കോടിയേരി ബാലകൃഷ്ണൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

2006 മുതൽ 2011 വരെ നിലവിലിരുന്ന പന്ത്രണ്ടാം കേരള നിയമസഭയിലെ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന സി.പി.എം നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ(1953-2022) [1][2][3] മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി, കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ്, തലശേരിയിൽ നിന്നുള്ള നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ 2022 ഒക്ടോബർ ഒന്നിന് അന്തരിച്ചു.[4][5]

കോടിയേരി ബാലകൃഷ്ണൻ
കൊടിയേരി ബാലകൃഷ്ണൻ കൊല്ലത്ത് പാർട്ടി പരിപാടിയിൽ 2012
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി
ഓഫീസിൽ
ഫെബ്രുവരി 23 2015 – ഓഗസ്റ്റ് 28 2022
മുൻഗാമിപിണറായി വിജയൻ
പിൻഗാമിഎം.വി. ഗോവിന്ദൻ
പ്രതിപക്ഷ ഉപനേതാവ്, പതിമൂന്നാം കേരളനിയമസഭ, പതിനൊന്നാം കേരളനിയമസഭ
ഓഫീസിൽ
2011-2016, 2001-2006
മണ്ഡലം തലശ്ശേരി
സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി
ഓഫീസിൽ
2006-2011
മുൻഗാമിഉമ്മൻചാണ്ടി
പിൻഗാമിഉമ്മൻചാണ്ടി
മണ്ഡലം തലശ്ശേരി
വ്യക്തിഗത വിവരങ്ങൾ
ജനനം16 നവംബർ 1953
കോടിയേരി, ന്യൂ മാഹി പഞ്ചായത്ത്, തലശ്ശേരി, കണ്ണൂർ ജില്ല
മരണം1 ഒക്ടോബർ 2022(2022-10-01) (പ്രായം 68)
അപ്പോളോ ആശുപത്രി, ചെന്നൈ, തമിഴ്നാട്, ഇന്ത്യ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ജോലിപൊതു പ്രവർത്തകൻ
As of 01 ഒക്ടോബർ, 2022
ഉറവിടം: Business Standard

ജീവിതരേഖ

തിരുത്തുക

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ ന്യൂമാഹി ഗ്രാമത്തിലെ കോടിയേരിയിൽ പരേതരായ മൊട്ടേമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും ഇളയ മകനായി 1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണൻ ജനിച്ചത്. ലക്ഷ്മി, നളിനി, ജാനകി, സരോജിനി എന്നിവർ ജ്യേഷ്ഠ സഹോദരങ്ങളാണ്.[6] [7] [8]. ബി.എ ബിരുദധാരിയാണ് കോടിയേരി ബാലകൃഷ്ണൻ. കോടിയേരിയിലെ ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. [6] [8] [7] [9].

രാഷ്ട്രീയ ജീവിതം

തിരുത്തുക

മാർക്സിസ്റ്റ് പാർട്ടിയിലെ മികച്ച സംഘാടകനും നയതന്ത്രഞ്ജനുമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. മാർക്സിസ്റ്റ് പാർട്ടിയിലും ഇടത്പക്ഷ മുന്നണിയിലും ഉണ്ടാകുന്ന ഏത് പ്രതിസന്ധിയിലും മധ്യസ്ഥ റോളിലെത്തി പ്രശ്ന പരിഹാരം നടത്തുന്ന മാർക്സിസ്റ്റ് നേതാവായിരുന്നു. പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴും അല്ലാത്തേപ്പോഴും എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിയെ ബോധ്യപ്പെടുത്താൻ ഇദ്ദേഹത്തിനും കോടിയേരിയിൽ നിന്ന് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല എന്ന സൂചന പാർട്ടിക്കും ഉണ്ടായിരുന്നു. വാർത്ത മാധ്യമങ്ങളുമായുള്ള അഭിമുഖ സംഭാഷണങ്ങളെ തികഞ്ഞ നയതന്ത്രഞ്ജതയോടെ കൈകാര്യം ചെയ്തിരുന്ന മാർക്സിസ്റ്റ് നേതാവ് കൂടിയായിരുന്നു കോടിയേരി.[10]

