തുസ്സിഡിഡീസ് (ജനനം: ബിസി 460-നടുത്ത്; മരണം 395-നടുത്ത്) (ഗ്രീക്ക് Θουκυδίδης, Thoukydídēs) ഗ്രീക്ക് ചരിത്രകാരനും ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ സ്പാർട്ടായും ഏഥൻസും തമ്മിൽ നടന്ന് ക്രി.മു. 411-ൽ അവസാനിച്ച പെലോപ്പൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തിന്റെ, രചയിതാവുമായിരുന്നു. ദൈവങ്ങളുടെ ഇടപെടലിനെ ആസ്പദമാക്കിയല്ലാതെ, കാര്യ-കാരണ യുക്തിയെ പിന്തുടർന്ന്, കണിശമായ തെളിവുകളേയും വിശകലനങ്ങളേയും ആശ്രയിച്ച് ചരിത്രരചന നടത്തിയതിനാൽ, ശാസ്ത്രീയമായ ചരിത്രാന്വേഷണത്തിന്റെ പിതാവ് എന്നു തുസ്സിഡിഡീസ് വിശേഷിക്കപ്പെടാറുണ്ട്.[1]

ടോറോണ്ടൊയിലെ റോയൽ ഒന്റാറിയോ സംഗ്രഹാലയത്തിലുള്ള തുസ്സിഡിഡീസിന്റെ പ്രതിമ


രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെ ധാർമ്മികതയുടേതിനു പകരം ശക്തിയുടെ കണ്ണാടിയിലൂടെ നോക്കിക്കണ്ട തുസ്സിഡിഡീസ് പ്രായോഗിക രാഷ്ട്രതന്ത്രത്തിന്റെ പിതാവെന്നും വിശേഷിക്കപ്പെടാറുണ്ട്. [2] അദ്ദേഹത്തിന്റെ പുരാതനരചന ലോകമാസകലമുള്ള ഉന്നതസൈനികകലാശാലകളിൽ പാഠപുസ്തകമാണ്. അതിലെ മീലിയൻ സം‌വാദം രാഷ്ട്രാന്തരബന്ധത്തിന്റെ വിഷയത്തിലെ അടിസ്ഥാനരചനകളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു.


പകർച്ചവ്യാധികളും ആഭ്യന്തരയുദ്ധങ്ങളും പോലെയുള്ള അത്യാഹിതങ്ങളോടുള്ള മനുഷ്യരുടെ പ്രതികരണത്തെ മനസ്സിലാക്കാൻ മനുഷ്യസ്വഭാവത്തിന്റെ പഠനത്തെ അദ്ദേഹം ആശ്രയിച്ചു. അതേസമയം, തുസ്സിഡിഡീസിന്റെ രചനയുടെ വിപുലമായ സാഹിത്യമോടിയും, അതിലെ പ്രഭാഷണങ്ങളുടെ ശില്പഭംഗിയും ചൂണ്ടിക്കാട്ടി, ചരിത്രരചനയിലെ ശാസ്ത്രീയരീതിക്കൊപ്പം ശാസ്ത്രീയേതരസങ്കേതങ്ങളെയും അദ്ദേഹം മടികൂടാതെ ആശ്രയിച്ചു എന്ന് വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്.


ചരിത്രകാരനെന്ന നിലയിൽ അതിപ്രശസ്തനെങ്കിലും, തുസ്സിഡിഡീസിന്റെ ജീവിതത്തെക്കുറിച്ച് കുറച്ചുകാര്യങ്ങൾ മാത്രമേ അറിവയുള്ളു. അറിയാവുന്ന കാര്യങ്ങളിൽ ഏറെയും അദ്ദേഹം രചിച്ച പെലോപൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തിൽ നിന്നാണ്. ഗ്രന്ഥകാരന്റെ രാഷ്ട്രം, ജന്മസ്ഥലം, മാതാപിതാക്കൾ എന്നിക്കാര്യങ്ങളെക്കുറിച്ച് ആ കൃതി അറിവുതരുന്നു. താൻ പെലെപൊന്നേസ് യുദ്ധത്തിൽ പങ്കെടുത്തെന്നും, പ്ലേഗ് ബാധിതനായെന്നും ഏഥൻസിലെ ജനാധിപത്യഭരണകൂടം തന്നെ നാടുകടത്തിയെന്നും തുസ്സിഡിഡീസ് അതിൽ വ്യക്തമാക്കുന്നു.

സ്വയം വെളിപ്പെടുത്തൽ

തിരുത്തുക

ഏഥൻസുകാരനായി സ്വയം പരിചയപ്പെടുത്തുന്ന തുസ്സിഡിഡീസ് തന്റെ പിതാവിന്റെ പേര് ഒളോറസ് എന്നാണെന്നും താൻ ഏഥൻസിലെ ഹാലിമോസ് പ്രദേശത്തുനിന്നുള്ളവനാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.[3]പെരിക്കിൾസടക്കം അനേകരുടെ ജീവൻ അപഹരിച്ച ഏഥൻസിലെ പ്ലേഗുബാധയെ അദ്ദേഹം അതിജീവിച്ചു.[4]തസോസ് ദ്വീപിനു മറുകരെ, ത്രേസിലെ സ്കപ്തേ ഹൈൽ എന്ന സ്ഥലത്ത് തനിക്ക് സ്വർണ്ണഖനികൾ ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്.[5]

 
ആംഫിപ്പോലിസിന്റെ അവശിഷ്ടങ്ങൾ, 1831-ൽ ഇ. കൂസിനറി കണ്ട നിലയിൽ: സ്ട്രിമൺ നദിക്കുകുറുകെയുള്ള പാലം, നഗരഭിത്തി, അക്രൊപ്പൊലിസ് തുടങ്ങിയവ കാണാം.


ത്രേസ് പ്രദേശത്ത് തനിക്കുണ്ടായിരുന്ന സ്വാധീനം കണക്കിലെടുത്ത്, തന്നെ ക്രി.മു. 424-ൽ സേനാധിപനാക്കി (strategos) താസോസിലേക്ക് നിയോഗിച്ചെന്ന് തുസ്സിഡിഡീസ് പറയുന്നു. അടുത്ത ശീതകാലത്ത് ബ്രാസിഡാസെന്ന സ്പാർട്ടൻ സേനാധിപൻ, താസോസിൽ നിന്ന് അരദിവസത്തെ കപ്പൽ ദൂരത്ത് ത്രേസിന്റെ തീരത്തുള്ള ആംഫിപ്പോലിസ് ആക്രമിച്ചു. ആംഫിപ്പോലിസിൽ ഏഥൻസുകാരുടെ സേനാധിപനായിരുന്ന യൂക്കിൾസ് സഹായം അഭ്യർഥിച്ച് തുസ്സിഡിഡീസിന് ആളയച്ചു.[6] താസോസിലെ തുസ്സിഡിഡീസിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചും അദ്ദേഹത്തിന് ആംഫിപ്പോലിസുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും അറിയാമായിരുന്ന ബ്രാസിഡാസ്, കടൽമർഗ്ഗം അവർക്ക് സഹായം വന്നെത്തുന്നതിനുമുൻപ്, തിടുക്കത്തിൽ ‍വച്ചുനീട്ടിയ ഉദാരമായ കീഴടങ്ങൾ വ്യവസ്ഥകൾ ആംഫിപ്പോലിസ് സ്വീകരിച്ചു. അങ്ങനെ, തുസ്സിഡിഡീസ് എത്തിയപ്പോൾ ആംഫിപ്പോലിസ് സ്പാർട്ടയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു.[7]


