ടി.കെ. വർഗീസ് വൈദ്യൻ
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പുന്നപ്ര-വയലാർ സമരത്തിന്റെയും ഗതിവിഗതികൾ നിയന്ത്രിക്കുകയും, പിൽക്കാലത്ത് എസ്.എ. ഡാങ്കെയുടെ എ.ഐ.സി.പി., മൊഹത് സെന്നിന്റെ യു.സി.പി.ഐ. തുടങ്ങിയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകുകയും ചെയ്ത ഒരു പഴയകാല കമ്യൂണിസ്റ്റ് നേതാവാണ് ടി.കെ. വർഗീസ് വൈദ്യൻ.[1] (1914 മാർച്ച് 9 - 1989 ഓഗസ്റ്റ് 10) ടി.വി. തോമസിന്റെ സന്തതസഹചാരി, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പിന്നണിപ്പോരാളി എന്നിങ്ങനെയും ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.[1] വൈദ്യൻ ഇല്ലായിരുന്നുവെങ്കിൽ തനിക്ക് വയലാർ ഗർജിക്കുന്നു എന്ന കവിത എഴുതാനാവുമായിരുന്നില്ല എന്ന് ഒരിക്കൽ പി. ഭാസ്കരൻ പറഞ്ഞിട്ടുണ്ട്.[1]
ടി.കെ. വർഗീസ് വൈദ്യൻ | |
---|---|
ജനനം | 1914 മാർച്ച് 9 |
മരണം | 1989 ഓഗസ്റ്റ് 10 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പൊതുപ്രവർത്തകൻ, വൈദ്യൻ, |
ജീവിതരേഖ
തിരുത്തുക1914 മാർച്ച് 9-ന് കൊല്ലം തേവലക്കര കണ്ണുവൈദ്യന്മാരുടെ കുടുംബമായ വേട്ടാമ്പള്ളിൽ കുഞ്ഞാക്കണ്ട വൈദ്യന്റെയും, നിരണം വറുത്തപ്പള്ളത്ത് മുട്ടുപാട്ട് മറിയാമ്മയുടെയും മകനായി തോട്ടത്തുവീട്ടിലാണ് വർഗീസ് വൈദ്യന്റെ ജനനം. തിരുവിതാംകൂർ മഹാരാജാവിന്റെ കണ്ണു ചികിത്സ നടത്തിയിരുന്ന കുടുംബം എന്ന നിലയിൽ പ്രശസ്‌തിയുള്ള കുടുംബമായിരുന്നു വൈദ്യന്റേത്. ആ നിലയിൽ മഹാരാജാവ് നൽകിയതാണ് മാപ്പിള വീട്ടിൽ വൈദ്യൻ എന്ന സ്ഥാനപ്പേര്. പിന്നീട് കുഞ്ഞാക്കണ്ട വൈദ്യനും കുടുംബവും ആലപ്പുഴയിലേക്ക് താമസം മാറ്റി. 1923 ൽ ആലപ്പുഴയിൽ കണ്ണു വൈദ്യശാലയും അദ്ദേഹം ആരംഭിച്ചു. ആലപ്പുഴയിൽ ഹൈസ്‌കൂൾ പഠനത്തിനിടെ രോഗം പിടിപെട്ടതോടെ സെക്കൻഡ് ഫോമിൽ വെച്ച് വർഗീസ് വൈദ്യൻ വിദ്യാഭ്യാസം അവസാനിപ്പിച്ചു. പിന്നീട് വൈദ്യവും സംസ്‌കൃതവും പഠിച്ചു. തുടർന്ന് പിതാവിന്റെ സഹായിയായി കണ്ണു ചികിത്സയും തുടങ്ങി. അവിടെ നിന്നു കൊച്ചിയിലെത്തിയ വർഗീസ് വൈദ്യൻ 1932 ൽ വൈദ്യശാല സ്വന്തമായി തുറന്നു.
