ലാ ഗ്രാൻ സബാന (സ്പാനിഷ് ഉച്ചാരണം: [la ɣɾan saˈβana], ഇംഗ്ലീഷ്: ദി ഗ്രേറ്റ് സവന്ന) ഗയാന സവേന പരിസ്ഥിതി മണ്ഡലത്തിന്റെ ഭാഗമായ തെക്കുകിഴക്കൻ വെനിസ്വേലയിലെ ഒരു പ്രദേശമാണ്.

ഇത് ഗയാന മലമ്പ്രദേശങ്ങളിലേക്കും തെക്കു കിഴക്ക് ബൊളിവർ സംസ്ഥാനത്തേയ്ക്കും വ്യാപിച്ച് ബ്രസീലിന്റേയും ഗയാനയുടേയും അതിർത്തികളിലേയ്ക്കുകൂടി വ്യാപിച്ചുകിടക്കുന്നു.[1] 10,820 ചതുരശ്ര കിലോമീറ്റർ (4,180 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഗ്രാൻ സബാന ഭൂപ്രദേശം, വെനിസ്വേലയിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനമായ കനൈമ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. പരിമ ടാപ്പിറാപെകോ ദേശീയോദ്യാനം മാത്രമാണ് കനൈമ ദേശീയോദ്യാനത്തേക്കാൾ വിസ്തൃതിയുള്ളത്. ഈ പ്രദേശത്തെ ശരാശരി താപനില 20° C (68° F) ആണ്, എന്നാൽ രാത്രിയിൽ 13° C (55° F) ലേക്ക് വരെ താപനില താഴാവുന്നതോടൊപ്പം, ചില ഉയർന്ന പ്രദേശങ്ങളിൽ കാലാവസ്ഥാനുസൃതമായി താപനില അൽപ്പം കുറയാനിടയുണ്ട്.

നദികൾ, വെള്ളച്ചാട്ടങ്ങൾ, ഗരികന്ദരങ്ങൾ, ആഴമേറിയതും വിശാലവുമായ താഴ്‌വരകൾ, അസംഖ്യം വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങൾക്ക് ആതിഥ്യമൊരുക്കുന്ന അഭേദ്യവനങ്ങൾ, സാവേനകൾ, ടെപുയിസ് എന്നു പ്രാദേശികമായി അറിയപ്പെടുന്ന ടേബിൾടോപ് പർവ്വതങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ഇത് ലോകത്തിലെ തികച്ചും അസാധാരണമായ ഭൂപ്രകൃതികളിലൊന്നാണ്.

ചരിത്രം

തിരുത്തുക
 
വെനിസ്വേലയുടെയും ഗ്രാൻ സബാനയുടെയും ഭൂപടം

വെനിസ്വേലയിലെ കൊളോണിയൽ ഭരണ കാലഘട്ടത്തിൽ, ഗയാനയിലെ വിശാലമായ പ്രദേശങ്ങളുടെയും അതിലെ പ്രകൃതിവിഭവങ്ങളുടെയും വ്യാപ്തി ‘എൽ ഡൊറാഡോ’ എന്ന ഇതിഹാസത്തിന്റെ ഉത്ഭവത്തിനു കാരണമായിത്തീരുകയും ഇത് സാഹസികരുടെയും പര്യവേക്ഷകരുടെയും കുടിയേറ്റക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. സ്വർണം, രത്നങ്ങൾ, വിലയേറിയ മറ്റ് പ്രകൃതിവിഭവങ്ങൾ എന്നിവ തേടി അവർ അന്തിമമായി ഈ തീരങ്ങളിൽ എത്തിച്ചേർന്നു. അങ്ങനെ അതിവിശാലവും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതും ഇന്നേയ്ക്കുവരെ വളരെ കുറച്ച് ആളുകൾ മാത്രം കണ്ടതുമായ നിരവധി പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദേശത്തിന്റെ പര്യവേക്ഷണത്തിന് തുടക്കം കുറിക്കപ്പെട്ടു.

ദേശീയോദ്യാന രൂപീകരണം

തിരുത്തുക

തെക്കുകിഴക്കൻ ഗയാനയുടെ ജൈവശാസ്ത്രപരവും ധാതുപരവും ഭൌമശാസ്ത്രപരവുമായ സമ്പന്നതയും വൈവിധ്യവും കണക്കിലെടുത്ത് വെനിസ്വേല സർക്കാരിന് ഈ പ്രദേശത്തിന്റെ സംരക്ഷണം അത്യന്താപേക്ഷിതമായിരുന്നു. ഇക്കാരണത്താൽ 1962 ജൂൺ 12 ലെ എക്സിക്യൂട്ടീവ് ഓർഡർ നമ്പർ 770 പുറത്തിറക്കി വർഷങ്ങൾക്കുശേഷം കാനൈമ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. വെനിസ്വേലയിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനമാണിത്.

