കൂട്ടിക്കൽ
ഈ ലേഖനം ഒരു യാത്രാവിവരണം പോലെ എഴുതിയിരിക്കുന്നു. വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്.. ദയവായി മെച്ചപ്പെടുത്തിയെടുക്കാൻ സഹായിക്കൂ. . |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോട്ടയം ജില്ലയുടെ കിഴക്കു ഭാഗത്ത്, ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്താണ് കൂട്ടിക്കൽ. ഇത് കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്നു. പൂഞ്ഞാർ അസംബ്ലി മണ്ഡലത്തിലുള്ള ഈ പഞ്ചായത്തിൻറെ വിസ്തീർണം - 33.82 ചതുരശ്ര കിലോമീറ്ററാണ്.ഇവിടുത്തെ ജനസംഖ്യ - 29635 ആണ്.
കൂട്ടിക്കൽ | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686514 |
വാഹന റെജിസ്ട്രേഷൻ | KL-34 |
അടുത്ത നഗരം | മുണ്ടക്കയം / കാഞ്ഞിരപ്പള്ളി |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
കേരളനിയമസഭാമണ്ഡലം | പൂഞ്ഞാർ |
വടക്ക് പാറത്തോട് പഞ്ചായത്ത്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്. കിഴക്ക് ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്ത്, ഏലപ്പാറ പഞ്ചായത്ത് എന്നിവയും തെക്ക് കൊക്കയാർ പഞ്ചായത്ത്, പടിഞ്ഞാറ് മുണ്ടക്കയം പഞ്ചായത്ത് എന്നിവയാണ് കൂട്ടിക്കൽ പഞ്ചായത്തിൻറെ അതിരുകൾ. പ്രമുഖ മുസ്ലിം തീർഥാടന കേന്ദ്രമായ കോലാഹലമേട് കൂട്ടിക്കൽ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
തിരുത്തുകഅതി പുരാതനമായ സാംസ്കാരിക ചരിത്രമുള്ള പ്രദേശമാണ് കൂട്ടിക്കൽ. പന്ത്രണ്ടാം നൂറ്റാണ്ടിൽ മലയരയന്മാരും കോയ്ക്കന്മാർ എന്നറിയപ്പെട്ടിരുന്ന ഒരു ജനവിഭാഗവും പുല്ലകയാറിന്റെ ഇരുകരകളിലുമായി കൂട്ടിക്കലിൽ ജീവിച്ചിരുന്നു. മുമ്പ് ഈ പ്രദേശം പന്തളം രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു. പിന്നീട് പൂഞ്ഞാർ രാജകുടുംബം ഉയർന്നുവന്നപ്പോളഅ ഈ പ്രദേശം അവരുടെ അധീനതയിലായി.
1850-ൽ യൂറോപ്യന്മാരായ ക്രിസ്ത്യൻ മിഷനറിമാർ കൂട്ടിക്കലെത്തി. ഇവർ ധാരാളം പേരെ മത പരിവർത്തനത്തിനു വിധേയരാക്കുകയും ചെയ്തു. പുറത്തുനിന്നു മത പരിവർത്തനം ചെയ്തവരെയും ചേർത്ത് കൂട്ടിക്കലാണ് പാർപ്പിച്ചത്. 1852 ൽകൂട്ടിക്കൽ ചപ്പാത്തിനടുത്ത് ഒരു സി.എസ്.ഐ. പള്ളി സ്ഥാപിക്കപ്പെട്ടു.
