്തുതന്നെയാണ് ഇ.വി. ബ്ലാക്ക് എന്ന ഭിഷഗ്വരൻ ദന്തസുഷിരങ്ങളുടെ പൂരണത്തിനായി സിൽവർ അമാൽഗം അലോയ് രൂപപ്പെടുത്തിയത്. പിയർ ഫോഷാർഡ്

1919-ൽ അമേരിക്കൻ ആർമിയുടെ ആവശ്യപ്രകാരം അമേരിക്കൻ നാഷണൽ സ്റ്റാൻഡേഡ്സ് എന്ന സ്ഥാപനം ദന്തചികിത്സയ്ക്ക് ഉപയോഗിക്കുന്ന എല്ലാ പദാർഥങ്ങൾക്കും ഗുണനിലവാരം നിർദ്ദേശിച്ചു. കൂടാതെ ഔഷധങ്ങൾക്കും ഉപകരണങ്ങൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ യോഗ്യതയും നിശ്ചയിക്കപ്പെട്ടു. 1928-ൽ അമേരിക്കൻ ഡെന്റൽ അസോസിയേഷൻ സർക്കാർ സഹയാത്തോടെ ഡെന്റിസ്ട്രിയിൽ ഗവേഷണ പരമ്പരകൾതന്നെ ആരംഭിച്ചു. അനേകം ദന്തൽ കോളജുകൾ തുടങ്ങുകയും ദന്തചികിത്സ നടത്തണമെങ്കിൽ ഡോക്ടർ ഒഫ് ഡെന്റൽ സർജറി എന്ന അടിസ്ഥാനബിരുദം നിർബന്ധിതമാക്കുകയും ചെയ്തു.

ഇംഗ്ലണ്ടിൽ 1930-ൽ റോയൽ കോളജ് ഒഫ് സർജൻസ് എന്ന സ്ഥാപനത്തിൽ ലൈസെൻഷ്യേറ്റ് ഒഫ് ഡെന്റൽ സർജറി ഒഫ് ദ് റോയൽ കോളജ് ഒഫ് സർജൻസ് (LDSRCS) എന്ന അടിസ്ഥാന ദന്തൽ ബിരുദത്തിന് നാലുവർഷത്തെ പാഠ്യക്രമം ഏർപ്പെടുത്തി. 1940-നുശേഷം ബിരുദാനന്തരബിരുദമായി ഫെലോ ഒഫ് ഡെന്റൽ സർജൻ ഒഫ് ദ് റോയൽ കോളജ് ഒഫ് സർജൻസ് (FDSRCS) എന്ന ദ്വിവർഷ പാഠ്യപദ്ധതിയും ഏർപ്പെടുത്തി. ഇതേ സമയത്ത് അമേരിക്കയിൽ ഡെന്റിസ്ട്രിയിൽ പല ശാഖകൾ ഉണ്ടാവുകയും അതിലോരോന്നിലും ബിരുദാനന്തരബിരുദ (MS) പഠനക്രമം നിലവിൽവരികയും ചെയ്തു. മറ്റു യൂറോപ്യൻ രാജ്യങ്ങളിലും സോവിയറ്റ് റഷ്യയിലും ഇതേ വിധത്തിലുള്ള വികാസം ഉണ്ടായി. പക്ഷേ, ചൈനയിൽ വളരെക്കാലം പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങൾതന്നെയാണ് നിലനിന്നിരുന്നത്.

ഭാരതത്തിൽ, 1948-ൽ ഇന്ത്യൻ ഡെന്റിസ്റ്റ് ആക്റ്റ് (Indian Dentist Act) നിലവിൽ വന്നു.[9] ഇതനുസരിച്ച് ഇന്ത്യൻ ഡെന്റൽ കൗൺസിലും സംസ്ഥാന കൗൺസിലുകളും രൂപവത്കൃതമായി. നിയമാനുസൃതമായ വിദ്യാഭ്യാസവും ദന്തചികിത്സയും ഇതോടെ പ്രാബല്യത്തിൽ വന്നു. രജിസ്ട്രേഷൻ കർശനമാക്കി. നിയമം നടപ്പിലാക്കിയ സമയത്ത് ദന്തവൈദ്യം തൊഴിലായി സ്വീകരിച്ചിരുന്നവരെ ബി ക്ലാസ് ആയും ദന്തൽ ബിരുദധാരികളെ ക്ലാസ് ആയും ആണ് രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്നിങ്ങോട്ട് ഡെന്റിസ്ട്രിയിൽ ബിരുദം നേടിയവർക്കു മാത്രമേ രജിസ്ട്രേഷൻ നല്കുന്നുള്ളൂ.

