കണിച്ചുകുളങ്ങര ദേവീക്ഷേത്രം

ആലപ്പുഴ ജില്ലയിൽ, ചേർത്തല താലൂക്കിൽ, മാരാരിക്കുളം വടക്ക് വില്ലേജിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കണിച്ചുകുളങ്ങര ദേവിക്ഷേത്രം. ആദിപരാശക്തിയാണ് മുഖ്യ പ്രതിഷ്ഠ. ദുർഗ്ഗ, ഭദ്രകാളീ സങ്കൽപ്പങ്ങളിൽ ആരാധന. കുംഭമാസത്തിലെ തിരുവോണ നാളിലാണ് പ്രധാന ഉത്സവം.

ഇവിടുത്തെ ചിക്കര വഴിപാടും അരിക്കൂത്ത് വഴിപാടും ഏറെ പ്രസിദ്ധമാണ്.[1] എല്ലാ വർഷവും 21 ദിവസങ്ങളിലായി ഇവിടെ മഹോത്സവം നടക്കുന്നു. കുംഭമാസത്തിലെ തിരുവോണം നാളിൽ ആണ് പ്രധാന ഉത്സവം. മിക്കവാറും അവസരങ്ങളിലും ഇത് ശിവരാത്രിനാളിലാണ് വരിക. തുടർന്ന് 7 ദിവസങ്ങളിലായി പൊങ്കാലയുമുണ്ട്. ഇത് പുഴുക്ക് വഴിപാട് എന്നറിയപ്പെടുന്നു. കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ കണിച്ചുകുളങ്ങരയിൽ ഉത്സവസമയത്തും, പുഴുക്കിനുമായി ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി പതിനായിരങ്ങൾ ദർശനം നടത്തുന്നു. ഇവിടുത്തെ വെടിക്കെട്ട് വളരെ പ്രശസ്തമാണ്. എല്ലാ വർഷവും അവസാന രണ്ട് ഉത്സവ ദിനങ്ങളിലായാണ് കമ്പക്കെട്ട് എന്നറിയപ്പെടുന്ന രണ്ട് മണിക്കൂറിലേറെ നീണ്ടുനില്ക്കുന്ന വെടിക്കെട്ട്.

ഉത്സവത്തോടനുബന്ധിച്ച് 21 ദിവസവും കുട്ടികളെ ചിക്കരയിരുത്തുന്ന ചടങ്ങുണ്ട്. വിവാഹശേഷം കുട്ടികളില്ലാത്ത ദമ്പതിമാർ കുട്ടികൾ ജനിക്കുന്നതിനും, കുട്ടികളുടെ രോഗങ്ങൾ തുടങ്ങി ബാലാരിഷ്ടതകൾ മാറുന്നതിനുമായി ആണ് ഈ വഴിപാട് നേരുന്നത്. ഉത്സവദിനങ്ങളിൽ കുട്ടികൾ കണിച്ചുകുളങ്ങര അമ്മയുടെ മക്കളായി മാറുന്നു എന്നാണ് സങ്കല്പം. 21 ദിവസവും 3000 ത്തോളം കുട്ടികളും മാതാപിതാക്കളും ഭഗവതീ സന്നിധിയിൽ ഭജനം പാർക്കുന്നു. കൊടിയേറ്റ്, ചിക്കരക്കൊട്ടിക്കൽ കൂട്ടക്കളം, താലിചാർത്ത്, ഏഴാം പൂജ എന്നിവ പ്രധാന ഉത്സവ ദിനങ്ങളാണ്. കൂടാതെ 14 വർഷത്തിലൊരിക്കൽ മുറജപം എന്ന ചടങ്ങും ഇവിടെ നടക്കുന്നു.

പൊങ്കാലയ്ക്ക് സമാനമായി പുഴുക്ക് വഴിപാട് നടത്തുന്ന ഭക്തർ ഒരാളുടെ രൂപമോ, ആളുടെ അവയവങ്ങളുടെ രൂപമോ മാവിൽ കുഴച്ച് പുഴുങ്ങിയെടുക്കുന്നു. ഇത് ശാരീരികമായ വൈകല്യങ്ങളും രോഗങ്ങളും മാറുന്നതിനും, മറ്റു ദുരിതങ്ങൾക്കും ഉത്തമമായി ഭക്തർ വിശ്വസിക്കുന്നു. 6 കോടിയോളം രൂപ മുതൽ മുടക്കിൽ ക്ഷേത്രത്തിലെ ചുറ്റമ്പലം നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ധാരാളം ശില്പങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഏഴുവരിക്കൈത, അറുകുല, മൂലസ്ഥാനം, കുറുപ്പശ്ശേരി അന്നപൂർണ്ണേശ്വരി ക്ഷേത്രം ഇവയാണ് പ്രധാന ക്ഷേത്രത്തോടനുബന്ധിച്ചുള്ള മറ്റ് തീർത്ഥാടന സ്ഥലങ്ങൾ.

എസ്.എൻ.ഡി.പി യൂണിയൻറെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് 40 വർഷത്തിലേറെയായി കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡൻറ്.

അവലംബംതിരുത്തുക