ആംഫിപ്പോലിസിന്റെ തന്ത്രപ്രാധാന്യം മൂലം അതിന്റെ പതനത്തെക്കുറിച്ചുള്ള വാർത്ത ഏഥൻസിൽ വലിയ അങ്കലാപ്പുണ്ടാക്കി.[8] ആംഫിപ്പോലിസിന്റെ പതനത്തിന് കാരണം തന്റെ ഉപെക്ഷയല്ലെന്നും തനിക്ക് സമയത്തിന് എത്താൻ പറ്റാതെപോവുകയാണുണ്ടായതെന്നും തുസ്സിഡിഡീസ് പറഞ്ഞെങ്കിലും ആ തോൽവിയുടെ ഉത്തരവാദിത്തം അദ്ദേഹത്തിനായി. ആംഫിപ്പോലിസിന്റെ രക്ഷിക്കുന്നതിൽ വരുത്തിയ വീഴ്ചയുടെ പേരിൽ അദ്ദേഹത്തെ നാടുകടത്തി.[9]



ഏഥൻസിൽ നിന്നുള്ള ബഹിഷ്കൃതനെന്ന നില പ്രയോജനപ്പെടുത്തി പെലോപ്പൊന്നേസുകാരുടെ സഖ്യകക്ഷികൾക്കിടയിൽ സ്വതന്ത്രമായി യാത്രചെയ്ത തുസ്സിഡിഡീസിന്, യുദ്ധത്തെ ഇരുപക്ഷത്തിന്റേയും നിലപാടുകളിൽ നിന്ന് വീക്ഷിക്കാൻ അവസരം കിട്ടി. തന്റെ ചരിത്രത്തിന്റെ രചനക്കുവേണ്ട പ്രധാന ഗവേഷണങ്ങൾക്ക് അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.

ഹെറോഡൊട്ടസിന്റെ സാക്‌ഷ്യം

തിരുത്തുക
 
ഹെറോഡൊട്ടസിന്റെ പ്രതിമ

തന്റെ ജീവിതത്തെക്കുറിച്ച് തുസ്സിഡിഡീസ് നേരിട്ട് തരുന്ന വിവരങ്ങൾ ഇത്രയൊക്കെയാണെങ്കിലും, അക്കാലത്തെ വിശ്വസനീയമായ മറ്റുറവിടങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്ന ചിലകാര്യങ്ങളുണ്ട്. 'ഒളോറസ്' എന്ന തുസ്സിഡിഡീസിന്റെ പിതാവിന്റെ പേരിന്, ത്രേസുമായും അവിടത്തെ രാജകുടുംബവുമായും ബന്ധമുണ്ടെന്ന് ഹെറോഡോട്ടസ് പറയുന്നുണ്ട്. [10] തുസ്സിഡിഡീസ് ഒരു പക്ഷേ ഏഥൻസിലെ രാഷ്ട്രതന്ത്രജ്ഞനും സേനാപതിയുമായിരുന്ന മിൽറ്റായഡീസിന്റേയും അയാളുടെ മകൻ സിമ്മൊന്റേയും(Cimon) ബന്ധുവായിരുന്നിരിക്കാം. തീവ്രജനാധിപത്യവാദികൾ പുറത്താക്കിയ ഉപരിവർഗ്ഗഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ളവരായിരുന്നു മിൽറ്റായഡീസും സിമ്മോനും. സിമ്മൊന്റെ മാതൃപിതാവിന്റെ പേരും ഒളോറസ് എന്നായിരുന്നുവെന്നത് അവർ ബന്ധുക്കളായിരുന്നിരിക്കാമെന്ന ഊഹത്തിന് ബലം കൂട്ടുന്നു. ചരിത്രകാരൻ തുസ്സിഡിഡീസിനു മുൻപ് ജീവിച്ചിരുന്നവനും രഷ്ട്രതന്ത്രജ്ഞനുമായിരുന്ന മറ്റൊരു തുസ്സിഡിഡീസിനും ത്രേസുമായി ബന്ധമുണ്ടായിരുന്നതിനാൽ ഈ രണ്ടു തുസ്സിഡിഡീസുമാരും ബന്ധുക്കളായിരുന്നിരിക്കാനും സാധ്യതയുണ്ട്. ഇതിനുപുറമേ, സ്കപ്തേ ഹൈലിലെ ഖനികളുമായി തുസ്സിഡിഡീസിന്റെ കുടുംബത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ കാര്യം ഹെറോഡൊട്ടസും പറയുന്നുണ്ട്.[11]

പിൽക്കാലരേഖകൾ

തിരുത്തുക

തുസ്സിഡിഡീസിന്റെ ജീവിതത്തെക്കുറിച്ച് ഇതിലപ്പുറം കിട്ടുന്ന വിവരങ്ങൾ വിശ്വസനീയതകുറഞ്ഞ പിൽക്കാല സ്രോതസ്സുകളിൽ നിന്നാണ്. ക്രി.മു. 404-ൽ ഏഥൻസിന്റെ കീഴടങ്ങലിലും യുദ്ധത്തിന്റെ സമാപ്തിക്കും ശേഷം ഓനോബിയസ് എന്നൊരാൾ, തുസ്സിഡിഡീസിന് ആഥൻസിൽ മടങ്ങിവരാൻ സാധ്യമാക്കുന്ന ഒരു നിയമം അംഗീകരിപ്പിച്ചെടുത്തു എന്ന് ഭൂമിശാസ്ത്രജ്ഞൻ പൗസാനിയസ് പറയുന്നുണ്ട്.[12] ഏഥൻസിലേക്കുള്ള മടക്കയാത്രയിൽ തുസ്സിഡിഡീസ് കൊല്ലപ്പെട്ടെന്നും പൗസാനിയസ് തുടർന്നെഴുതുന്നുണ്ട്. ക്രി.മു 397-വരെയെങ്കിലും തുസ്സിഡിഡീസ് ജീവിച്ചിരുന്നുവെന്നതിന് തെളിവുകൾ കാണുന്നതുകൊണ്ട്, പൗസാനിയസിന്റെ സാക്‌ഷ്യത്തിന് സ്വീകാര്യത കുറവാണ്. തുസ്സിഡിഡീസിന്റെ ഭൗതികാവശിഷ്ടങ്ങൾ ഏഥൻസിലേക്കു കൊണ്ടുവന്ന് സിമ്മോന്റെ കുടുംബസംസ്കാരസ്ഥലത്ത് നിക്ഷേപിച്ചുവെന്ന് പ്ലൂട്ടാർക്ക് പറയുന്നുണ്ട്.[13]


ചിതറിക്കിടക്കുന്ന ഈ തെളിവുകളൊക്കെ ചേർത്തുവക്കുമ്പോൾ തുസ്സിഡിഡീസിന്റെ കുടുംബം ത്രേസിൽ ഒരു സ്വർണ്ണഖനി ഉൾപ്പെട്ട വലിയഭൂസ്വത്തിന്റെ ഉടമകളായിരുന്നെന്നും അത് അവർക്ക് ദീർഘനാൾ ഗണ്യമായ സമ്പന്നത അനുഭവിക്കാൻ അവസരം കൊടുത്തു എന്നും മനസ്സിലാക്കാം. ഭൂസമ്പത്തിന്റെ സുര‍ക്ഷക്കും നിലനില്പ്പിനും, പ്രാദേശിക രാജാക്കന്മാരും പ്രമാണിമാരുമായി ബന്ധം വച്ചുപുലർത്തേണ്ടത് ആവശ്യമായിരുന്നു. 'ഒളോറസ്' എന്ന തനി ത്രേസിയൻ രാജനാമം ആ കുടുംബത്തിൽ കടന്നുകൂടാൻ ഇടയായാത് ആ വഴിക്കാകാം. നാടുകടത്തപ്പെട്ടതിനെ തുടർന്ന് തുസ്സിഡിഡീസ് ത്രേസിലെ തന്റെ ഭൂമിയിൽ സ്ഥിരതാമസമാക്കി. സ്വർണ്ണഖനിയിൽ നിന്നും മറ്റും ഉണ്ടായിരുന്ന വരുമാനത്തിന്റെ തണലിൽ, ചരിത്രരചനയിലും ഗവേഷണത്തിലും പൂർണ്ണമായി മുഴുകുവാനും ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനായി ഇടക്കിടെ യാത്രകളിൽ ഏർപ്പെടുവാനും അദ്ദേഹത്തിന് സാധിച്ചു. ഉദ്യോഗമുക്തനും സമ്പന്നനും പിടിപാടുള്ളവനുമായ മാന്യവ്യക്തിയുടെ അവസ്ഥ, യുദ്ധത്തിലേയും രാഷ്ട്രീയത്തിലേയും അപകടങ്ങളിൽ നിന്ന് മുക്തമായി സ്വന്തം ഗവേഷണം സ്വന്തം ചെലവിൽ നടത്താൻ അദ്ദേഹത്തെ സഹായിച്ചു.


