കൊട്ടാരക്കര നഗരസഭ
കൊട്ടാരക്കര | |
9°00′14″N 76°46′26″E / 9.004°N 76.774°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
ചെയർമാൻ | |
' | |
' | |
വിസ്തീർണ്ണം | 17.4ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27783 |
ജനസാന്ദ്രത | 1597/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+91 474 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം |
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ബ്ലോക്കിൽ ഉൾപ്പെടുന്ന നഗരസഭയാണ് കൊട്ടാരക്കര(ഇംഗ്ലീഷ്:Kottarakara Municipality). കൊട്ടാരക്കര താലൂക്കിന്റെ സിരാകേന്ദ്രം ഉൾപ്പെടുന്ന ഈ നഗരസഭ ഗ്രാമീണതയും നാഗരികതയും ഒരേപോലെ നിറഞ്ഞതാണ്. 1950 -ൽ തിരു-കൊച്ചി സംസ്ഥാനത്ത് നടപ്പിലാക്കിയ തിരുവിതാംകൂർ-കൊച്ചി പഞ്ചായത്ത് ആക്ട് പ്രകാരം നിലവിൽ വന്ന 548 പഞ്ചായത്തുകളിൽ ഒന്നായി കൊട്ടാരക്കര കേന്ദ്രമാക്കി കൊട്ടാരക്കര പഞ്ചായത്ത് നിലവിൽ വന്നു.[1]. 2015 ജനുവരി 14ന് കൊട്ടാരക്കര പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തി.
അതിരുകൾ
തിരുത്തുകവടക്ക് - മൈലം പഞ്ചായത്ത്.
പടിഞ്ഞാറ് - നെടുവത്തൂർ പഞ്ചായത്ത്.
തെക്ക് - ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകൾ.
കിഴക്ക് - മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകൾ.
ചരിത്രം
തിരുത്തുകചരിത്രത്തിന്റെ ഏടുകളിൽക്കൂടി കടന്നു പോകുമ്പോൾ വേണാട് രാജകുടുംബം എ.ഡി. 1345ൽ ഇളയിടത്തു സ്വരൂപം, പേരകത്താവഴി, കുന്നുമ്മേൽ ശാഖ എന്നിങ്ങനെ മൂന്ന് ശാഖകളായിരുന്നു എന്നും അവയിൽ ഇളയിടത്തു സ്വരൂപം കൊട്ടാരക്കര ആസ്ഥാനമാക്കി ഭരണം നടത്തിവന്നു എന്നും കാണുന്നു.
നിരുക്തം
തിരുത്തുകഈ പ്രദേശത്തെ കൊട്ടാരക്കര എന്നു വിളിക്കുന്നതിന്റെ പിന്നിൽ ധാരാളം അഭിപ്രായങ്ങൽ ഉണ്ട്.
കൊട്ടാരക്കര എന്ന സ്ഥലനാമം തന്നെ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ക്ഷേത്ര സമീപമുളള 12 കാൽ കൊട്ടാര മണ്ഡപത്തിൽ വച്ചായിരുന്നു കരക്കാർ തമ്മിൽ ഉത്സവ കാര്യവിചാരങ്ങൾ നടത്തിയിരുന്നത്. കിഴക്കേകരയും പടിഞ്ഞാറേകരയും ആയിരുന്നു ഈ കരകൾ. ‘കൊട്ടാര’ത്തിൽ വച്ച് ‘കര’ക്കാർ നടത്തിയ കാര്യവിചാര സഭയുടെ പ്രാധാന്യം മൂലമാണ് ഇളയിടത്തു സ്വരൂപം എന്ന പേരുമാറി ഈ സ്ഥലത്തിന് കൊട്ടാരക്കര എന്ന പേര് ലഭിച്ചതെന്ന് ഒരഭിപ്രായമുണ്ട്.
രാജാവും കരപ്രമാണികളും കൂടി ആറു കാലുകളുളള ഒരു കൊട്ടാരത്തിനുളളിലിരുന്നാണ് കാര്യവിചാരം നടത്തിയത് എന്നുളളതുകൊണ്ടായിരിക്കാം കൊട്ടാരങ്ങളുടെ സമുച്ചയമായ ഈ പ്രദേശത്തിന് (കരയ്ക്ക്) ‘കൊട്ടാരക്കര’ എന്ന സംജ്ഞാനാമം ലഭിച്ചത്.
