എൻ. ശ്രീകണ്ഠൻ നായർ

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ

കേരളത്തിലെ പ്രമുഖനായ ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനുമാണ് എൻ. ശ്രീകണ്ഠൻ നായർ (ജൂലൈ 15, 1915 - ജൂലൈ 20, 1983).ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ് ലോക്സഭകളിൽ അംഗമായിരുന്നു.[1]

എൻ. ശ്രീകണ്ഠൻ നായർ

ജീവിതരേഖതിരുത്തുക

അമ്പലപ്പപുഴ ചിറ്റപ്പറമ്പിൽ ജാനകിയമ്മയുടെയും നീലകണ്ഠപിള്ളയുടെയും ഏക മകനായി ജനിച്ചു. നീലകണ്ഠപിള്ള തിരുവനന്തപുരം സംസ്കൃത കോളേജ് പ്രിൻസിപ്പലായിരുന്നു. അമ്മ സ്കൂൾ ഹെഡ്മിസ്ട്രസ്സും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം ക്ലാസിൽ ബി.എ ഹോണേഴ്സ് ബിരുദം നേടി. ഉന്നത ഉദ്യോഗങ്ങൾ പലത് കിട്ടുമായിരുന്നെങ്കിലും അദ്ദേഹത്തെ ആകർഷിച്ചത് സ്വാതന്ത്ര്യ സമരവും തൊഴിലാളി സമരങ്ങളും ആയിരുന്നു. തികഞ്ഞ ദേശായ വാദിയായ അദ്ദേഹം ഖദർ മാത്രമെ ധരിച്ചിരുന്നുള്ളൂ. പൊന്നറ ശ്രീധറായിരുന്നു അദ്ദേഹത്തെ മാർക്സിസ്റ്റ് ചിന്താഗതിയിലേക്ക് ആകർഷിച്ചത്. പി.എൻ. കൃഷ്ണപിള്ളയുടെ നേതൃത്ത്വത്തിൽ അദ്ദേഹം തൊഴിലാളി ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ മുൻ നിരയിലെത്തി. 1938 ൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വച്ചു പുലർത്തിയിരുന്ന യൂത്ത് ലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായി. 1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപകാംഗമായി. 1947 സെപ്റ്റംബർ 21 ന് മത്തായി മാഞ്ഞൂരാനുമായി ചേർന്ന് കേരള സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു.1950 ൽ കെ.എസ്.പി ഭിന്നിച്ചു. ശ്രീകണ്ഠൻ നായരുടെ നേതൃത്ത്വത്തിലുള്ള വിഭാഗം റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയിൽ (ആർ.എസ്.പി) ലയിച്ചു. ആർ. എസ്.പി യുടെ സമുന്നത നേതാവായി ഉയർന്നു.[2]

തൊഴിലാളി പ്രവർത്തനംതിരുത്തുക

വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴയായിരുന്നു അദ്ദേഹത്തിന്റെ തൊഴിലാളി പ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും കേന്ദ്രം. ആലപ്പുഴയിലെ കയർത്തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ നേതാവായി. ചില കമ്മ്യൂണിസ്റ്റ് നേതാക്കൾ ആലപ്പുഴയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ ശ്രമിച്ചു.1930കളോടെ കൊല്ലത്തും തൊഴിലാളികൾ സംഘടിച്ചു തുടങ്ങിയിരുന്നു. അക്കാലത്തു സ്റ്റേറ്റ് കോൺഗ്രസ്സ് ആരംഭിച്ച ഉത്തരവാദ പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രവും കൊല്ലമായിരുന്നു. കൊല്ലത്തെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന കണ്ണന്തോടത്ത് ജനാർദ്ദനൻനായർ, ടി.എം. വർഗ്ഗീസ്, കുമ്പളത്ത് ശങ്കുപിള്ള, സി.കേശവൻ എന്നിവരുമായി ആലോചിച്ച് ശ്രീകണ്ഠൻ നായരെ കൊല്ലത്തേക്ക് ക്ഷണിച്ചു. 1940 ൽ രൂപം കൊണ്ട ക്വയിലോൺ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ പ്രസിഡന്റാക്കാനായിരുന്നു ഇത്. 1941ഓടെ കൊല്ലത്തെ നിരവധി തൊഴിലാളി സമരങ്ങളുടെ നേതാവായി പ്രവർത്തിച്ചു. കൊല്ലത്തെ ഓരോ വ്യവസായസ്ഥാപനങ്ങളിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവർക്ക് ക്ലാസുകളെടുക്കുന്നതിനും നേതൃത്ത്വം നൽകി. മാറ്റി വെയ്ക്കപ്പെട്ട വേതനമാണ് ബോണസ് എന്ന തത്ത്വം ഇന്ത്യയിൽ ആദ്യമായി അംഗീകരിക്കപ്പെട്ടത് ശ്രീകണ്ഠൻ നായരുടെ നേതൃത്ത്വത്തിൽ കൊല്ലം എച്ച് ആൻഡ് സിയിൽ നടന്ന ഒരു സമരത്തിന്റെ ഒത്തു തീർപ്പിലായിരുന്നു.

വേതന വർദ്ധനവിനും ജോലി സ്ഥിരതയ്ക്കും മുതലാളിമാരുടെ ഗുണ്ടായിസത്തിനും പോലീസിന്റെ തേർവാഴ്ചയ്ക്കുമെതിരേ നിരവധി സമരങ്ങൾക്ക് നേതൃത്ത്വം നൽകി. പലപ്പോഴും അദ്ദേഹം തന്നെ നേരിട്ട് മുതലാളികളുടെ ഗുണ്ടകളുമായും പോലീസുമായും ഏറ്റുമുട്ടിയിട്ടുണ്ട്.

പാർലമെന്ററി ജീവിതംതിരുത്തുക

മികച്ച പാർലമെന്റേറിയനായിരുന്നു അദ്ദേഹം. 1952 ൽ കൊല്ലം മാവേലിക്കര മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.1957 ലെ തെരഞ്ഞെടുപ്പിൽ വി.പി. നായർ അദ്ദേഹത്തെ തോൽപ്പിച്ചു. 1962, 1967, 1971,1977 എന്നീ നാലു തെരഞ്ഞെടുപ്പുകളിൽ കൊല്ലം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

കൃതികൾതിരുത്തുക

 • ഇതു തന്നെ മാർക്സിസം
 • ഐക്യകേരളം
 • വഞ്ചിക്കപ്പെട്ട വേണാട്
 • എന്റെ അമ്മ
 • കഴിഞ്ഞകാല ചിത്രങ്ങൾ
 • സാഹിത്യശകലങ്ങൾ
 • തകഴിയുടെ കയർ(ഇംഗ്ലീഷ് വിവർത്തനം)
 • ചലോ ഡൽഹി (വിവർത്തനം)

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

 1. http://www.parliamentofindia.nic.in/ls/comb/combalpha.htm
 2. എൻ. ശ്രീകണ്ഠൻ നായർ വിസ്മൃതിയിലാണ്ടുകൊണ്ടിരിക്കുന്ന വിപ്ലവകാരി പി. കേശവൻ നായർ, കേരളശബ്ദം ലക്കം 49, 22 ജൂലൈ 2012

അധിക വായനക്ക്തിരുത്തുക

 • എൻ. ശ്രീകണ്ഠൻനായർ: വ്യക്തിയും പ്രസ്ഥാനവും - നാവായിക്കുളം സുകുമാരൻ

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ._ശ്രീകണ്ഠൻ_നായർ&oldid=3425019" എന്ന താളിൽനിന്ന് ശേഖരിച്ചത്