ഈ സമയം സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു. സ്വാതന്ത്ര്യസമരത്തെക്കുറിച്ചും സ്റ്റേറ്റ് കോൺഗ്രസ്സിനെക്കുറിച്ചുമൊക്കെ കൂടുതൽ അറിയാനുള്ള വൈദ്യന്റെ വാഞ്‌ഛ ശരിക്കും പോരാളിയിലേക്ക് നയിച്ചു. കൊച്ചിയിൽ എത്തിയതോടെ അതിന് അവസരവും വന്നുചേർന്നു. ഇവിടെ വെച്ചാണ് പി. കേശവദേവ്, വൈക്കം മുഹമ്മദ് ബഷീർ എന്നിവരെ കണ്ടുമുട്ടുന്നത്.[1] എല്ലാവരും കൂടി വിപ്ലവപ്പാർട്ടിക്ക് ജന്മം നൽകി. കേരള റിപ്പബ്ലിക്കൻ ആർമി. ആദ്യപടിയായി വിപ്ലവ മുദ്രാവാക്യങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ കൊച്ചി നഗരത്തിൽ പതിച്ചു. അതോടെ പോലീസ് പുതിയ വിപ്ലവകാരികളെ പിടിക്കാനുള്ള ശ്രമമായി. അന്വേഷണം ശക്തിപ്രാപിച്ചതോടെ വൈക്കം മുഹമ്മദ് ബഷീറും കേശവദേവും കൊച്ചിയിൽ നിന്നു മാറി. ഒടുവിൽ പിടിയിലായ വർഗീസ് വൈദ്യനെ പോലീസ് ആലപ്പുഴയിലേക്ക് നാടുകടത്തി.
ആലപ്പുഴയിൽ എത്തിയ വൈദ്യൻ മുല്ലയ്‌ക്കൽ പൂപ്പള്ളി തറവാടിന്റെ മുറിയിൽ വൈദ്യശാല തുറന്നു. ഈ സമയം പിതാവ് കുഞ്ഞാക്കണ്ട വൈദ്യൻ ആലപ്പുഴയിലെ വൈദ്യശാല പൂട്ടി തേവലക്കരയ്‌ക്ക് മടങ്ങിയിരുന്നു. വർഗീസ് വൈദ്യൻ ആലപ്പുഴയിൽ ആരംഭിച്ച ആ വൈദ്യശാല പിന്നീട് തിരുവിതാംകൂറിലെ രാഷ്ട്രീയക്കാരുടെയും സാമൂഹിക പ്രവർത്തകരുടെയും എഴുത്തുകാരുടെയുമൊക്കെ താവളമായി മാറി. ടി.വി. തോമസിനെ പരിചയപ്പെടുന്നതും ഇവിടെവെച്ചു തന്നെ..[1] വൈദ്യനുമായുള്ള അടുപ്പം ടി.വി.യെ രാഷ്ട്രീയപ്രവർത്തകനാക്കി മാറ്റി..[1] 1938 ആയതോടെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപം കൊണ്ടു. കമ്യൂണിസ്റ്റ് നേതാക്കളുടെയെല്ലാം രാഷ്ട്രീയപ്രവർത്തനത്തിന്റെ തുടക്കം സ്റ്റേറ്റ് കോൺഗ്രസ്സിലൂടെയായിരുന്നു. വർഗീസ് വൈദ്യനും അതിന്റെ പ്രധാന പ്രവർത്തകനും നേതാവുമൊക്കെയായി രംഗത്ത് എത്തി. ഇതിന്റെ ഫലമായി 18 മാസം ജയിൽവാസം വൈദ്യന് അനുഭവിക്കേണ്ടി വന്നു..[1] മഹാരാജാവിന്റെ കാരുണ്യം കൊണ്ട് കാലാവധി തീരും മുൻപ് ജയിലിൽ നിന്ന് വിട്ടയച്ചു.
1940-കൾ ആയതോടെ ആലപ്പുഴയുടെ പലഭാഗങ്ങളിലും കമ്യൂണിസം ശക്തി പ്രാപിച്ചു തുടങ്ങി. അതോടെ വൈദ്യനും കമ്യൂണിസത്തിലേക്ക് ആകൃഷ്‌ടനായി. കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് വർഗീസ് വൈദ്യൻ പ്രവർത്തങ്ങളിൽ സജീവമായി. കുട്ടനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച വൈദ്യനു നേരിടേണ്ടിവന്നത് കൊടിയ ദാരിദ്ര്യവും മർദനവും ഒളിവു ജീവിതവുമൊക്കെയായിരുന്നു. അതിനുശേഷമാണ് പുന്നപ്ര-വയലാർ സമരം നടക്കുന്നത്. ഈ സമയത്ത് തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റായിരുന്നു വർഗീസ് വൈദ്യൻ.[1] പുന്നപ്ര-വയലാർ വെടിവെപ്പ് നടക്കുന്ന സമയത്ത് വൈദ്യൻ പോലീസ് പിടിയിലായിരുന്നു. പാർട്ടി നിർദ്ദേശപ്രകാരം ഇ.എം.എസ്സിനെ കാണാൻ കോഴിക്കോട്ടു പോയ വൈദ്യനെ അവിടെവെച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ സമയം വൈദ്യന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആലപ്പുഴയിലെ ബുക്ക്‌സ്റ്റാളും പ്രസ്സുമൊക്കെ പോലീസ് കണ്ടുകെട്ടി.[2]
പുന്നപ്ര-വയലാർ സമരത്തിനുശേഷവും വർഗീസ് വൈദ്യൻ സക്രിയമായിത്തന്നെ പാർട്ടിയിൽ തുടർന്നു. പക്ഷേ, പുന്നപ്ര-വയലാർ സമരം നടക്കാനിടയായ സാഹചര്യത്തിലും അതിന്റെ പോരായ്‌മകളിലുമൊക്കെ വൈദ്യൻ അസ്വസ്ഥനായിരുന്നു. പിൽക്കാലത്ത് പല വേദികളിലും വൈദ്യൻ ഇത് പറഞ്ഞിട്ടുമുണ്ട്.[1] പുന്നപ്ര-വയലാർ സമരത്തെക്കുറിച്ച് മരിക്കും മുൻപ് എഴുതിയ ലേഖനം ഇത് വ്യക്തമാക്കുന്നു.
