ശരീരത്തിൽ കാണുന്ന കൊളാജൻ -പ്രോട്ടീൻ- ഘടന ട്രിപ്പിൾ ഹെലിക്‌സ്‌ മാതൃകയിലാണെന്ന്‌ ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ ജി.എൻ. രാമചന്ദ്രൻ (ഒക്ടോബർ 8, 1922 - ഏപ്രിൽ 7, 2001). ഗോപാലസമുദ്രം നാരായണയ്യർ രാമചന്ദ്രൻ എന്ന്‌ മുഴുവൻ പേര്‌. ഇരുപതാം നൂറ്റാണ്ടിൽ ഭാരതം കണ്ട പ്രഗല്ഭ ശാസ്‌ത്രജ്ഞരിലൊരാളായി ഇദ്ദേഹത്തെ പലരും വിലയിരുത്തുന്നു‍. അദ്ദേഹത്തിന്റെ ഇഷ്‌ടവിഷയങ്ങൾ ഭൗതികശാസ്‌ത്രം, രസതന്ത്രം, ജീവശാസ്‌ത്രം എന്നിവയായിരുന്നു. ഇവയുടെ അന്തർ വൈജാഞാനിക (Inter Disciplinary) മേഖലകളിൽ സവിശേഷശ്രദ്ധ പതിപ്പിച്ചു.

ജി.എൻ. രാമചന്ദ്രൻ
G N Ramachandran.jpg
ജനനം1922 ഒക്റ്റോബർ 8
മരണം2001 ഏപ്രിൽ 7
ദേശീയതഇന്ത്യൻ
തൊഴിൽശാസ്ത്രജ്ഞൻ
അറിയപ്പെടുന്നത്കൊളാജൻ -പ്രോട്ടീൻ- ഘടന സംബന്ധിച്ച കണ്ടെത്തൽ

ബാല്യം, വിദ്യാഭ്യാസംതിരുത്തുക

ഗണിതശാസ്‌ത്രാധ്യാപകനായ ജി.ആർ. നാരായണ അയ്യരുടെയും ലക്ഷ്‌മി അമ്മാളിന്റെയും മകനായി 1922 ഒക്‌ടോബർ എട്ടിന്‌ കൊച്ചിയിൽ ജനിച്ചു. 1939 ൽ എറണാകുളം മഹാരാജാസ്‌ കോളേജിൽ നിന്ന്‌ ഒന്നാം റാങ്കോടെ ഇന്റർമീഡിയേറ്റ്‌ പാസായശേഷം തിരുച്ചിറപ്പള്ളിയിലെ സെൻറ്‌ ജോസഫ്‌ കോളേജിൽ ബിരുദ പഠനത്തിന്‌ ചേർന്നു. 1942 ൽ ബാംഗ്ലൂരിലെ പ്രശസ്‌തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇലക്‌ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദ പഠനത്തിന്‌ ചേർന്നെങ്കിലും സർ സി.വി.രാമന്റെ താത്‌പര്യപ്രകാരം ഭൗതികശാസ്‌ത്രത്തിലേക്ക്‌ തന്നെ തിരിഞ്ഞു. താമസിയാതെ സി.വി. രാമന്റെ പ്രിയശിഷ്യന്മാരിൽ ഒരാളായി മാറാൻ രാമചന്ദ്രന്‌ കഴിഞ്ഞു. അവിടെ നടത്തിയ പഠനത്തിന്‌ മദ്രാസ്‌ സർവകലാശാലയിൽ നിന്ന്‌ എം.എസ്‌.സി ബിരുദം നേടി. തുടർന്ന്‌ സി.വി.രാമന്റെ കീഴിൽ ഗവേഷണം നടത്തി ഡോക്‌ടറേറ്റും (D.Sc) കരസ്ഥമാക്കി. 1947 മുതൽ 1949 വരെ ക്രേംബ്രിഡ്‌ജ്‌ സർവകലാശാലയിലെ കാവൻഡിഷ്‌ ലബോറട്ടറിയിൽ തുടർപഠനത്തിന്‌ സ്‌കോളർഷിപ്പോടുകൂടി തിരഞ്ഞെടുക്കപ്പെട്ടു.

ഗവേഷണംതിരുത്തുക

കാവൻഡിഷ്‌ ലബോറട്ടറിയിലെ തുടർപഠനത്തിനു രണ്ടാമത്തെ ഡോക്‌ടറേറ്റ്‌ കൂടി നേടിയ ശേഷം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസിൽ അസിസ്റ്റന്റ്‌ പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. ക്രേംബ്രിഡ്‌ജിൽ വച്ചു തന്നെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ലിനസ്‌ പോളിങ്ങുമായി സൗഹൃദത്തിലായത്‌ പിന്നീടുള്ള പഠനഗവേഷണങ്ങൾക്ക്‌ സഹായകമായി. എക്‌സ്‌റേയുടെ പ്രതിഫലനം മൂലം ഖരപദാർത്ഥങ്ങളിലുണ്ടാകുന്ന ഇലാസ്‌തികത മാറ്റത്തെ കുറിച്ചായിരുന്നു അന്നത്തെ പഠനം.