സ്കൂൾ പഠനകാലത്ത് തന്നെ കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായിരുന്നു. തലശേരി ഒണിയൻ ഗവൺമെന്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ കെ.എസ്.എഫിന്റെ( എസ്.എഫ്.ഐ.യുടെ മുൻഗാമി) യൂണിറ്റ് സ്കൂളിൽ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയാകുന്നതും.

എം.ബാലകൃഷ്ണൻ എന്നതായിരുന്നു ആദ്യകാല പേര്. തലശേരിയിൽ നടന്ന വിദ്യാർത്ഥി സമ്മേളനത്തിൽ വച്ച് സുഹൃത്ത് സംഘാടക സമിതിക്ക് കോടിയേരി ബാലകൃഷ്ണൻ എന്ന് എഴുതി നൽകിയതിനെ തുടർന്നാണ് പിന്നീട് ആ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

1970-ൽ മാർക്സിസ്റ്റ് പാർട്ടി അംഗമായ കോടിയേരി ബാലകൃഷ്ണനെ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. മാഹിയിൽ പ്രീഡിഗ്രി വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലത്ത് തന്നെയാണ് മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ യൂണിയൻ ചെയർമാനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.എഫിന്റെ നേതൃനിരയിലേക്ക് ഉയർന്ന കോടിയേരി ബാലകൃഷ്ണൻ 1970-ൽ തിരുവനന്തപുരത്ത് വെച്ചു നടന്ന എസ്.എഫ്.ഐ.യുടെ രൂപീകരണസമ്മേളനത്തിലും പങ്കെടുത്തിരുന്നു.

1973-ൽ അദ്ദേഹം മാർക്സിസ്റ്റ് പാർട്ടിയുടെ കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. അതേ വർഷം തന്നെ എസ്.എഫ്.ഐ.യുടെ സംസ്ഥാനസെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1979 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. അദ്ദേഹം എസ്.എഫ്.ഐയുടെ സംസ്ഥാനസെക്രട്ടറി ആയിരിക്കുന്ന കാലയളവിലായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോളം മിസ (MISA) തടവുകാരനായി പതിനാറ് മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു. 1982-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തലശേരി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ കോടിയേരി 1982 മുതൽ 1987 വരെ കേരള കർഷകസംഘത്തിൻ്റെ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തലശേരിയിൽ നിന്ന് വിജയിച്ച് വീണ്ടും നിയമസഭയിലെത്തി.

1988-ൽ ആലപ്പുഴയിൽ വെച്ചു നടന്ന സിപിഐ(എം)ന്റെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അംഗമായി. 1990 മുതൽ 1995 വരെ സിപിഐ(എം)ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

1995-ൽ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിലൂടെ മാർക്സിസ്റ്റ് പാർടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലെത്തിയ കോടിയേരി ബാലകൃഷ്ണൻ 2002-ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഐ(എം) പാർടി കോൺഗ്രസിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഒരു ഇടവേളയ്ക്ക് ശേഷം 2001-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തലശേരിയിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കോടിയേരി 2006, 2011 വർഷങ്ങളിലും നിയമസഭാംഗമായിരുന്നു. 2001-ലെ പതിനൊന്നാം കേരള നിയമസഭയിൽ ആദ്യമായി പ്രതിപക്ഷ ഉപനേതാവായി നിയമിതനായി.

2006 മുതൽ 2011 വരെ വി.എസ്. അച്യുതാനന്ദൻ സർക്കാരിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായും 2011 മുതൽ 2016 വരെ നിലവിലിരുന്ന പതിമൂന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചിട്ടുണ്ട്.

