ടി.കെ. മാധവൻ

ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖന്‍
(ടി.കെ.മാധവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരുപതാം നൂറ്റാണ്ടിലെ ഈഴവ സമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു ടി.കെ. മാധവൻ (സെപ്റ്റംബർ 2, 1885 - ഏപ്രിൽ 27, 1930). വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു. പഠനകാലത്തേ തന്നെ ഉയർന്ന ബുദ്ധിശക്തിയും സംഘടനാസാമർത്ഥ്യവും രാഷ്ട്രീയലക്ഷ്യവുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി അന്ന് സമൂഹത്തിന്റെ താഴേക്കിടയിലുള്ള ഈഴവ സമൂഹം നവോത്ഥാനത്തിന്റെ പാതയിലേക്ക് വന്നു. 1914-ൽ ശ്രീ നാരായണഗുരുവുമായി പരിചയപ്പെട്ടു. ദേശാഭിമാനി പത്രം തുടങ്ങുകയും അധഃകൃതരുടെ അവകാശങ്ങൾ നേടാൻ പത്രം ഉപയോഗിക്കുകയും ചെയ്തു. വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് ദേശാഭിമാനിയിലൂടെ വാദിച്ചു. കുമാരനാശാൻ ക്ഷേത്ര വീഥികളിൽ നടക്കാനുള്ള അവകാശം മാത്രമാണ് ചോദിച്ചതെങ്കിൽ ക്ഷേത്രത്തിൽ ശ്രീകോവിൽ വരെ പ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്ന് മാധവന്റെ പോരാട്ടം. വൈക്കം, തിരുവാർപ്പ്, കണ്ണൻ‌കുളങ്ങര എന്നീ സ്ഥലങ്ങളിലെ ക്ഷേത്രപ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.[1]

1885 സെപ്റ്റംബർ 21930 ഏപ്രിൽ 27

അപരനാമം: ടി.കെ.
ജനനം: 1885 സെപ്റ്റംബർ 2
മരണം: 1930 ഏപ്രിൽ 27
മരണ സ്ഥലം: കേരളം
മുന്നണി: ഈഴവ നവോത്ഥാനം
സംഘടന: എസ്.എൻ.ഡി.പി

ജീവിതരേഖ

തിരുത്തുക

1885 സെപ്റ്റംബർ 2ന് (കൊല്ലവർഷം 1061 ചിങ്ങമാസം 19ന്) കേരളത്തിൽ മാവേലിക്കരയിലെ കണ്ണമംഗലം എന്ന ഗ്രാമത്തിൽ ജനിച്ചു. താന്നിയേങ്കുന്നേൽ എന്ന മാതൃഗൃഹത്തിലായിരുന്നു ജനനം. പിതാവ് ധനസമൃദ്ധികൊണ്ടും പ്രാബല്യം കൊണ്ടും പ്രസിദ്ധമായ ആലും മൂട്ടിൽ കൂടുംബാംഗമായ കേശവൻ ചാന്ദാർ ആയിരുന്നു. അമ്മ ഉമ്മിണി അമ്മ, സുപ്രസിദ്ധമായ കോമലേഴത്തു കുടുംബത്തിലെ അംഗമായിരുന്നു. അച്ഛൻ വൈദ്യം ജ്യോതിഷം, വ്യവഹാരം എന്നീ മേഖലകളിൽ പ്രശസ്തനായിരുന്നു. മാധവൻ രണ്ടാമത്തെ സന്താനമായിരുന്നു. ഒരു ജ്യേഷ്ഠത്തി (നാരായണി) കൌമാര പ്രായത്തിൽ തന്നെ അസുഖം മൂലം മരിച്ചുപോയി. അനിയൻ ടി.കെ പത്മനാഭൻ അദ്ധ്യാപകനായിത്തീർന്നു.[1]

