മാർ സബോർ

(മാർ സബർ ഈശോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രി.വ. 823-ൽ [1]സിറിയയിൽ നിന്നുള്ള ചില ക്രിസ്ത്യാനികൾ പുരോഹിതന്മാരുടെ നേതൃത്വത്തിൽ കുടിയേറ്റം കേരളത്തിലേയ്ക്ക് നടത്തി. ആ സംഘത്തിലെ പ്രധാനപ്പെട്ട ഒരു പുരോഹിതൻ ( ബിഷപ്പ്) ആണ് മാർ സബോർ (ശാബോർ, സാപിർ എന്നെല്ലാം ഉച്ചാരണമുണ്ട്). ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ മാർ അപ്രോത്തും (അഫ്രോത്ത്, ഫ്രോത്ത് എന്നെല്ലാം ഉച്ചാരണമുണ്ട്) ആദ്ദേഹത്തിന്റെ കൂടെ കേരളത്തിലേക്ക് വന്നിരുന്നു. [2]

മാർ സബോർ മാർ അപ്രോത്ത് ഒരു ആധുനിക ചിത്രീകരണം

മാർ സബോർ ഈശോ, മാർ പ്രോത്ത് എന്നിവിരടങ്ങുന്ന മെത്രാന്മാരുടെ സംഘത്തെ പേർഷ്യൻ സഭയോ, സെൽഊഷ്യൻ പാത്രിയാർക്കീസോ ആണു് കേരളത്തിലേക്കു് അയച്ചതെന്നും, കൊല്ലം തരീസാ പള്ളി, കായംകുളം കാദീശാ പള്ളി തുടങ്ങിയ പുരാതന ക്രൈസ്തവ ദേവാലയങ്ങൾ ഇവർ സ്ഥാപിച്ചവയാണ് എന്നു കരുതുന്നു.

മാർ സബോർ കൊല്ലം കെന്ദ്രമാക്കിയും മാർ പ്രോത്ത് ഉദയമ്പേരൂർ കേന്ദ്രമാക്കിയും പ്രവർത്തനം ആരംഭിച്ചു.[3] മലങ്കര സഭയുടെ പേർഷ്യൻ ബന്ധത്തിനുള്ള ഒരു തെളിവാണ് ഇദ്ദേഹത്തിന്റെ സഭാ ഭരണം. മാർത്തോമ്മാ ക്രിസ്ത്യാനികൾ ഇവരെ വിശുദ്ധന്മാരായി കണക്കാക്കിയിരുന്നു. അങ്കമാലി യിലെ അകപ്പറമ്പ് എന്ന സ്ഥലത്ത് മാർ സബറിന്റെ ചുവർ ചിത്രത്തോടു കൂടിയ പള്ളി ഉണ്ട്. കടമറ്റത്ത് കത്തനാർ മാർ സബോറിൽ നിന്നാണ് വിദ്യകൾ സ്വായത്തമാക്കിയതെന്ന് വിശ്വാസം [4]

ചരിത്രം തിരുത്തുക

 
അകപ്പറമ്പിലെ മാർ ശബോർ അഫ്രോത്ത് പള്ളി. ക്രി.വ. 825-ല് സ്ഥാപിക്കപ്പെട്ട് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയാണിത്
 
