സി.കെ. കുമാരപ്പണിക്കർ
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ചീരപ്പൻചിറയിൽ കൃഷ്ണപ്പണിക്കർ കുമാരപ്പണിക്കർ എന്ന സി.കെ. കുമാരപ്പണിക്കർ. പുന്നപ്ര-വയലാർ സമരങ്ങളിൽ നേതൃസ്ഥാനം വഹിച്ചതു വഴി വയലാർ സ്റ്റാലിൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.[1] സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ. ചന്ദ്രപ്പൻ ഇദ്ദേഹത്തിന്റെ മകനാണ്.
ജീവിതരേഖ
തിരുത്തുകആലപ്പുഴ മുഹമ്മയിലെ ചീരപ്പൻചിറ എന്ന സമ്പന്ന തറവാടിന്റെ വയലാറിലെ കൈവഴിയായ കുന്തിരിശേരി വീട്ടിലെ അംഗമായിരുന്നു കുമാരപ്പണിക്കർ. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു പ്രവർത്തിച്ചു തുടങ്ങി. 1936-ൽ കുമാരപ്പണിക്കർ ചേർത്തല കയർ വർക്കേഴ്സ് യൂണിയന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഈ യൂണിയനാണ് വയലാറിലും പുന്നപ്രയിലും സമരം നയിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം പട്ടാളത്തോട് ഏറ്റുമുട്ടാൻ തൊഴിലാളി ക്യാമ്പുകളെ ഇദ്ദേഹം സജ്ജമാക്കി. സമരം ശക്തമായതിനെ തുടർന്ന് 1946 ഒക്ടോബർ 24-ന് പുന്നപ്രയിലും മൂന്നാം ദിവസം വയലാറിലും വെടിവെയ്പ് നടന്നു. വയലാറിൽ കുമാരപ്പണിക്കരുടെ നേതൃത്വത്തിൽ തൊഴിലാളികൾ വാരിക്കുന്തവുമായി എതിർത്ത് നിന്നുവെങ്കിലും യന്ത്രത്തോക്കുകളുടെ സഹായത്തോടെ പട്ടാളം സമരക്കാരെ കീഴ്‌പ്പെടുത്തി. ഈ സംഭവത്തിന് ശേഷം കുമാരപ്പണിക്കരടക്കമുള്ള സമര നേതാക്കൾക്ക് ഒളിവിൽ പേകേണ്ടതായി വന്നു. തലനാരിഴയ്ക്ക് രക്ഷപെട്ട കുമാരപ്പണിക്കരെ പരതി കുന്തിരിശേരി വീട്ടിലെത്തിയ പട്ടാളം വീട് ഇടിച്ചുനിരത്തി. സ്ഥലം കമ്പിവേലി കെട്ടി മുദ്രവയ്ക്കുകയും ചെയ്തു.[2] ഒടുവിൽ 1951-ലാണ് വർഗീസ് വൈദ്യനൊപ്പം ഇദ്ദേഹവും അറസ്റ്റു ചെയ്യപ്പെടുന്നത്. ജയിലിലായ കുമാരപ്പണിക്കർ ജയിലിൽ നിരാഹാരം അനുഷ്ടിച്ചു. ഇദ്ദേഹത്തിന്റെ അമ്മ പാർവ്വതിയമ്മ അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവനയച്ച കത്ത് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കി.[3] ഒടുവിൽ മന്ത്രിസഭ നിലനിൽക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണ വേണ്ടി വന്നതായ ഒരു ഘട്ടത്തിൽ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ വയലാർ കേസ് പിൻവലിച്ചു.
എന്നാൽ ജയിൽമോചിതനായി പുറത്തു വന്ന കുമാരപ്പണിക്കരെ ചേർത്തലയിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട സ്വീകരണച്ചടങ്ങിൽ വെച്ച് അറസ്റ്റ് ചെയ്തു വീണ്ടും തടവിലാക്കി. സർക്കാരിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. ജയിലിലായിരിക്കെ തിരു-കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചേർത്തല മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. പിന്നീട് ജയിൽ മോചിതനായി പുറത്തു വന്നുവെങ്കിലും പക്ഷാഘാതം പിടിപെട്ടു കിടപ്പിലായി.1957-ൽ അന്തരിച്ചു.
കുടുംബം
തിരുത്തുകഅമ്മുക്കുട്ടിയമ്മയാണ് ഭാര്യ. സി.കെ. ചന്ദ്രപ്പനെ കൂടാതെ സി.കെ. വേലപ്പൻ, സി.കെ. ലക്ഷ്മിക്കുട്ടി, സി.കെ. രാജപ്പൻ, സി.കെ.കൃഷ്ണപ്പൻ എന്നിങ്ങനെ നാലു മക്കൾ കൂടിയുണ്ട്.
അവലംബം
തിരുത്തുക- ↑ "സൗമ്യനും ധീരനും". മെട്രോവാർത്ത. മാർച്ച് 22, 2012. Retrieved ഏപ്രിൽ 1, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "അച്ഛൻ പകർന്ന സമരാവേശം". ദേശാഭിമാനി. മാർച്ച് 23, 2012. Retrieved ഏപ്രിൽ 1, 2012.
- ↑ "തീയിൽ കുരുത്ത നിലാവ്". മലയാള മനോരമ. മാർച്ച് 23, 2012.
{{cite web}}
: Missing or empty|url=
(help)