ക്രി.മു. 411-ന്റെ മദ്ധ്യത്തിൽ തുസ്സിഡിഡീസിന്റെ ചരിത്രം പെട്ടെന്ന് അവസാനിക്കുന്നുവെന്നത്, ഗ്രന്ഥരചനക്കിടെ അദ്ദേഹം മരിച്ചുവെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. എന്നാൽ തുസ്സിഡിഡീസിന്റെ ചരിത്രത്തിന്റെ വിചിത്രമായ സമാപ്തിക്ക് വേറേ വിശദീകരണങ്ങളും മുന്നോട്ടുവക്കപ്പെട്ടിട്ടുണ്ട്.


വിദ്യാഭ്യാസം

തിരുത്തുക

തുസ്സിഡിഡീസിന്റെ ആഖ്യാനത്തിലെ പ്രഭാഷണശൈലി(rhetorical style) കണക്കിലെടുക്കുമ്പോൾ, ഏഥൻസിലും മറ്റു ഗ്രീക്ക് നഗരങ്ങളിലും കണ്ടിരുന്ന സോഫിസ്റ്റുകൾ എന്ന നാടോടി പ്രഭാഷകന്മാരെ അദ്ദേഹം പരിചയപ്പെട്ടിരുന്നെന്ന് കരുതാം. എന്നാൽ ഇതിന് വ്യക്തമായ തെളിവുകളൊന്നുമില്ല.


കാര്യകാരണയുക്തിയിലുള്ള തുസ്സിഡിഡീസിന്റെ ആശ്രയവും, ദൃശ്യപ്രതിഭാസങ്ങൾക്ക് പ്രാധാന്യം കൊടുത്ത് മറ്റു ഘടകങ്ങളെ അവഗണിച്ചതും, അദ്ദേഹത്തിന്റെ ഗദ്യശൈലിയുടെ മിതത്വവും എല്ലാം കോസിലെ ഹിപ്പോക്രറ്റീസിനെപ്പോലുള്ള ആദ്യകാല വൈദ്യശാസ്ത്രലേഖകന്മാരിൽ നിന്ന് കൈക്കൊണ്ടതാണെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്. തുസ്സിഡിഡീസിന് വൈദ്യപരിശീലനം സിദ്ധിച്ചിരുന്നെന്നുപോലും ചിലർ വാദിച്ചിട്ടുണ്ട്.

മേല്പ്പറഞ്ഞ രണ്ടുവാദങ്ങളും തുസ്സിഡിഡീസിന്റെ ചരിത്രരചനക്കുണ്ടെന്ന് കരുതപ്പെട്ട പ്രത്യേകതകളെ ആശ്രയിച്ചുള്ള ഊഹങ്ങൾ മാത്രമാണ്. ഇവയെ പൂർണ്ണമായും നിഷേധിക്കാനോ നിശ്ചിതമായി ഉറപ്പിക്കാനോ മതിയായ തെളിവുകൾ ലഭ്യമല്ല.

സ്വഭാവം

തിരുത്തുക

തുസ്സിഡിഡീസിന്റെ സ്വഭാവത്തെക്കുറിച്ചറിയാൻ അദ്ദേഹത്തിന്റെ കൃതിയിൽ ലഭ്യമായ വിവരങ്ങളെ ആശ്രയിക്കുകയേ വഴിയുള്ളു. അദ്ദേഹത്തിന്റെ പരുക്കൻ ഫലിതബോധം എവിടേയും ദൃശ്യമാണ്. ഏഥൻസിലെ പ്ലേഗിനെ വിവരിക്കുമ്പോൾ, "ഡോറിയൻ യുദ്ധം വരുമ്പോൾ, ഏറെ മരണവും കൂട്ടിനുവരും" എന്നൊരു ഈരടി കേട്ടിട്ടുള്ളതായി പഴയതലമുറയിലെ ഏഥൻസുകാർ അവകാശപ്പെടുന്ന കാര്യം അനുസ്മരിച്ചിട്ട്, പലരും ഓർക്കുന്ന ശരിയായ ഈരടിയിൽ മരണം (loimos/death) എന്നതിനുപകരം ദാരിദ്ര്യം(limos/dearth) എന്നായിരുന്നുവെന്നും അതിനെ മരണം ആക്കി മാറ്റിയത് ഇപ്പോൾ പ്ലേഗ് വന്നതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. ഇനി ദാരിദ്ര്യത്തോടൊപ്പം മറ്റൊരു യുദ്ധം വന്നാൽ ഈരടി, ദാരിദ്ര്യത്തിന്റെ വരവുപറയുന്ന പഴയരൂപത്തിലായി മരണത്തിന്റെ ഈരടി എല്ലാവരും മറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.[14]

 
പെരിക്കിൾസ്


പെരിക്കിൾസിനേയും ജനങ്ങൾക്കുമേൽ അദ്ദേഹത്തിനുണ്ടായിരുന്ന വലിയ സ്വാധീനത്തേയും ഏറെ ബഹുമാനിച്ചിരുന്ന തുസ്സിഡിഡീസിന്, പെരിക്കിൾസിനെ അനുയാത്രചെയ്തിരുന്ന ജനപ്രീണനാവാദികൾ(demagogues) അറപ്പുളവാക്കി. ജനാധിപത്യത്തിന്റെ ആൾക്കൂട്ടത്തെ ഇഷ്ടപ്പെടാതിരുന്ന തുസ്സിഡിഡീസിന്, പെരിക്കിൾസ് കൊണ്ടുവന്ന സമ്പൂർണ്ണജനാധിപത്യത്തോട് മതിപ്പില്ലായിരുന്നുവെങ്കിലും ഒരു നല്ല നേതാവിന്റെ കീഴിൽ അതും ആകാവുന്നതാണെന്നു കരുതി.[15] പൊതുവേ സംഭവഗതികളെ നിഷ്പക്ഷമായി അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഉദാഹരണമായി, ആംഫിപ്പോലിസിന്റെ യുദ്ധത്തിൽ തനിക്കുപറ്റിയ തെറ്റുകളുടെ പ്രത്യാഘാതങ്ങളെ അദ്ദേഹം ലഘൂകരിച്ചുകാട്ടുന്നില്ല. എന്നാൽ ഇടക്കിടെ അദ്ദേഹം ആവേശം കൊണ്ട് സമനില തെറ്റിയവനാകുന്നു.ജനപ്രീണനാവാദികളായ ക്ലിയോൺ[16] ഹൈപ്പർബോലസ്[17] തുടങ്ങിയവർക്കുനേരേ അദ്ദേഹം നടത്തുന്ന നിശിതമായ ആക്രമണം ഇതിന് ഉദാഹരണമാണ്. തുസ്സിഡിഡീസിന്റെ നാടുകടത്തലിൽ ക്ലിയോണ് പങ്കുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നതുകൊണ്ട് [18], അയാളുടെ ചിത്രീകരണത്തിൽ അദ്ദേഹം പൂർണ്ണമായ നിഷ്പക്ഷത പുലർത്തിയിട്ടില്ലെന്നുവരാം. എന്നാൽ ക്ലിയോന്റെ ചിത്രീകരണവും തുസ്സിഡിഡീസിന്റെ നാടുകടത്തലിൽ അയാൾക്കുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഉത്തരവാദിത്തവും തമ്മിലുള്ള ബന്ധം ആദ്യമായി പരാമർശിക്കപ്പെട്ടത് തുസ്സിഡിഡീസിന്റെ മരണത്തിന് നൂറ്റാണ്ടുകൾക്കുശേഷം എഴുതിയ ഏറെ വിശ്വസനീയമല്ലാത്ത ഒരു ജീവചരിത്രത്തിലാണ്. ഒരു പക്ഷേ അത്, തുസ്സിഡിഡീസ് ക്ലിയോന്റെ കാര്യത്തിൽ പ്രകടിപ്പിച്ച അപ്രീതിയെ മാത്രം ആശ്രയിച്ചു നടത്തിയ ഒരു നിഗമനമാകാം.