ബാല്യത്തിൽ നങ്ങ്യാർകുളങ്ങരയുള്ള പിതൃഗൃഹമായ ചീവച്ചേരിയിലാണ് വളർന്നത്. അതിനടുത്തുള്ള കുടിപ്പള്ളിക്കൂടത്തിലെ നരിയിഞ്ചിൽ ആശാനാണ് മാധവനെ നിലത്തെഴുത്ത്, എഞ്ചുവടി തുടങ്ങിയവ പഠിപ്പിച്ചത്. ആറു വയസ്സു വരെ അദ്ദേഹം ഈ ആശാന്റെ കീഴിൽ വിദ്യ അഭ്യസിച്ചു. ഉയർന്ന ജാതിയിൽ പെട്ട ആശാന് മാധവൻ അന്ന് തൊട്ടുകുടാത്തവൻ ആയിരുന്നു. ശിക്ഷിക്കാനായി വടികൊണ്ടടിച്ചാൽ തൊടാതെ ഏറിഞ്ഞടിക്കുകയായിരുന്നു പതിവ്. [1] ഒരിക്കൽ ആശാൻ തന്നെ ആവശ്യമില്ലാതെ ശിക്ഷിച്ചപ്പോൾ ആശാന്റ്റെ ഏഴുത്ത് അങ്ങ് എടുത്തോ എന്റെ എഴുത്ത് ഇങ്ങു തന്നേക്കൂ എന്ന് ബാല്യ സഹജമായ വൈരാഗ്യത്തോടു കൂടി അദ്ദേഹം തർക്കുത്തരം പറഞ്ഞു എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം പിന്നീട് ഒന്നര കിലോമീറ്റർ അകലെയുള്ള നസ്രാണി ആശാനായ കരിപ്പുഴ ആശാൻ നടത്തിയിരുന്ന പള്ളിക്കൂടത്തിൽ ചേർന്നു. ഈ പള്ളിക്കൂടത്തിലേയ്ക്ക് പോകുന്ന വഴിക്ക് നായർ വിഭാഗത്തിൽ പെട്ടവരെ കാണാനിടയായാൽ വഴിമാറി നടക്കേണ്ടതുണ്ടായിരുന്നു. അറിയാതെ അവരുടെ മുന്നിൽ പെട്ടാൽ അവർ ശിക്ഷിക്കുമായിരുന്നു. എന്നാൽ കരിപ്പുഴ ആശാനും അദ്ദേഹത്തെ എറിഞ്ഞടിക്കുന്നത് അദ്ദേഹത്തിന് മനസ്സിന് വിഷമമുണ്ടാക്കിയിരുന്നു. ഏതാണ് ഒരു വർഷത്തോളം അവിടെ പഠിച്ചശേഷം അദ്ദേഹം മാവേലിക്കര ഈരേഴക്കാരൻ കൊച്ചുകുഞ്ഞാശാൻ എന്ന കണിയാരുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു. പിന്നീട് നങ്ങ്യാർകുളങ്ങര കോച്ചാരിയറ്റ് പി. സുബ്രമണ്യം പിള്ള എന്ന വക്കീലിന്റെ കീഴിൽ ഇംഗ്ലീഷ് പഠിക്കുകയും ചെയ്തു. അന്ന് ഈഴവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പല പ്രതിബന്ധങ്ങളും എതിർപ്പുകളും ഉണ്ടായിരുന്നു.ഇദ്ദേഹത്തിന്റെ കീഴിൽ പഠിക്കുമ്പോഴാണ് ആദ്യമമയി ഈഴവൻ, നായർ, നസ്രാണി എന്നീ വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരുമിച്ച് ഒരു ബെഞ്ചിൽ ഇരുന്ന് ആദ്യമായി പഠിക്കുന്നത്. അദ്ധ്യപകർ കുട്ടികളെ തൊട്ടടിക്കുകയും ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന് ഒരു പ്രത്യേക അനുഭവമായിരുന്നു. ഈ കാലത്താണ് അദ്ദേഹത്തിന്റെ ആലോചനാ ശക്തിക്ക് വികാസം പ്രാപിച്ചത്. <[1]

പിന്നീട് അദ്ദേഹം കായംകുളം സർക്കാർ വിദ്യാലയത്തിൽ ചേർന്നു. അക്കാലങ്ങളിൽ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നല്ല രീതിയിൽ വികസിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ കോടതി വ്യവഹാരങ്ങൾ ചിലത് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തു കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ ഈ വിദ്യാലയങ്ങളിലെ ഉയർന്ന ജാതിക്കാരായ സഹപാഠികളിൽ നിന്നും പോകുന്ന വഴിക്കുള്ള നാട്ടുകാരിൽ നിന്നും ജാതി സംബന്ധമായി താഴ്ത്തിക്കെട്ടുന്ന തരത്തിൽ ഉള്ള പരിഹാസങ്ങൾക്കും മറ്റും മാധവനും അതേ ജാതിയിലുള്ളവർക്കും ഏൽക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ മനസ്സിന് മുറിവേൽ‍പിച്ചിരുന്നു. കായംകുളത്തുനിന്നും മൂന്നാം ഫാറം ജയിച്ചതുനുശേഷം ഉപരിപഠനത്തിനായി ടി.കെ തിരുവനന്തപുരത്ത് രാജകീയ വിദ്യാലയത്തിൽ ചേർന്നു.[1]

