കേരളനടനം

ഒരു നൃത്ത രൂപം
(കേരള നടനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗുരു ഗോപിനാഥ് കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപമാണു് കേരളനടനം.[1][2]

കേരളനടനം
കേരളനടനം
GenreIndian classical dance
OriginKerala

കേരള നടനം

തിരുത്തുക

കേരളനടനം സർഗ്ഗാത്മക നൃത്തമാണ്‌. അതേ സമയം അതിന്റെ അടിസ്ഥാനം ശാസ്ത്രീയമാണ്. കഥകളിയെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ കഥകളി നടനമാണ് 'കേരളനടന'മായി വളർന്നത്.

ശാസ്ത്രീയമായ സർഗ്ഗാത്മക നൃത്തം, ഒരു പക്ഷേ കേരള നടനം മാത്രമായിരിക്കും. ഗുരു ഗോപിനാഥും രാഗിണി ദേവിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് ഇന്ത്യൻ നൃത്തകലയുടെ ക്ലാസ്സിക്കൽ പാരമ്പര്യത്തിൽ വേരുറച്ച്‌ നിൽക്കുന്നു.

കേരളനടനം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കലാസ്വാദകർക്ക്‌ കാണിച്ചു കൊടുത്തത്‌ ഇന്ത്യൻ നൃത്തകലയുടെ സാർവലൌകിക ഭാഷയാണ്‌. ഹൈന്ദവ പുരാണേതിഹാസങ്ങൾ മാത്രമല്ല, മനുഷ്യനെക്കുറിക്കുന്ന, സമൂഹത്തെ കുറിക്കുന്ന ഏതു വിഷയവും ഇന്ത്യൻ നൃത്തകലയ്ക്ക്‌ വഴങ്ങും എന്ന്‌ ആദ്യമായി തെളിയിച്ചത്‌ ഗുരു ഗോപിനാഥും അദ്ദേഹമുണ്ടാക്കിയ കേരള നടനവുമായിരുന്നു.

'നവകേരളം', 'ഗാന്ധിസൂക്തം', 'ചണ്ഡാലഭിക്ഷുകി', 'ചീതയും തമ്പുരാട്ടിയും', 'സിസ്റ്റർ നിവേദിത' എന്നിവ ആധുനികമായ സാമൂഹിക പ്രമേയങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത്‌. "ശ്രീയേശുനാഥ വിജയം" ബാലെ, "ദിവ്യനാദം', 'മഗ്‌ദലനമറിയം' എന്നിവയിൽ ക്രിസ്തീയ പ്രമേയങ്ങളാണ്‌ നൃത്തരൂപത്തിലാക്കിയത്‌. ഈ പരീക്ഷണങ്ങളിലൂടെ ഭാരതീയ നൃത്തകലയുടെ, മുദ്രകളുടെ അനന്തസാദ്ധ്യതകളെ ഗുരു ഗോപിനാഥ്‌ തുറന്നു കാട്ടി.

ശിഷ്യന്മാരായ ഗുരു ഗോപാലകൃഷ്ണൻ, കേശവദാസ്‌, ഡാൻസർ തങ്കപ്പൻ, ഡാൻസർ ചെല്ലപ്പൻ, ഭവാനി ചെല്ലപ്പൻ, ഗുരു ചന്ദ്രശേഖർ, പ്രൊഫ.ശങ്കരൻ കുട്ടി തുടങ്ങി ഒട്ടേറെ പേരുടെ പ്രയത്നവും കേരള നടനത്തിന്റെ വളർച്ചയ്ക്ക്‌ സഹായകമായിട്ടുണ്ട്‌. മുപ്പതുകളിൽ കേരളനടനം പ്രചരിച്ചതോടെ കേരളത്തിലും, ഇന്ത്യയിലും തരംഗം തന്നെ ഉണ്ടായി. ജാതിമതഭേദമന്യേ, സ്ത്രീ പുരുഷഭേദമന്യേ ധാരാളം പേർ നൃത്തം പഠിക്കാനും നർത്തകരാവാനും തയ്യാറായി.

