ചേർത്തല കാർത്ത്യായനി ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചേർത്തല നഗരഹൃദയത്തിൽ റോഡരികിലായിട്ടാണ് കാർത്ത്യായനി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ഭഗവതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയുടെ (ദുർഗ്ഗ) സൗമ്യസുന്ദരരൂപമായ "കാർത്ത്യായനിയാണ്" പ്രധാന പ്രതിഷ്ഠ.108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കൂടാതെ ശിവൻ, വിഷ്ണു, ഗണപതി, കാവുടയോൻ എന്ന പേരിലറിയപ്പെടുന്ന ശാസ്താവ്, നാഗദൈവങ്ങൾ എന്നീ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിൽ മീനമാസത്തിലെ പൂരത്തോടനുബന്ധിച്ച് നടക്കുന്ന പൂരമഹോത്സവവും പടയണികളും വളരെ വിശേഷമാണ്. ഇതുകൂടാതെ കന്നിമാസത്തിൽ നവരാത്രി, വൃശ്ചികമാസത്തിലെ തൃക്കാർത്തിക എന്നിവയും അതിവിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ചേർത്തല കാർത്ത്യായനിക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°41′10″N 76°20′30″E / 9.686°N 76.3416°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | ആലപ്പുഴ |
സ്ഥാനം: | ചേർത്തല |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ഭഗവതി |
പ്രധാന ഉത്സവങ്ങൾ: | ചേർത്തല പൂരം |
ഐതീഹ്യം
തിരുത്തുകതിരുവനന്തപുരത്തെ അനന്തപദ്മനാഭ ക്ഷേത്രത്തിൽ നിന്ന് വില്വമംഗലം സ്വാമിയാർ ഗുരുവായൂരിലേക്ക് പോകുമ്പോൾ അൽപ്പ സമയം ചേർത്തലയിൽ വിശ്രമിച്ചു. ഒരു മരച്ചുവട്ടിലായിരുന്നു അദ്ദേഹം വിശ്രമിച്ചത്. അരയന്നങ്ങൾ നീന്തുന്ന നിരവധി കുളങ്ങൾ അദ്ദേഹം കാണാനിടയായി. ഇതിനിടയിൽ ദിവ്യത്വമുള്ള ഒരു കന്യകയെ അദ്ദേഹം കാണാനിടയായി. അത് നവദുർഗ്ഗമാരിൽ ഒരാളായ കാർത്യായനിദേവി തന്നെയാണെന്ന് അദ്ദേഹം മനസ്സിൽ ഉറപ്പിച്ചു. അദ്ദേഹം ഉടൻ ഭഗവതിയെ സമീപിച്ചപ്പോൾ ആ മഹാദേവി കുളത്തിലേക്ക് എടുത്ത് ചാടി. ഇങ്ങനെ ആറ് ദിവസവും വില്വമംഗലം സ്വാമിയാരെ കണ്ടപ്പോൾ അവർ ആറ് കുളങ്ങളിലായി ചാടി ഒളിച്ചു. അങ്ങനെ ഏഴാമത്തെ ദിവസം വന്നു. ഏഴാമത്തെ കുളത്തിലേക്കും ഭഗവതി ചാടി. എന്നാൽ കുളത്തിൽ നിറയെ ചേറ് ആയിരുന്നു. ചേറിലേക്ക് താഴുന്നതിന് മുൻപെ വില്വമംഗലം പരാശക്തിയുടെ മുടിയിൽ പിടിച്ച് ഉയർത്തി. ചേറിലായ തല എന്ന അർത്ഥത്തിലാണ് ചേർത്തല എന്ന പേര് ഉണ്ടായതെന്നാണ് ഐതിഹ്യം. അസഭ്യം പറഞ്ഞാണത്രേ സ്വാമിയാർ ദേവിയെ പ്രതിഷ്ഠിച്ചത്! ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയതാണ് ഉത്സവക്കാലത്ത് ചേർത്തലയിൽ പൂരപ്പാട്ട് പാടുന്നത്.