യുദ്ധം വരുത്തിവക്കുന്ന ദുരിതങ്ങളും അത്തരം സാഹചര്യങ്ങളിൽ മനുഷ്യപ്രകൃതി ചെയ്തുകൂട്ടുന്ന കടുംകൈകളും തുസ്സിഡിഡീസിന് പ്രചോദനമായെന്ന് വ്യക്തമാണ്. കോർസിറായിലെ ആഭ്യന്തരകലാപത്തിനിടെ നടന്ന കൂരതകളുടെ ചിത്രീകരണം ഇത് വെളിവാക്കുന്നു.[19] "യുദ്ധം അക്രമിയായ ഗുരുനാഥനാണ്" (War is a violent teacher) എന്ന ശ്രദ്ധേയമായ വാക്യം അദ്ദേഹം എഴുതിയത് ആ വർണ്ണനയിലാണ്.

പെലൊപൊന്നേസ് യുദ്ധത്തിന്റെ ചരിത്രം

തിരുത്തുക
 
ഏഥൻസിലെ അക്രോപോലിസ്
 
സ്പാർട്ടായിലെ അവശിഷ്ടങ്ങൾ

തുസ്സിഡിഡീസിന്റെ ചരിത്രഗ്രന്ഥം അദ്ദേഹത്തിന്റെ കാലശേഷം എട്ടുഭാഗങ്ങളായി വിഭജിക്കപ്പെട്ടു: ആധുനികകാലത്ത് അത്, പെലോപ്പൊന്നേസ് യുദ്ധത്തിന്റെ ചരിത്രം എന്ന പേരിലാണ് അറിയപ്പെടുന്നത്. ചരിത്രത്തിനും ചരിത്രരചനാശാസ്ത്രത്തിനും തുസ്സിഡിഡീസ് ആകെ നൽകിയ സംഭാവന ഏഥൻസും അതിന്റെ സഖ്യകക്ഷികളും സ്പാർട്ടയും അതിന്റെ സഖ്യകക്ഷികളും തമ്മിൽ നടന്ന ഇരുപത്തേഴുവർഷത്തെ യുദ്ധത്തിന്റെ ഈ ചരിത്രത്തിൽ അടങ്ങിയിരിക്കുന്നു. ഇരുപത്തിയൊന്നാം വർഷം ഒടുവിൽ ആഖ്യാനം പെട്ടെന്ന് നിൽക്കുന്നു. പുസ്തകത്തിന്റെ അവസാന ഭാഗം വായിച്ചാൽ തുസ്സിഡിഡീസിന്റെ മരണം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം കൊല്ലപ്പെടുകായാണുണ്ടായതെന്നും തോന്നും. പെലോപ്പൊന്നേസ് യുദ്ധത്തെ വളരെ പ്രാധാന്യമുള്ള ഒരു ചരിത്രസംഭവമായി തുസ്സിഡിഡീസ് വിലയിരുത്തി.[20] അതിനെക്കുറിച്ചുള്ള തന്റെ രചന എല്ലാക്കാലത്തിനും ഒരു കൈമുതലായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. [21]


ശരിയായ അർത്ഥത്തിലുള്ള ആദ്യത്തെ ചരിത്രകാരന്മാരിൽ ഒരാളായി തുസ്സിഡിഡീസ് എണ്ണപ്പെടുന്നു. ചരിത്രരചനയുടെ പിതാവ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ മുൻഗാമി ഹെറോഡൊട്ടസിനെപ്പോലെ അദ്ദേഹവും, സംഭവഗതികളുടെ വിശകലനത്തേയും ദൃക്സാക്ഷി വിവരണങ്ങളേയും ആശ്രയിക്കുകയും സ്വന്തം പങ്കാളിത്തമുള്ള പല സംഭവങ്ങളുടേയും വിവരണം നൽകുകയും ചെയ്തു. ലിഖിതരേഖകൾ ശ്രദ്ധാപൂർവം പരിശോധിക്കുന്നതും താൻ വിവരിക്കുന്ന സംഭവങ്ങളിൽ പങ്കെടുത്തിട്ടുള്ളവരെ ചോദ്യം ചെയ്യുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. മനുഷ്യവ്യാപാരങ്ങളിൽ ദൈവത്തിന്റെ ഇടപെടലിനെ അദ്ദേഹം കണക്കിലെടുത്തില്ല. ആധുനികദൃഷ്ടിയിൽ നോക്കുമ്പോൾ, തുസ്സിഡിഡീസ് അബോധമായ മുൻവിധികൾ വച്ചുപുലർത്തിയിരുന്നുവെന്ന് തോന്നിയേക്കാം. പേർഷ്യയുടെ ഇടപെടലിന്റെ പ്രാധാന്യത്തെ അദ്ദേഹം കുറച്ചുകാണുന്നത് അതിന് ഒരുദാഹരണമാണ്. എന്നാൽ ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കുകയെന്ന ആധുനിക നിലപാടിന് കുറെയെങ്കിലും അടുത്തുവരുന്ന ആദ്യത്തെ ചരിത്രകാരനാണദ്ദേഹം.


തുസ്സിഡിഡീസിന്റെ ചരിത്രവും ആധുനികചരിത്രരചനകളും തമ്മിലുള്ള ഒരു പ്രധാനവ്യത്യാസം തുസ്സിഡിഡീസ് തന്റെ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള അനേകം പ്രഭാഷണങ്ങളാണ്. തനിക്ക് ഓർക്കാൻ കഴിഞ്ഞരീതിയിലും അവയുടെ സന്ദർഭത്തിൽ എന്താണ് പറയേണ്ടിയിരുന്നത് എന്നതിനെക്കുറിച്ചുള്ള തന്റെ ധാരണയുടെ അടിസ്ഥനത്തിലും ആണ് താൻ അവ രേഖപ്പെടുത്തിയതെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. അതേസമയം ചരിത്രകാരൻ രേഖപ്പെടുത്തിയാലല്ലാതെ പുരാതനകാലത്തെ പ്രമുഖ പ്രഭാഷണങ്ങൾ പിൽക്കാലങ്ങളിൽ ലഭ്യമാവുകയില്ലായിരുന്നുവെന്നും ഓർക്കേണ്ടതുണ്ട്. ആധുനിക കാലത്ത് ചരിത്രപ്രാധാന്യമുള്ള പ്രഭാഷണങ്ങളുടെ നിലനില്പ്പ് മറ്റുവഴിയിൽ ഉറപ്പായതുകൊണ്ട് അവ രേഖപ്പെടുത്തിവക്കുന്നത് ചരിത്രകാരന്റെ ജോലിയല്ല. അതുകൊണ്ട്, ആധുനികചരിത്രകാരന്മാരെപ്പോലെ, ഉറവിടങ്ങളെ കണ്ടെടുത്ത് ഉപയോഗിക്കുകയായിരുന്നില്ല തുസ്സിഡിഡീസിന് ചെയ്യാനുണ്ടായിരുന്നത്. മിക്കവാറും വാമൊഴിയായി കിട്ടിയ ഉറവിടങ്ങളെ രേഖപ്പെടുത്തി, വിസ്മൃതിയിൽ നിന്ന് രക്ഷിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഈ പ്രഭാഷണങ്ങൾ സാഹിത്യശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന് ജനാധിപത്യത്തെ ധാർമ്മികവാദങ്ങളുന്നയിച്ച് ആവേശപൂർവം ന്യായീകരിക്കുന്ന പെരിക്കിൾസിന്റെ ചരമപ്രസംഗം, പരേതരെ പ്രശംസാവചനങ്ങൾ കൊണ്ട് ഇങ്ങനെ മൂടുന്നു:



ഈ പ്രസ്താവന പെരിക്കിൾസിന്റെ പേരിലാണ് കൊടുത്തിരിക്കുന്നതെങ്കിലും അതിനെ തുടർന്നുവരുന്ന പ്ലേഗിന്റെ വിവരണവുമായി താരതമ്യം ചെയ്തുള്ള വായനക്കായി, തുസ്സിഡിഡീസ് തന്നെ അത് എഴുതിയതായിരിക്കാനാണിട:


തുസ്സിഡിഡീസിന്റെ മുഖ്യവിഷയങ്ങളിൽ ഒന്ന് ഏഥൻസിന്റെ സാമ്രാജ്യസദാചാരമായിരുന്നെന്ന്(Imperial Ethic), രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുപിന്നാലെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ,ക്ലാസിക്കൽ പണ്ഡിതയായ ജാക്വിലീൻ ഡി റോമിലി ചൂണ്ടിക്കാട്ടി. അവരുടെ പഠനം തുസ്സിഡിഡീസിന്റെ ചരിത്രത്തെ രാഷ്ട്രാന്തരബന്ധത്തെക്കുറിച്ചുള്ള ഗ്രീക്ക് ചിന്തയുടെ പശ്ചാത്തലത്തിൽ പ്രതിഷ്ടിച്ചു. ആ മൗലികപഠനം തുസ്സിഡിഡിസിന്റെ ചരിത്രത്തിലെ കയ്യൂക്കിന്റെ രാഷ്ട്രനീതിയിലെക്ക്(Power Politics) പലരുടേയും ശ്രദ്ധ ആകർഷിച്ചു.


എന്നാൽ റിച്ചാർഡ് നെഡ് ലെബോയെപ്പോലുള്ള എഴുത്തുകാർ, തുസ്സിഡിഡീസിനെ നഗ്നമായ ശക്തിരാഷ്ട്രീയത്തിന്റെ ചരിത്രകാരനായി വിലയിരുത്തുന്നതിനെ എതിർക്കുന്നു. ലോകനേതാക്കളിൽ തുസ്സിഡിഡീസിന്റെ ചരിത്രം വായിച്ചിട്ടുള്ളവർക്കൊക്കെ, ഇതിഹാസകാരന്റേയും കവിയുടേയും സഹതാപദൃഷ്ടിക്കുപകരം, ദിനവൃത്താന്തകന്റെ നിർമ്മമതയോടെ തങ്ങളെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടാകാമെന്ന മുന്നറിയിപ്പാണ് കിട്ടുകയെന്നും, ആ മുന്നറിയിപ്പ് അറിഞ്ഞോ അറിയാതെയോ അവർ സൃഷ്ടിക്കുന്ന ചരിത്രത്തെ സ്വാധീനിക്കുമെന്നും ഈ ലേഖകന്മാർ ചൂണ്ടിക്കാട്ടുന്നു. തുസ്സിഡിഡീസിന്റെ മീലിയൻ സം‌വാദം ദിനവൃത്താന്തകർക്കും, തങ്ങളുടെ നേതാക്കന്മാർ ലോകവേദിയിൽ പൂർണ്ണ സത്യസന്ധതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് കരുതുന്ന എല്ലാവർക്കും പാഠമാണ്. പെരിക്കിൾസിന്റെ ചരമപ്രസംഗത്തിൽ മലമുകളിലെ തിളങ്ങുന്ന നഗരമായി പ്രത്യക്ഷപ്പെടുന്ന ഏഥൻസ്, ധർമ്മച്യുതിയിൽ അധികാരഭ്രാന്ത് പെരുകി, അയൽ നഗരങ്ങൾക്കുമേൽ ഭീകരവാഴ്ച നടത്തുന്നതിന്റെ ചിത്രീകരണമായും അതിനെ കാണാം.


തന്റെ വളർച്ചക്കും വിവരണത്തിനും പശ്ചാത്തലമായിരുന്ന കലയേയോ, സാഹിത്യത്തെയോ സമൂഹത്തെയോ വർണ്ണിക്കാൻ തുസ്സിഡിഡീസ് താത്പര്യം കാട്ടുന്നില്ല. ഒരു കാലഘട്ടത്തെക്കുറിച്ചന്നതിനുപകരം ഒരു സംഭവത്തെക്കുറിച്ചെഴുതുകയായിരുന്ന അദ്ദേഹം, അപ്രസക്തമെന്ന് തോന്നിയതിനെയൊക്കെ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.


ഏഥൻസിലെ ജനാധിപത്യത്തോട്, അങ്ങേയറ്റം ഇളക്കമുള്ള മനോഭാവമാണ് തുസ്സിഡിഡീസിനുണ്ടായിരുന്നതെന്ന് ലിയോ സ്ട്രാസ് നഗരവും മനുഷ്യനും(പുറങ്ങൾ 230–31) എന്ന പ്രഖ്യാതപഠനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്: "തുസ്സിഡിഡീസിന്റെ ജ്ഞാനം സാധ്യമാക്കിയത്" വ്യക്തികളുടെ തന്റേടത്തിനും, കൗതുകത്തിനും, സം‌രംഭക്ഷമതക്കും സ്വാതന്ത്ര്യവും പ്രോത്സാഹനവും നൽകിയ പെരിക്കിൾസിന്റെ ജനാധിപത്യമായിരുന്നു. എന്നാൽ ജനാധിപത്യത്തിലെ സ്വാതന്ത്ര്യം അമിതമായ അധികാരക്കൊതിയെ തുറന്നുവിട്ട്, സാമ്രാജ്യത്വത്തിനും രാഷ്ട്രീയ അസ്ഥിരതക്കും അവസര‍മൊരുക്കി. ഏഥൻസിന്റേയും ജനാധിപത്യത്തിന്റെ തന്നെയും ദുരന്തം ഇതാണ് — ഏഥൻസിലെ ജനാധിപത്യത്തിൽ നിന്ന് പഠിച്ച്, തുസ്സിഡിഡീസ് രേഖപ്പെടുത്തിവച്ച ദുരന്തജ്ഞാനവും ഇതുതന്നെ. ജനാധിപത്യത്തിന് നേതൃത്വം ആവശ്യമാണെന്നും നേതൃത്വം ജനാധിപത്യത്തെ അപകടപ്പെടുത്തിയേക്കാമെന്നുമുള്ള പാഠമാണ് തുസ്സിഡിഡീസിൽ നിന്ന് പരമ്പരാഗത പണ്ഡിതന്മാർ സ്വീകരിക്കുന്നത്.[22]

തുസ്സിഡിഡീസും ഹെറോഡൊട്ടസും

തിരുത്തുക
 
ഹെറോഡൊട്ടസും തുസ്സിഡിഡീസും

തുസ്സിഡിഡീസും ചരിത്രരചനയിൽ അദ്ദേഹത്തിന്റെ പൂർവഗാമിയായിരുന്ന ഹെറോഡൊട്ടസും പാശ്ചാത്യചരിത്രവീക്ഷണത്തെ ഗണ്യമായി സ്വാധീനിച്ചു. തുസ്സിഡിഡീസ് ഹെറോഡൊട്ടസിനെ പേരെടുത്തു പരാമർശിക്കുന്നില്ല. [23] എന്നാൽ പെലൊപൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തിലെ താഴെപ്പറയുന്ന ഭാഗം ഹെറോഡൊട്ടസിനെ പരാമർശിക്കുന്നതായി കരുതപ്പെടുന്നു.