ഇന്ത്യയിൽ ആദ്യത്തെ ദന്തൽ കോളജ് സ്ഥാപിതമായത് കൽക്കത്തയിലാണ് (1950). ലൈസൻഷിയേറ്റ് ഇൻ ഡെന്റൽ സർജറി (ഡി എസ്) എന്ന ഡിപ്ലോമയാണ് ആദ്യമായി ആരംഭിച്ചത്. രണ്ടുവർഷത്തിനുശേഷം ഇതു നിറുത്തലാക്കിക്കൊണ്ട് ബാച്ചിലർ ഒഫ് ഡെന്റൽ സർജറി (ബി.ഡി. എസ്.) എന്ന ബിരുദ പാഠ്യക്രമം ആരംഭിച്ചു. 1958-59 ഓടെ മിക്കവാറും സംസ്ഥാനങ്ങളിൽ സർക്കാർ ഓരോ ദന്തൽ കോളജ് വീതം സ്ഥാപിച്ചു. സ്വകാര്യമേഖലയിലും ദന്തൽ കോളജുകൾ പ്രവർത്തനമാരംഭിച്ചു. കോളജുകളുടെ നിലവാരം പരിശോധിക്കുന്നതും അംഗീകാരം നല്കുന്നതും ദന്തൽ കൌൺസിൽ, കേന്ദ്രസർക്കാർ, ബന്ധപ്പെട്ട സർവകലാശാല, സംസ്ഥാന സർക്കാർ എന്നീ കാര്യനിർവഹണകേന്ദ്രങ്ങളാണ്. ഡെന്റിസ്ട്രിയുടെ ഒരു പ്രത്യേക ശാഖയിൽ വിദഗ്ദ്ധ പരിശീലനം നേടുന്നതിനായി ബിരുദാനന്തര ബിരുദം (എം.ഡി.എസ്.) ആദ്യമായി ആരംഭിച്ചത് ബോംബെ സർവകലാശാലയിലാണ് (1960). ദന്തൽ കോളജുകളിൽ ബിരുദത്തിന് അനുബന്ധമായി ദ്വിവർഷ ദന്തൽ ടെക്നീഷ്യൻ, ദന്തൽ ഹൈജീനിസ്റ്റ്, ദന്തൽ അസിസ്റ്റന്റ് എന്നീ കോഴ്സുകൾ നിലവിൽവന്നു. ദന്തഡോക്ടറെ സഹായിക്കാൻ ഇവരുടെ സേവനം അത്യാവശ്യമാണ്.

പാഠ്യക്രമം

തിരുത്തുക

ശാസ്ത്രീയമായ ദന്തചികിത്സയ്ക്ക് വായുടെയും അനുബന്ധ അവയവങ്ങളുടെയും ഘടനയും ധർമവും രോഗാവസ്ഥയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും മാത്രം പഠനവിധേയമാക്കിയാൽ മതിയാവുകയില്ല. ദന്തവിദ്യാർഥിക്ക് പൊതുവായ ശരീരശാസ്ത്രത്തെപ്പറ്റി വ്യക്തമായ അറിവുണ്ടായിരിക്കണം. ശരീരശാസ്ത്രം , എംബ്രിയോളജി, ഹിസ്റ്റോളജി, ശരീരധർമശാസ്ത്രം, ജൈവരസതന്ത്രം, സാമാന്യ ഔഷധശാസ്ത്രം, സൂക്ഷ്മാണു ജീവശാസ്ത്രം, സാമാന്യ ശസ്ത്രക്രിയാശാസ്ത്രം എന്നീ വിഷയങ്ങളുടെ സാമാന്യപഠനം ഡെന്റിസ്ട്രിയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രീക്ലിനിക്കൽ വിഷയങ്ങൾ

