കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രമുഖ നേതാക്കളിലൊരാളായിരുന്ന സി.കെ. ചന്ദ്രപ്പന്റെ ആത്മകഥയാണ് എന്റെ ഇന്നലെകൾ. തായാട്ട് പബ്ലിക്കേഷൻ സംരംഭമായ ഹരിതം ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.[1]

എന്റെ ഇന്നലെകൾ
രാജ്യം ഇന്ത്യ
ഭാഷമലയാളം
പ്രസാധകർഹരിതം ബുക്‌സ്
പ്രസിദ്ധീകരിച്ച തിയതി
2012

ഉള്ളടക്കം

തിരുത്തുക

വൈക്കം സത്യാഗ്രഹത്തിന് ശേഷവും സാമൂഹിക അസമത്വം വിളയാടിയിരുന്ന കാലത്ത് പാണാവള്ളി സി.ജി. സദാശിവൻ തന്റെ അച്ഛൻ സി.കെ. കുമാരപ്പണിക്കരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നതും അങ്ങനെ പ്രദേശത്തെ സമ്പന്നൻമാരിലൊരാളായ കുമാരപ്പണിക്കർ തൊഴിലാളി നേതാവായി വളർന്നതും 'ജൻമി കമ്മ്യൂണിസ്റ്റാവുന്നു' എന്ന ഭാഗത്തിൽ വിവരിക്കപ്പെടുന്നു.

പുന്നപ്ര-വയലാർ ആക്ഷൻ എന്ന് ആരംഭിക്കണമെന്ന് ആലോചിക്കാൻ ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഒന്നിച്ച് ദിവാൻ സി.പി. രാമസ്വാമി അയ്യർക്ക് എതിരായ മുന്നേറ്റമാണ് ആവശ്യമെന്ന് പ്രഖ്യാപിച്ചതും യോഗം ആ തീരുമാനം അംഗീകരിച്ചതും അദ്ദേഹം വിവരിക്കുന്നു. വയലാർ സമരം ആരംഭിക്കാനുള്ള നീക്കം തന്റെ ചാരപ്പോലീസ് വഴി മണത്തറിഞ്ഞ ദിവാൻ വയലാറിൽ പട്ടാള ഭരണം പ്രഖ്യാപിച്ചു. നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ട് വിമാനത്തിലൂടെ നോട്ടീസ് വിതരണം ചെയ്തതും പട്ടാള വണ്ടികൾ തലങ്ങും വിലങ്ങും പാഞ്ഞതുമെല്ലാം സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന ചന്ദ്രപ്പനെന്ന കുട്ടിയിൽ ഉയർത്തിയ ആശങ്കകൾ 'വിമാനത്തിൽ നിന്നു വീണ നോട്ടീസ്' എന്ന അധ്യായത്തിലുണ്ട്.

ചന്ദ്രപ്പൻ ചേർത്തല സ്‌കൂളിൽ ഫസ്റ്റ് ഫോമിൽ പഠിക്കുമ്പോഴായിരുന്നു പുന്നപ്ര-വയലാർ സമരം നടന്നത്. ഏറ്റുമുട്ടൽ നടന്ന പ്രദേശത്തിന് തൊട്ടടുത്തായിരുന്നു വയലാർ രവിയുടെ വീട്. വ്യത്യസ്ത രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ ഉൾപ്പെട്ടവരായിരുന്നെങ്കിലും വയലാർ രവിയുടെ കുടുംബമാണ് സമരകാലത്ത് തന്റെ കുടുംബത്തെ സഹായിച്ചതെന്ന് അദ്ദേഹം അനുസ്മരിക്കുന്നു.[2] രവിയുടെ കൈപിടിച്ച് സ്‌കൂളിൽ പോയിരുന്നതും സ്‌കൂളിൽവെച്ച് എ.കെ. ആന്റണിയെ പരിചയപ്പെട്ടതുമെല്ലാം ആത്മകഥയുടെ ആദ്യഭാഗത്ത് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.

പിൽക്കാലത്ത് അച്ഛന്റെ സമരപാത പിന്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ ചന്ദ്രപ്പൻ കോളേജ് വിദ്യാർത്ഥി ആയിരിക്കുമ്പോൾ വീട്ടുകാരറിയാതെ ഗോവാ സമരത്തിൽ പങ്കെടുത്തതും വിമോചനസമരത്തെത്തുടർന്ന് പഠനം മുടങ്ങിയതും ആദ്യഭാഗത്തിലുണ്ട്.

'വ്യക്തി/രാഷ്ട്രീയം' എന്ന രണ്ടാം ഭാഗത്തിൽ ബുലുറോയ് ചൗധരിയുമായുണ്ടായിരുന്ന തന്റെ പ്രേമവും വിവാഹവും ചന്ദ്രപ്പൻ പ്രതിപാദിക്കുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും അതിനാധാരമായ സംഭവങ്ങളുമാണ് മൂന്നാം ഭാഗത്തിലുള്ളത്. കോൺഗ്രസും ഇടതുപക്ഷവും, ഇടതുപക്ഷത്തിന്റെ മത സമീപനവും തുടർന്നുള്ള ഭാഗങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.

  1. "'എന്റെ ഇന്നലെകൾ' സത്യത്തിന്റെ ഓജസ്സും തേജസ്സുമുള്ള വാക്കുകൾ". ജനയുഗം. മാർച്ച് 23, 2012. Retrieved മാർച്ച് 24, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. "കമ്യൂണിസ്റ്റിന്റെ ഇന്നലെകൾ പ്രകാശത്തിനുമുമ്പേ അണഞ്ഞു". മാതൃഭൂമി. മാർച്ച് 23, 2012. Archived from the original on 2012-03-24. Retrieved മാർച്ച് 24, 2012.
"https://ml.wikipedia.org/w/index.php?title=എന്റെ_ഇന്നലെകൾ&oldid=3626177" എന്ന താളിൽനിന്ന് ശേഖരിച്ചത്