കേരള നടനം നിർവചനം

തിരുത്തുക

കേരള നടനം നൃത്ത ശൈലിയെക്കുറിച്ച്‌ 'നടന കൈരളി 'എന്ന കൃതിയുടെ അവതാരികയിൽ ഗുരു ഗോപിനാഥ്‌ നൽകിയ നിർവചനം

"...... കേരളത്തിൽ ഉപയോഗിച്ചു വരുന്ന ചർമ്മവാദ്യ താള മേള ക്രമമനുസരിച്ച്‌ , ആംഗിക വാചിക ആഹാര്യ സാത്വികാദി അഭിനയ വിധങ്ങളും നൃത്തനൃത്യനാട്യങ്ങളും ഉൾക്കൊള്ളുന്നതും , കഥകളിയിൽ നിന്ന്‌ ഉണ്ടായിട്ടുള്ളതുമായ ഒരു നവീന കലാരൂപമാണ്‌ 'കേരള നടനം' അഥവാ 'കേരള ഡാൻസ്‘ " (നടന കൈരളി - ഗുരു ഗോപിനാഥ്‌ 1970).

സവിശേഷതകൾ

തിരുത്തുക
 
2024 ലെ കേരള സ്കൂൾ കലോത്സവത്തിൽ നിന്നും
  • ഒരേ സമയം സർഗ്ഗാത്മകവും ശാസ്ത്രീയവും( ക്ലാസിക്കൽ) ആയ നൃത്തരൂപമാണ്‌ കേരളനടനം.
  • ആധുനിക സംവിധാനങ്ങളും ദീപവിതാനങ്ങളും ഉള്ള സ്റ്റേജിൽ അവതരിപ്പിക്കാൻ പാകത്തിലാണ്‌ കേരള നടനത്തിന്റെ അവതരണ ശൈലി.
  • ഹിന്ദു പുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും , സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിന്‌ വഴങ്ങും .
  • പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ അഭ്യസിക്കാവുന്ന നൃത്തരൂപമാണ്‌. ( മോഹിനിയാട്ടവും ഭരതനാട്യവും മറ്റും അടിസ്ഥാനപരമായി സ്ത്രീകൾക്കുള്ള നൃത്തമാണ്‌) .
  • കഥാപാത്രത്തിന്‌ ഇണങ്ങുന്ന വേഷമാണ്‌ കേരളനടനത്തിൽ ഉപയോഗിക്കുക - ശ്രീകൃഷ്ണനും ക്രിസ്തുവിനും രാജാ‍വിനും ശിവനും രാക്ഷസിക്കും വേടനും മയിലിനും എല്ലാം അവരവർക്കിണങ്ങുന്ന വേഷമാണ്‌ കേരള നടനത്തിൽ. ഈ നൃത്തം ജനകീയമാവാൻ ഒരു കാരണം വേഷത്തിലുള്ള ഈ മാറ്റമാണ്‌ .
  • കഥകളിയെ പോലെ നാട്യത്തിന്‌ -നാടകീയമായ കഥാ അഭിനയത്തിന്‌ - പ്രാമുഖ്യം നൽകുന്ന നൃത്തമാണ്‌ കേരള നടനം. ഒന്നിലേറെ പേർ പങ്കെടുക്കുന്ന നൃത്തരൂപമാണത്‌. പക്ഷേ ഏകാംഗാഭിനയത്തിനും സാംഗത്യമുണ്ട്‌.
  • നിശ്ചിതമായ വേഷ സങ്കൽപമില്ലാത്തതു കൊണ്ട്‌ സാമാന്യജനങ്ങൾക്ക്‌ എളുപ്പത്തിൽ മനസ്സിലാവും. നൃത്തം അറിയുന്നവർക്കും പഠിച്ചവർക്കും മാത്രമല്ല സാധാരണക്കാരനും ആസ്വദിക്കാൻ കഴിയും എന്നതാണ്‌ ഈ നൃത്ത വിശേഷത്തിന്റെ പ്രധാന സവിശേഷത.

തുടക്കം

തിരുത്തുക

അമേരിക്കൻ നർത്തകിയായ ഇസ്തർ ഷെർമാൻ എന്ന രാഗിണി ദേവി (പ്രമുഖ നർത്തകി ഇന്ദ്രാണീ റഹ്‌മാന്റെ അമ്മ) യാണ്‌ കേരള നടനത്തിന്റെ പിറവിക്ക്‌ ആധാരമായ ആശയം മുന്നോട്ട്‌ വച്ചത്‌ . 1931 ലാണിതുണ്ടായത്. അതിന്‌ സഹായിയായി അവർക്ക്‌ ലഭിച്ചത്‌ , കലാമണ്ഡലത്തിൽ കഥകളി വടക്കൻ ചിട്ടയിൽ ഉപരിപഠനം നടത്തുകയായിരുന്ന കപ്ലിങ്ങാടൻ ചിട്ടക്കരനായ കഥകളിക്കാരൻ ചമ്പക്കുളം ഗോപിനാഥപിള്ള എന്ന ഗുരു ഗോപിനാഥായിരുന്നു. മണിക്കൂറുകളും ദിവസങ്ങളും നീളു ന്ന കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറിൽ ഒരുക്കി വൻ നഗരങ്ങളിൽ അവതരിപ്പിക്കാനാവുമോ എന്നതായിരുന്നു അവരുടെ ശ്രമം. അങ്ങനെ, 1931 ഡിസംബറിൽ ബോംബെ ഓപ്പറാ ഹാളിൽ രാഗിണി ദേവിയും ഗോപിനാഥും ചേർന്ന്‌ കഥകളിനൃത്തം എന്ന പേരിൽ പരീക്ഷിച്ചുനോക്കിയ നൃത്ത പ്രകടനത്തിൽ നിന്നാണ്‌ കേരള നടനത്തിന്റെ തുടക്കം.