തിരുത്തുക

ദന്തൽ വിഷയങ്ങളെ ചികിത്സ തുടങ്ങുന്നതിനുമുമ്പുള്ള പ്രീക്ലിനിക്കൽ ദന്തൽ വിഷയങ്ങളെന്നും ചികിത്സിക്കുന്നതിനുള്ള ക്ളിനിക്കൽ ദന്തൽ വിഷയങ്ങളെന്നും വിഭജിച്ചിരിക്കുന്നു. പ്രീക്ളിനിക്കൽ ദന്തൽ വിഷയങ്ങളിൽ ദന്തൽ പദാർഥങ്ങൾ, ദന്തൽ അനാട്ടമി, എംബ്രിയോളജി, ഹിസ്റ്റോളജി, ഓറൽ പതോളജി, മൈക്രോബയോളജി എന്നിവ ഉൾപ്പെടുന്നു.

ദന്ത പദാർഥങ്ങൾ

തിരുത്തുക

(Dental materials)

ദന്തചികിത്സയിൽ ഉപയോഗപ്പെടുത്തുന്ന പദാർഥങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇതിൽ ഉൾപ്പെടുന്നത്. താത്കാലിക പൂരണത്തിനുപയോഗിക്കുന്ന സിങ്ക് ഓക്സൈഡ് മുതൽ അസ്ഥിയിൽ കുഴിച്ചുവയ്ക്കുന്ന ടൈറ്റാനിയം വരെ അനേകമാണ് ദന്ത പദാർഥങ്ങൾ. ഇവ കൂടാതെ അളവുകൾ എടുക്കാനും മാതൃകകൾ ഉണ്ടാക്കാനും മറ്റനവധി പദാർഥങ്ങളും ഉപയോഗിച്ചുവരുന്നു. ഇത്തരം പദാർഥങ്ങളുടെയെല്ലാം ഉപയോഗത്തെയും പ്രയോഗരീതികളെയും കുറിച്ചുള്ള പഠനങ്ങൾ ഡെന്റിസ്ട്രിയുടെ പ്രധാന വിഷയമാണ്.[10]

ദന്തൽ അനാട്ടമി, എംബ്രിയോളജി, ഹിസ്റ്റോളജി

തിരുത്തുക
 
ആറുവയസുള്ള പെൺകുഞ്ഞിന്റെ പാൽപ്പല്ലുകൾ

വായ്, പല്ലുകളൾ, താടിയെല്ലുകൾ, നാക്ക്, അനുബന്ധ അവയവങ്ങൾ എന്നിവയുടെ ഘടന, സൂക്ഷ്മഘടന, ഭ്രൂണദശയിലുള്ള വളർച്ച എന്നിവയെപ്പറ്റിയുള്ള വിശദമായ പഠനം.

ശൈശവാവസ്ഥയിലെ താത്കാലിക ദന്തങ്ങളെ പാൽപ്പല്ലുകൾ (milk teeth or deciduous teeth)[11] എന്നാണ് പറയുന്നത്. ജനിച്ച് ആറുമാസം മുതൽ പാൽപ്പല്ലുകൾ മുളച്ചുതുടങ്ങുന്നു. രണ്ടര വയസ്സോടെ ഏതാണ്ട് എല്ലാ പാൽപ്പല്ലുകളും മുളച്ചുകഴിയും. പാൽപ്പല്ലുകൾ 20 എണ്ണം ഉണ്ടായിരിക്കും. ഓരോ അണയിലും പത്ത് വീതമാണുള്ളത്.

  • നടുവിലെ ഉളിപ്പല്ല് (central incisor) - 2,
  • വശത്തെ ഉളിപ്പല്ല് (lateral incisor)-2,
  • കോമ്പല്ല് (canine)-2,
  • അണപ്പല്ല് (molar) -4 എന്നിങ്ങനെ.

ശിശുവിന് ആറ് വയസ്സാകുമ്പോൾ മുതൽ പൊഴിയാൻ തുടങ്ങുന്ന പാൽപ്പല്ലുകൾ 12 വയസ്സോടെ പൂർണമായും പൊഴിഞ്ഞുപോകുന്നു. ഇതേ കാലയളവിൽ(6-12 വയസ്സ്)ത്തന്നെ സ്ഥിര ദന്തങ്ങൾ മുളയ്ക്കുകയും ചെയ്യുന്നു. സ്ഥിരദന്തങ്ങൾ മുപ്പത്തിരണ്ട് എണ്ണം ആണ്; ഓരോ അണയിലും 16 വീതം. അണയുടെ പകുതിയിലുള്ള പല്ലുകൾ,

  • നടുവിലെ ഉളിപ്പല്ല് (1),
  • പാർശ്വ ഉളിപ്പല്ല് (1),
  • കോമ്പല്ല് (1),
  • ചെറിയ അണപ്പല്ല് (2),
  • വലിയ അണപ്പല്ലുകൾ (3) എന്നിങ്ങനെ.