ആഘോഷാവസരങ്ങളിൽ ഹെറോഡൊട്ടസിന്റെ കൃതി പരസ്യമായി വായിക്കപ്പെടുകയും ഒളിമ്പിക്സ് മത്സരങ്ങളിലെന്നപോലെ വായനക്കാർ സമ്മാനിതമാവുകയും ചെയ്യുമായിരുന്നുവെന്ന് പറയപ്പെടുന്നു.


ഹെറോഡൊട്ടസ് തന്റെ ചരിത്രത്തിൽ പേർഷ്യൻ യുദ്ധത്തിലെ സംഭവങ്ങൾക്കൊപ്പം ഭൂമിശാസ്ത്രത്തെയും, മനുഷ്യജാതികളേയും കുറിച്ചുള്ള വിവരങ്ങളും, ദീർഘമായയാത്രകളിൽ താൻ കേട്ട അത്ഭുതകരവും ഐതിഹാസികവുമായ കഥകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പരസ്പരവിരുദ്ധവും അവിശ്വസനീയവുമായ വിവരങ്ങളിൽ നിന്ന് ഏതു വിശ്വസിക്കണം എന്ന തീരുമാനം അദ്ദേഹം വായനക്കാരന് വിടുന്നു.[25]

ഹെറോഡൊട്ടസ് ചരിത്രത്തെ കണ്ടത്, ധാർമ്മികപാഠങ്ങളുടെ ഉറവിടമായാണ്. കലഹങ്ങളും യുദ്ധങ്ങളും ഉണ്ടാവുന്നത് നീതിരഹിതമായ പ്രവൃത്തികളിലും അവ ഉളവാക്കുന്ന പ്രതികാരങ്ങളിലും നിന്നാണെന്ന് അദ്ദേഹം കരുതി.[26] തുസ്സിഡിഡീസാവട്ടെ, തന്റെ കാലത്തെ രാഷ്ട്രീയ-സൈനിക സംഭവങ്ങളെ വിശ്വസ്തമായ ദൃസാക്ഷി വിവരണങ്ങളെ ആധാരമാക്കി രേഖപ്പെടുത്തുകയാണ് ചെയ്തതെന്ന് അവകാശപ്പെട്ടു. [27]എന്നാൽ, ഹെറോഡൊട്ടസിനെപ്പോലെ അദ്ദേഹം തന്റെ വിവരണത്തിന്റെ ഉറവിടങ്ങൾ വെളിവാക്കുന്നില്ല. ജീവിതത്തെ രാജനീതിയുമായി മാത്രം ബന്ധപ്പെടുത്തിയും ചരിത്രത്തെ രാഷ്ട്രനീതിയുടെ ചരിത്രമായും തുസ്സിഡിഡീസ് കണ്ടു. രാഷ്ട്രീയസംഭവങ്ങളുടെ വിശകലനത്തിൽ ധാർമ്മികതയെ അദ്ദേഹം പരിഗണിക്കുന്നേയില്ല. ഭൂമിശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ വശങ്ങൾക്കാകട്ടെ പരാമാവധി രണ്ടാം സ്ഥാനമാണ് അദ്ദേഹം കല്പിച്ചത്.


സ്ട്രാബോ, പൊളിബിയസ്, ഡയോഡോറസ്, പ്ലൂട്ടാർക്ക് തുടങ്ങിയ പിൽക്കാല ഗ്രീക്ക് ചരിത്രകാരന്മാർ തുസ്സിഡിഡീസിനെ സത്യനിഷ്ഠയോടുകൂടിയ ചരിത്രരചനയുടെ പര‍മോദാഹരണമായി വിലയിരുത്തി. സംഭവങ്ങളെ അവ നടന്നതുപോലെതന്നെ (ὡς ἐπράχθη} വേണം രേഖപ്പെടുത്താനെന്ന നിയമം ഗ്രീക്ക് ചരിത്രകാരന്മാർക്ക് നൽകിയത് തുസ്സിഡിഡീസാണെന്ന് ലൂഷൻ[28] കരുതി. ചരിത്രമെന്നാൽ രാഷ്ട്രീയചരിത്രമാണെന്നും, സമകാലീനചരിത്രമാണ് ഓരോ ചരിത്രകാരന്റേയും പ്രവർത്തനമേഖല എന്നും തുസ്സിഡിഡീസിനെപ്പോലെ നാലാം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരന്മാരും വിശ്വസിച്ചു. എന്നാൽ ഹെറോഡൊട്ടസിനെപ്പോലെ അവരും, ചരിത്രത്തെ ധാർമ്മികപാഠങ്ങളുടെ ഉറവിടമായി കണ്ടു.[29] എന്നിട്ടും അവരിൽ ചിലർ ഹെറോഡൊട്ടസിനെ "നുണകളുടെ പിതാവായി" ചിത്രീകരിച്ച് ലേഖനങ്ങൾ എഴുതി. [30] എന്നാൽ റോമൻ രാഷ്ട്രതന്ത്രജ്ഞനും ലേഖകനുമായ സിസറോ ഹെറോഡൊട്ടസിനെ ചരിത്രരചനയുടെ പിതാവ് എന്നു വിശേഷിപ്പിച്ചു. [31]

 
മാക്കിയവെല്ലി


മധ്യയുഗങ്ങളിൽ തുസ്സിഡിഡീസും ഹെറോഡൊട്ടസും പൊതുവേ വിസ്മരിക്കപ്പെട്ടെങ്കിലും പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ഹെറോഡൊട്ടസ് മാനിക്കപ്പെടാൻ തുടങ്ങി. അമേരിക്ക കണ്ടുപിടിക്കപ്പെട്ടതിനെ തുടർന്ന്, ഹെറോഡൊട്ടസിന്റെ ചരിത്രത്തിൽ വിവരിച്ചിട്ടുള്ളതിനേക്കാൾ വിചിത്രമായ ആചാരങ്ങളും ജന്തുവർഗ്ഗങ്ങളുമായി പാശ്ചാത്യലോകം പരിചയപ്പെടാൻ ഇടവന്നതായിരുന്നു ഇതിന് ഒരു കാരണം. പ്രൊട്ടസ്റ്റന്റ് കലാപത്തിന്റെ ആശയങ്ങൾ പിന്തുടർന്നിരുന്ന ഐസക്ക് ന്യൂട്ടണെപ്പോലെയുള്ളവർ ആഗ്രഹിച്ചതുപോലെ, ബൈബിളിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളുടെ സമയക്രമം നിജപ്പെടുത്താൻ ഹെറോഡൊട്ടസിന്റെ ചരിത്രം സഹായകമായി എന്നത് മറ്റൊരു കാരണവും.