കടമറ്റം പള്ളി- മാർ സബോർ തന്നെയാൺ ഇതും സ്ഥാപിച്ചത്
 
മാർ സബോറിന്റെ ഭൗതികാവശിഷ്ടങ്ങൾ തേവലക്കര പള്ളിയിൽ

ക്രി.വ. 822-ലാണ് ഇയ്യോബ് എന്ന വ്യാപാരിയുടെ കപ്പലിൽ മാർ സബർ മലങ്കരയിൽ എത്തിയത് എന്നു വിശ്വസിക്കുന്നു. ഇവർ കേരളത്തിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും.[5] കായംകുളം, ഉദയം‍പേരൂർ, കോതനല്ലൂർ,അകപ്പറമ്പ്, കൊല്ലം എന്നിവിടങ്ങളിൽ പള്ളികൾ സ്ഥാപിക്കുകയും ചെയ്തു. നിരവധി ആത്മീയ പ്രവർത്തനങ്ങളും അത്ഭുതങ്ങളും അവർ നടത്തി, നാട്ടുകാർക്ക് പ്രിയപ്പെട്ടവരായി. കദീശങ്ങൾ‌ (സുറിയാനിയിൽ/അറബി ഭാഷകളിൽ പുണ്യവാളന്മാർ) എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 1 ല് (ക്രി.വ. 825) സ്ഥാപിച്ചതാണ് അങ്കമാലിയിലെ അകപ്പറമ്പ് പള്ളി. ഇത് അന്നത്തെ കാലത്തെ സുറിയാനികളുടെ ഭരണകേന്ദ്രമായി മാറി. അവർ സ്ഥാപിച്ച എല്ലാ പള്ളികളും അവരുടെ പേരിനാസ്പദമായ സാബോർ, ഫ്രോത്ത് എന്നീ വിശുദ്ധന്മാരുടെ പേരിലായിരുന്നു. കൊല്ലം ഒരു തുറമുഖമായി വികസിപ്പിക്കുന്നതിൽ ചേര രാജാക്കന്മാർക്ക് അതിയായ താല്പര്യമുണ്ടായിരുന്നു. വിഴിഞ്ഞം പാണ്ട്യരുടെ കൈവശമായതാണ് ഇതിനു കാരണം. കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികൾ ചെയ്ത സംഭാവനകൾ മാനിച്ച മാർ സാബോറിന് ചേര രാജാവായിരുന്ന സ്ഥാണു രവിവർമ്മൻ ഇവിടെ ഒരു പള്ളി സ്ഥാപിക്കാൻ അനുവദിച്ചു. ഇത് തരിസാ പള്ളി എന്നറിയപ്പെടുന്നു, അതിനായി സ്ഥലവും മറ്റു സഹായങ്ങളും രേഖയാക്കി അവിടത്തെ നാടുവാഴിയായ അയ്യനടികൾ മുഖാന്തരം കൊടുപ്പിച്ചു. ഈ രേഖകൾ ആണ്‌ തരിസാപള്ളി ശാസനങ്ങൾ എന്നറിയപ്പെടുന്നത്. പള്ളി പണിയുകയും വ്യാപാരത്തിന്റെ മേൽനോട്ടം അവരുടെ കൂടെ വന്നിരുന്ന വണിക്കുകൾ ഏറ്റെടുക്കുകയും ചെയ്തു. അഞ്ചുവണ്ണം, മണിഗ്രാമം തുടങ്ങിയവ ഇതിനോട് ബന്ധപ്പെട്ട് ഉണ്ടായതാണ്.

പിന്നീട് പോർട്ടുഗീസുകാരുടെ കാലത്ത് മാർ മെനസിസ് ഗോവയിൽ നിന്ന് (1599) ഇവിടെ വരികയും ഉദയം‍പേരൂർ സുന്നഹദോസ് വിളിച്ചു കൂട്ടി അവർ നെസ്തോറിയന്മാരാണ് എന്ന് തരം താഴ്ത്തുകയും പാഷണ്ഡതയെ വിമർശിക്കുകയും മറ്റും ചെയ്തു.[6] ബാബേലിൽ നെസ്തോറീയൻ പാഷാണ്ഡത പ്രചാരത്തിൽ ഇരുന്ന സമയത്ത് ഇവിടെ വന്നതിനാലാണ് അദ്ദേഹം അങ്ങനെ കരുതിയത് എന്ന് ചരിത്രകാരന്മാർ കരുതുന്നു. ഇവരുടെ നാമത്തിലുള്ള പള്ളികൾ എല്ലാം അന്നു മുതൽ സകല പുണ്യവാളന്മാരുടെ പേരിൽ (All Saints) അറിയപ്പെടേണ്ടതാണെന്നും പ്രഖ്യാപിച്ചു.

മരണം തിരുത്തുക

മാർ സബോറിന്റെയും പ്രോത്തിന്റെയും അന്ത്യകാലങ്ങളെ പറ്റി വ്യക്തമായ രേഖകൾ ഇല്ല. അവർ കേരളം മുഴുവനും വിശുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെടുകയും ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധന്മാർ എന്നറിയപ്പെടുകയും ചെയ്തു. കൊല്ലത്തു വച്ച് രണ്ടുപേരും കാലം ചെയ്തു എന്നും വിശ്വസിക്കുന്നു. മാറ് സബോറിന്റെ ഭൗതികാവശിഷ്ടങ്ങൾ കൊല്ലത്തെ തേവലക്കര സെന്റ് മേരീസ് പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു.

അവലംബം തിരുത്തുക

  1. എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 55-60; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.
  2. "സിറിയൻ ക്രിസ്ത്യാനികളെ കുറിച്ചുള്ള ലേഖനം". Archived from the original on 2007-10-27. Retrieved 2006-12-16.
  3. വർഗീസ് അങ്കമാലി, ഡോ. ജോമോൻ തച്ചിൽ; അങ്കമാലി രേഖകൾ; മെറിറ്റ് ബുക്സ് എറണാകുളം ഏടുകൾ 43-45 ,2002
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-23. Retrieved 2009-03-30.
  5. http://www.newadvent.org/cathen/14678a.htm#XIII
  6. കത്തോലിക്ക സർവ്വ വിജ്ഞാനകോശം
"https://ml.wikipedia.org/w/index.php?title=മാർ_സബോർ&oldid=4074163" എന്ന താളിൽനിന്ന് ശേഖരിച്ചത്