പ്രധാന മെനു തുറക്കുക

വയലാർ രവി

കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ്സ് (ഐ) നേതാവ്

കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാവും രാജ്യസഭാംഗവും കേന്ദ്ര പ്രവാസി കാര്യമന്ത്രിയുമാണ് വയലാർ രവി (ജനനം: 1937 ജൂൺ 4 [1]). 2007 സെപ്റ്റംബർ 24 മുതൽ കോൺഗ്രസിന്റെ ഭാവി വെല്ലുവിളികളെ നേരിടാനുള്ള സമിതിയിൽ അംഗമാണ്‌.

വയലാർ രവി

വയലാർ രവി

ജനനം1937 ജൂൺ 4
ആലപ്പുഴ, കേരളം
ഭവനംകേരളം
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)
ജീവിത പങ്കാളി(കൾ)മേഴ്സി രവി
കുട്ടി(കൾ)രവി കൃഷ്ണ(ഉണ്ണി), ലിസാ റോഹൻ (കുഞ്ചി), ലക്ഷ്മി രവി (ചുക്കി)

ജീവിതരേഖതിരുത്തുക

1937 ജൂൺ 4-ന് ആലപ്പുഴയിലെ വയലാറിലാണു് രവി ജനിച്ചതു്. സ്വാതന്ത്ര്യസമരസേനാനിയും എസ്.എൻ.ഡി.പി. യോഗത്തിന്റെയും കോൺഗ്രസ്സിന്റെയും നേതാവും കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളുമായിരുന്ന എം.കെ. കൃഷ്ണനും മഹിളാകോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്ന ദേവകിയുമായിരുന്നു മാതാപിതാക്കൾ.[2]

സിംപ്‌സൺ എന്ന ഓമനപ്പേരിൽ വീട്ടിൽ വിളിക്കപ്പെട്ടിരുന്ന അദ്ദേഹത്തിനു് വയലാർ സ്കൂളിൽ ചേർന്നപ്പോൾ അവിടത്തെ അദ്ധ്യാപകൻ ദാമോദരൻപിള്ളയാണു് എം.കെ. രവീന്ദ്രൻ എന്ന പേരു നിർദ്ദേശിച്ചതു്. പിന്നീട് ആലപ്പുഴ എസ്.ഡി. കോളേജിലെ ഐ. എസ്. ഒ. എന്ന വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എത്തിയപ്പോളാണു് വയലാർ രവി എന്ന പേർ സ്ഥിരപ്രതിഷ്ഠമായതു്.[2]

തിരുവിതാംകൂറിൽ സർ സി.പി. പ്രഖ്യാപിച്ച പട്ടാളഭരണവും തുടർന്നു് നടന്ന പുന്നപ്ര-വയലാർ സമരവും നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ബാല്യകാലത്തുതന്നെ അദ്ദേഹത്തെ പ്രേരിപ്പിച്ചു. കോൺഗ്രസിന്റെ ‍വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യു.-വിലുടെയാണ് വയലാർ ‍രവി പൊതുരംഗത്തെത്തുന്നത്. കെ.എസ്.യു. കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായമായ പങ്ക് വഹിച്ച രവി വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നു[1][3][4]