പഠനത്തിൽ താല്പര്യം ഏറെ ഉണ്ടായിരുന്നെങ്കിലും 17 വയസ്സുള്ളപ്പോൾ (1902) അച്ഛൻ മരിച്ചു പോയതുമൂലവും അദ്ദേഹത്തെ വളരെ നാളായി അലട്ടിയിരുന്ന കാസ രോഗം മൂർച്ഛിച്ചതിനാലും അദ്ദേഹത്തിന് ഹൈസ്കുൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.1906ൽ കാസരോഗശമനത്തിനായി അദ്ദേഹം ഒരു വർഷം ചിലവഴിച്ചു എങ്കിലും പരിപൂർണ്ണമായും ഭേധമയില്ല. 1907 ലദ്ദേഹം ദമ്പത്യത്തിൽ ഏർപ്പെട്ടു.

കുടുംബ ജീവിതം

തിരുത്തുക

ചേപ്പാട്ട് കോട്ടൂർ കയ്യാലയ്ക്കൽ നാരായണി അമ്മയായിരുന്നു ഭാര്യ. ബാല്യകാല സഖിയായിരുന്നെങ്കിലും നാരായണി തന്റെ 11-ആം വയസ്സിൽ വേറൊരു വിവാഹം കഴിച്ചിരുന്നു. ആദ്യ വിവാഹം പക്ഷേ സുഖകരമല്ലാത്തതിനാൽ അവർ ഉപേക്ഷിക്കുകയും മാധവൻ അവരെ സ്വപത്നിയായി സ്വീകരിക്കുകയും ആയിരുന്നു. ആദ്യ ഭർത്താവിൽ ശാരദ, ബാലകൃഷ്ണൻ എന്നിങ്ങനെ രണ്ട് സന്താനങ്ങൾ നാരായണിക്കുണ്ടായിരുന്നു. മാധവൻ അവരെ സ്വന്തം മക്കളെപ്പോലെയാണ് വളർത്തിയത് ബാലകൃഷണൻ പക്ഷേ അധികം താമസിയാതെ മരണമടഞ്ഞു.

സമൂഹ്യ സേവന രംഗത്ത്

തിരുത്തുക

പഠിക്കുന്ന കാലത്തേ മാധവൻ മികച്ച പ്രസംഗകനെന്ന് പേരെടുത്തിരുന്നു. ഈ കഴിവ് അദ്ദേഹം പത്രങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതിനും ഉണ്ടയിരുന്നു. അക്കാലത്ത് ‘ന്യൂ ഇൻഡ്യ’, ‘കേരള കൗമുദി’, ‘മലയാള മനോരമ‘ തുടങ്ങിയ വർത്തമാന പത്രങ്ങളിലും ‘ഭാഷാപോഷിണി‘, ‘മംഗളോദയം‘ മുതലായ മാസികകളിലും അദ്ദേഹം ധാരാളം ലേഖനങ്ങൾ എഴുതിയിരുന്നു. അവയിൽ ചിലത് പത്രാധിപന്മാരുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1911-ല് ശിവഗിരിയില്ല് വച്ച് നടത്തപ്പെട്ട ശാരാദാ പ്രതിഷ്ഠയിൽ അദ്ദേഹം പങ്കെടുത്തു. 1913 ല് 11-ആം ശ്രീമൂലം പ്രജാസഭ സമ്മേളിച്ചു. അന്നത്തെ ഈഴവ പ്രതിനിധിയായിരുന്ന് ആലുമ്മൂട്ടിൽ ഗോവിന്ദ ദാസിനു വേണ്ടി നിവേധനം തയ്യാറാക്കി നൽകിയത് മാധവനായിരുന്നു. അടുത്ത വർഷം ശ്രീ നാരായണഗുരു ആലുവയിലെ സംസ്കൃത പഠനശാല ആരംഭിക്കുന്നതിനായി പണം സംഭരീക്കാൻ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രസംഗകനും മാധവനായിരുന്നു. ഇക്കാലത്താണ് സമുദായത്തിനായി ഒരു പത്രം തുടങ്ങണമെന്ന ആവശ്യം അദ്ദേഹത്തിന് തോന്നിത്തുടങ്ങിയത്.