ഓറൽ പതോളജിയും മൈക്രോബയോളജിയും

തിരുത്തുക

വായിലെ തൊലി, നാവ്, താടിയെല്ലുകൾ, സന്ധികൾ, ഗ്രന്ഥികൾ, പല്ലുകൾ മുതലായവയ്ക്കുണ്ടാകുന്ന രോഗങ്ങൾ, അണുബാധകൾ എന്നിവയെക്കുറിച്ചുള്ള പഠനം. അർബുദത്തിന് മുന്നോടിയായി ഉണ്ടാകുന്ന വ്രണങ്ങൾ, ആരംഭത്തിൽത്തന്നെ അർബുദം കണ്ടുപിടിക്കുന്നതിനുള്ള മാർഗങ്ങൾ, ബയോപ്സി തുടങ്ങിയവയിലും ദന്തഡോക്ടർക്ക് പരിശീലനം ലഭിക്കുന്നു.[12]

ക്ലിനിക്കൽ ദന്തൽ വിഷയങ്ങൾ

തിരുത്തുക

ശരീരശാസ്ത്രം, രോഗശാസ്ത്രം, ഔഷധശാസ്ത്രം, ദന്തഘടന, ദന്തപദാർഥങ്ങൾ, കൃത്രിമ ദന്തപദാർഥങ്ങൾ, വായിലെ രോഗങ്ങൾ എന്നിങ്ങനെയുള്ള സാമാന്യ പ്രീക്ലിനിക്കൽ വിഷയങ്ങളുടെ പഠനത്തിനുശേഷമാണ് ചികിത്സാവിഭാഗങ്ങളിൽ അഭ്യസനം നേടുന്നത്. എട്ടുവിഭാഗങ്ങളിലായാണ് പാഠ്യക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്.[13]

റേഡിയോളജിയും ഓറൽ ഡയഗ്നോസിസും

തിരുത്തുക

രോഗനിർണയത്തിനുള്ള വിവിധ ഉപാധികളെക്കുറിച്ചുള്ള പഠനം. റേഡിയോളജിയുടെ വികാസം ദന്തരോഗനിർണയത്തെ വളരെ ഏറെ സഹായിച്ചിട്ടുണ്ട്. ലളിതമായ എക്സ് റേ മുതൽ സീറോ റേഡിയോഗ്രഫി (Xero radiography), പാൻടോമോഗ്രാഫ് (Pantomograph), ഇമേജിങ് (Imaging) എന്നീ നൂതന സാങ്കേതിക സംവിധാനങ്ങൾ വരെ പല്ലിന്റെയും എല്ലിന്റെയും അനുബന്ധ അവയവങ്ങളുടെയും രോഗങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തുന്നു. രക്തപരിശോധന, ജൈവരസതന്ത്ര പരിശോധനകൾ, ബയോപ്സി എന്നിവയെ ആശ്രയിച്ചും രോഗനിർണയം നടത്താം.[14]

ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ സർജറി

തിരുത്തുക
 
ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ സർജറി

വായിലും താടിയെല്ലുകളിലും മുഖത്തും ഉണ്ടാകുന്ന രോഗങ്ങൾക്കുള്ള ശസ്ത്രക്രിയാചികിത്സകൾ. പല്ലെടുക്കുക, മുഴകൾ നീക്കം ചെയ്യുക, പൊട്ടിയ എല്ലുകൾ നേരെയാക്കുക, എല്ലുകളുടെയോ ദന്തങ്ങളുടെയോ വൈകൃതങ്ങൾ മാറ്റുക, സന്ധികളിൽ ശസ്ത്രക്രിയ നടത്തുക, ഉമിനീർഗ്രന്ഥികളിലുണ്ടാകുന്ന അടവ് നീക്കം ചെയ്യുക, ഇംപ്ലാന്റുകൾ അസ്ഥിയിൽ കുഴിച്ചുവയ്ക്കുക എന്നിങ്ങനെ നിരവധി ശസ്ത്രക്രിയകൾ ഈ ശാഖയിൽ ഉൾപ്പെടുന്നു. ലിഗ്നോകെയ്ൻ കുത്തിവച്ച് മരവിപ്പിച്ചു നടത്തുന്ന ലളിതമായ ശസ്ത്രക്രിയകൾ മുതൽ ബോധം കെടുത്തി ചെയ്യുന്ന സങ്കീർണമായ ശസ്ത്രക്രിയകൾ വരെ ഈ വിഭാഗത്തിൽപ്പെടുന്നു.[15]