കൂട്ടിക്കലിന്റെ പ്രാചീനതയ്ക്ക് തെളിവായി മറ്റൊരു കാര്യം കൂടിയുണ്ട്. സെന്റ്.ജോർജ് സ്കൂളിന്റെ ഗ്രൗണ്ട് നിർമ്മിക്കുമ്പോൾ ഏകദേശം എട്ടടി താഴ്ച്ചയിലായി ആറടി ഉയരവും നാലടി വ്യാസവുമുള്ള നിരവധി ഭരണികൾ കിട്ടിയിരുന്നു. പ്രാചീന ജനതയുടേതായിരുന്നു അവ എന്നു വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്]
റബ്ബറിന്റെ വരവ്
തിരുത്തുകമിഷനറിമാരുടെ വരവോടെ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയും ഫലഭൂയിഷ്ടിയും മനസ്സിലാക്കിയ വിദേശികൾ ഇവിടെ റബ്ബർ തോട്ടങ്ങൾ സ്ഥാപിക്കാനായി എത്തി തുടങ്ങി. ഇവരിൽ പ്രമുഖനാണ് ജെ.ജെ.മർഫി. സ്കോട് ലൻഡ്കാരനായ ഇദ്ദേഹം കൂട്ടിക്കലിന്റെ ഭാഗധേയം മാറ്റിമറിച്ച ഒരു പ്രധാന വ്യക്തിയായി അറിയപ്പെടുന്നു. മർഫിയുടെ ഏന്തയാർ എസ്റ്റേറ്റും താളുങ്കൽ എസ്റ്റേറ്റും കുട്ടിക്കലിന്റെ ചരിത്രത്തെ മാറ്റിമറിച്ചു. അക്കാലത്ത് വിദേശികളുടെ ഉടമസ്ഥതിയിലുള്ള തോട്ടങ്ങളിൽ ജോലിക്കായി തിരുവിതാംകൂറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരും തമിഴ്‌നാട്, കർണാടക എന്നിവിടുന്നുള്ളവരും കൂട്ടിക്കലേക്കെത്തി. കാലാന്തരത്തിൽ ഇവർ ഇന്നാട്ടുകാരായിത്തീർന്നു.
കുടിയേറ്റം
തിരുത്തുകഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ ഇവിടേക്ക് കർഷകരുടെ കുടീയേറ്റം ആരംഭിച്ചത്. മീനച്ചിൽ താലൂക്കിന്റെ വിവിധ പ്രദേശങ്ങളായ പാല, പൂവരണി, ഇടമറ്റം, കപ്പാട്, ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ കർഷകരും കുടിയേറിയത്. തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് അനുയോജ്യമല്ലാത്തതിനാൽ യൂറോപ്യന്മാർ മാറ്റിയിട്ടിരുന്നതും ജന്മിമാരുടെ കൈവശത്തിലിരുന്നതുമായ കുന്നിൻ പ്രദേശങ്ങളാണ് ഇവർക്കു കൃഷി ചെയ്യാൻ കിട്ടിയത്. കാവാലി, പ്ലാപ്പള്ളി, പറത്താനം, ചാത്തൻപ്ലാപ്പള്ളി, മുണ്ടപ്പള്ളി, ഒളയനാട്, ഞർക്കാട്, കൂന്നാട്, കൊടുങ്ങാ, വല്യേന്ത, മേലേത്തടം, മ്ലാക്കര, മുപ്പത്തൊൻപത് എന്നിവയാണ് ആ പ്രദേശങ്ങൾ.
പേരിനു പിന്നിൽ
തിരുത്തുകപുല്ലകയാറ്, കൊക്കയാർ, താളുങ്കൽ തോട് എന്നീ മൂന്നു പുഴകൾ ത്രിവേണീ സംഗമം പോലെ കൂടിച്ചേരുന്ന ഈ പ്രദേശത്തിന് കൂട്ടി എന്നു പേരുണ്ടായി. ഇതു പിന്നീട് കൂട്ടിയിൽ എന്നും കൂട്ടിക്കൽ എന്നുമായി എന്നാണ് ഒരു വിശ്വാസം.[അവലംബം ആവശ്യമാണ്] താളുങ്കൽ എസ്റ്റേറ്റിന്റെ പ്രകൃതിഭംഗിയിൽ ആകൃഷ്ടരായ യൂറോപ്യന്മാർ ഇംഗ്ലണ്ടിലെ സുഖവാസ കേന്ദ്രമായ 'കുട്ടിക്കുൾ' എന്ന പ്രദേശത്തെ അനുസ്മരിച്ച് എസ്റ്റേറ്റിന് കുട്ടിക്കൾ എന്നു പേരുനൽകിയെന്നും അതു കാലാന്തരത്തിൽ കൂട്ടിക്കൽ എന്നായെന്നും ഒരു അഭിപ്രായമുണ്ട്.[അവലംബം ആവശ്യമാണ്]
ഭൂപ്രകൃതി
തിരുത്തുകകുന്നുകളും മലഞ്ചെരിവുകളുമാണ് കൂട്ടിക്കലിന്റെ ഭൂപ്രകൃതി. പറത്താനം, കാവാലി, പ്ലാപ്പള്ളി, മുതുകോര, കട്ടൂപ്പാറ, മാത്തുമല, കളത്വാമല, തോണ്ടാൻ കളരി, മേലേത്തടം, നെല്ലിക്കൽ, മൂപ്പൻ മല, മ്ലാക്കര, ചൊറുത എന്നിവയാണ് മലകൾ. ഈ മലകളും അവയ്ക്കിടയിലെ താഴ്‌വാരങ്ങളുമാണ് കൂട്ടിക്കൽ പ്രദേശം. ചതുപ്പു നിലങ്ങളും സമതലങ്ങളുമില്ല.
