ടി.കെ. ദിവാകരൻ

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ രാഷ്ട്രീയനേതാവും മുൻ പൊതുമരാമത്തുവകുപ്പ് മന്ത്രിയും റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി.) യുടെ സമുന്നത നേതാക്കളിൽ ഒരാളുമായിരുന്നു ടി.കെ. ദിവാകരൻ( ജീവിതകാലം: 5 ഡിസംബർ 1920 - 19 ജനുവരി 1976).

ടി.കെ. ദിവാകരൻ
വ്യക്തിഗത വിവരങ്ങൾ
ജനനം(1920-12-08)ഡിസംബർ 8, 1920[1]
പത്തനംതിട്ട, കൊല്ലം
മരണംജനുവരി 19, 1976(1976-01-19) (പ്രായം 55)
രാഷ്ട്രീയ കക്ഷിറെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി
പങ്കാളിദേവയാനി
കുട്ടികൾബാബു ദിവാകരൻ ഉൾപ്പെടെ 7 പേർ

ജീവിതരേഖ

തിരുത്തുക

കൃഷ്ണന്റെയും നാണിയുടെയും മകനായി കൊല്ലത്ത് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കൊല്ലം ലേബർ യൂണിയൻ ഓഫീസിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. ഇതോടെ തൊഴിലാളി-രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിച്ചുതുടങ്ങി. കൊല്ലത്തെ തൊഴിലാളിപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ എൻ. ശ്രീകണ്ഠൻ നായർ, കണ്ണന്തോടത്ത് ജനാർദനൻ നായർ എന്നിവർക്കൊപ്പം ടി.കെ. ദിവാകരനും നിർണായക പങ്കുവഹിച്ചു. 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൽ ചേർന്നു. സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലതവണ ഇദ്ദേഹം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പരമാധികാര സമിതിയായ എ.റ്റി.സി.സി. യിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായി മാറി.

1940-കളുടെ തുടക്കത്തിൽ കമ്യൂണിസത്തെയും സോഷ്യലിസത്തെയും കുറിച്ചുള്ള ഗ്രന്ഥങ്ങളിലൂടെ ഇടതുപക്ഷ ചിന്താഗതി ടി.കെ. ദിവാകരനിൽ രൂഢമായി. താമസിയാതെ ഇദ്ദേഹം കോൺഗ്രസ്സിലെ ഇടതുപക്ഷത്തിന്റെ നേതൃത്വനിരയിലേക്ക് ഉയർന്നു. അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ് നിലവിൽവന്നപ്പോൾ ടി.കെ. ദിവാകരൻ ഉൾപ്പെട്ട കോൺഗ്രസ്സിലെ ഇടതുപക്ഷം അതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽനിന്നു പിന്മാറിയ ഇദ്ദേഹം തുടർന്ന് ദേശീയ പ്രസ്ഥാനത്തിലെ സോഷ്യലിസ്റ്റുകാരുമായി ചേർന്നു പ്രവർത്തിച്ചു. എന്നാൽ, 1947-നുശേഷം അഖിലേന്ത്യാ നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ കേരളത്തിലെ ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് കേരളാ സോഷ്യലിസ്റ്റ് പാർട്ടി (കെ.എസ്.പി.) എന്ന പുതിയ കക്ഷിയുണ്ടാക്കിയപ്പോൾ അതിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ടി.കെ. ദിവാകരൻ[2].

1948-ൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ ആർ. ശങ്കറിനെതിരെ മത്സരിച്ചത് ടി.കെ. ദിവാകരനായിരുന്നു. തെരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തോടെ ആർ. ശങ്കർ വിജയിച്ചു. ഈ തെരഞ്ഞെടുപ്പിനുശേഷമാണ് ടി.കെ. ദിവാകരൻ ഉൾപ്പെട്ട കെ.എസ്.പി.യിലെ ഒരു വിഭാഗം ആർ.എസ്.പി.യായി മാറിയത്. 1952-ൽ കൊല്ലത്തുനിന്ന് ആർ. ശങ്കറിനെതിരെ മത്സരിച്ച് വിജയിച്ചുകൊണ്ട് ടി.കെ. ആദ്യമായി തിരുക്കൊച്ചി നിയമസഭയിൽ അംഗമായി. 1952-ലെ തിരുക്കൊച്ചി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഉപനേതാവായിരുന്നു ഇദ്ദേഹം. പ്രശ്നങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിലുള്ള പ്രാഗല്ഭ്യവും നിയമസഭാ നടപടിക്രമങ്ങളിലുള്ള അറിവും ഇദ്ദേഹത്തെ മികച്ച സാമാജികനാക്കി. 1954-ൽ വീണ്ടും കൊല്ലത്തെ പ്രതിനിധാനം ചെയ്ത് തിരുക്കൊച്ചി നിയമസഭയിലെത്തി.