കൺസർവേറ്റിവ് ഡെന്റിസ്ട്രിയും എന്റോഡോൺടിക്സും

തിരുത്തുക

ദന്തപരിപാലനവും ദന്താന്തർഭാഗചികിത്സയും. പല്ലിൽ സുഷിരങ്ങൾ ഉണ്ടായി പല്ല് ദ്രവിക്കുന്ന ദന്തക്ഷയം, പല്ലുകളുടെ പൊട്ടൽ, കീറൽ, തേയ്മാനം, നിറഭേദം, പൾപ്പിനുണ്ടാകുന്ന രോഗങ്ങൾ എന്നിവയുടെ ചികിത്സയും ദന്ത പുനർനിർമ്മാണവും ആണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. കൂടാതെ ഈ വിധത്തിലുള്ള ദന്തരോഗങ്ങൾ വരാതിരിക്കാൻ കൈക്കൊള്ളേണ്ട മുൻകരുതലുകളും പഠനവിഷയമാണ്.

അനേകം നാഡികളും രക്തക്കുഴലുകളും മറ്റു കോശങ്ങളും അടങ്ങുന്ന ദന്തമജ്ജ അഥവാ പൾപ്പ് വേരിനകത്ത് കുഴൽപോലെ നീളത്തിൽ കിടക്കുന്ന ദന്തനാളിയിലൂടെ അസ്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പൾപ്പിനുണ്ടാകുന്ന അണുബാധ അസ്ഥിയെയും അനുബന്ധ കലകളെയും ബാധിക്കാനിടയുണ്ട്. പൾപ്പിന് അണുബാധയുണ്ടാകാതിരിക്കാൻ ഉള്ള പൾപ്പ് ക്യാപ്പിങ്, അണുബാധ മാറ്റുവാനുള്ള പൾപോട്ടമി, പൾപെക്ടമി, ദന്തനാളീ ചികിത്സ (root canal treatment), പെരിത്തപിക്കൽ ടിഷ്യു മാനേജ്മെന്റ് തുടങ്ങിയ ചികിത്സകൾ ചെയ്ത് ദന്തപരിപാലനം നടത്തുകയാണ് എന്റോഡോൺടിക്സ് എന്ന ശാഖയുടെ ലക്ഷ്യം.

പെരിയോഡോൺടിക്സ്

തിരുത്തുക

(Periodontics)

മോണ, പല്ലിന്റെ വേരുറപ്പിച്ചിരിക്കുന്ന അസ്ഥി, വേരിനെ പൊതിയുന്ന സിമന്റം, സിമന്റവും അസ്ഥിയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്നായുക്കൾ എന്നിവയ്ക്കുണ്ടാകുന്ന രോഗങ്ങൾ, ചികിത്സ, നിവാരണ മാർഗങ്ങൾ എന്നിവയാണ് ഇതിൽ പ്രതിപാദിക്കുന്നത്. ക്രമം തെറ്റിയ പല്ലുകൾ കൂട്ടിക്കടിക്കുമ്പോൾ ചിലതിൽ അമിത ബലവും മറ്റു ചിലതിൽ ബലക്കുറവും ചെലുത്തുന്നത് മോണ ചുരുങ്ങാൻ (atrophy) ഇടയാക്കുന്നു. ചവയ്ക്കുമ്പോൾ ക്ഷതമുണ്ടാകാത്ത രീതിയിൽ പല്ലുകളെ പുനർവിന്യസിക്കേണ്ടതാണ്. ദന്തൽ ഇംപ്ലാന്റുകൾ (implants) പല്ലിന്റെ വേരിനു പകരം അസ്ഥിയിലാണ് ഉറപ്പിക്കുന്നത്. അതിനാൽ ഇത്തരം ശസ്ത്രക്രിയകൾ പെരിയോഡോൺടിക്ക്സിന്റെ പരിധിയിൽ വരുന്നു.[16]