ഉയർച്ചയിലും ഗാംഭീര്യത്തിലും വ്യത്യസ്തതയിലും വിസ്തൃതിയിലും നല്ല നിലവാരം പുലർത്തിയിരുന്ന കൊട്ടാരങ്ങളുടെ കര എന്ന അർത്ഥത്തിൽ കൊട്ടാരക്കര എന്ന നാമം ലഭിച്ചു എന്നും അഭിപ്രായമുണ്ട്.
കൊട്ടാരം അക്കരെ എന്ന് നദീ മാർഗ്ഗം വന്നിരുന്നവർ പറഞ്ഞിരുന്നു എന്നും അത് ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും പറയുന്നുണ്ട്. [2]
തിരുവിതാംകൂറിന്റെ ആധിപത്യം
തിരുത്തുക1736 -ൽ ഇളയടത്തു സ്വരൂപത്തിലെ തമ്പുരാൻ നാടുനീങ്ങി. മാർത്താണ്ഡവർമ്മ അനന്തരാവകാശിയെ സംബന്ധിച്ച് തന്റെ തർക്കങ്ങൾ അറിയിച്ചു. മർത്താണ്ഡവർമ്മയെ ഭയന്ന റാണി തെക്കംകൂറിലേയ്ക്ക് പോവുകയും അവിടെ അഭയം തേടുകയും ചെയ്തു. ഡച്ചുകാർ മാർത്താണ്ഡവർമ്മക്കെതിരായി പ്രവർത്തിക്കാനായി റാണിയുമായി സഖ്യത്തിലായി. ഡച്ചുകാരനായ വാൻ ഇംഹോഫ് റാണിക്കുവേണ്ടി മാർത്താണ്ഡവർമ്മയുമായി കൂടിക്കാഴ്ച നടത്തി അയൽരാജ്യങ്ങളുടേ അഭ്യന്തരകാര്യങ്ങളിൽ മാർത്താണ്ഡവർമ്മ ഇടപെടുന്നതിലുള്ള റാണിയുടെ എതിർപ്പ് അറിയിച്ചു. എങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ഡച്ചുകാരുമായുള്ള മാർത്താണ്ഡവർമ്മയുടെ ബന്ധം കൂടുതൽ വഷളായി. 1741-ൽ വാൻ ഇംഹോഫ്, റാണിയെ ഇളയടത്തുസ്വരൂപത്തിന്റെ അടുത്ത ഭരണാധികാരിയായി വാഴിച്ചു. ഇത് മാർത്താണ്ഡവർമ്മയെ ചൊടിപ്പിച്ചു. അദ്ദേഹം സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് ഡച്ചുകാരുടേയും റാണിയുടേയും സയുക്തസേനയെ ആക്രമിച്ചു. ആ യുദ്ധത്തിൽ ഡച്ചുകാർ പരാജയം സമ്മതിച്ചു. ഇളയടത്തു സ്വരൂപം വേണാടിന്റെ ഭാഗമായിത്തീർന്നു. സഖ്യകക്ഷികൾക്ക് വമ്പിച്ച നാശനഷ്ടങ്ങൾ നേരിട്ടു. റാണി കൊച്ചിയിലേയ്ക്ക് പാലായനം ചെയ്ത് ഡച്ചുകാരുടെ സംരക്ഷണത്തിൻ കീഴിലായി. ഡച്ചുകാർക്ക് തിരുവിതാംകൂറിലെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി.
ഭൂപ്രകൃതി
തിരുത്തുകകൊട്ടാരക്കര നഗരസഭ മലമ്പപ്രദേശത്തോടു ചേർന്ന ഒരു ഇടനാടൻ നഗരമാണ്. ഭൂരിഭാഗം പ്രദേശങ്ങളുടേയും ഉയരം 20 മീറ്ററിനും 80 മീറ്ററിനും ഇടയിലായി കാണപ്പെടുന്നു.
ഭൂപ്രകൃതി അനുസരിച്ച് നഗരസഭയെ പ്രധാനമായി 6 മേഖലകളായി തരം തിരിക്കാം.
