ഉറുഗ്വേയൻ (സ്പാനിഷ്) നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു എന്റിക് അമൊറിം(ജൂലൈ 25, 1900 – ജൂലൈ 28, 1960). ഇദ്ദേഹം സാൽറ്റോയിൽ ജനിച്ചു. ബൊയ്ദോ സ്ട്രീറ്റ് സ്കൂൾ സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു അമൊറിം. (ബൊയ്ദോ സ്ട്രീറ്റ് സ്കൂൾ: 1920-കളിൽ നിലനിന്നിരുന്ന ഒരു ലാറ്റിനമേരിക്കൻ സാഹിത്യപ്രസ്ഥാനം). ബ്യൂനസ് അയഴ്സിൽ താഴ്ന്ന വിഭാഗക്കാർ വസിച്ചിരുന്ന ഒരു പ്രദേശത്തിൽനിന്നാണ് പ്രസ്തുത പേര് പ്രസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്. ഗ്രാമജീവിതചിത്രീകരണത്തിനു പ്രാധാന്യം നൽകി എന്നതുകൊണ്ടുമാത്രം ഒരു പ്രാദേശിക നോവലിസ്റ്റ് എന്നിദ്ദേഹത്തെ വിളിക്കാൻ പാടില്ലെന്നാണ് നിരൂപകമതം.

എന്റിക് അമൊറിം

എന്റിക് അമൊറിമിന്റെ രചനകൾ

തിരുത്തുക

1934-ൽ പ്രസിദ്ധീകരിച്ച എൽപാസിയാനോ അഗ്വിലാറിലെ പ്രതിപാദ്യം നഗരത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം സ്വന്തം എസ്റ്റേറ്റുകളിൽ മടങ്ങിയെത്തുന്ന ഒരു നിലമുടമയ്ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളാണ്. സ്ഥലവാസിയായ ഒരു എസ്റ്റേറ്റുടമ ഇറ്റാലിയൻ കുടിയേറ്റക്കാരിൽ ഒരാളുടെ കുട്ടിയുടെ മരണത്തിനു കാരണമാകുന്നതും കുട്ടിയുടെ അച്ഛൻ അയാളെ കൊല്ലുന്നതുമാണ് എൽ കബല്ലോ ഇ സുസോംബ്രയിലെ കഥ. ല ദെ സെംബോ കാദുവ (1958) ആദ്യകാല കുടിയേറ്റക്കാരുടെ കഥയാണ്. വ്യവസായത്തിന്റെയും നവീന വാർത്താവിതരണമാധ്യമങ്ങളുടെയും വരവോടെ അവരുടെ ജീവിത രീതികളിൽ ചടുലമായ പരിവർത്തനങ്ങളുണ്ടാകുന്നു. ഒഴിവാക്കാനാകാത്തതെങ്കിലും ഈ വ്യതിയാനങ്ങൾ എത്രമാത്രം ദുഃഖകരമാണെന്നു നോവലിസ്റ്റ് ഹൃദയസ്പർശിയായി വരച്ചുകാട്ടുന്നു. പട്ടിണിയും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെ അപഗ്രഥിക്കുന്ന കോറൽ ആബ്രീയെറൊറ്റോ (1956), വനവാസികളെപ്പറ്റിയുള്ള ലോസ്മോൺറ്റാറെയ്സസ് (1957) എന്നിവയും ഇദ്ദേഹത്തിന്റെ മുഖ്യകൃതികളുടെ പട്ടികയിൽപ്പെടുന്നു. ഐശ്വര്യസമൃദ്ധിയാൽ അനുഗൃഹീതയാകുന്ന ഒരു വേശ്യയുടെ ദുരന്തകഥയായ ഇവ ബർഗോസ് (1960) ഇദ്ദേഹത്തിന്റെ മരണാനന്തരമാണു പ്രസിദ്ധീകരിച്ചത്. പല വിഭാഗങ്ങളിൽ ഉൾപ്പെടുത്താവുന്ന നോവലുകൾ അമൊറിം രചിച്ചിട്ടുണ്ട്. ശ്രദ്ധേയമായ കുറെ ചെറുകഥകളുടെ കർത്താവുകൂടിയാണിദ്ദേഹം. അലങ്കാരരഹിതമായ ലളിതശൈലി, ശക്തമായ കല്പനാവൈഭവം, കുറ്റമറ്റ ആഖ്യാനപാടവം എന്നിവ ഇദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകതകളാണ്. 1960-ൽ അമൊറിം നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമൊറിം, എന്റിക് (1900 - 60) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എന്റിക്_അമൊറിം&oldid=2787091" എന്ന താളിൽനിന്ന് ശേഖരിച്ചത്