(Orthodontics)

മുഖവൈകൃതത്തിനു കാരണമായ ക്രമം തെറ്റിയ പല്ലുകൾ, താടിയെല്ലുകളുടെ പരസ്പരബന്ധത്തിലുണ്ടാകുന്ന അപാകതകൾ എന്നിവയുടെ ചികിത്സ. പല്ലുകൾക്ക് ക്രമമായി നില്ക്കാൻ ഇടം ഉണ്ടാക്കി പ്രത്യേക ഉപകരണങ്ങൾക്കൊണ്ട് നേരിയ ബലം പ്രയോഗിച്ച് ക്രമേണ ദന്തങ്ങൾ ക്രമീകരിക്കുന്നു. നേർത്ത ഉരുക്കു കമ്പികളോ മറ്റു ലോഹസങ്കരങ്ങളോ കൊണ്ടുണ്ടാക്കിയ തന്തുക്കളാണ് നേരിയ ബലം ചെലുത്തുവാൻ ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങൾ ഇളക്കിമാറ്റാനാവുന്നവയോ ദന്തവുമായി സ്ഥിരമായി ബന്ധിച്ചിരിക്കുന്നവയോ ആകാം. രണ്ടാമത്തെ വിഭാഗം കൂടുതൽ ഫലപ്രദമായി കണ്ടുവരുന്നു. ഇതിനായി ബാൻഡുകൾ, ബ്രാക്കറ്റുകൾ, ട്യൂബുകൾ തുടങ്ങിയവ കോംപസിറ്റ് റെസിനോ ഗ്ലാസ് അയണോമറ്റോ ഉപയോഗിച്ച് പല്ലിനോട് ചേർത്തുറപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു ദീർഘകാല ചികിത്സയാണ്. താടിയെല്ലുകളുടെ അപാകത വളരെ ഗണ്യമാണെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്.[17]

പീഡോഡോൺടിക്സ്

തിരുത്തുക

(Paedodontics)

പന്ത്രണ്ടുവയസ്സുവരെയുള്ള കുട്ടികളുടെ ദന്തചികിത്സ. കുട്ടികളുടെ അപക്വമായ മാനസികാവസ്ഥ, പേടി, സ്വഭാവസവിശേഷതകൾ, മധുര പലഹാരങ്ങളോടുള്ള ആസക്തി, വായുടെ ശുചിത്വം പാലിക്കുന്നതിലുള്ള അനാസ്ഥ എന്നീ ഘടകങ്ങൾ കണക്കിലെടുത്താണ് കുട്ടികൾക്കുണ്ടാകുന്ന ദന്തരോഗങ്ങളും ദന്തവൈകൃതങ്ങളും ചികിത്സിക്കുന്നത്.[18]

പ്രോസ്തോഡോൺടിക്സ്

തിരുത്തുക

(Prosthodontics)

കൃത്രിമ പദാർഥങ്ങളുപയോഗിച്ച് നഷ്ടപ്പെട്ട പല്ലുകളും വായിലെ മറ്റ് അവയവങ്ങളും നിർമിച്ചു പുനഃസ്ഥാപിക്കുന്ന ദന്തവിജ്ഞാനീയ ശാഖയാണിത്. അപകടമോ അർബുദമോ മൂലം താടിയെല്ലുകൾക്കും മുഖത്തിന്റെ മറ്റു ഭാഗങ്ങൾക്കും ഉണ്ടാകുന്ന തകരാറുകൾ മാറ്റുകയും രോഗബാധിതമായ അവയവങ്ങളെ കൃത്രിമ അവയവങ്ങൾകൊണ്ടു പ്രതിസ്ഥാപിക്കുകയും ചെയ്യുന്ന ചികിത്സകൾ ഈ വിഭാഗത്തിൽപ്പെടുന്നു.[19]

പൊതുജനാരോഗ്യ ദന്തവിജ്ഞാനീയം

തിരുത്തുക

(Public Health Dentistry)