പശ്ചാത്തലം

തിരുത്തുക

അയിത്തം, തീണ്ടൽ എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിലാണ് മാധവൻ സമൂഹപരിഷ്കരണത്തിനിറങ്ങിയത്. നമ്പൂതിരി, ക്ഷത്രിയർ, നായന്മാരും നസ്രാണികളും, ഈഴവന്മാർ, പുലയർ, പാണർ തുടങ്ങിയവർ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വച്ചു പുലർത്തിയിരുന്നു. തീണ്ടൽ എന്ന ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയായാൽ കീഴ്ജാതിക്കാരെ മർദ്ദിക്കാനും ശിക്ക്ഷിക്കാനും മേൽജാതിക്കാര്ക്ക് അവകാശമുണ്ടായിരുന്നു. ചില വഴികളിൽ ഈഴവന്മാർക്ക് പ്രവേശിക്കാമയിരുന്നെങ്കിലും അതിൽ താഴെയുള്ളവർക്ക് നിഷിദ്ധമായിരുന്നു. ഇത്തരം വഴികളിലാകട്ടേ സവർണ്ണരായവർ പോകുമ്പോൾ വഴിമാറിക്കൊടുക്കേണ്ടതായും വന്നിരുന്നു. സവർണ്ണ ക്ഷേത്രങ്ങൾക്കു മുന്നിലൂടെയ്ള്ള വീഥികളിലാകട്ടേ ഈഴവരേയും വിലക്കിയിരുന്നു. തീണ്ടിക്കുളി എന്നൊരാചാരവും ഉണ്ടായിരുന്നു. പുറത്തു പോയി തിർകെ വീട്ടിൽ പ്രവേശിക്കുന്നതിനു മുൻപ് കുളിച്ചിരിക്കണം എന്നും താഴ്ജാതിയിൽ പെട്ടവരെ നിശ്ശ്ചിത ദൂരത്തിനടുത്തായി കണ്ടാലും കുളിക്കുന്നത് നിർബന്ധമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനു മുൻപും കുളിച്ചിരിക്കണം.

ദേശാഭിമാനി

തിരുത്തുക

ദേശാഭിമാനി ആരംഭിച്ചത് മാധവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളിൽ ഒന്നാണ്. 29ആമത്തെ വയസ്സിലാണ അദ്ദേഹം ഈ പത്രം ആരംഭിക്കുന്നത്. അക്കാലത്ത് ഈഴവരുടേതായി പത്രങ്ങൾ ഒന്നു നിലവിലില്ലായിരുന്നു. ‘സുജനാനന്ദി’, കേരള സന്ദേശം, കേരള കൗമുദി എന്നീ പേരുകളിൽ പത്രങ്ങൾ മുൻപു തന്നെ ആരംഭിച്ചിരുന്നു എങ്കിലും അതെല്ലാം താമസിയാതെ പ്രസിദ്ധീകരണം നിലച്ച് കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. പൊതുജനസേവനാപരമായ തന്റെ ആദർശങ്ങളേയും ഈഴവ സമുദായത്തിന്റെ ശക്തിയേയും വിളിച്ചറിയിക്കാനുള്ള ഒരു ഉപാധിയായി മാധവൻ പത്രത്തെ കണ്ടിരുന്നു. 1914ലാണ് ദേശാഭിമാനി തുടങ്ങിയത്. പത്രത്തിന്റെ മാനേജർ പദവി മുതൽ പ്രചാരകൻ, വിതരണക്കാരൻ എന്നിങ്ങനെ മിക്ക മേഖലയിലും അദ്ദേഹം പ്രവർത്തിച്ചു. താമസിയാതെ പത്രത്തിന് നല്ല പ്രചാരം ലഭിച്ചു. പത്രങ്ങളിലൂടെ അദ്ദേഹം ലോക വിവരങ്ങൾ അപ്പപ്പോൾ നാട്ടുകാർക്കിടയിൽ എത്തിച്ചു. സമുദായ സമത്വത്തിന്റെ വിത്തുകൾ ജനങ്ങളുടെ മനസ്സിൽ പാകാനും അതിന്റെ ആവശ്യകതയും താഴ്ന്ന ജാതികാരുടെ അവകാശങ്ങളെ പറ്റിയും അദ്ദേഹം ലേഖനങ്ങൾ വഴി അദ്ദേഹം ശ്രമിച്കുകൊണ്ടിരുന്നു. എന്നാൽ ഇടയ്ക്ക് കുറക്കാലം ദേശാഭിമാനി പ്രസിദ്ധീകരണം നിർത്തിവച്ചെങ്കിലും മാധവൻ പത്രാധിപനാകുകയും വീണ്ടും പത്രം ആരംഭിക്കുകയും ചെയ്തു.[1]