വയലാറിലേയും ചേർത്തലയിലേയും സർക്കാർ സ്കൂളുകളിലെ പഠനത്തിനുശേഷം അദ്ദേഹം ആലപ്പുഴ എസ്.ഡി. കോളേജിൽ എത്തി. അക്കാലത്തു് അവിടെ ഇന്ത്യൻ സ്റ്റുഡെന്റ്സ് ഓർഗനൈസേഷൻ എന്ന പേരിൽ ഒരു ചെറുസംഘടന പ്രവർത്തിച്ചിരുന്നു. എറണാകുളം ലോ കോളേജിലെ വിദ്യാർത്ഥികൾക്കും അവരുടെ കലാലയത്തിൽ ഇതേ രീതിയിലുള്ള മറ്റൊരു സംഘടനയുണ്ടായിരുന്നു. ഇതറിഞ്ഞ രവി ലോ കോളേജിലേക്കു കത്തയച്ചു് ഈ രണ്ടു സംഘടനകളും കൂട്ടായി പ്രവർത്തിക്കുന്നതിനുള്ള സാദ്ധ്യതയെക്കുറിച്ചു് അന്വേഷിച്ചു. തത്ഫലമായി 1957 മേയ് 30-നു് ആലപ്പുഴയിലെ താണു അയ്യർ ബിൽഡിങ്ങിൽ വെച്ചാണു് കേരളാ സ്റ്റുഡന്റ്സ് യൂണിയൻ (കെ.എസ്. യു.) എന്ന സംഘടന രൂപം കൊള്ളുന്നതു്. കെ.എസ്.യു.വിന്റെ ആദ്യ പ്രസിഡണ്ട് ജോർജ്ജ് തരകനും സെക്രട്ടറി രവിയും ഖജാൻ‌ജി സമദ് എന്നയാളുമായിരുന്നു. ഇതോടൊപ്പം രവി യൂത്ത് കോൺഗ്രസ്സിന്റെ ജില്ലാസമിതി സെക്രട്ടറിയുമായിരുന്നു.[2] എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദപഠനം തുടരുവാനെത്തിയ രവിയുടെ പ്രവർത്തനമേഖല അതോടെ എറണാകുളം ജില്ലയായി. മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്തു് കണ്ടുമുട്ടിയ മേഴ്സി എന്ന യുവതി പിന്നീട് അദ്ദേഹത്തിന്റെ പ്രണയിനിയും ജീവിതസഖിയുമായി.[2]

അക്കാലത്തെ പ്രമുഖ കോൺഗ്രസ്സ് നേതാവായിരുന്ന വി.കെ. കൃഷ്ണമേനോനായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ രാഷ്ട്രീയ ഗുരു. കോൺഗ്രസ്സിന്റെ ദേശീയനേതാക്കളായിരുന്ന കെ.സി. പന്ത്,എച്ച്.എൻ. ബഹുഗുണ, ചന്ദ്രജിത്ത് യാദവ് തുടങ്ങിയവരുമായി അദ്ദേഹം അടുത്ത രാഷ്ട്രീയബന്ധം പുലർത്തി.[2] കെ.എസ്.യു.വിന്റെ നാലാം സമ്മേളനത്തിൽ വെച്ച് രവി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.(രവിയ്ക്കുശേഷം പ്രസിഡണ്ടായത് എ.കെ. ആന്റണിയായിരുന്നു.) വയലാർ രവി ആദ്യമായി മത്സരിച്ചതു് 1971-ലെ ലോകസഭാ പൊതുതെരഞ്ഞെടുപ്പിലായിരുന്നു. ചിറയിൻ‌കീഴ് പാർലിമെന്റ് മണ്ഡലത്തിൽ നിന്നു് അദ്ദേഹം കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു.72-ൽ എ.ഐ.സി.സി. പ്രവർത്തകസമിതി അംഗമായി.[2]

അടിയന്തരാവസ്ഥയെത്തുടർന്നു് 1977 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ രവി വീണ്ടും ലോകസഭാംഗമായി. പക്ഷേ, 1978-ൽ കോൺഗ്രസ്സ് രണ്ടായി പിളർന്നു. കേരളത്തിൽ ആന്റണി ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്ന ഔദ്യോഗികപക്ഷത്തായിരുന്നു വയലാർ രവി. മാർക്സിസ്റ്റ് ക‌മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഇടതുപക്ഷ ജനാധിപത്യമുന്നണിയിലേക്കു് ഈ വിഭാഗം പിന്നീട് ചേക്കേറി. പക്ഷേ, ഏറെക്കാലം ഈ കൂട്ടായ്മ നിലനിന്നില്ല. അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു് ആന്റണി ഗ്രൂപ്പ് ഇടതുപക്ഷത്തുനിന്നും വിട്ടുപിരിഞ്ഞു. വയലാർ രവി കോഴിക്കോടു നടത്തിയ ‘കണ്ണിനു കണ്ണു്, പല്ലിനു പല്ല്’ എന്ന പ്രസംഗമാണു് ആന്റണി കോൺഗ്രസ്സ് ഇടതുപക്ഷവുമായി ബന്ധം വിടർത്തുന്നതിനു് തുടക്കമിട്ടതു്.[2]

