ജൈനധർമഗ്രന്ഥത്തെ തിത്തോഗലിക എന്നു പറയുന്നു. പ്രാകൃതഭാഷയിലാണ് ഈ പുരാണകാവ്യകൃതി. ഗ്രന്ഥകാരനെപ്പറ്റിയും കാലത്തെപ്പറ്റിയും വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. 7-ആം നൂറ്റാണ്ടിൽ രചിച്ച വ്യവഹാരഭാഷ്യം എന്ന കൃതിയിൽ പരാമർശിക്കുന്നതിനാൽ 7-ആം നൂറ്റാണ്ടിനു മുമ്പാണ് കാലമെന്നനുമാനിക്കാം. ശ്വേതാംബരജൈന വിഭാഗക്കാരുടെ പുരാണഗ്രന്ഥങ്ങളുടെ പട്ടികയിൽ ഈ കൃതി ഉൾപ്പെടുത്തിയിട്ടുണ്ട്. ജൈനവിശ്വാസമനുസരിച്ചുള്ള കാലചക്രത്തിന്റെ ഗതിയാണ് ഇതിൽ മുഖ്യമായി വർണിക്കുന്നത്. 1233 ഗാഥകളാണ് തന്റെ ഗ്രന്ഥത്തിലുള്ളതെന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കൈയെഴുത്തു പ്രതികളിൽ 1251 മുതൽ 1254 വരെ ഗാഥകളാണുള്ളത്.

തിത്തോഗലിയ
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം

കലചക്രം

തിരുത്തുക

കാലചക്രം എന്ന നിലയിൽ കാലചംക്രമണം ചാക്രികമാണെന്നാണ് ജൈനവിശ്വാസം. കാലചക്രത്തിന് ഉത്സർപ്പിണി, അവസർപ്പിണി എന്നീ രണ്ട് ഭാഗങ്ങളും ഓരോ ഭാഗത്തിനും വീണ്ടും ആറുഭാഗം വീതവും (ചക്രത്തിന്റെ ആറ് ആരക്കാലുകളായാണ് ഇതിനെ കണക്കാക്കുന്നത്) ഉണ്ടെന്നു പറയുന്നു. ജൈനധർമം ഉന്നതിയിലേക്കുവരുന്ന ഘട്ടമാണ് ഉത്സർപ്പിണി. അവനതിയിലേക്കുവരുന്നത് അവസർപ്പിണി.

അവസർപ്പിണി

തിരുത്തുക

അവസർപ്പിണിയിലെ മൂന്നും നാലും വിഭാഗങ്ങൾ പ്രത്യേകം വർണിക്കുന്നു. ആദ്യത്തെ തീർഥങ്കരനായ ഋഷഭന്റേയും തുടർന്നുവന്ന തീർഥങ്കരന്മാരുടേയും ഇവരുടെ സമകാലികരായ ചക്രവർത്തി, വാസുദേവൻ തുടങ്ങിയ വിശിഷ്ട വ്യക്തികളുടേയും കഥ വിവരിക്കുന്നു. അവസർപ്പിണിയുടെ നാലാം വിഭാഗത്തിൽ 3 വർഷവും 8 മാസവും ഒരു പക്ഷവും ബാക്കിയുള്ള കാലത്താണ് മഹാവീരന്റെ നിർവാണവും പാലകന്റെ രാജ്യാഭിഷേകവും എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പാലകൻ 60 വർഷവും തുടർന്ന് നന്ദരാജവംശം 155 വർഷവും മൌര്യവംശം 160 വർഷവും പുഷ്യമിത്രൻ 30-ഉം ബലമിത്രനും ഭാനുമിത്രനും കൂടി 60 വർഷവും നഹുഷൻ 40 വർഷവും രാജ്യം ഭരിച്ചു. മഹാവീരനുശേഷം 605 വർഷം കഴിഞ്ഞപ്പോൾ ശകൻ രാജാവായി.