നവോത്ഥാനകാലത്തും തുസ്സിഡിഡീസ് അദ്ദേഹത്തിന്റെ പിൻഗാമിയായിരുന്ന പൊളിബിയസിനോളം ശ്രദ്ധിക്കപ്പെട്ടില്ല.[32] രാഷ്ട്രീയാധികാരത്തിന്റെ ഒരേയൊരു ലക്‌ഷ്യം മത-ധാർമ്മികപരിഗണനകൾക്കുപരിയായി അധികരം തേടുകയാനെന്ന് സ്ഥാപിക്കുന്ന രാജപുത്രൻ (Il Principe - The Prince) എന്ന പ്രഖ്യാതരചനയുടെ കർത്താവായ പതിനാറാം നൂറ്റാണ്ടിലെ നിക്കോളോ മാക്കിയവെല്ലി തുസ്സിഡിഡീസിനെ കാര്യമായി കണക്കിലെടുത്തില്ലെങ്കിലും പിൽക്കാലലേഖകന്മാർ അവർക്കിടയിൽ പല സമാനതകളും കണ്ടിട്ടുണ്ട്.[33] പതിനേഴാം നൂറ്റാണ്ടിൽ, കടുത്ത സമഗ്രാധിപത്യത്തെ പിന്തുണച്ച് 'ലിവ്യാത്താൻ' എന്ന ഗ്രന്ഥം രചിച്ച രാഷ്ട്രീയചിന്തകനായ തോമസ് ഹോബ്സ് തുസ്സിഡിഡീസിന്റെ ആരാധകനായിരുന്നു. 1628-ൽ അദ്ദേഹം, തുസ്സിഡിഡീസിന്റെ കൃതിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പരിഭാഷ നിർവഹിച്ചു. രാഷ്ട്രങ്ങൾ ലക്‌ഷ്യം വക്കുന്നത് ആദർശങ്ങളോ ധാർമ്മികമൂല്യങ്ങളോ അല്ല, രാഷ്ട്രീയമേൽക്കോയ്മയും സൈനികശക്തിയും സുരക്ഷയുമാണെന്നുമുള്ള രാഷ്ട്രീയപ്രയോജനവാദത്തിന്റെ വക്താക്കളായി തുസ്സിഡിഡീസും, ഹോബ്സും, മാക്കിയവെല്ലിയും കണക്കാക്കപ്പെടുന്നു.


പത്തൊൻപതാം നൂറ്റാണ്ടിൽ തുസ്സിഡിഡീസിന്റെ പ്രശസ്തി വർദ്ധിച്ചു. "തുസ്സിഡിഡീസ് വരച്ചുകാട്ടുന്ന മനുഷ്യചിത്രത്തിൽ നിഷ്പക്ഷമായ അറിവിന്റെ സംസ്കാരം പുഷ്കലമായി എന്നു പറഞ്ഞ ഫ്രീഡ്രിക് നീച്ച, ഫ്രീഡ്രിക് ഷെല്ലിങ്ങ്, ഫ്രീഡ്രിക് ഷ്ലീഗൽ തുടങ്ങിയ തുടങ്ങിയ ജർമ്മൻ ചിന്തകന്മാർ തുസ്സിഡിഡീസിന്റെ ആരാധകന്മാരായിരുന്നു. ഉറവിടങ്ങളെ ആധാരമാക്കിയുള്ള ആധുനികചരിത്രരചനയുടെ തുടക്കക്കാരായ എഡ്‌വേർഡ് മെയർ, മക്കളേ തുടങ്ങിയവരും തുസ്സിഡിഡീസിനെ മാതൃകയായെടുത്തു. അദ്ദേഹത്തിന്റെ രചനയുടെ ദാർശനികവും കലാപരവുമായ ശക്തികളെ അവർ പ്രത്യേകം വിലമതിച്ചു. [34] അതേസമയം, ജർമ്മൻ ചരിത്രകാരന്മാർക്കിടയിൽ ഹെറോഡൊട്ടസും ബഹുമാനിക്കപ്പെട്ടിരുന്നു: സംസ്കാരത്തിന്റെ ചരിത്രം രാഷ്ട്രീയചരിത്രത്തിന്റെ ഒരു ഭാഗമായി കണക്കാക്കപ്പെട്ടു.[35]


ഇരുപതാം നൂറ്റാണ്ടിൽ ജൊഹാൻ ഹൈസിംഗാ, മാർക്ക് ബ്ലോക്ക്, ബ്രാഡൽ തുടങ്ങിയവർ ഒരു പുതിയതരം ചരിത്രരചനക്ക് തുടക്കമിട്ടു. ഇതിന്റെ പ്രചോദകൻ തുസ്സിഡിഡീസ് ആയിരുന്നില്ല. രാഷ്ട്രീയ ചരിത്രത്തിനുപകരം ദീർഘകാലത്തെ സാമ്പത്തിക-സാംസ്കാരിക സംഭവങ്ങളുടേയും ദൈനംദിനജീവിതത്തിന്റേയും പഠനത്തിനാണ് അത് പ്രാധാന്യം കല്പിച്ചത്. ഇത് ഹെറോഡൊട്ടസിന്റെ മാതൃകയുടെ വികാസമാണെന്ന് പറയാം. [36] അതേസമയം, ഹാൻസ് മൊർഗൻതാവ്, ലിയോ സ്ട്രാസ്, എഡ്‌വേർഡ് കാർ തുടങ്ങിയവരുടെ രചനകൾ വഴി രാഷ്ട്രാന്തരബന്ധങ്ങളുടെ മേഖലയിൽ തുസ്സിഡിഡീസിന്റെ സ്വാധീനം കൂടുതൽ പ്രകടമായി.[37] [38]


തുസ്സിഡിഡീസിന്റേയും ഹെറോഡൊട്ടസിന്റേയും പാരമ്പര്യങ്ങൾ തമ്മിലുള്ള സംഘർഷം ചരിത്രഗവേഷണത്തിന്റെ മേഖലയിൽ മാത്രമല്ല ഉള്ളത്. അമേരിക്കൻ നവയാഥാസ്ഥിതികതയുടെ (Neoconservatism) സ്ഥാപകനായി കരുതപ്പെടുന്ന ഇർവിങ്ങ് ക്രിസ്റ്റോളിന്റെ അഭിപ്രായത്തിൽ, വിദേശബന്ധങ്ങളുടെ വിഷയത്തിൽ നവയാഥാസ്ഥിതികർക്കു പ്രിയപ്പെട്ട രചന തുസ്സിഡിഡീസിന്റേതാണ്.[39] അമേരിക്കയിലെ നാവികയുദ്ധകലാലയത്തിൽ (Naval War College) തുസ്സിഡിഡീസിന്റെ രചന അവശ്യവായനയാണ്. അതേസമയം, ലേഖകനും തൊഴിലാളികൾക്കുവേണ്ടിയുള്ള വക്കീലുമായ തോമസ് ജിയോഘേഗൻ, സമകാലീനപ്രസക്തിയുള്ള പാഠങ്ങൾ അന്വേഷിക്കുന്നവർക്ക് തുസ്സിഡിഡീസിനേക്കാൾ പ്രയോജനകരമായ വായന ഹെറോഡൊട്ടസ് ആണെന്ന് അഭിപ്രായപ്പെടുന്നു.[40]

തുസ്സിഡിഡീസ് ജനസംസ്കാരത്തിൽ

തിരുത്തുക

1960-കളിൽ ആദ്യമായി അരങ്ങേറിയ ജോൺ ബാർട്ടന്റെ "അവസാനിക്കാത്ത യുദ്ധം" എന്ന സൃഷ്ടിയുടെ ഒരു പുതിയരൂപം ബിബിസി 1991-ൽ പ്രക്ഷേപണം ചെയ്തു. തുസ്സിഡിഡീസിന്റെ ചരിത്രത്തെയും പ്ലേറ്റോയുടെ സം‌വാദങ്ങളേയും ആശ്രയിച്ചുള്ള ഒരു സൃഷ്ടിയാണത്. കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. Internet Movie Database.