പുഴകൾ
തിരുത്തുകകിഴക്കു ഭാഗത്തെ അമൃതമേട്ടിൽ നിന്ന് ഉൽഭവിച്ച് മുണ്ടക്കയത്ത് വച്ച് മണിമലയാറ്റിൽ ചേരുന്ന പുല്ലകയാറാണ് പ്രധാന ജലസ്രോതസ്. മ്ലാക്കരത്തോട്, വല്ല്യേന്തത്തോട്, കൊടുങ്ങാങ്ങാത്തോട്, ചൊറുത്തോട്, ഞർക്കാട് തോട്, മുണ്ടപ്പള്ളിത്തോട്, വെല്ലീറ്റത്തോട് എന്നിവയാണ് മറ്റു തോടുകൾ.
കൃഷി
തിരുത്തുകകൂട്ടിക്കൽ പ്രദേശത്തെ പ്രധാന കൃഷി റബറാണ്. മുമ്പ് തെങ്ങ്, കമുക്, കുരുമുളക്, കാപ്പി എന്നീ കൃഷിയുമുണ്ടായിരുന്നു. തേയിലത്തോട്ടങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ റബർ ഒഴിച്ചുള്ള കൃഷികൾ വീട്ടുമുറ്റത്ത് മാത്രമേയുള്ളു. തേയിലയും കുറവാണ്.കൈത കൃഷി ഒഴികെ മറ്റു ഭക്ഷ്യവിളകളും പച്ചക്കറികളും ചുരുങ്ങിയ തോതിലെ കൃഷി ചെയ്യുന്നുള്ളു.
ഏന്തയാർ
തിരുത്തുകകൂട്ടിക്കൽ പഞ്ചായത്തിലെ ഒരു പ്രധാന സ്ഥലമാണ് ഏന്തയാർ. റബർ ആണ് ഏന്തയാറിന്റെ പ്രധാന വരുമാനമാർഗ്ഗം
കാലാവസ്ഥ
തിരുത്തുകതാമസിക്കാൻ പറ്റിയ കാലാവസ്ഥയാണ്. 1988 മുതൽ 1993 വരെയുള്ള ശരാശരി മഴ 3000 സെന്റിമീറ്റർ. ശരാശരി ഊഷ്മാവ് 27.15 ഡിഗ്രി. നല്ലതുപോലെ മഴപെയ്യാറുണ്ടെങ്കിലും മഴക്കാലം കഴിയുന്നതോടെ പുഴയിലെല്ലാം വെള്ളം കുറയും. ജനുവരിയാകുന്നതോടെ വറ്റി വരളുകയും ചെയ്യും. 1983-ൽ കടുത്ത വരൾച്ച അനുഭവപ്പെട്ടു.റബ്ബർ ആണ് ഏന്തയാറ്റിലെ പ്രധാന കൃഷി.എസ്.ജി.എം.യു.പി സ്കൂൾ,ജെ.ജെ.എം.എം.എച്ച്.എസ്.ദീപാ നേഴ്സറി സ്കൂൾ എന്നിവയാണ് പ്രധാന വിദ്യാ സ്ഥാപനം.മതസൊഹാർത്തത്തിന് പേര് കേട്ട ഏന്തയാർ,ശ്രീ.ചെല്ലിയമ്മാൾ കോവിൽ,സെന്റ് മേരിസ് ചർച്ച് ഏന്തയാർ,സെന്റ് ജോസഫ് ചർച്ച് ഏന്തയാർ,ബദരിയാ മസ്ജിദ്,എന്നിവയാണ് പ്രദാന ആരാധനാലയങ്ങൾ