ക്ഷേത്ര വിശേഷങ്ങൾ
തിരുത്തുകഉത്സവത്തിന് മുന്നോടിയായാണ് സാധാരണ ക്ഷേത്രങ്ങളിലെല്ലാം കൊടിയേറ്റം നടക്കാറുള്ളത്. എന്നാൽ ഉത്സവം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊടിയേറ്റം നടക്കുന്ന ഒരു ക്ഷേത്രമാണിത്.മൂന്ന് ശ്രീകോവിലുകളാണ് ഈ ക്ഷേത്രത്തിലുള്ളത്. ഭഗവതിയെ കൂടാതെ ശിവനും വിഷ്ണുവുമാണ് മറ്റ് പ്രതിഷ്ഠകൾ. ശിവനേയും വിഷ്ണുവിനേയും ഒരുമിച്ച് പ്രതിഷ്ഠിച്ചിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുമുണ്ട് ഏറെ പ്രത്യേകത. തറനിരപ്പിൽ നിന്ന് നാലടിയോളം താഴ്ചയിലാണ് കാർത്ത്യായനിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാൽ പരാശക്തി സ്വയംഭൂവായതാണെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ചതുരത്തിൽ കെട്ടിയിട്ടുള്ള കരിങ്കല്ലാണ് പ്രതിഷ്ഠാസ്ഥാനം. സരസ്വതി, ലക്ഷ്മി, പാർവതി, ഭദ്രകാളി തുടങ്ങി വിവിധ ഭാവങ്ങളിലും ആരാധിക്കാറുണ്ട്. ക്ഷേത്രത്തിലെ ഉപദേവതകളായി ഗണപതി, കാവുടയോൻ (ശാസ്താവ്), നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.
വഴിപാടുകൾ
തിരുത്തുകകോഴികളെ പറപ്പിക്കലാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഭക്തർ ഇത്തരത്തിൽ പറപ്പിക്കുന്ന കോഴികളാണ് അവയെല്ലാം. ക്ഷേത്രത്തിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ തന്നെ നൂറു കണക്കിന് കോഴികളെ കാണാം. ക്ഷേത്രാങ്കണത്തിൽ നിറയെ കോഴികളായിരിക്കും. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തടിവഴിപാട്. അരിപ്പൊടി, തേൻ, പഴം, മുന്തിരിങ്ങ, കൽക്കണ്ടം, ചുക്കുപൊടി, ഏലക്കാപൊടി, ജീരകപ്പൊടി എന്നിവ ചേർത്താണ് ഇത് നിർമ്മിക്കുന്നത്. തുടർന്ന് കുഴൽരൂപത്തിൽ ചുരുട്ടിയെടുത്ത പാളയിൽ ഈ മിശ്രിതം നിറയ്ക്കുന്നു. തുടർന്ന് മണ്ണിൽ കുഴിച്ചിട്ട് മീതെ തീയിട്ട് ചുട്ടെടുക്കുകായാണ്. രോഗം മാറാൻ നിരവധിപ്പേരാണ് ഈ വഴിപാട് നേരുന്നത്.
ഉത്സവം
തിരുത്തുകമീനമാസത്തിലെ മകയിരം നാളിലാണ് ഇവിടെ കൊടിയേറ്റം നടക്കുന്നത്. ഏഴ് ദിവസവും ആറാട്ട് നടക്കും. പൂയം നാളിലെ സരസ്വതി പടയണി, ആയില്യം, മകം, പൂരം തുടങ്ങിയ നാളുകളിലെ പടയണികൾ എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് ചടങ്ങുകൾ. പൂരം നാളിലാണ് പ്രധാന ഉത്സവം.
ദർശന സമയം
തിരുത്തുക- രാവിലെ 5 AM മുതൽ ഉച്ചക്ക് 12 PM വരെ
- വൈകുന്നേരം 5 PM വരെ രാത്രി 8 PM വരെ