പൗരസമത്വവാദം

തിരുത്തുക

ആരംഭകാലത്തിലെ പൊറ്റു പ്രവർത്തനത്തിൽ അദ്ദേഹം ഊന്നൽ കൊടുത്തത് പൗര സമത്വ വാദത്തിനായിരുന്നു. തിരുവിതാംകൂറിലെ ആകെയുള്ള ജനസംഖ്യയുടെ വലിയ ഭൂരിപക്ഷമായ ഈഴവർക്ക് (26 ലക്ഷം അന്ന്) പ്രാഥമിക പൗരാവകാശങ്ങൾ അനുവദിച്ചു കിട്ടുന്നതിനായിരുന്നു പൗര സമത്വവാദം ആരംഭിച്ചത്.പൊതു നിരത്തുകൾ, വിദ്യാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജാതിമതഭേദമന്യേ സകലർക്കും പ്രവേശനം നൽകേണ്ടതാണെന്നുള്ള തത്ത്വം സർക്കാർ അംഗീകരിച്ചിരുന്നെങ്കിലും ഈഴവർ തുടങ്ങിയവർക്ക് പലകാരനങ്ങളാൽ ഇവിടങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഇതിന് ക്ഷേത്ര സാമീപ്യം ആണ് ഒരു കാരണമായി സർക്കാർ പറഞ്ഞിരുന്നത്. തൃശ്ശൂർ പൂരം സംബന്ധിച്ച് ഈഴവരെ വീടുകളിൽ നിന്നും ഒഴിപ്പിച്ചു, തൃപ്പൂണിത്തുറ സർക്കാർ വിദ്യാലയത്തിൽ തിരുവിതാം കൂർ രാജകുമാരൻ ചേർന്നപ്പോൾ അവിടെയുണ്ടായിരുന്ന സകല ഈഴവ വിദ്യാർത്ഥികളേയും പറഞ്ഞു വിട്ടു. ഈഴവ പ്രമുഖരെ അകാരണമായി പോലീസിനെ ഉപയോഗിച്ച് മർദ്ദിക്കുക തുടങ്ങിയ് അനീതികൾക്കെതിരെ മാധവന്റെ ദേശാഭിമാനി ശക്തിയുക്തം പ്രതിഷേധിച്ചു.[1]

ശ്രീമൂലം പ്രജാസഭ

തിരുത്തുക

അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായത് ശ്രിമൂലം പ്രജാ സഭയിൽ അംഗമാകാൻ കഴിഞ്ഞതാണ്. 1903-ൽ സ്ഥാപിക്കപ്പെട്ട ശ്രീമൂലം പ്രജാസഭ തിരുവിതാംകൂർ രാജ്യസഭയായിരുന്നു. ഇതിൽ ഈഴവർ, പറയർ, പുലയർ തുടങ്ങി പിന്നോക്ക ജാതിക്കാരിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തെ സഭയിൽ ഈഴവ പ്രതിനിധി അംഗമായി തിർഞ്ഞെടുക്കപ്പെട്ടു.‍ 1917, 18 വർഷങ്ങളിൽ അദ്ദേഹം അംഗമായിരുന്നു. വിഭിന്ന സമുദായങ്ങൾ തമ്മിലുള്ള സമ്പർക്കവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിന്നിരുന്നു. ഈ ഘട്ടങ്ങളിൽ അദ്ദേഹം പൗരസമത്വത്തിനായി ശക്തിയായി സഭയിൽ വാദിച്ചിരുന്നു.