ഇപ്പോൾ 3,000,000 ഹെക്ടർ (7,400,000 ഏക്കർ) ഭൂവിസ്തൃതിയുള്ള കനൈമ ദേശീയോദ്യാനം ലോകത്തിലെ ഏറ്റവും വലിയ ആറ് ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. എന്നിരുന്നാലും, അതിന്റെ യഥാർത്ഥ വിസ്തീർണ്ണമായ 1,000,000 ഹെക്ടറിൽ (2,500,000 ഏക്കർ) ഗ്രാൻ സബാന പ്രദേശം ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു.

 
ലാ എസ്‌കലേരയ്ക്ക് ശേഷം ലാ ഗ്രാൻ സബാനയുടെ പ്രവേശന കവാടത്തിൽ ഇൻ‌പാർ‌ക്യൂസ് പോസ്റ്റർ സ്ഥാപിച്ചു

ഉയർന്ന പാരിസ്ഥിതിക പ്രാധാന്യമുള്ള നിരവധി പ്രദേശങ്ങളെ ഉൾക്കൊള്ളുന്നതിനായി 1975 ൽ ഇത് വിപുലീകരിക്കപ്പെട്ടു. കരാവോ നദീതടം, കരോനി നദിയുടെ അത്യുന്നതഭാഗം, സിയറ ഡി ലെമ, കുയൂനി നദിയുടെ ഉറവിടം, ഗ്രാൻ സബാന രൂപപ്പെടുന്ന ഉരുളൻ സമതലങ്ങൾ എന്നിവ ഈ പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ദേശീയോദ്യാനത്തിന്റെ പ്രവേശന ചിഹ്നത്തിന്റെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ നിലവിൽ ഗ്രാൻ സബാനയുടെ ഭൂപ്രദേശം 1,082,000 ഹെക്ടർ (2,670,000 ഏക്കർ) ആണ്.

നിലവിൽ, ഗ്രാൻ സബാന ഉയർന്ന പാരിസ്ഥിതിക മൂല്യമുള്ള ഒരു പ്രദേശമായി തുടരുന്നു. 1994 ൽ കനൈമ ദേശീയോദ്യാനത്തെ ലോക പൈതൃക സ്ഥലമായി യുനെസ്കോ പ്രഖ്യാപിച്ചിരുന്നു. സംരക്ഷണവും പര്യവേഷണവും പ്രോത്സാഹിപ്പിക്കുന്ന വെനിസ്വേല സർക്കാരും ഒപ്പം വെനിസ്വേലയിലെ പൊതുജനങ്ങളും ഉയർന്ന മൂല്യമുള്ള ഒരു സ്ഥലമായി ഇതിനെ കണക്കാക്കുന്നു. പ്രതിവർഷം ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ഈ പ്രദേശം സന്ദർശിക്കാറുണ്ട്. ദേശീയോദ്യാനത്തിലെ വൈവിധ്യമാർന്ന പ്രകൃതിയുടെ അത്ഭുതങ്ങൾ ആസ്വദിക്കാനും ഒപ്പം ടെപ്പൂയികളിലെ പ്രകൃതിദൃശ്യങ്ങൾ, വെള്ളച്ചാട്ടങ്ങൾ, അരുവികൾ എന്നിവയുൾപ്പെടെയുള്ള താൽപ്പര്യമുണർത്തുന്ന സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കാനും അവയിലെ സസ്യ ജന്തുജാലങ്ങളുടെ വൈവിധ്യം ആസ്വദിക്കാനും അവർക്ക് കഴിയും. ഇവിടുത്തെ സസ്യജന്തു വൈവിധ്യം ലോകമെമ്പാടുമുള്ള നിരവധി പണ്ഡിതന്മാരെയും ശാസ്ത്രജ്ഞരെയും ആകർഷിക്കുന്ന ഒന്നാണ്. വെനിസ്വേലയിൽ ആകെയുള്ളതിലെ 40 ശതമാനം ഇനങ്ങളും ഗ്രാൻ സബാനയിൽ മാത്രമാണ് കാണപ്പെടുന്നത്. അതുപോലെ ഉരഗങ്ങളുടെയും ഉഭയജീവികളുടെയും കാര്യത്തിൽ 23 ശതമാനത്തോടൊപ്പം വംശനാശഭീഷണി നേരിടുന്ന മറ്റ് അനേകം ജീവജാലങ്ങളും ഗ്രാൻ സബാനയിൽ‌ കാണപ്പെടുന്നു.

ഈ പ്രദേശത്തെ ഏറ്റവും വലിയ നഗരം സാന്താ എലീന ഡി യുറൈൻ ആണ്. വേഗത്തിൽ വളർച്ചയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ നഗരത്തിൽ 30,000 ത്തിലധികം ആളുകൾ വസിക്കുന്നു. ഈ പ്രദേശത്തെ വജ്ര ഖനനത്തിന്റെ വളർച്ചയിൽ ആകൃഷ്ടനായ ലൂക്കാസ് ഫെർണാണ്ടസ് പെന 1923 സാണ് ഇതു സ്ഥാപിച്ചത്. ഇവിടുത്തെ ശരാശരി താപനില 25 നും 28 ° C നും ഇടയിലാണ് (77 നും 82 ° F നും ഇടയിൽ). സമുദ്രനിരപ്പിൽ നിന്ന് 910 മീറ്റർ (2,990 അടി)ഉയരത്തിലുള്ള ഈ പ്രദേശം ബ്രസീലിൽ അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ (9.3 മൈൽ), സ്യൂഡാഡ് ഗയാനയിൽ നിന്ന് 615 കിലോമീറ്റർ (382 മൈൽ), കാരക്കാസിൽ നിന്ന് 1,400 കിലോമീറ്റർ (870 മൈൽ) ദൂരങ്ങളിലാണ്. ഗ്രാൻ സബാനയിലെ ആകെ ജനസംഖ്യ നിലവിൽ 48,000 ആയി കണക്കാക്കപ്പെടുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