രാഗിണി ദേവിയിൽ നിന്ന് ആധുനിക തിയേറ്റർ സങ്കൽപത്തെക്കുറിച്ച്‌ കിട്ടിയ ധാരണകളും പാഠങ്ങളും ഉൾക്കൊണ്ടാണ്‌ , കഥകളിയിലെ ശാസ്ത്രീയത ചോർന്നുപോകാത്ത പുതിയൊരു നൃത്തരൂപം ഉണ്ടാക്കാൻ തനിക്കു കഴിഞ്ഞതെന്ന്‌ ഗുരു ഗോപിനാഥ്‌ 'എന്റെ ജീവിത സ്‌മരണകൾ' എന്ന ആത്മകഥയിൽ പറയുന്നുണ്ട്‌.

ആധർമ്മണ്യം കഥകളിയോട്‌

തിരുത്തുക

കഥകളിയിൽ നിന്ന്‌ ഉണ്ടാക്കിയ നവീന നൃത്തരൂപമാണ്‌ കേരള നടനം. കഥകളിയല്ലാതെ മറ്റൊരു നൃത്തരൂപവും കേരള നടനത്തിലില്ല . ലളിതമാക്കിയ കഥകളി എന്നതിനെ വിളിച്ചാൽ തെറ്റാവും; ജനകീയമാക്കിയ കഥകളി എന്ന്‌ വിളിക്കുന്നതാണ്‌ അതിലും ഭേദം. കഥകളിയുടെ പന്ത്രണ്ട്‌ കൊല്ലത്തെ അഭ്യാസം ഗുരു ഗോപിനാഥ് ആറ്‌ കൊല്ലത്തേതാക്കി ചുരുക്കി. ചവിട്ടി ഉഴിച്ചിൽ പോലുള്ള ചിട്ടകൾ വേണ്ടെന്നു വച്ചു. പക്ഷേ മെയ്യഭ്യാസങ്ങളും, മുഖം കണ്ണ്‌ കരചരണങ്ങൾ എന്നിവയുടെ അഭ്യാസവും, അതേപടി നിലനിർത്തി. കേരള നടനം ഒരുവിധം പഠിച്ചെടുക്കണമെങ്കിൽ ചുരുങ്ങിയത്‌ നാല്‌ കൊല്ലത്തെ നിരന്തരമായ പരിശീലനം വേണം. 'കഥകളി എന്ന ക്ലാസിക്‌ കലാരൂപത്തിൽ നിന്ന്‌ സാധാരണക്കാരന്‌ ആസ്വദിക്കാൻ എളുപ്പമായ ലളിതാത്മകമായ ഒരു നൃത്ത സമ്പ്രദായം ആവിഷ്കരിക്കുകയും പ്രചാരപ്പെടുത്തുകയും ചെയ്‌തവരിൽ പ്രമുഖനായിരുന്നു ഗുരു ഗോപിനാഥ്‌ ' എന്ന്‌ മനോരമയുടെ ശതാബ്ദിപതിപ്പിലെ മരണം വരെ കലലാപാസന എന്ന കുറിപ്പിൽ ഗുരു ഗോപിനാഥിനെ വിശേഷിപ്പി ക്കുന്നു .

"ക്ഷേത്രകലയും ഗ്രാമീണകലയുമായ കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ടവതരിപ്പിക്കുന്ന പ്രകടനങ്ങൾക്കായി മെരുക്കിയെടുത്തതാണ്‌ ഗുരു ഗോപിനാഥിന്റെ നേട്ടം". ഗുരു ഗോപിനാഥിന്റെ സംഭാവനകളെക്കുറിച്ച്‌ എൻ.വി. കൃഷ്ണവാരിയർ പറയുന്നു. കഥകളിയുടെ 12 കൊല്ലത്തെ അഭ്യാസക്രമത്തെ ആറു കൊല്ലത്തേക്ക്‌ ചുരുക്കിയെടുക്കാനും ഗുരു ഗോപിനാഥിനു കഴിഞ്ഞു. 'കേരളത്തിലെ പ്രാത:സ്‌മരണീയരായ നാട്യാചാര്യന്മാർക്കിടയിൽ സമുന്നതമായ സ്ഥാനത്തിന്‌ അർഹത അദ്ദേഹത്തിന്‌ കൈവന്നത്‌ ഇതുമൂലമാണ്‌" എന്നുമദ്ദേഹം എഴുതിയിരിക്കുന്നു.