- താഴ്വാരം
- ചെറു ചരിവുള്ള പ്രദേശം
- ഇടത്തരം ചരിവുള്ള പ്രദേശം
- മിതമായ ചരിവുള്ള പ്രദേശം
- മലമുകൾ
- കുന്നിൻ പ്രദേശങ്ങൾ
ഇവിടിത്തെ പൊക്കംകൂടിയ സ്ഥലം 100 മീറ്ററിനു മുകളിൽ സ്ഥിതി ചെയ്യുന്ന അമ്പലപ്പുറം ജംഗ്ഷനാണ്. പൊതുവെ മൂന്നുതരം മണ്ണുകളാണ് ഇവിടെ കാണപ്പെടുന്നത്. പാറ പൊടിഞ്ഞുണ്ടാകുന്ന ചരൽ കലർന്നമണ്ണ്, ലാറ്ററൈറ്റ് മണ്ണ്, എക്കൽ മണ്ണ് മുതലായവ. പാറ പൊടിഞ്ഞുണ്ടാകുന്ന മണ്ണ് റബ്ബർ കൃഷിയ്ക്ക് യോജിച്ചതായതിനാൽ ഇവ വളരെയേറെ വിസ്തൃതി ഉൾക്കൊള്ളുന്നു. നീർവാഴ്ച കൂടിയ ലാറ്ററൈറ്റ് മണ്ണ് നഗരസഭയിൽ പൊതുവായി കാണപ്പെട്ടുവരുന്നു. ഇവ കൂടുതലായും പാർപ്പിട സൗകര്യത്തിനും മിശ്രിത കൃഷിക്കുമായി ഇവിടുത്തെ ജനങ്ങൾ പ്രയോജനപ്പെടുത്തുന്നു. താഴ്വരകളിൽ കാണപ്പെടുന്ന എക്കൽമണ്ണ് കാർഷിക വിളകൾക്ക് വളക്കൂറുള്ളതും നഗരസഭയുടെ മൊത്തം വിസ്തൃതിയിൽ ഗണ്യമായ അളവിൽ കാണപ്പെടുന്നതുമാണ്.
കൊട്ടാരക്കര നഗരസഭയിലെ ഉപരിതല ജലസ്രോതസ്സുകളിലെ പ്രധാനപ്പെട്ടതായ തോടുകൾ നഗരസഭയുടെ അതിർത്തി പ്രദേശങ്ങളിൽ കൂടിയാണ് ഒഴുകുന്നത്. വടക്കുകിഴക്കു ഭാഗത്തുള്ള പുലമൺ തോടും തെക്കുഭാഗത്തുള്ള കാലായിക്കുന്ന് തോടും ആയല്ലൂർ , ചെന്തറ, പുളിവിള, കറ്റുവട്ടി തോടുകൾ ഉൾക്കൊള്ളുന്ന പടിഞ്ഞാറതിർത്തി പ്രദേശങ്ങളിൽക്കൂടി ഒഴുകുന്ന മാങ്ങാട് തോടും പ്രധാനപ്പെട്ടവയാണ്
കാലാവസ്ഥ
തിരുത്തുകതെക്കൻ ഇടനാട് കാർഷികകാലാവസ്ഥാ മേഖലയിലാണ് കൊട്ടാരക്കര നഗരസഭ സ്ഥിതി ചെയ്യുന്നത്.പ്രാദേശികമായി വലിയ വ്യത്യാസങ്ങൾ കാലാവസ്ഥയിൽ ഇവിടെ അനുഭവപ്പെടുന്നില്ല. നഗരസഭയിൽ ജൂലൈ മാസത്തിലാണ് സാധാരാണയായി കൂടുതൽ മഴ ലഭിക്കുന്നത്. കുറവ് ജനുവരി മാസത്തിലാണ്.
വിദ്യാഭ്യാസം
തിരുത്തുകക്രീയേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്.... കൊട്ടാരക്കര
സ്ഥാപനം ‘സത്രം സ്ക്കൂൾ’ എന്നറിയപ്പെടുന്ന വിദ്യാലയം ആയിരുന്നു. പിന്നീട് പാലക്കൂഴി സ്ക്കൂൾ എന്ന പേരിലറിയപ്പെടുന്ന ഇന്നത്തെ ടൌൺ യു.പി.എസും ആയി. 1894-ൽ സ്ഥാപിതമായ ഇന്നത്തെ ബി എച്ച് എസ് ആയിരുന്നു രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനം. പ്രൊഫ.. എം. കൃഷ്ണൻ നായർ, എം.കെ. കുമാരൻ , പി എസ്. ഹബീബ് മുഹമ്മദ് ഐ.എ.എസ്, സി.പി. കൊച്ചുകുഞ്ഞ് പിളള എം എൽ സി, ഡി. ദാമോധരൻ പോറ്റി, ഇ. ചന്ദ്രശേഖരൻ നായർ , നിത്യചൈതന്യയതി, എം. പി. മന്മഥൻ , ആർ. ശങ്കർ , ബാലചന്ദ്ര മേനോൻ എന്നിങ്ങനെ ജീവിച്ചിരിക്കുന്നവരും അല്ലാത്തവരും ആയ പ്രമുഖ വ്യക്തികൾ ഇവിടെ വിദ്യാഭ്യാസം ചെയ്തവരാണ്.
