കുട്ട്യേടത്തി വിലാസിനി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
വിലാസിനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വിലാസിനി (വിവക്ഷകൾ) എന്ന താൾ കാണുക. വിലാസിനി (വിവക്ഷകൾ)

ഒരു മലയാളചലച്ചിത്ര, നാടക അഭിനേത്രിയാണ് കുട്ട്യേടത്തി വിലാസിനി. 1960-കളിൽ നാടകരംഗത്ത് സജീവമായിരുന്ന ഇവർ പിന്നീട് ചലച്ചിത്രമേഖലയിലും സജീവമായി. കുട്ട്യേടത്തി എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷമാണ് ഇവർ കുട്ട്യേടത്തി വിലാസിനി എന്നറിയപ്പെടാൻ തുടങ്ങിയത്.[1]

കുട്ട്യേടത്തി വിലാസിനി
ജനനം
ബ്രോണി
തൊഴിൽഅഭിനേത്രി
സജീവ കാലം1960 - ഇതുവരെ
Parent(s)ജോസഫ് , അന്നാമ്മ
അവാർഡുകൾകേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് (1967, 1968, 1969)

ജീവിതരേഖതിരുത്തുക

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ എടക്കുളം വീട്ടിൽ ജോസഫിന്റെയും അന്നമ്മയുടെയും അഞ്ച് മക്കളിൽ നാലാമതായി ജനിച്ചു. ബ്രോണി എന്നായിരുന്നു ജനനനാമം. പിതാവ് കോയമ്പത്തൂർ പക്ഷിരാജ സ്റ്റുഡിയോയിലെ കലാകാരനായിരുന്നു. പിന്നീട് ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് കൂലിപ്പണിചെയ്താണ് അമ്മ കുടുംബം നടത്തിയത്. പിതാവ് ജോസഫ് ഒല്ലൂരിലെ ഒരു മുതലാളിക്കൊപ്പം ജോലിക്കായി ചേർന്നെങ്കിലും അയാൾ പിതാവിനെ വിശാഖപട്ടണത്തെ ഒരു എസ്റ്റേറ്റ് ഉടമയ്ക്ക് വിറ്റെന്നറിഞ്ഞ് വിലാസിനിയുടെ കുടുംബം ഒല്ലൂരിലെ മുതലാളിയുടെ വീട്ടുപടിക്കൽ സത്യാഗ്രഹം നടത്തി. തുടർന്ന് പ്രശനപരിഹാരത്തിനായി പലരും ഇടപെട്ടതിനെത്തുടർന്ന് പിതാവിനെ തിരികെയെത്തിച്ചു. പിന്നീട് കുരിയച്ചിറയിൽ വാടകവീട്ടിൽ താമസം ആരംഭിച്ചു.[1]

ബ്രോണിയെയും സഹോദരിയെയും പിതാവ് അരണാട്ടുകരയിലെ മമ്മു ഭാഗവതരുടെ പക്കൽ സംഗീതം അഭ്യസിക്കാനായി അയച്ചു. കൊച്ചുകുട്ടനാശാന്റെ കീഴിൽ അഭിനയവും അഭ്യസിച്ചു. തൃശ്ശൂരിലെ ഒരു വേദിയിൽ പൊൻകുന്നം വർക്കിയുടെ പൂജ എന്ന നാടകത്തിൽ 13-ആം വയസ്സിൽ ആദ്യമായി അരങ്ങേറി. അവസരങ്ങൾ ലഭിക്കുന്നതിനു തടസ്സമാകാതിരിക്കാൻ, കൊച്ചുകുട്ടനാശാനാണ് ബ്രോണി എന്ന നാമം വിലാസിനിയെന്നാക്കി മാറ്റിയത്.[1]

കുരിയച്ചിറയിൽ വെച്ച് വിലാസിനി വിവാഹിതയായി. പിന്നീട് പിതാവിന്റെ മരണത്താൽ അമ്മയോടൊപ്പം കോഴിക്കോട് താമസമാക്കി. അവിടെ നാടകങ്ങളിൽ നിരവധി അവസരങ്ങൾ ലഭ്യമായി. കേരളത്തിലെ പല നാടകസമിതികളിലൂടെയും വിലാസിനി പ്രശസ്തയായി മാറി. 1966, 67, 68 വർഷങ്ങളിൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. തുടർന്ന് വിലാസിനി കോഴിക്കോട് വിലാസിനിയെന്നറിയപ്പെട്ടു. ബാലൻ കെ. നായർ, കുഞ്ഞാണ്ടി, പപ്പു, നെല്ലിക്കോട് ഭാസ്കരൻ, മാള അരവിന്ദൻ, ബാബു നമ്പൂതിരി, എം.എസ്. നമ്പൂതിരി, കോഴിക്കോട് ശാന്താദേവി തുടങ്ങിയവർക്കൊപ്പം വിലാസിനി അഭിനയിച്ചിട്ടുണ്ട്.

കുട്ട്യേടത്തി എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ശേഷമാണ് ഇവർ കുട്ട്യേടത്തി വിലാസിനി എന്നറിയപ്പെട്ടത്.[1] ഇപ്പോൾ കോഴിക്കോട് തിരുവണ്ണൂർ ദേശത്തിൽ താമസം.

പുരസ്കാരംതിരുത്തുക

കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് - 1967, 1968, 1969[1] 1967ൽ രാഷ്ട്രപതിയായിരുന്ന വി.വി. ഗിരിയിൽനിന്നാണ് വിലാസിനി പുരസ്കാരം ഏറ്റുവാങ്ങിയത്. 1968ൽ കെ.ജെ. യേശുദാസ് സെക്രട്ടറിയായിരുന്ന കാലത്താണ് പുരസ്കാരം ലഭിച്ചത്. 1976ൽ മികച്ച സഹനടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.[2]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 "ഓർമകളിൽ ബ്രോണി". മാതൃഭൂമി. 2011 നവംബർ 14. ശേഖരിച്ചത് 2013 ഓഗസ്റ്റ് 18.
  2. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1976
"https://ml.wikipedia.org/w/index.php?title=കുട്ട്യേടത്തി_വിലാസിനി&oldid=3309710" എന്ന താളിൽനിന്ന് ശേഖരിച്ചത്