1957-ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുമായുണ്ടായ തർക്കത്തെത്തുടർന്ന് ഐക്യമുന്നണിയിൽനിന്നു തെറ്റിപ്പിരിഞ്ഞ ആർ.എസ്.പി. ഒറ്റയ്ക്കു മത്സരിച്ചു. ഈ തെരഞ്ഞെടുപ്പിൽ ടി.കെ. പരാജയപ്പെട്ടു. പിന്നീട് 1962 മുതൽ 67 വരെ കൊല്ലം മുനിസിപ്പാലിറ്റിയുടെ ചെയർമാനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ആർ.എസ്.പി.യും കമ്യൂണിസ്റ്റ് പാർട്ടിയും വീണ്ടും ഒന്നിച്ച 1967-ലെ തെരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നു വിജയിച്ച ഇദ്ദേഹം ഇ.എം.എസ്സിന്റെ സപ്തകക്ഷി മന്ത്രിസഭയിൽ പൊതുമരാമത്തുവകുപ്പ് മന്ത്രിയായി. എന്നാൽ മന്ത്രിസഭയിലെ പ്രമുഖ കക്ഷികളായ സി.പി.ഐ-യും സി.പി.എമ്മും തമ്മിലുള്ള ബന്ധം ശിഥിലമായതോടെ ഈ മന്ത്രിസഭ നിലംപതിച്ചു. തുടർന്ന് സി. അച്യുതമേനോൻ മുഖ്യമന്ത്രിയായുള്ള മാർക്സിസ്റ്റിതര മന്ത്രിസഭ അധികാരത്തിൽ വന്നു. ഈ മന്ത്രിസഭയ്ക്കു പിന്തുണ നല്കാൻ ആർ.എസ്.പി.യുടെ ദേശീയ നേതൃത്വം കേരളാ ഘടകത്തിന് അനുവാദം നല്കിയെങ്കിലും മന്ത്രിസഭയിൽ പങ്കാളിയാകുന്നതിനോട് വിയോജിപ്പായിരുന്നു. അതിനാൽ മന്ത്രിസഭയിൽ ചേരാതെ നിയമസഭാ നേതാവായി ടി.കെ. ദിവാകരൻ പ്രവർത്തിച്ചു. 1970-ലെ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽ വന്ന അച്യുതമേനോൻ മന്ത്രിസഭയിൽ ഇദ്ദേഹം പൊതുമരാമത്തുവകുപ്പ് മന്ത്രിയായിരുന്നു.

1976 ജനു.19-ന് ടി.കെ. ദിവാകരൻ അന്തരിച്ചു.

കേരളത്തിലെ ഒരു പൊതു പ്രവർത്തകനും എട്ട്, പത്ത്, പതിനൊന്ന് നിയമ സഭകളിലെ അംഗവുമായിരുന്നു ബാബു ദിവാകരൻ (5 നവംബർ 1952).പതിനൊന്നാം നിയമ സഭയിലെ നിയമ വകുപ്പ് മന്ത്രിയുമായ ബാബു ദിവാകരൻ മകനാണ്.

  1. "Members - Kerala Legislature". niyamasabha.org.
  2. http://niyamasabha.org/codes/members/m144.htm


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തങ്ങ%E0%B4%B3%E0%B5%8D%E2%80%8D_ദിവാകരൻ,_ടി.കെ._(1920_-_76) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടി.കെ._ദിവാകരൻ&oldid=3813370" എന്ന താളിൽനിന്ന് ശേഖരിച്ചത്