സാമൂഹിക സഹകരണത്തോടെ പൊതുജനങ്ങൾക്കിടയിൽ ദന്തപരിശോധന നടത്തി ബോധവത്കരണവും അത്യാവശ്യ ചികിത്സകളും നടത്തുന്ന ദന്തവിജ്ഞാനീയ വിഭാഗം. സ്കൂളുകളും വീടുകളും ഗ്രാമപ്രദേശങ്ങളും സന്ദർശിച്ച് ദന്തരോഗങ്ങളുടെ പട്ടിക തയ്യാറാക്കുക, ദന്തചികിത്സാ ക്യാമ്പുകൾ സംഘടിപ്പുക്കുക, സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുക തുടങ്ങിയവ ഈ വിഭാഗത്തിലുള്ള ദന്തഡോക്ടർമാരുടെ പ്രവർത്തനപരിധിയിൽ വരുന്നു. ദന്തരോഗങ്ങൾ തടയുവാനുള്ള നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കുകയും സമൂഹത്തിൽ മെച്ചപ്പെട്ട ദന്താരോഗ്യം ഉറപ്പുവരുത്തുകയുമാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. കമ്യൂണിറ്റി ഡെന്റിസ്ട്രി, പ്രിവന്റീവ് ഡെന്റിസ്ട്രി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

പൊതുജനാരോഗ്യത്തിനു മുൻഗണന നല്കുന്ന ഒരു സമൂഹത്തിൽ മറ്റേതൊരു വൈദ്യശാസ്ത്ര വിഭാഗത്തിനും പിന്നിലല്ല ദന്തവിജ്ഞാനീയത്തിന്റെ സ്ഥാനം. ഈ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ഈ വിജ്ഞാനശാഖയുടെ വളർച്ചയുടെ തെളിവാണ്. ദന്തൽ മെറ്റീരിയൽസ്, എൻഡോഡോൺടിക്സ്, ഓർത്തോഡോൺടിക്സ്, ഇംപ്ളാന്റോളജി, ഫോറൻസിക് ഡെന്റിസ്ട്രി എന്നീ നൂതന ദന്തൽവിഷയങ്ങളിൽ വൻതോതിൽ ഗവേഷണം നടന്നുവരുന്നു.[20]

  1. എമ്പർസ് പാപിറസ്
  2. "ചരകസംഹിത" (PDF). Archived from the original (PDF) on 2011-05-16. Retrieved 2011-01-19.
  3. സുശ്രുതസംഹിതയിലും
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-29. Retrieved 2007-07-06.
  5. http://www.nature.com/bdj/journal/v189/n8/full/4800798a.html
  6. http://web2.bium.univ-paris5.fr/livanc/?cote=47874x02&do=chapitre
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-07-06. Retrieved 2007-07-06.
  8. ദ് സർജൻ ദന്തിസ്റ്റ്[പ്രവർത്തിക്കാത്ത കണ്ണി]
  9. "ഇന്ത്യൻ ഡന്റിസ്റ്റ് ആക്റ്റ്". Archived from the original on 2011-01-20. Retrieved 2011-01-19.
  10. ദന്ത പദാർഥങ്ങൾ
  11. "പാൽപ്പല്ലുകൾ". Archived from the original on 2010-09-23. Retrieved 2011-01-19.
  12. "ഓറൽ പതോളജിയും മൈക്രോബയോളജിയും" (PDF). Archived from the original (PDF) on 2010-03-25. Retrieved 2011-01-19.
  13. ക്ലിനിക്കൽ ദന്തൽ വിഷയങ്ങൾ
  14. "റേഡിയോളജിയും ഓറൽ ഡയഗ്നോസിസും". Archived from the original on 2010-10-31. Retrieved 2011-01-19.
  15. ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ സർജറി
  16. പെരിയോഡോൺടിക്
  17. ഓർത്തോഡോണ്ടിക്സ്
  18. "പീഡോഡോൺടിക്സ്". Archived from the original on 2011-03-09. Retrieved 2011-01-20.
  19. പ്രോസ്തോഡോൺടിക്സ്
  20. "പൊതുജനാരോഗ്യ ദന്തവിജ്ഞാനീയം". Archived from the original on 2010-12-14. Retrieved 2011-01-21.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദന്തവൈദ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദന്തവൈദ്യം&oldid=3863612" എന്ന താളിൽനിന്ന് ശേഖരിച്ചത്