മാതൃകക്ഷിയായ കോൺഗ്രസ്സിൽ തിരിച്ചെത്തിയ വയലാർ രവി 1982 ജനുവരി 21നു നടന്ന തെരഞ്ഞെടുപ്പിൽ നിയമസഭാംഗമായി. ഐക്യജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ പുതുതായി രൂപം കൊണ്ട കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റു.[2] 1991-ൽ കെ.പി.സി.സി. അദ്ധ്യക്ഷനായും പിന്നീട് രാജ്യസഭാംഗമായും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായും വയലാർ രവി നിയമിതനായിട്ടുണ്ടു്.[2] 2006 മുതൽ കേന്ദ്രപ്രവാസികാര്യമന്ത്രിയാണു് രവി. പ്രവാസികൾക്കു് ഇൻഷുറൻസും കോണ്ട്രിബ്യൂട്ടറി പെൻഷനും തുടങ്ങിവെച്ചതു് ഇദ്ദേഹത്തിന്റെ ഭരണകാലത്താണു്. വിവിധരാജ്യങ്ങളുമായി തൊഴിൽ കരാറുകൾ ഒപ്പുവെച്ചതും ലിബിയൻ കലാപസമയത്തു് അടിയന്തരമായി അവിടത്തെ പ്രവാസി ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞതും അക്കാലത്തെ എടുത്തുപറയത്തക്ക നേട്ടങ്ങളാണു്.[2]

രാഷ്ട്രീയ ജീവിതംതിരുത്തുക

5-ആം ലോകസഭയിലേയ്ക്ക് 1971-ൽ വയലാർ രവി തിരഞ്ഞെടുക്കപ്പെട്ടു.[1][4]. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്[4]. 1977 അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് 6-ആം ലോകസഭയിലും അംഗമായി. 1982 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു[1][4]. 1982-ൽ അദ്ദേഹം കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു[1][4]. 1982-ൽ‍ അദ്ദേഹം കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റു[3][4]. മുഖ്യമന്ത്രി കെ. കരുണാകരുമായുള്ള ഒരു വഴക്കിന്റെ പേരിൽ അദ്ദേഹം 1982-ൽ ഈ സ്ഥാനം രാജി വച്ചു[3]. 1987-ൽ അദ്ദേഹം വീണ്ടും നിയമസഭയലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.[4]. 1991 വരെ അദ്ദേഹം നിയമസഭയുടെ ഭാഗമായിരുന്നു[1]. 1994 ജൂലൈയിൽ അദ്ദേഹം രാജ്യസഭയിലേയ്ക്ക് മത്സരിച്ച് വിജയിച്ചു. ഏപ്രിൽ 2003-ൽ അദ്ദേഹം ഈ വിജയം ആവർത്തിച്ചു[1]. 2006 ജനുവരി 30-ന് അദ്ദേഹം ഇന്ത്യയുടെ പ്രവാസികാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു[4].

വ്യക്തിജീവിതംതിരുത്തുക

ഒരു ക്രിസ്ത്യാനിയായ മേഴ്സി രവിയെ ആണ് വയലാർ രവി വിവാഹം കഴിച്ചിരിക്കുന്നത്. 1964 ജൂൺ 9-നു് ആയിരുന്നു ഇവരുടെ വിവാഹം. കെ. എസ്. യു വിൽ ഉണ്ടായിരുന്ന കാലം മുതൽക്കെ ഉണ്ടായിരുന്ന പ്രണയമാണ് വിവാഹത്തിലെത്തിയത്. കിഡ്നി തകരാർ മൂലം മേഴ്സി രവി 2009 സെപ്തംബർ 5-ന് അന്തരിച്ചു.

രവി-മേഴ്സി ദമ്പതികൾക്കു് മൂന്നു മക്കൾ ഉണ്ടു്. മകൻ രവികൃഷ്ണ ചെന്നൈയിലും മകൾ ലിസ റോഹൻ ദുബായിലും ഇളയ മകൾ ഡോ. ലക്ഷ്മി രവി കൊച്ചിയിലും വസിക്കുന്നു[2].

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 Biographical sketch at Rajya Sabha website.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 പ്രവീൺ കൃഷ്ണൻ, (04 ജൂൺ 2012). "വയലാർ രവിക്ക് ഇന്ന് 75". മാതൃഭൂമി ദിനപത്രം പുറം:15. കോഴിക്കോട്. Check date values in: |date= (help)
  3. 3.0 3.1 3.2 "New Minister for NRI affairs", nriol.com.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 Profile at Ravi website.


"https://ml.wikipedia.org/w/index.php?title=വയലാർ_രവി&oldid=3091292" എന്ന താളിൽനിന്ന് ശേഖരിച്ചത്