കഥകളിയിൽ നിന്നുള്ള പ്രധാന മാറ്റം

തിരുത്തുക
 

ചുവടുകൾ, മുദ്രകൾ അഭിനയം :

കഥകളിയിലെ സാത്വിക , ആംഗികാഭിനയ രീതികൾ ഏതാണ്ടതേപടി സ്വീകരിച്ച്‌ , ശൈലീ പരമയാ മാറ്റം വരുത്തി. ഹസ്തലക്ഷണ ദീപിക പ്രകാരമുള്ള മുദ്രകളും നാട്യശാസ്ത്രപ്രകാരമുള്ള അഭിനയ വിധങ്ങളും ചുവടുകളും, കലാശങ്ങളും തീരുമാനങ്ങളുമെല്ലാം കഥകളിയിലുണ്ട്‌.

തോടയം, പുറപ്പാട്‌ എന്നിവ അവതരണ ശൈലിയിൽ മാറ്റം വരുത്തി കേരള നടനത്തിനു പറ്റിയ മട്ടിലാക്കിയിട്ടുണ്ട്‌.

പ്രത്യേകം വേഷമില്ല :

കഥകളിയിലെ ആഹാര്യാഭിനയ രീതി തീർത്തും ഉപേക്ഷിച്ചു. നൃത്തത്തെ സാമാന്യ ജനങ്ങൾക്ക്‌ മനസ്സിലാവാനായി, കഥാപാത്രങ്ങൾക്ക്‌, അവരെ ആളുകൾക്ക്‌ തിരിച്ചറിയാൻ പാകത്തിലുള്ള വേഷഭൂഷാദികൾ നൽകി . എന്നു മാത്രമല്ല കേരള നടനത്തിന്‌ നിയതമായ വേഷം വേണ്ടെന്നും വച്ചു. രാജാവിന്‌ രാജാവിന്റെ വേഷം, താപസിക്ക്‌ താപസിയുടെ വേഷം, ഭിക്ഷുവിന്‌ അതിനു ചേർന്ന വേഷം, ശ്രീകൃഷ്ണന്‌ കൃഷ്ണന്റെ വേഷം, എന്നിങ്ങനെ. അവതരിപ്പിക്കുന്നത്‌ ഏത്‌ കഥാപാത്രമായാലും നിശ്ചിത വേഷത്തിൽ ചെയ്യുക എന്ന ഭരതനാട്യം, മോഹിനിയാട്ടം, ഒഡീസ്സി തുടങ്ങിയ നൃത്തങ്ങളുടെ രീതിയല്ല കേരള നടനം പിൻതുടരുന്നത്‌.

ഇതിനു മറ്റൊരു പ്രധാന കാരണം കഥകളിയെപ്പോലെ നാട്യപ്രധാനമാണ്‌ കേരള നടനവും. കഥ അഭിനയിച്ചു കാണിക്കുകയാണ്‌ ചെയുന്നത്‌. നൃത്ത നൃത്യ രീതികൾ കേരള നടനത്തിൽ ഇല്ലെന്നല്ല. അടിസ്ഥാനപരമായി നാട്യാംശം മുന്തിനിൽക്കുന്നു എന്നു മാത്രം.

അഞ്ച്‌ വിധം അവതരണം:

ഏകാംഗ നൃത്തം, യുഗ്മ നൃത്തം, സംഘ നൃത്തം, നാടക നടനം, ബാലെ എന്നിങ്ങനെ അഞ്ച്‌ പ്രധാന രീതികളിലാണ്‌ കേരള നടനം അവതരിപ്പിക്കാറ്‌. ഗുരു ഗോപിനാഠ് ചിട്ടപ്പെടുത്തിയ ചില ഇനങ്ങള്ക്ഷ് ഉദാഹരണമായി കൊടുക്കുന്നു.