വിവാഹം
തിരുത്തുക1952-ൽ ആണ് വൈദ്യൻ വിവാഹം കഴിക്കുന്നത്. വൈദ്യന്റെ വിവാഹം വൻ കോളിളക്കം തന്നെ സൃഷ്‌ടിച്ചിരുന്നു. വൈദ്യശാല തുടങ്ങാൻ മുറികൊടുത്ത ആലപ്പുഴയിലെ പ്രമാണിമാരായിരുന്ന പൂപ്പള്ളി കുടുംബത്തിലെ സാറാമ്മയെയാണ് വൈദ്യൻ വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം ചെയ്‌തത്. താൻ വിളിച്ചിറക്കി കൊണ്ടുവന്ന പെണ്ണിനെ ദാരിദ്ര്യം അറിയിക്കരുത് എന്നതുകൊണ്ടാവാം തുടർന്ന് അദ്ദേഹം പാർട്ടിയിൽനിന്ന് അവധിയെടുത്ത് കരാർ ജോലിക്കിറങ്ങിയത്.
രാഷ്ട്രീയ ജീവിതം
തിരുത്തുക1957-ൽ തകഴി മണ്ഡലത്തിൽനിന്ന് വർഗീസ് വൈദ്യൻ നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. ഈ സമയം അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞിരുന്നു. തുടർന്ന് അദ്ദേഹം പാർട്ടിയിൽനിന്ന് അവധിയെടുത്ത് കരാർ ജോലിക്കിറങ്ങി. കടൽഭിത്തി നിർമ്മാണവും വിവിധ കരാർ പണികളും ഏറ്റെടുത്ത വൈദ്യന്റെ സാമ്പത്തികസ്ഥിതി ക്രമേണ മെച്ചപ്പെട്ടു. തുടർന്നാണ് തോട്ടപ്പള്ളിയിൽ സ്ഥലം വാങ്ങുന്നതും അവിടേക്ക് താമസംമാറ്റുന്നതും.
അവധികഴിഞ്ഞ് തിരിച്ചെത്തിയ വൈദ്യനെ കമ്യൂണിസ്റ്റ് പാർട്ടി വേണ്ടവിധത്തിൽ പരിഗണിച്ചില്ല. 1964-ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യോടൊപ്പം ആയിരുന്നു വൈദ്യൻ. 1980-83 കാലഘട്ടത്തിൽ നാളികേര വികസന കോർപ്പറേഷൻ ചെയർമാനുമായി. പിന്നീട് എസ്.എ.ഡാങ്കെയോടൊപ്പം സി.പി.ഐ. വിട്ട് എ.ഐ.സി.പി.യിൽ എത്തുന്നത്. തുടർന്ന് 1988-ൽ മൊഹിത് സെന്നിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് കമ്യൂണിസ്റ്റ്‌പാർട്ടി ഉണ്ടാക്കിയപ്പോൾ അതിൽ അംഗമായി. ഏഴുവർഷത്തിലധികം ജയിൽവാസം അനുഷ്‌ഠിച്ചു. 11 തവണ അറസ്റ്റ് ചെയ്യപ്പെട്ട വൈദ്യൻ മൂന്നു മാസത്തോളം ഒളിവിലും കഴിഞ്ഞിട്ടുണ്ട്.
പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തായ ചെറിയാൻ കൽപകവാടി വർഗ്ഗീസ് വൈദ്യന്റെ മകനാണ്. ചെറിയാൻ രചിച്ച് വേണു നാഗവള്ളി സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ ലാൽ സലാംഎന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൺ നെട്ടൂരാൻ എന്ന കഥാപാത്രം വർഗ്ഗീസ് വൈദ്യനെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിയ്ക്കുന്നത്.