2008-ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന 19-ആം പാർടി കോൺഗ്രസിലാണ് സിപിഐ(എം)ന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായത്.[11] 2015-ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ ആദ്യമായി മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ തൃശൂരിൽ വെച്ചു നടന്ന സംസ്ഥാന സമ്മേളനത്തിലും കോടിയേരി ബാലകൃഷ്ണൻ തന്നെ വീണ്ടും സെക്രട്ടറിയായി തുടർന്നു. ചികിത്സയ്ക്ക് വേണ്ടി 2020-ൽ പാർട്ടിയിൽ നിന്ന് അവധിയെടുത്ത് തിരിച്ചെത്തിയതിന് ശേഷം 2022 മാർച്ചിൽ എറണാകുളത്ത് വച്ച് നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ തുടർച്ചയായി മൂന്നാം തവണയും പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.[12]

ചീഫ് എഡിറ്ററായിരുന്ന പി.രാജീവ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കാബിനറ്റ് വകുപ്പ് മന്ത്രിയായതിനെ തുടർന്ന് 2021 മുതൽ 2022 വരെ മാർക്സിസ്റ്റ് പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.

അസുഖ ബാധിതനായതിനെ തുടർന്ന് 2020-ൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുകയും ചികിത്സ പൂർത്തിയാക്കി 2021-ൽ വീണ്ടും പാർട്ടി സെക്രട്ടറി പദമേറ്റെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കൂടിയതിനെ തുടർന്ന് 2022 ഓഗസ്റ്റ് 25 ന് പാർട്ടി സെക്രട്ടറി പദവി രാജിവച്ചു. പിന്നീട് പാർട്ടി കേന്ദ്ര കമ്മറ്റി അംഗമായിരുന്ന എം.വി. ഗോവിന്ദൻ മാസ്റ്റർ കോടിയേരിക്ക് പകരം പാർട്ടി സെക്രട്ടറി സ്ഥാനമേറ്റു.

പ്രധാന പദവികളിൽ

  • 2015-2020, 2021-2022 : മാർക്സിസ്റ്റ് പാർട്ടി, സംസ്ഥാന സെക്രട്ടറി
  • 2011-2016, 2001-2006 :കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ്
  • 2011, 2006, 2001, 1987, 1982 : നിയമസഭാംഗം, തലശ്ശേരി
  • 2008-2022 : മാർക്സിസ്റ്റ് പാർട്ടി,പൊളിറ്റ് ബ്യൂറോ അംഗം
  • 2006-2011 : സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി
  • 2002-2022 : മാർക്സിസ്റ്റ് പാർട്ടി, കേന്ദ്ര കമ്മറ്റി അംഗം
  • 1995-2022 : മാർക്സിസ്റ്റ് പാർട്ടി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
  • 1990-1995 : മാർക്സിസ്റ്റ് പാർട്ടി, കണ്ണൂർ ജില്ലാ സെക്രട്ടറി
  • 1988-2022 : മാർക്സിസ്റ്റ് പാർട്ടി, സംസ്ഥാന സമിതി അംഗം
  • 1980-1982 : ഡി.വൈ.എഫ്.ഐ, കണ്ണൂർ ജില്ലാ പ്രസിഡൻ്റ്
  • 1973-1979 : എസ്.എഫ്.ഐ, സംസ്ഥാന സെക്രട്ടറി
  • 1970 : മാർക്സിസ്റ്റ് പാർട്ടി അംഗം

സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി

തിരുത്തുക
 
കോടിയേരി ബാലകൃഷ്ണൻ

കേരള പോലീസിലും ജയിൽ വകുപ്പിലും കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തിയ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. 2010-ൽ നടന്ന ഈ പരിഷ്കരണ കാലയളവിൽ സംസ്ഥാന പോലീസ് മേധാവിയായിരുന്നത് 1975 ബാച്ച് ഐപിഎസ് ഓഫീസറായിരുന്ന ജേക്കബ് പുന്നൂസായിരുന്നു.