ഈ പ്രദേശം നിരവധി കാലഘട്ടങ്ങളിലെ ഭൌമശാസ്ത്രപരമായ ഉയർച്ച, താഴ്ച്ചകൾക്ക്  വിധേയമായതോടൊപ്പം അനവസ്ഥിതമായ മണ്ണൊലിപ്പിന് വിധേയമാവുകയും ചെയ്തു. ഒടുവിൽ അവശേഷിച്ച ഭീമാകാരമായ ഒറ്റപ്പെട്ട മണൽക്കല്ലുകൾ ഈ പ്രദേശത്തെ തദ്ദേശയവാസികളുടെ ഭാഷയിൽ "ടെപുയിസ്" എന്ന് വിളിക്കുന്നു. എൽ ഡൊറാഡോയിൽ നിന്ന് സാന്താ എലീന ഡി ഉയറിനിലേക്ക് ഏകദേശം 30 കിലോമീറ്ററിൽ താഴെ മാത്രം (19 മൈൽ) ദൂരമൂള്ള റോഡ് 200 മുതൽ 1,500 മീറ്റർ വരെ (660 മുതൽ 4,920 അടി വരെ) ഉയരത്തിൽ പോകുന്നതും "ലാ എസ്കലേര" എന്ന പേരുള്ളതുമാണ്. പാറയും മണലും നിറഞ്ഞ ഈ പ്രദേശത്തെ മണ്ണിൻറെ രൂപീകരണം ഉയരങ്ങളിൽ ഒരു സവന്ന സസ്യജാലങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം ഇടതൂർന്ന വന സസ്യങ്ങൾ താഴ്ച്ചകളിലും നിബിഢ വനങ്ങൾ നദീതീരങ്ങളിലും കാണപ്പെടുന്നു.

ഹൈഡ്രോഗ്രാഫി

തിരുത്തുക

ലാ ഗ്രാൻ സബാനയും പൊതുവെ വെനസ്വേലയുടെ ബാക്കിയുള്ള ഭാഗങ്ങളും നദീശൃംഖലകളാൽ സമ്പന്നമാണ്. യുറുവാനി, അപോൺവാവോ, കുക്കനൻ, സുരുകു, ഇകാബാറു, കരുവായ്, ഉറിമാൻ, ആൻറാബെയർ നദികളാണ് പ്രധാന ഉപ നീർത്തടങ്ങളെ രൂപപ്പെടുന്നത്.

925 കിലോമീറ്റർ (575 മൈൽ) നീളവും 5,000 m3/s (180,000 cu ft/s) ന് തുല്യമായ ഒഴുക്കുമുള്ള കരോനി നദി വെനസ്വേലയുടെ പ്രധാന ജലവൈദ്യുത സ്രോതസും ഗ്രാൻ സബാനയിലെ ടെപുയികളിൽ നിന്നും പർവതങ്ങളിൽ നിന്നും (അപോൺവാവോ, യുറുവാനി, കുകെനൻ) ഒഴുകിയെത്തുന്ന നിരവധി പോഷകനദികളിൽ നിന്ന് ഉത്ഭവിക്കുന്നതുമാണ്. ഈ പ്രദേശത്തെ ഭൂരിഭാഗം നദികളിലേയും അരുവികളിലേയും ജലം ഇരുണ്ടതും ചായയുടെ നിറത്തിന് സമാനമായതുമാണ്. ലയിച്ച പോഷകങ്ങൾ നന്നേ കുറവുള്ളതും, കൂടാതെ ഹ്യൂമിക് ആസിഡുകളും ടാന്നിനുകളും കൊണ്ട് സമ്പുഷ്ടമായ ജലം അവയുടെ തനതായ സ്വഭാവഗുണമുള്ള തവിട്ട് നിറം നൽകുന്നു. വളരെ ഉയർന്ന അസിഡിറ്റിയുള്ള ജലത്തിലെ, pH മൂല്യം  3-4 വരെ എത്തുന്നു.

ചിത്രശാല

തിരുത്തുക
  1. "La Gran Sabana". Venezuela Tuya. venezuelatuya.com S.A. Retrieved 2012-09-14. La Gran Sabana (The great plain) is located inside Venezuela's biggest national park: Canaima, in the Bolivar state south. It is an unique place with views that you will not see anywhere else in the world.
"https://ml.wikipedia.org/w/index.php?title=ഗ്രാൻ_സബാന&oldid=4045766" എന്ന താളിൽനിന്ന് ശേഖരിച്ചത്