1952 ൽ മദ്രാസ്‌ സർവകലാശാല സാമ്പത്തിക-ഭരണ സ്വാതന്ത്ര്യമൊക്കെ നൽകി സി.വി.രാമനെ ഭൗതിക ശാസ്‌ത്ര വിഭാഗം മേധാവിയാകാൻ ക്ഷണിച്ചു. എന്നാൽ സി.വി.രാമൻ തനിക്ക്‌ ചേരാനാകില്ലെന്ന നിസ്സഹായത വ്യക്തമാക്കിയ ശേഷം പകരം ആളായി ഡോ.ജി.എൻ. രാമചന്ദ്രന്റെ പേര്‌ നിർദ്ദേശിച്ചു. അങ്ങനെ കേവലം 30 വയസുള്ളപ്പോൾ രാമചന്ദ്രൻ ഇന്ത്യയിലെ തലയെടുപ്പുള്ള സർവകലാശാലകളിലൊന്നിന്റെ വകുപ്പ്‌ മേധാവിയായി നിയമിക്കപ്പെട്ടു. അന്നത്തെ മദ്രാസ്‌ സർവകലാശാല വൈസ്‌ചാൻസലർ എ.ലക്‌ഷമണസ്വാമി മുതലിയാരുമായുള്ള സൗഹൃദം രാമചന്ദ്രന്റെ ഗവേഷണങ്ങൾക്കും ചിന്തകൾക്കും ഊർജമേകി. ജി.എൻ.രാമചന്ദ്രന്റെ ഗവേഷണവും ശിഷ്യസമ്പത്തും മികച്ച ജേർണലുകളിൽ പ്രത്യക്ഷമായിക്കൊണ്ടിരുന്ന ശാസ്‌ത്രപ്രബന്ധങ്ങളും മദ്രാസ്‌ സർവകലാശാലക്ക്‌ ലോകശ്രദ്ധനേടിക്കൊടുത്തു. രണ്ട്‌ അന്തർദേശീയ ശാസ്‌ത്ര സിമ്പോസിയങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സർവകലാശാലയിൽ സംഘടിപ്പിക്കപ്പെട്ടു. നോബൽ സമ്മാനിതരായ ശാസ്‌ത്രജ്ഞന്മാരടക്കമുള്ള മഹാരഥന്മാരുടെ ഒരുനിര തന്നെ ഈ സിമ്പോസിയങ്ങളെയെല്ലാം ധന്യമാക്കി. ഈ സമ്മേളനങ്ങളിലൊന്നിൽ ലിനസ്‌ പോളിങ്ങും പങ്കെടുത്തുവെന്നത്‌ എടുത്തുപറയേണ്ടതുണ്ട്‌.

1970 ൽ മദ്രാസ്‌ സർവകലാശാലയിൽ നിന്നും രാജിവച്ച്‌ താൻ വിദ്യാർത്ഥിയായും അദ്ധ്യാപകനായും തിളങ്ങിനിന്ന ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസിലേക്ക്‌ തന്നെ തിരിച്ചെത്തി. പ്രശസ്‌ത ബഹിരാകാശ ശാസ്‌ത്രജ്ഞനും സാങ്കേതികവിദഗ്‌ധനുമായ പ്രൊഫ.സതീഷ്‌ ധവാനായിരുന്നു അക്കാലത്ത്‌ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടർ. അവിടെ തന്മാത്രാ ജീവഭൗതിക (Molecular Biophysics) ന്റെ പ്രൊഫസറും വകുപ്പ്‌ തലവനുമായി ജോലി ചെയ്‌തു. അതിനു ശേഷം 1978 മുതൽ 1981 വരെ മാത്തമാറ്റിക്കൽ ഫിലോസഫിയിൽ അതേസ്ഥാപനത്തിൽ തന്നെ പ്രൊഫസറായി നിയമക്കപ്പെട്ടു. തുടർന്ന്‌ 1984 വരെ CSIR Distinguished Professor (സമുന്നതനായ പ്രൊഫസർ) ആയി സേവനമനുഷ്‌ടിച്ചു. അതിനുശേഷം INSA ആൽബർട്ട്‌ ഐൻസ്റ്റൈൻ ചെയറിൽ പ്രൊഫസറായും ജോലി നോക്കി.ഔദ്യോഗിക ജീവിതക്കാലത്തു തന്നെ ശാസ്‌ത്രലോകത്തിന്‌ നിർണായകമായ കണ്ടുപിടിത്തങ്ങളും ഇരുനൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും ജി.എൻ. രാമചന്ദ്രൻ എന്ന പ്രതിഭയിൽ നിന്നും ലഭിച്ചു.

