കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ
മികച്ച നാടകനടൻ, സംവിധായകൻ, രചയിതാവ് എന്നി നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണു കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ. നിരവധി മലയാള ചലചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിരുന്നു. രതീഷ് ബാലകൃഷ്ണപൊതുവാളിൻ്റെ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ മന്ത്രിയായി വേഷമിട്ടശേഷം അറിയപ്പെടുന്ന ചലചിത്രതാരമായി മാറുകയായിരുന്നു. 1969ൽ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്ക് കോളേജിൽ അദ്ധ്യാപകനായും പിന്നീട്, പി.ഡബ്ല്യു.ഡി.യിൽ എഞ്ചിനീയറിങ്ങ് വിഭാഗത്തിലുമായിരുന്നു ജോലി. 2003 ഇൽ സർക്കാർ സർവ്വീസിൽ നിന്നും അസിസ്റ്റൻ്റ് എഞ്ചിനിയറായി ഇദ്ദേഹം വിരമിച്ചിരുന്നു.നഴ്സിങ്ങ് സൂപ്രണ്ടായി വിരമിച്ച ജാനകിയാണു ഭാര്യ. ശ്രീജയ, ശ്രീകല, ശ്രീപ്രിയ എന്നിവരാണു മക്കൾ.[1][2]
ചെറുവത്തൂർ കൊവ്വൽ എ.യു.പി.സ്കൂളിലും നീലേശ്വരം രാജാസ് ഹൈസ്കൂളിലും ചെറുവത്തൂർ ജെ. ടി. എസ്സിലും കണ്ണൂർ ഗവ. പോളീടെക്നിക്ക് കോളേജിലും ആയിരുന്നു കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിൻ്റെ വിദ്യാഭാസകാലം. സ്കൂൾ കാലം മുതൽ തന്നെ അഭിനയത്തിലും പാട്ടിലും ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ "എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു" എന്ന നാടകത്തിൽ മികച്ച ബാലനടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ജീവൻ ടിവിയിൽ അവതരിപ്പിച്ചിരുന്ന അധികാരം എന്ന മെഗാസീരിയലിലും ഒരു പ്രധാന വേഷം ഇദ്ദേഹം ചെയ്തിരുന്നു. നാടകരചന, അഭിനയം, സംവിധാനം കൂടാതെ തബലിസ്റ്റും ഗായകനായും ഇദ്ദേഹം പ്രവർത്തന മണ്ഡലത്തിൽ ഉണ്ടായിരുന്നു. നവംബർ 2, 2024 നു ശനിയാഴ്ച രാവിലെ രണ്ടു മണിക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.[3][4] അന്നു വൈകുന്നേരം 7:30 -ഓടുകൂടി വെങ്ങാട്ട് ശ്മശാനത്തിൽ ചന്തേര പൊലീസിന്റെ നേതൃത്വത്തിൽ സർക്കാറിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.[5]
നാടകരംഗത്ത്
തിരുത്തുകമലയാള നാടക വേദിക്കു നൽകിയ സമഗ്ര സംഭാവനകൾ മുന്നിർത്തി 2022 ഇൽ കേരള സംഗീത നാടക അക്കാദമി കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന് ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചിരുന്നു.[6][7] 2014 ഇൽ നാടകരംഗത്തെ സമഗ്ര സംഭാവനകൾക്ക് മലയാള മനോരമയുടെ ആദരവും അവാർഡും ഇദ്ദേഹം നേടിയിരുന്നു. നാടക കലാകാരന്മാരുടെ ദേശീയ സംഘടനായ നന്മയുടെ സംസ്ഥാന പ്രവത്തക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിരിച്ചിരുന്നു. 1984 ഇൽ കായംകുളത്തു വെച്ച് കെ.പി.എ.സി. സംഘടിപ്പിച്ച, ശ്രീ തോപ്പിൽ ഭാസി ഡയറക്റ്റർ ആയിരുന്ന നാടക ക്യാമ്പിൽ കാസർഗോഡ് ജില്ലയുടെ പ്രതിനിധി ഇദ്ദേഹം ആയിരുന്നു. 1990ഇൽ കൽക്കത്തയിൽ വെച്ചു നടന്ന ദേശീയ നാടകോത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു നടത്തിയ നാടകത്തിൻ്റെ സ്റ്റേജ് മാനേജരും നടനും ആയിരുന്നു കുഞ്ഞിക്കണ്ണൻ. 2018 ഇൽ ഡൽഹിയിൽ വെച്ചു നടന്ന മൈക്രോ ഡ്രാമ ഫെസ്റ്റിവല്ലിൽ ഇദ്ദേഹം സംവിധാനം ചെയ്ത വയലാറിൻ്റെ ആയിഷ എന്ന കാവ്യത്തിലെ അദ്രുമാൻ എന്ന കഥാപാത്രത്തെ മുൻ നിർത്തി രചിച്ച അദ്രുമാൻ എന്ന നാടകം മികച്ച നാടകമായും അദ്രുമാനെ അവതരിപ്പിച്ച കുഞ്ഞിക്കണ്ണന് മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡും ലഭിച്ചിരുന്നു.
പത്മവൂഹം, സമുദായം, വിശ്വരൂപം, ആവരണം, ധുമിക, മുഖങ്ങൾ, അമർഷം, രാജസൂയം, പാമ്പാട്ടി, കേബിനറ്റ്, സംഘം ചേരുക, സന്ദേശം, കാട്ടുകുതിര, സനാതനം, സമസ്യ, പതനം, അമർഷം, അന്വേഷണം, നിഴലും വെളിച്ചവും, നെന്മണികൾ, ജഡായു, ഭ്രാന്ത്, ഗുഡ്നൈറ്റ്, എൻ.ഒ.സി.,കേളികൊട്ട്, കർണ്ണൻ, ഇന്ദ്രപ്രസ്ഥം, പ്രജാപതി, മദർ ഇന്ത്യ, കളിമണ്ണിൽ മെനഞ്ഞ കവിത, മൃതസഞ്ജീവനി, പഴശ്ശീരാജ, സഖാവ്, ഉഷസന്ധ്യ, കളംപാട്ട്, തിറയാട്ടം സിനിമാ സംവിധായകൻ ലോഹിതദാസ് രചിച്ച, "സിന്ധു ശാന്തമായൊഴുകുന്നു" തുടങ്ങി ഒട്ടേറെ നാടകങ്ങൾ രചിച്ചും സംവിധാനം ചെയ്തും അഭിനയിച്ചും നാടകലോകത്ത് ഇദ്ദേഹം ഉദാത്തമായ സംഭാവനകൾ നൽകിയിരുന്നു.
സിനിമകൾ
തിരുത്തുക- മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം, [8]
- ന്നാ താൻ കേസ് കൊട്,
- പ്രണയ വിലാസം
- മുകൾ പരപ്പ്
- നീതി: ദ് ജസ്റ്റിസ്
- വയസ്സെത്രയായി മുപ്പത്തി... [9]
- അന്വേഷിപ്പിൻ കണ്ടെത്തും
- മലബാർ
- മേപ്പാടി
- കർണിക
- പ്രൈവറ്റ്
- ഭാവന റഹ്മാൻ സിനിമ[10]
- നജാസ്