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് മുതൽ ജനമൈത്രി പോലീസ് സ്റ്റേഷൻ വരെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കോടിയേരി ബാലകൃഷ്ണൻ 2010 വരെ കേരള പോലീസ് ജീപ്പായ മഹീന്ദ്രയുടെ നീലക്കളർ സി.എൽ 550 എം.ഡി.ഐ മോഡൽ മാറ്റി പകരം വെള്ളക്കളറുള്ള മഹീന്ദ്ര ബൊലേറോ ജീപ്പ് കൊണ്ടുവന്നു. പിന്നീട് കേരള പോലീസിൻ്റെ ഔദ്യോഗിക വാഹനമായി വെള്ളക്കളർ മഹീന്ദ്ര ബൊലേറോ ജീപ്പ് മാറിയതും ചരിത്രമാണ്.

2010 വരെ കേരള പോലീസിലെ സിവിൽ പോലീസ് ഓഫീസർ പഴയ കോൺസ്റ്റബിൾ റാങ്ക് ഒരേ പദവിയിൽ ഇരുന്ന് സർവീസ് പൂർത്തിയാക്കി വിരമിച്ചിരുന്ന സമ്പ്രദായം എടുത്ത് കളഞ്ഞ് പകരം യോഗ്യരായവർക്ക് എല്ലാം സർവീസിൽ 15 വർഷം പൂർത്തിയാകുമ്പോൾ സീനിയർ സിവിൽ പോലീസ് ഓഫീസർ പഴയ ഹെഡ് കോൺസ്റ്റബിൾ ആയും 23 വർഷമെത്തുമ്പോൾ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറായും (എ.എസ്.ഐ) പ്രൊമോഷൻ നൽകുന്ന നിയമം കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കെ നിലവിൽ വന്നു.

ജനമൈത്രി പോലീസ് സ്റ്റേഷൻ എന്ന ആശയം നടപ്പിൽ വരുത്തി ജനങ്ങൾക്ക് പോലീസുമായി കൂടുതൽ ബന്ധമുണ്ടാക്കാൻ ശ്രമിച്ചതും കേരള പോലീസിൽ ആദ്യമായി പോലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക മൊബൈൽ കണക്ഷൻ നിലവിൽ വന്നതും എല്ലാ പോലീസ് സ്റ്റേഷനുകളിലും കമ്പ്യൂട്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇൻറർനെറ്റ് കണക്ഷൻ നിലവിൽ വന്നതും കോടിയേരിയുടെ സംഭാവനകളാണ്. ഒപ്പം തന്നെ വർധിച്ച് വരുന്ന വാഹന അപകടങ്ങൾ ഒഴിവാക്കാനും ട്രാഫിക് നിയമത്തിൻ്റെ ബോധവത്കരണത്തിനുമായി തിരക്കേറിയ പാതകളിൽ എല്ലായിടത്തും ഒരു സീബ്ര ചിഹ്നം നടപ്പിലാക്കി.

ജയിൽ വകുപ്പിൽ വിപ്ലവകരമായ മാറ്റങ്ങളാണ് 2010 മുതൽ ഉണ്ടായത്. കുറ്റവാളികളായ തടവുകാരുടെ സ്വഭാവ പരിഷ്കരണ കേന്ദ്രം എന്നതിനപ്പുറം സംസ്ഥാന സർക്കാരിന് വരുമാനം ഉണ്ടാക്കി തരുന്ന ഭക്ഷ്യ ഉത്പാദന കേന്ദ്രം കൂടിയായി സംസ്ഥാനത്തെ ജയിലുകൾ മാറി. രണ്ട് രൂപയുടെ ജയിൽ ചപ്പാത്തി കേരളത്തിൽ പുതിയ തരംഗമായി മാറിയതിനെ തുടർന്ന് ജയിലിൽ പുതിയ തൊഴിൽ സംസ്കാരം ഉടലെടുത്തു.