പ്രോട്ടീൻ തന്മാത്രകളെ കുറിച്ച്‌ പഠനം നടത്തി കണ്ടുപിടിച്ച ഘടന തന്നെയാണ്‌ രാമചന്ദ്രന്റെ സ്ഥാനം ശാസ്‌ത്രലോകത്ത്‌ ഉറപ്പിച്ചത്‌. കൊളാജെന കുറിച്ച്‌ ശാസ്‌ത്രജ്ഞനായ ഗോപിനാഥം കർത്തായുമായി നടത്തിയ ഗവേഷണ പഠനങ്ങൾക്കൊടുവിൽ 1954 ആഗസ്‌ത്‌ 7 ന്‌ നേച്ചർ വാരികയിൽ കോളാജന്റെ ട്രിപ്പിൾ ഹെലിക്‌സ്‌ (മുപ്പിരിയൻ ഗോവണി) ഘടന വിശദമാക്കിക്കൊണ്ടുള്ള ലേഖനം പ്രസിദ്ധപ്പെടുത്തി. പ്രോട്ടീനെ കുറിച്ചുള്ള തുടർ പഠനങ്ങൾക്ക്‌ ഇത്‌ നിർണായക വഴിത്തിരിവായി.ഗുരു സി.വി.രാമനെ പോലെ തന്നെ ജി.എൻ. രാമചന്ദ്രനും തന്റെ എല്ലാ ഗവേഷണങ്ങളും ഭാരതത്തിൽ തന്നെയായിരുന്നു നടത്തിയത്‌. ചിക്കാഗോ സർവകലാശാലയിലടക്കം പല വിദേശ സർവകലാശാലകളിലും പ്രഭാഷണങ്ങൾ നടത്താനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ശാസ്‌ത്രനേട്ടങ്ങൾ അങ്ങനെ ലോകശ്രദ്ധയിലെത്തിക്കാൻ കഴിഞ്ഞു. 1963 ൽ ശ്രീ.വി.ശശിശേഖരനുമായി ചേർന്ന്‌ ജേർണൽ ഓഫ്‌ മോളിക്കുലാർ ബയോളജിയിൽ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തിൽ പോളിപെപ്‌റ്റൈഡ്‌ ശൃംഖലയുടെ ദ്വിമാന ചിത്രീകരണത്തിനുള്ള സങ്കേതം ജി.എൻ.രാമചന്ദ്രൻ വിശദീകരിച്ചു. ഇന്ന്‌ ബയോ കെമസ്‌ട്രി, ബയോഫിസിക്‌സ്‌, മോളിക്കുലാർ ബയോളജി, ബയോഇൻഫോർമാറ്റിക്‌സ്‌ രംഗത്ത വിദ്യാർത്ഥികളും പ്രൊഫഷണലുകളും പ്രോട്ടിന്റെ തന്മാത്രാ മാതൃക ശരിയാണോ എന്നുറപ്പു വരുത്തുവാൻ 'രാമചന്ദ്രൻസ്‌ പ്ലോട്ട്‌' ഉപയോഗിക്കുന്നു. 1971 ൽ ജി.എൻ.രാമചന്ദ്രൻ ശ്രീ.എ.വി.ലക്ഷ്‌മിനാരായണയുമായി ചേർന്ന്‌ വൈദ്യശാസ്‌ത്രരംഗത്ത്‌ ഉപയോഗിക്കുന്ന ത്രിമാനചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തി. കൺവൊലൂഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നടത്തുന്ന ത്രിമാന ചിത്രീകരണം ടോമോഗ്രാഫിക്‌ രീതിക്ക്‌ വിത്തുപാകി. പിന്നീട്‌ വൈദ്യശാസ്‌ത്ര പരിശോധനയ്‌ക്കും ശസ്‌ത്രക്രിയയ്‌ക്കും ഉപയോഗിക്കുന്ന കാറ്റ്‌ സ്‌കാൻ വികസിപ്പിച്ചെടുക്കാൻ ഇത്‌ സഹായിച്ചു.1950 മുതൽ 1957 വരെ കറന്റ്‌ സയൻസ്‌ മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്‌.

ഇന്ത്യയിലെ തന്മാത്രാ ജൈവഭൗതികത്തിന്റെ പിതാവായി കരുതപ്പെടുന്ന ജി.എൻ.രാമചന്ദ്രനെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. പ്രശസ്‌തമായ ശാന്തിസ്വരൂപ്‌ ഭട്‌നഗർ പുരസ്‌കാരം, വാട്ടുമ്മാൾ സ്‌മാരക പുരസ്‌കാരം. 1977 ൽ റോയൽ സൊസൈറ്റി അംഗത്വം എന്നിവ ഇദ്ദേഹത്തെ തേടിയെത്തി. അവസാന കാലത്ത്‌ സ്‌ട്രോക്കും പാർക്കിൻസൺസ്‌ രോഗവും ഈ ശാസ്‌ത്രാന്വേഷിയെ തളർത്തി. 2001 ഏപ്രിൽ മാസം 7-ാം തീയതി ജി. എൻ. രാമചന്ദ്രൻ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണിതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജി.എൻ._രാമചന്ദ്രൻ&oldid=3569229" എന്ന താളിൽനിന്ന് ശേഖരിച്ചത്