ക്ഷേത്രപ്രവേശനവാദം

തിരുത്തുക

ക്ഷേത്ര പ്രവേശന വാദത്തിന്റെ ജനയിതാവ് എന്ന നിലയിലാണ് ടി.കെ, മാധവന് കേരള ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനം ലഭിച്ചത്. പൗര സമത്വത്തിന് വിലങ്ങു തടിയായിരുന്ന തീണ്ടൽ, തൊടീൽ എന്നീ സാമൂഹിക ദുരാചാരങ്ങളെ ഹിന്ദു മതത്തിൽ നിന്ന് തന്നെ നിഷ്കാസനം ചെയ്യാനാണ് അദ്ദേഹം ക്ഷേത്രപ്രവേശന വാദം ഉയർത്തിപ്പിടിച്ചത്. ഇതിനനുകൂലമായ പരിതിസ്ഥിതികൾ 1916 ഓടെ കേരളത്തിൽ ഉടലെടുത്തിരുന്നു. അദ്ദേഹം ഇതിന് മുന്നോടിയായി ‘ക്ഷേത്രപ്രവേശനം’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതിൽ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.[2] 1916ല് കൊൽക്കത്ത യിൽ വച്ച് ആനി ബസൻറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ 32-മത് ഭാരത മാഹാ സഭാ സമ്മേളനത്തിൽ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ആദ്യമായി ഒരു പ്രമേയം പാസ്സാക്കപ്പെട്ടു. ഇതിനു പിന്നിൽ മാധവന്റെ നിരന്തര പരിശ്രമമം ഉണ്ടയിരുന്നു. ഇതേ തുടർന്ന് അടുത്ത വർഷം മുംബൈ യിൽ വച്ച് അവിടത്തെ മഹാരാജാവിന്റെ സഭയിലും പ്രമേയങ്ങൾ പാസാക്കപ്പെട്ടു. എന്നാൽ അന്ന് ദിവാനായിരുന്ന ടി. രാഘവയ്യാ ഇതിന് പ്രതികൂലമായ നിലപാടാണ് ഏടുത്തിരുന്നത്. അദ്ദേഹത്തിന്റെ ഇടപെടൽ മൂലം മാധവന് ശ്രീമുലം പ്രജാ സഭയിൽ രണ്ടു വർഷത്തിലധികം തുടരാനായില്ല.[1]

ഗാന്ധിയുമായി

തിരുത്തുക

1921ല് മഹാത്മാ ഗാന്ധി തിരുനെൽവേലിയിൽ എത്തിയപ്പോൾ മാധവൻ അദ്ദേഹത്തെ കണ്ട് ഈഴവരുടെ അവകാശവാദത്തെക്കുറിച്ച് അറിയിച്ചു. മഹാത്മാഗാന്ധി കേരളം സന്ദർശിക്കാനും അന്നു മുതൽ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ നിലപാട് എടുക്കാനും കാരണം ഒരു പക്ഷേ ഈ കൂടിക്കാഴ്ച ആയിരുന്നിരിക്കണം

പ്രസംഗിക്കുന്നതിൽ മിടുക്കനായിരുന്ന മാധവൻ വൈക്കം സത്യാഗ്രഹത്തിന്റെ സൂത്രധാരന്മാരിൽ പ്രധാനിയായിരുന്നു. 1923ൽ കാക്കിനാടയിൽ സമ്മേളിച്ച കോൺഗ്രസ്സിൽ സംബന്ധിച്ചു.[2] അദ്ധ്യക്ഷത വഹിച്ച മൗലാനാ മുഹമ്മദ് അലി, സി.ആർ. ദാ‍സ് , സി. രാജഗോപാലാചാരി തുടങ്ങിയ പ്രമുഖന്മാരുമായി കേരളത്തിലെ അയിത്തത്തെക്കുറിച്ച് സംസാരിച്ചു. അതിനു മുൻപ് തന്നെ ഗാന്ധിജിയുമായി പരിചയപ്പെട്ടിരുന്നു. 1924ൽ കൂടിയ ബൽഗാം കോൺഗ്രസ്സിലും മാധവൻ സംബന്ധിക്കുകയുണ്ടായി. മഹാത്മാഗാന്ധിയായിരുന്നു യോഗാദ്ധ്യക്ഷൻ. ഈ സമ്മേളനത്തിൽ വൈക്കം സത്യാഗ്രഹത്തെ പറ്റിയുള്ള പ്രമേയം ഗാന്ധിജിയാണ് അവതരിപ്പിച്ച് പാസ്സാക്കിയത്. അദ്ദേഹം മികച്ച സംഘാടകനായിരുന്നു. 1918-20 കാലഘട്ടത്തിൽ തിരുവിതാംകൂർ പ്രജാസഭാമെംബറായി പ്രവർത്തിച്ചു. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് 1924 മാർച്ച് 30 ന് പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു അറസ്റ്റ് വരിച്ചു.[3],[4] 1925 ലെ കാൺപൂർ കോൺഗ്രസ്സിലും സംബന്ധിച്ചു. നായരീഴവ രാഷ്ട്രീയ സഖ്യത്തിന്റെ പ്രതീകമായി കരുതപ്പെട്ടു. അമ്പലപ്പുഴ ക്ഷേത്രം അവർണ്ണർക്കായി തുറന്നു കൊടുത്തതിനു പിന്നിലും ടി.കെ. മാധവൻ ഉണ്ടായിരുന്നു.[5]