തുസ്സിഡിഡീസിൽ നിന്നുള്ള ഉദ്ധരണികൾ

തിരുത്തുക
  • "തങ്ങളെ കാത്തിരിക്കുന്നത് ഒരേസമയം മഹത്ത്വവും അപകടവും ആണെന്നറിഞ്ഞുകൊണ്ടുതന്നെ അതിനെ സ്വീകരിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരാണ് യഥാർഥ ധീരന്മാർ."[41]
  • "ശക്തന്മാർ അവർക്ക് ചെയ്യാനാവുന്നത് ചെയ്യുന്നു; ദുർബ്ബലന്മാർ ഒഴിവാക്കാനാവത്തത് സഹിക്കുന്നു."[42]
  • "സഹായിക്കുന്നവരെ വെറുക്കുകയും യാതൊരുവിട്ടുവീഴ്ചയും ചെയ്യാത്തവരെ ആദരവോടെ വീക്ഷിക്കുകയും ചെയ്യുകയെന്നത് മനുഷ്യസ്വഭാവത്തിന്റെ പൊതുനിയമമാണ്."[43]
  • "ഇല്ലായ്മകൾ സൃഷ്ടിക്കുന്ന യുദ്ധം ഒരു പരുക്കൻ യജമാനനാണ്. അത് മനുഷ്യരുടെ സ്വഭാവത്തെ അവരുടെ ഭാഗ്യത്തിന്റെ നിരപ്പിലാക്കുന്നു."[44]
  • "ആർത്തിയും ഔന്നത്യമോഹവും ഉണ്ടാക്കിയ അധികാരക്കൊതിയുടെ ഫലമാണ് ഈ തിന്മകളൊക്കെ. തർക്കത്തെ അക്രമത്തിലേക്ക് നയിക്കുന്നത് ഈ വികാരങ്ങളാണ്."[45]

തുസ്സിഡിഡീസിനെക്കുറിച്ച് ഡേവിഡ് ഹ്യൂം

തിരുത്തുക
  • എന്റെ അഭിപ്രായത്തിൽ, തുസ്സിഡിഡീസിന്റെ ഒന്നാം പുറമാണ് നേരായുള്ള ചരിത്രത്തിന്റെ തുടക്കം. അതിനുമുൻപുള്ള ആഖ്യാനങ്ങളിലാകെ കല്പിതകഥകൾ നിറഞ്ഞിരിക്കുന്നു. തത്ത്വചിന്തകന്മാർ അവയെ കവികൾക്കും പ്രഭാഷകന്മാർക്കുമായി വിട്ടുകൊടുക്കണം. (David Hume, "Of the Populousness of Ancient Nations")


  1. Cochrane, p. 179; Meyer, p. 67; de Sainte Croix.
  2. Strauss, p. 139.
  3. Thucydides, 4.104.4; 1.1.1.
  4. Thucydides, 2.48.1–3.
  5. Thucydides, 4.105.1.
  6. Thucydides, 4.104.1.
  7. Thucydides, 4.105.1 – 106.3.
  8. Thucydides, 4.108.1 – 7.
  9. Thucydides, 5.26.5.
  10. Herodotus, 6.39.1.
  11. Herodotus, 6.46.1.
  12. Pausanias, 1.23.9.
  13. Plutarch, Cimon 4.1.
  14. Thucydides, 2.54.3.
  15. Thucydides, 2.65.
  16. Thucydides, 3.36.6; 4.27; 5.16.1.
  17. Thucydides, 8.73.3.
  18. Marcellinus, Life of Thucydides 46
  19. Thucydides, 3.82 – 83.
  20. Thucydides, 1.1.1 ff..
  21. Thucydides, 1.22.4.
  22. Russett, p. 45.
  23. Thucydides I,22
  24. Lucian, How to write history, p. 42
  25. Momigliano, pp. 39, 40.
  26. Ryszard Kapuscinski: Travels with Herodotus, p. 78.
  27. Thucydides I, 23
  28. Lucian, p. 25, 41.
  29. Momigliano, Ch. 2, IV.
  30. Plutarch, On the Malignity of Herodotus
  31. Cicero, Laws 1.5.
  32. Momigliano Ch.2, V
  33. J.B. Bury: The Ancient Greek Historians (London, MacMillan, 1909), pp. 140-143.
  34. Momigliano, p. 50.
  35. Momigliano, pg.52
  36. Stuart Clark (ed.): The Annales school: critical assessments, Vol. II, 1999.
  37. See essay on Thucydides in The Rebirth of Classical Political Rationalism: An Introduction to the Thought of Leo Strauss – Essays and Lectures by Leo Strauss. Ed. Thomas L. Pangle. Chicago: University of Chicago Press, 1989.
  38. See, for example, E.H. Carr: The Twenty Years' Crisis.
  39. "The Neoconservative Persuasion". Archived from the original on 2012-03-05. Retrieved 2009-01-31.
  40. "History Lessons | The American Prospect". Archived from the original on 2007-07-07. Retrieved 2009-01-31.
  41. Thucydides, 2.40.3.
  42. Thucydides, 5.89.
  43. Thucydides, 3.39.5.
  44. Thucydides, 3.82.2.
  45. Thucydides, 3.82.8.

ഇവയും കാണുക

തിരുത്തുക

(ഇംഗ്ലീഷി വിക്കിയിൽ)

ഗ്രന്ഥസൂചി

തിരുത്തുക
 
Wikisource
ഗ്രീക്ക് വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:

പ്രാഥമികസ്രോതസ്സുകൾ

തിരുത്തുക

ദ്വിതീയ സ്രോതസ്സുകൾ

തിരുത്തുക
  • Cochrane, Charles Norris, Thucydides and the Science of History, Oxford University Press (1929).
  • Connor, W. Robert, Thucydides. Princeton: Princeton University Press (1984). ISBN 0691035695
  • Dewald, Carolyn. Thucydides' War Narrative: A Structural Study. Berkeley, CA: University of California Press, 2006 (hardcover, ISBN 0520241274).
  • Forde, Steven, The ambition to rule : Alcibiades and the politics of imperialism in Thucydides. Ithaca : Cornell University Press (1989). ISBN 0-8014-2138-1.
  • Hanson, Victor Davis, A War Like No Other: How the Athenians and Spartans Fought the Peloponnesian War. New York: Random House (2005). ISBN 1-4000-6095-8.
  • Hornblower, Simon, A Commentary on Thucydides. 2 vols. Oxford: Clarendon (1991-1996). ISBN 0-19-815099-7 (vol. 1), ISBN 0-19-927625-0 (vol. 2).
  • Hornblower, Simon, Thucydides. London: Duckworth (1987). ISBN 0-7156-2156-4.
  • Kagan, Donald. (2003). The Peloponnesian War. New York: Viking Press. ISBN 0-670-03211-5.
  • Luce, T.J., The Greek Historians. London: Routledge (1997). ISBN 0-415-10593-5.
  • Momigliano, Arnaldo, The Classical Foundations of Modern Historiography. Sather Classical Lectures, 54 Berkeley: University of California Press (1990).
  • Meyer, Eduard, Kleine Schriften (1910), (Zur Theorie und Methodik der Geschichte).
  • Orwin, Clifford, The Humanity of Thucydides. Princeton: Princeton University Press (1994). ISBN 0-691-03449-4.
  • Podoksik, Efraim. ‘Justice, Power, and Athenian Imperialism: An Ideological Moment in Thucydides’ History’, History of Political Thought. 26(1): 21-42, 2005.
  • Romilly, Jacqueline de, Thucydides and Athenian Imperialism. Oxford: Basil Blackwell (1963). ISBN 0-88143-072-2.
  • Rood, Tim, Thucydides: Narrative and Explanation. Oxford: Oxford University Press (1998). ISBN 0-19-927585-8.
  • Russett, Bruce (1993). Grasping the Democratic Peace. Princeton University Press. ISBN 0-691-03346-3.
  • de Sainte Croix, The origins of the Peloponesian War (1972). London: Duckworth. 1972. Pp. xii, 444.
  • Strassler, Robert B, ed. The Landmark Thucydides: A Comprehensive Guide to the Peloponnesian War. New York: Free Press (1996). ISBN 0-684-82815-4.
  • Strauss, Leo, The City and Man Chicago: Rand McNally, 1964.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തുസ്സിഡിഡീസ്&oldid=4112260" എന്ന താളിൽനിന്ന് ശേഖരിച്ചത്