കൃഷി
തിരുത്തുകമുഖ്യകൃഷി നെല്ല്, തെങ്ങ്, റബ്ബർ എന്നിവയും ഇടവിളകളായി മരച്ചീനി, മറ്റു കിഴങ്ങു വർഗങ്ങൾ , വാഴ, ധാന്യങ്ങൾ എന്നിവയും കൃഷി ചെയ്തുവരുന്നു. നെൽകൃഷിക്കു പുറമേ പാടങ്ങളിൽ ഇടവിളയായി മരച്ചീനി, വാഴ, ധാന്യങ്ങൾ , പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യുന്നു.
വ്യവസായം
തിരുത്തുകഎൻജിനീയറിംഗ്, ഭക്ഷ്യധാന്യം പൊടിക്കൽ , ഫർണിച്ചർ , തീപ്പെട്ടി നിർമ്മാണം, കറിപൌഡർ , അച്ചാർ , പ്ളാസ്റ്റിക് ഉല്പന്നം, ബേക്കറി, ചുടുകട്ട, പർപ്പടകം, കുട നിർമ്മാണം, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫ്രീസർ നിർമ്മാണം എന്നിവയാണ് ഇവിടെ നിലവിലുള്ള വ്യവസായ സംരംഭങ്ങൾ. പൊതുമേഖലയിൽ കേരള ആഗ്രോ ഇൻഡസ്ട്രീസ് എന്ന ഒരു വ്യവസായ കേന്ദ്രവും പ്രവർത്തിക്കുന്നു.
ഒട്ടേറെ ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച കൊട്ടാരക്കരയിൽ ടൂറിസത്തിന് വൻസാധ്യതകളുണ്ട് പന്തീരുകുലത്തിൽ പിറന്ന പെരുന്തച്ചൻ നിർമ്മിച്ച മഹാഗണപതി ക്ഷേത്രം, കഥകളിയുടെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാൻ നാടുവാണ കൊട്ടാരക്കര പ്രദേശം, മഹാരാജാക്കന്മാരുടെ കൊട്ടാരങ്ങൾ , പ്രകൃതി രമണീയമായ മീൻപിടിപാറ എന്നീ സ്ഥലങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കത്തക്ക രീതിയിലുള്ളാതാണ്.
ഗതാഗതം
തിരുത്തുകവ്യവസായ വാണിജ്യ പ്രാധാന്യമുള്ള കൊല്ലം ചെങ്കോട്ട റോഡ് നഗരസഭയുടെ മധ്യഭാഗത്തു കൂടിയും അതിനെ ബന്ധിച്ചു കൊണ്ട് സ്റേറ്റ് ഹൈവേ നഗരസഭയുടെ കിഴക്കുഭാഗത്തു കൂടിയും കടന്നു പോകുന്നു. കൊല്ലത്തു നിന്നും ചെന്നയിലേക്കുള്ള എളുപ്പം റെയിൽ മാർഗ്ഗമാണ് ഈ പഞ്ചായത്തിൽ കൂടി പോകുന്ന തീവണ്ടിപ്പാത. തമിഴ് നാടുമായി കൊട്ടാരക്കരയ്ക്കുള്ള വ്യാപാര ബന്ധം വർഷങ്ങളുടെ പഴക്കം ഉള്ളതാണ്. കൊല്ലം കഴിഞ്ഞാൽ പ്രധാന മീറ്റർ ഗേജ് റെയിൽവേയിൽപ്പെട്ട മൂന്നാമത്തെ റെയിൽവേ സ്റേഷനായിരുന്നു കൊട്ടാരക്കര.