ഈഴവ മെമ്മോറിയൽ

തിരുത്തുക

1927ൽ എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയാ‍യി സംഘടന കെട്ടിപ്പടുക്കുന്നതിൽ മുഴുകി. പുതുതായി ഒരു ലക്ഷം അംഗങ്ങളെ ചേർക്കാൻ മാധവന് കഴിഞ്ഞു. അദ്ദേഹത്തെക്കുറിച്ച് മഹാകവി കുമാരനാശാൻ ഇപ്രകാരം പാടി:

കാസരോഗം പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്തും ടി.കെ. മാധവൻ സംഘടനാ പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. സെക്രട്ടറിയായതിനുശേഷം അദ്ദേഹം ഒരു കൊല്ലം കൊണ്ട് അൻപതിനായിത്തിൽ പരാ അംഗങ്ങളെ പുതുതായി എസ്.എൻ.ഡി.പി. യിലേക്ക് ചേർത്തു. 255 ശാഖായൊഗങ്ങളും 10 യൂണിയനും അദ്ദേഹം സംഘടിപ്പിച്ചു. ഈഴവമെമ്മോറിയൽ എന്ന പേരിൽ ഇർവിൻ പ്രഭുവിന് സമർപ്പിക്കാനുദ്ദേശിച്ച് തയ്യാറാക്കിയ ഒപ്പ് ശേഖരണവും ഇക്കാലാത്ത് അദ്ദേഹം ചെയ്തു പോന്നു. മന്നത്തു പത്മനാഭനുമായി സഹകരിച്ച് ക്ഷേത്രപ്രവേശന്ന സം‍രംഭത്തിലും അദ്ദേഹം പങ്ക് ചേർന്നു.

ഇതിനിടെ അദ്ദേഹത്തിന്‌ ഹൃദ്രോഗവും ബാധിച്ചിരുന്നൂ. പിന്നീട് പനിയും അതിസാരവും ബാധിച്ചു. എന്നാൽ രോഗത്തെയും അവഗണിച്ചുകൊണ്ട് അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിലും മറ്റും മുഴുകി.

1930 ഏപ്രിൽ 27 ന്‌ വെളുപ്പിന് 4:55 ന്‌ അദ്ദേഹം അന്തരിച്ചു.മരിക്കുമ്പോൾ അദ്ദേഹത്തിന് 44 വയസ്സേ ഉണ്ടായിരുന്നുള്ളു. നിരാവധി നേതാക്ന്മാർ അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തു. അനുശോചനമറിയിച്ച പ്രമുഖരിൽ പണ്ഡിറ്റ് മോത്തിലാൽ നെഹ്റു, മദൻ മോഹൻ മാളവ്യ , എം. കൃഷ്ണൻ നായർ എന്നിവരൂം ഉൾപ്പെടുന്നു.

സർദാർ കെ.എം. പണിക്കർ:

  • ഡോ. പല്പുവിന്റെ ജീവചരിത്രം
  • ഹരിദാസി (വിവർത്തനം) : 'ക്ഷേത്രപ്രവേശന വിളംബരം അവർണർക്കു നേടിക്കൊടുത്ത സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച കൃതി. '
  • ക്ഷേത്രപ്രവേശനം
  • എന്റെ ജയിൽ വാസം (അപൂർണ്ണം)