കൽക്കി തുടങ്ങിയ ദുഷ്ടരാജാക്കന്മാരെപ്പറ്റിയും ഇതിൽ പരാമർശമുണ്ട്. ജൈനധർമ ഗ്രന്ഥങ്ങൾ ഇവരുടെ കാലത്തു നാശോന്മുഖമായതായും ഭദ്രബാഹു, സ്‌ഥൂലഭദ്രൻ തുടങ്ങിയ മുനിമാരുടെ പ്രയത്നത്താൽ അവ വീണ്ടും പുനർജനിച്ചതായും വിവരിക്കുന്നു. അവസർപ്പിണി കാലത്തിന്റെ അന്ത്യത്തോടെ ജൈനധർമം നഷ്ടപ്രായമാകുമെന്നും വീണ്ടും ഉത്സർപ്പിണി കാലഘട്ടത്തിൽ പുരോഗതി നേടുമെന്നും രേഖപ്പെടുത്തുന്നു.

ജഡവസ്തുക്കൾ

തിരുത്തുക

ജഡവസ്തുക്കളെ ജൈനധർമമനുസരിച്ച് 5 ആയി വിഭജിച്ചിട്ടുണ്ട്.

  1. പുദ്ഗലാസ്തികായം (Matter),[1]
  2. ആകാശാസ്തികായം (Space),
  3. ധർമാസ്തികായം (The fulcrum of motion),[2]
  4. അധർമാസ്തികായം (The fulcrum of rest),
  5. കാലം (Time)

എന്നിങ്ങനെയാണ് ആ വിഭജനം. ഇതിൽ കാലത്തെ ഒരു വസ്തുവിപര്യയം (Modification of substance)[3] എന്ന നിലയിലാണ് പരിഗണിക്കുന്നത്. ജൈന തത്ത്വചിന്തയിൽ കാലം ഒരു വസ്തുവല്ല, വസ്തുക്കളുടെ പൂർവാവസ്ഥയേയും ഉത്തരാവസ്ഥയേയും വെളിപ്പെടുത്തുന്ന അഖണ്ഡപ്രതിഭാസമായ യാഥാർഥ്യമാണ് എന്ന് തിത്തോഗലിയ വ്യക്തമാക്കുന്നു.

ശ്വേതാംബര ജൈനഗ്രന്ഥ പരമ്പരയിലെ 45 ഗ്രന്ഥങ്ങളുടെസമാഹാരത്തിൽ (പൌരോഹിത്യ ശാസ്ത്രം) തിത്തോഗലിയ പരാമർശിക്കപ്പെട്ടിട്ടില്ല. എന്നാൽ 84 ഗ്രന്ഥങ്ങളുടെ സമാഹാരത്തിൽ ഇത് ഉൾക്കൊള്ളിച്ചിട്ടുണ്ട്.

തിത്തോഗലിപന്നയ എന്ന ഗ്രന്ഥം ജാലോറിൽനിന്ന് 1975-ലും ഡി.ഡി.മാൽവാനിയയുടെ സ്റ്റഡീസ് ഒഫ് തിത്തോഗലിയ ജയ് പൂരിൽനിന്ന് 1971-ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുനികല്യാൺ വിജയാജിയുടെ വീരനിർവാണസംവത് ഔർ ജൈൻകാലഗണന (1931) എന്ന ഗ്രന്ഥം തിത്തോഗലിയയെ ആധാരമാക്കിയാണു രചിച്ചത്.

  1. http://www.chem4kids.com/files/matter_intro.html Matter is the Stuff Around You
  2. http://www.fulcrum-anglican.org.uk/news/2005/20050708women.cfm?doc=38 Archived 2007-11-11 at the Wayback Machine. Fulcrum: Fulcrum Response to Motion on Women Bishops
  3. http://www.ncbi.nlm.nih.gov/pubmed/12507800 Body modification and substance use in adolescents: is there a link?

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിത്തോഗലിയ (തീർഥോദ്ഗലിക) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിത്തോഗലിയ&oldid=3633803" എന്ന താളിൽനിന്ന് ശേഖരിച്ചത്