സാംസ്കാരികരംഗം
തിരുത്തുകവിശ്വപ്രസിദ്ധമായ കഥകളിയുടെ ജന്മഗൃഹമാണ് ഇവിടം. ചരിത്രത്താളുകളിലൂടെ കടന്നു പോകുമ്പോൾ കോഴിക്കോട് സാമൂതിരിയുടെ കൃഷ്ണനാട്ടത്തിന് പകരമായി ചമയിച്ചെടുത്ത രാമനാട്ടമെന്ന കഥാരൂപം വളർന്ന് വികസിച്ച് കേരളത്തിന്റെ തനതും അഭിമാനവുമായ വിധത്തിൽ വളർച്ച പ്രാപിച്ച കലാരൂപമാണ് നാം ഇന്നുകാണുന്ന കഥകളി.
കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിനു മുന്നിൽ ക്ഷേത്രക്കുളത്തിന്റെ കിഴക്കുവശത്തെ കുളിക്കടവിന്റ ഓരം ചേർന്ന് മണികണ്ഠനാൽത്തറ സ്ഥിതി ചെയ്യുന്നു. കൊട്ടാരക്കരയിലെ ചരിത്ര സ്മാരകങ്ങൾ വിലയിരുത്തുമ്പോൾ മറക്കാനാവാത്ത ഒന്നാണ് മൂന്നുവിളക്ക്. ചരിത്ര മുഹൂർത്തമുറങ്ങുന്ന ‘മണി’ മണികണ്ഠനാൽത്തറയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നു. ഇതിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ച മൂന്നുവിളക്ക് ഇന്നും അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു.
സംസ്കൃത പണ്ഡിതനായ പ്രൊഫ. ബാലരാമപ്പണിക്കർ , വേദബന്ധു സ്വാമി, അനശ്വര കലാകാരൻ കൊട്ടാരക്കര ശ്രീധരൻ നായർ , ആർ ശങ്കർ , കോട്ടാത്തല സുരേന്ദ്രൻ , സി.പി. കൊച്ചുകുഞ്ഞു പിള്ള വക്കീൽ എം എൽ സി., എ. ഈശ്വര പിളള വക്കീൽ എം എൽ സി., വെളിയം ദാമോദരൻ , അഡ്വ. അബ്ദുൾ മജീദ്, എൻ സി. കൊട്ടാരക്കര എന്നിവർ കൊട്ടാരക്കരയുടെ സന്തതികളായിരുന്നു. മുൻ ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി ഇ. ചന്ദ്രശേഖരൻ നായർ , ഡി. ദാമോദരൻ പോറ്റി, വെളിയം ഭാർഗ്ഗവൻ , ആർ. ബാലകൃഷ്ണപിള്ള, ബി. രാഘവൻ തുടങ്ങിയവർ രാഷ്ട്രീയ നഭോമണ്ഡലങ്ങളിൽ ഇന്നും വിലസുന്ന വ്യക്തികളാണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
ബ്ലോക്ക് | കൊട്ടാരക്കര |
വിസ്തീര്ണ്ണം | 17.4 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27783 |
പുരുഷന്മാർ | 13642 |
സ്ത്രീകൾ | 14141 |
ജനസാന്ദ്രത | 1597 |
സ്ത്രീ : പുരുഷ അനുപാതം | 1037 |
സാക്ഷരത | 91.5% |
വാർഡുകൾ
തിരുത്തുക- മുസ്ളീം സ്ട്രീറ്റ്
- ശാസ്താംമുകൾ
- ചന്തമുക്ക്
- പഴയതെരുവ്
- പുലമൺ
- കുലശേഖരനല്ലൂർ
- ഈയ്യംകുന്ന്
- പാണ്ടിവയൽ
- തോട്ടംമുക്ക്
- തൃക്കണ്ണമംഗൽ
- കടലാവിള
- അന്പലപ്പുറം
- കല്ലുവാതുക്കൽ
- കാടാംകുളം
- പടിഞ്ഞാറ്റിന്ക ര
- ഠൌൺ
- ചെന്തറ
- അവണൂർ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-21. Retrieved 2010-06-16.
- ↑ പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. കേരള സംസ്കാര ദർശനം. ജുലൈ 1990. കാഞ്ചനഗിരി ബുക്സ് കിളിമാനൂർ, കേരള