സ്മാരകങ്ങൾ

തിരുത്തുക

ആലപ്പുഴയിലെ നങ്യാർകുളങ്ങര അദ്ദേഹത്തിന്റെ സ്മാരകമായി ടി.കെ. മാധവൻ സ്മാരക കലാലയം സ്ഥിതിചെയ്യുന്നു.[6]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 പി.കെ., മാധവൻ. എൻ.കെ. ദാമോദരൻ (ed.). ടി.കെ. മാധവന്റെ ജീവചരിത്രം (1986 ed.). കോട്ടയം: ഡി.സി. ബുക്സ്. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  2. [ http://www.keralahistory.ac.in/radicalpolitical.htm Archived 2003-03-18 at the Wayback Machine. കേരള ചരിത്രത്തെ പറ്റിയുള്ള സർക്കാർ വെബ്സൈറ്റ്. കാക്കിനഡ കോൺഗ്രസ്സിനെ കുറിച്ച് കാണാം. ശേഖരിച്ച തിയ്യതി 2007 മാർച്ച് 09]
  3. "ദ ഹിന്ദു ദിനപത്രത്തിൽ വി. കൃഷ്ണ ആനന്ദ് എഴുതിയ 'Vaikom revisited' എന്ന ലേഖനം. ശേഖരിച്ച തിയ്യതി 2007 മാർച്ച് 09". Archived from the original on 2004-09-24. Retrieved 2007-03-09.
  4. 1925 പെരുന്ന കെ.എൻ. നായർ പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ ഒഫ് ഇന്ത്യയിൽ എഴുതിയ ലേഖനം ശേഖരിച്ച തിയ്യതി 2007 മാർച്ച് 09
  5. "ആലപ്പുഴയെപ്പറ്റിയുള്ള ലേഖനം. ശേഖരിച്ച തിയ്യതി 2007 മാർച്ച് 09". Archived from the original on 2007-10-19. Retrieved 2007-03-09.
  6. http://kerala.gov.in/dept_collegiate/list.htm Archived 2009-05-23 at the Wayback Machine. കലാലയ പഠന വകുപ്പ്-കേരള സർക്കാറിന്റെ വെബ്‌സൈറ്റ്

കുറിപ്പുകൾ

തിരുത്തുക
  • ^ തൊട്ടുകൂടാത്തതിനാലാണ് എറിഞ്ഞടിക്കുന്നത്. ഒരിക്കൽ മാധവൻ ആശാന്റെ ആജ്ഞയെ ധിക്കരിച്ചതിന് അദ്ദേഹത്തെ ശിക്ഷിച്ചപ്പോൾ വടി എറിഞ്ഞടിക്കുകയായിരുന്നു. എന്നാൽ മറ്റൊരു കൂട്ടുകാരനായ ഗോവിന്ദനെ തൊട്ട് കൊണ്ട് അടിക്കുകയും ഉണ്ടായി. ഇത് എന്തുകൊണ്ടാണ് എന്ന ചിന്തക്ക് പക്ഷപാതപരമാണെന്നാണ് അന്ന് മാധവൻ വിചാരിച്ചിരുന്നത്. ഇതാണ് ജാതി നിമിത്തമുള്ള അസമത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യ സമരണ എന്നാണ് അദ്ദേഹം പറയുന്നത്.
  • ^ 'ക്ഷേത്ര പ്രവേശനം’ എന്ന പുസ്തകത്തിൽ നിന്ന്: ക്ഷേത്ര പ്രവേശന വാദം അവർണ ഹിന്ദുക്കളെന്നു പറയപ്പെടുന്നവർക്കു പൊതു ക്ഷേത്രങ്ങളിൽ പ്രവേശിച്ച് ഈശ്വരാരാധന നടത്താനുള്ള അവകാശം സമ്പാദിക്കുവാൻ മാത്രമുള്ള ഒരു അവകാശവാദമാണേന്ന് പലരും ധരിച്ചിട്ടുള്ളതെന്ന് തോന്നുന്നു. എന്നാൽ അതു മാത്രമല്ല അതിന്റെ ഉദ്ദേശ്യം. ക്ഷേത്രപ്രവേശനവാദം ധാർമ്മികമായ ഒരു അവകാശവാദമാകുന്നു, അതിനു മതപ്രമായൌം സമുദായപരമായൌം രാഷ്ട്രീയമായും ഒരോ വശങ്ങൾ ഉണ്ട്. ഹിന്ദുമത പരിഷ്കരണവുമ്മ് സമുദായ പരിഷ്കരണവും അതിന്റെ ഉദ്ദേശ്യങ്ങളിൽ പെടും...
"https://ml.wikipedia.org/w/index.php?title=ടി.കെ._മാധവൻ&oldid=4119217" എന്ന താളിൽനിന്ന് ശേഖരിച്ചത്