ജയിൽ മോചിതരായ കുറ്റവാളികൾക്ക് ഭക്ഷ്യ ഉത്പാദനം നടത്തുന്നത് വഴി സ്വന്തമായി തൊഴിലെടുത്ത് ജീവിക്കാൻ കഴിയുന്ന സാഹചര്യം പിന്നീട് നിലവിൽ ഉണ്ടായി. 2010 വരെ ജയിൽ തടവുകാരുടെ ഭക്ഷണക്രമത്തിൽ നിന്ന് ഔദ്യോഗികമായി ഗോതമ്പുണ്ട എടുത്ത് കളഞ്ഞ് ജയിലിൽ തന്നെ നിർമ്മിക്കുന്ന ചപ്പാത്തി ഉൾപ്പെടുത്തി ഓരോ ദിവസവും പുതിയ വിഭവങ്ങളുമായി ഒരു പുതിയ ജയിൽ മെനു നിലവിൽ വന്നു.

ജയിൽ വകുപ്പിലെ കാലഹരണപ്പെട്ട നിയമങ്ങൾ എല്ലാം തന്നെ ഒഴിവാക്കി ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച് സ്പെഷ്യൽ റൂൾ പരിഷ്കരിച്ചു. ഒപ്പം തന്നെ ജയിൽ വകുപ്പിൻ്റെ ആധുനികവത്കരണത്തിന് ഏറ്റവും വലിയ തുക ചെലവഴിച്ചതും കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ്.

സോളാർ പാനലും സിസിടിവിയും ആധുനിക മെറ്റൽ ഡിറ്റക്ടറും 2010-ൽ ജയിലുകളിൽ എത്തിയതോടെ 2010-ലെ പരിഷ്കരിച്ച പ്രിസൺ ആക്ട് വഴി ജയിൽ വകുപ്പിൻറെ മുഖഛായ തന്നെ മാറി. സംസ്ഥാനത്തെ രണ്ടാമത്തെ തുറന്ന ജയിലായ കാസർകോട് ജില്ലയിലെ ചീമേനി ജയിലിൻ്റെ നിർമ്മാണം അതിവേഗം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചതും കോടിയേരി ബാലകൃഷ്ണൻ്റെ കാലത്താണ്.

തടവുകാരുടെ ആധിക്യം മൂലം ജയിലുകളിൽ സ്ഥലം തികയാതെ വന്നപ്പോൾ വിയ്യൂരിൽ അതീവ സുരക്ഷാ ജയിലും കോഴിക്കോട് സ്പെഷ്യൽ ജയിലും ഹോസ്ദുർഗ്, മലമ്പുഴ, പത്തനംതിട്ട, പൂജപ്പുര എന്നിവിടങ്ങളിൽ ജില്ലാ ജയിലുകളും വിയ്യൂരിൽ സബ് ജയിലും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

കേരള പോലീസിൻ്റെ പെരുമാറ്റത്തിലും സേവന നിലവാരത്തിലും സമൂലമായ പരിഷ്കാരങ്ങൾ വരുത്തുകയും സംസ്ഥാന ആഭ്യന്തര വകുപ്പിനെ ജനകീയതയുടേയും ആധുനികവത്കരണത്തിൻ്റെയും വികസന പ്രവർത്തനങ്ങളുടേയും കേന്ദ്രമാക്കി ഉയർത്തുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു അത്.[13][14][15]

വ്യക്തി ജീവിതം

തിരുത്തുക

സിപിഐ(എം) നേതാവും തലശേരി മുൻ എംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റർ ജീവനക്കാരിയും ആയ എസ്. ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ ബിനോയ് (കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർ 1998 മുതൽ), ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.[16]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 തലശ്ശേരി നിയമസഭാമണ്ഡലം കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
2006 തലശ്ശേരി നിയമസഭാമണ്ഡലം കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്. രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 തലശ്ശേരി നിയമസഭാമണ്ഡലം കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
1987 തലശ്ശേരി നിയമസഭാമണ്ഡലം കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
1982 തലശ്ശേരി നിയമസഭാമണ്ഡലം കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.