ഏകാംഗ നൃത്തം: കാളിയ മർദ്ദനം, ഗരുഡ നൃത്തം, ശിവതാണ്ഡവം, പൂതനാ മോക്ഷം, വേട നൃത്തം മയൂര നൃത്തം, ഭക്തിയും വിഭകതിയും എന്നിവ ഏകാങ്ക നൃത്തത്തിന്‌ ഉദാഹരണം.

യുഗ്മ നൃത്തം: ശിവപാർവതി, രാധാകൃഷ്ണ, രതിമന്മഥ നൃത്തങ്ങൾ യുഗ്മനൃത്തത്തിൻ^ദാഹരണം

സംഘ നൃത്തം തോടയം, പുറപ്പാട്‌, പൂജാ നൃത്തങ്ങൾ കൊയ്ത്തു നൃത്തം തുടങ്ങിയവ സംഘനൃത്തത്തിന്‌ ഉദാഹരണം

നാടക നടനം: ഭഗവദ്ഗീത , മഗ്‌ദലന മറിയം, ചണ്ഡാല ഭിക്ഷുകി ,ചീതയും തമ്പുരാട്ടിയും, ഭസ്‌മാസുര മോഹിനി, സീതാപഹരണം, പാരിജാത പുഷ്‌പാപഹരണം, തുടങ്ങിയവ നാടക നടനത്തിന്‌ ഉദാഹരണം.

ബാലേകൾ: ഗുരുഗോപിനാഥ്‌ സംവിധാനം ചെയ്‌ത രാമായണം, ശ്രീയേശുനാഥ വിജയം, മഹാഭാരതം,ഐക്യ കേരളം,സിസ്റ്റർ നിവേദിത, നാരായണീയം എന്നിവ ബാലേകൾക്ക്‌ ഉദാഹരണം . ബാലേകളും നാടകനടനത്തിന്റെ മാതൃകയിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ . സോവിയറ്റ്‌ യൂണിയനിലേക്കുള്ള ആദ്യത്തെ ഇന്ത്യൻ സാംസ്കാരിക സംഘത്തിൽ അംഗമായിരുന്ന ഗുരു ഗോപിനാഥ്‌ അവിടെ നിന്ന്‌ തിരിച്ചെത്തിയ ശേഷമാണ്‌ ഇന്ത്യൻ ബാലേകൾ രൂപകൽപന ചെയ്‌തത്‌ . അവയിൽ ചിലയിടത്ത്‌ മറ്റു നൃത്ത ശൈലികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. ഉദാഹരണം രാമായണം ബാലേയിലെ ദേവസദസ്സിലെ നൃത്തം. ഇവിടെ മോഹിനിയാട്ടം, ഭരതനാട്യം, ഒഡീസ്സി, കുച്ചുപ്പുടി എന്നിവ കൂട്ടിച്ചേർത്തിരിക്കുന്നു. ഇതിനർത്ഥം കേരള നടനം ഇവയെല്ലാം ചേർന്നതാണ്‌ എന്നല്ല. ബാലേയുടെ സൗകര്യത്തിനായി അവ ചേർത്തു എന്നേയുള്ളൂ.

സംഗീതം, വാദ്യങ്ങൾ:

മറ്റൊരു പ്രധാന മാറ്റം വാചികാഭിനയത്തിലാണ്‌. പ്രത്യേകിച്ച്‌ സംഗീതത്തിൽ. കഥകളിയിലെ സോപാന രീതിക്കു പകരം പ്രധാനമായും കർണ്ണാടക സംഗീത രീതിയാണ്‌ കേരള നടനത്തിലുള്ളത്‌. ആളുകൾക്ക്‌ മനസ്സിലാവാൻ അതാണല്ലോ എളുപ്പം.

ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ കേരള നടനത്തിന്‌ അനുപേക്ഷണീയമാണ്‌. ഇടയ്ക്ക, പുല്ലാങ്കുഴൽ, വയലിൻ, മൃദംഗം എന്നിവയും ഹാർമോണിയം, സിതാർ, സാരംഗി തുടങ്ങിയ ഉത്തരേന്ത്യൻ സംഗീതോപകരണങ്ങളും ഉപയോഗിക്കാറുണ്ട്‌ . പ്രധാനമായും കേരളീയ വാദ്യങ്ങളാണ്‌ ഉപയോഗിക്കാറ്‌ എന്ന്‌ സാമാന്യമായി പറയാം.

ചിത്രശാല

തിരുത്തുക
  1. https://www-keralainfo-in.translate.goog/art-forms/details/kerala-natanam.html?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc
  2. https://www.gurugopinathnatanagramam.org/about
"https://ml.wikipedia.org/w/index.php?title=കേരളനടനം&oldid=4122292" എന്ന താളിൽനിന്ന് ശേഖരിച്ചത്