ഏറെ കാലമായി കാൻസർ രോഗത്താൽ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം 2022 ഒക്ടോബർ 1 ന് ചെന്നൈയിലെ (തമിഴ്നാട്) അപ്പോളോ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[17][18][19]

അവലംബങ്ങൾ

തിരുത്തുക
  1. കോടിയേരി ബാലകൃഷ്ണൻ ഒന്നാം ചരമ വാർഷികദിനം
  2. കോടിയേരി വിടപറഞ്ഞിട്ട് ഒരു വർഷം[പ്രവർത്തിക്കാത്ത കണ്ണി]
  3. അനുനയവും സവിശേഷത
  4. "Kodiyeri Balakrishnan steps down, MV Govindan Master is new CPM Kerala state secretary" (in English). Archived from the original on 2022-08-29. Retrieved 29 ഓഗസ്റ്റ് 2022.{{cite news}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  5. ജീവിതരേഖ
  6. 6.0 6.1 "സമരക്കരുത്തിൽ വീണ്ടും അമരത്ത്". ദേശാഭിമാനി. കേരളം. 26 ഫെബ്രുവരി 2018. Archived from the original on 2018-02-26. Retrieved 26 ഫെബ്രുവരി 2018.
  7. 7.0 7.1 "രണ്ടാംവട്ടം എതിരില്ലാതെ കോടിയേരി". മലയാള മനോരമ. കേരളം. 26 ഫെബ്രുവരി 2018. Archived from the original on 2018-02-26. Retrieved 26 ഫെബ്രുവരി 2018.
  8. 8.0 8.1 "രണ്ടാമൂഴം". മാധ്യമം. കേരളം. 26 ഫെബ്രുവരി 2018. Archived from the original on 26 ഫെബ്രുവരി 2018. Retrieved 26 ഫെബ്രുവരി 2018.
  9. "പിണറായി പ്രചോദനമായി; അമരത്ത് ബാലകൃഷ്ണൻ". മാതൃഭൂമി. കേരളം. 26 ഫെബ്രുവരി 2018. Archived from the original on 26 ഫെബ്രുവരി 2018. Retrieved 26 ഫെബ്രുവരി 2018.
  10. മികച്ച സംഘാടകൻ പാർട്ടിയിൽ ചേർന്നത് പതിനാറാം വയസ്സിൽ
  11. "Basu, Surjeet out of CPI(M) Politburo". Retrieved 2008-04-05.
  12. പി.പി.ശശീന്ദ്രൻ (2015-02-23). "പിണറായിയിൽ നിന്ന് കോടിയേരിയിലേക്ക്‌". മാതൃഭൂമി. Archived from the original on 2015-02-23. Retrieved 2015-02-23.
  13. ഗോതമ്പുണ്ടക്ക് പകരം ജയിൽ ചപ്പാത്തി
  14. കേരള ഡിജിപി ജേക്കബ് പുന്നൂസിൻ്റെ അനുസ്മരണ കുറിപ്പ്[പ്രവർത്തിക്കാത്ത കണ്ണി]
  15. പിണറായിക്കുമിടയിലെ മധ്യസ്ഥ റോൾ
  16. രാഷ്ട്രീയ ജീവിതം
  17. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
  18. കോടിയേരി ബാലകൃഷ്ണന് വിട
  19. Remembering Kodiyeri Balakrishnan


"https://ml.wikipedia.org/w/index.php?title=കോടിയേരി_ബാലകൃഷ്ണൻ&oldid=4101934" എന്ന താളിൽനിന്ന് ശേഖരിച്ചത്